1 GBP = 102.00 INR                       

BREAKING NEWS

ഋതുഭേദം

Britishmalayali
ചാര്‍ളി റെനിന്‍ കടുത്തൂസ്

നേരം സന്ധ്യയോടടുക്കുന്നു, തുലാവര്‍ഷം പടിക്കലെത്തി നില്‍ക്കുകയാണ്. കടവത്ത് വേലിയേറ്റം നല്‍കിയ അവസരം ഒട്ടും പാഴാക്കാതെ പുഴ ചെമ്മണ്‍പാതയിലേയ്ക്ക് ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ടായിരുന്നു. കരിങ്കല്ല് പാകിയുര്‍ത്തിയ കടവ് പലയിടത്തും ഇടിഞ്ഞുപോയിരിക്കുന്നു. ഇളകിയാടുന്ന കരിങ്കല്ലിന്‍ ചൂളുകളുടെ മൃദുലമായ ശബ്ദം.... എന്തോ സ്വകാര്യം അവര്‍ പങ്കുവെക്കുകയാണോ... അതേ തന്റെ മാറിലേക്ക് 'ഞാന്ന്' കിടക്കുന്ന തെങ്ങോല പടിഞ്ഞാറന്‍ ശീതക്കാറ്റ് അടിച്ച് ആടിക്കളിക്കുന്നതു കണ്ട് രസിക്കുകയാണോ പുഴ? ആയിരിക്കാം... ഈ കാണുന്ന കുഞ്ഞോളങ്ങള്‍ അവളുടെ പുഞ്ചിര ആയിരിക്കാം. അസ്തമയ സൂര്യന്‍ രചിച്ച വര്‍ണപൂരത്തിന്റെ പ്രതിബിംബം പുഴയുടെ മാറില്‍ ബഹുവര്‍ണകടലാസ്സിന്റെ തോരണങ്ങള്‍ കെട്ടിയിരിക്കുന്നതു പോലെ... എത്ര നോക്കിനിന്നാലും മതിവരില്ല... ഹാ... എന്തൊരു ഭംഗിയാണീ കാഴ്ച.


എന്റെ ഏകാന്തതക്ക് വിരാമമിട്ടുകൊണ്ട് പിന്നില്‍ ഒരു കാല്‍ പെരുമാറ്റം കേള്‍ക്കുന്നുണ്ടോ? അതെ.... ആരൊക്കെയോ ആ ചെമ്മണ്‍ പാതയിലൂടെ കുശലം പറഞ്ഞു നടന്നു വരുന്നുണ്ട്. കണ്ണാ.... നിനക്ക് കൂര കേറാറായില്ലേ? ദേ... നല്ല മഴക്കുള്ള കോളുണ്ട് കേട്ടോ... നല്ല പരിചയമുള്ള ശബ്ദം... കുറച്ചുകാലമായില്ലേ ഇവിടെ... ഇവിടെയുള്ള പലരേയും എനിക്കിപ്പോള്‍ സുപരിചിതമാണ്. അവര്‍ക്ക് എന്നേയും. വളരെ നല്ല മനുഷ്യര്‍ അതില്‍ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും... പലരും വ്യത്യസ്ത മതവിശ്വാസികള്‍... ചിലര്‍ സഖാക്കള്‍ എല്ലാവരും ഇരുകാലികള്‍... പക്ഷെ പരസ്പരം സഹായിക്കാന്‍ മനസുള്ളവര്‍...

അവര്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു, മഴത്തുള്ളികള്‍ പുഴയില്‍ വീഴുന്നതിന്റെ ശബ്ദം കേള്‍ക്കാം. തൈതെങ്ങിന്റെ ചുവട്ടില്‍ ഇരിക്കുന്നത് കാരണമാവാം മഴക്ക് തന്നിലേയ്ക്ക് എത്താന്‍ ഒരു മടിപോലെ. എന്നാല്‍ കുഞ്ഞുനാള്‍ മുതലേയുള്ള തന്റെയൊരു കൗതുകമാണ് മഴ. തന്റെ രണ്ട് കൈയും മുന്നിലേയ്ക്ക് നീട്ടി പിടിച്ചു... ഇരു കൈകുമ്പിളും മഴത്തുള്ളകളാല്‍ നിറഞ്ഞു... വല്ലാത്തൊരു കുളിര്‍... അതെന്നെ എങ്ങോട്ടോ കൊണ്ടുപോവുകയാണ്. അതെ... ഞാന്‍... അല്ല എന്റെ മനസ് എങ്ങോട്ടോ യാത്രയാവുകയാണ്.

കണ്ണാ... കണ്ണാ... മോനേ കണ്ണാ...

അമ്മയാണ് വിളിക്കുന്നത്... എന്താ അമ്മേ....

ഓലമേഞ്ഞ പുരയുടെ ഇറയില്‍ നിന്നും തുള്ളി തുള്ളിയായി വീണ മഴത്തുള്ളികള്‍ എന്റെ കൈമാത്രമല്ല ദേഹവും നനച്ചിരിക്കുന്നു.

കണ്ണാ... നീ നിന്റെ മേലാകെ നനച്ചുലോ? മഴവെള്ളത്തില്‍ കളിക്കേണ്ട എന്ന് എത്ര പറഞ്ഞാലും നീ കേള്‍ക്കില്ല അല്ലേ? തല നനഞ്ഞ് പനിവന്നാല്‍ പിന്നെ എങ്ങിനെയാ എന്റെ മകന് സ്‌കൂളില്‍ പോകാന്‍ പറ്റുക... എനിക്ക് സ്‌കൂളില്‍ പോകാന്‍ വളരെ ഇഷ്ടമാണെന്ന് അമ്മക്കറിയാം. അമ്മ തിരിഞ്ഞ് അകത്തുപോയി ഒരു നേര്‍ത്ത തോര്‍ത്തെടുത്തുകൊണ്ടുവന്നു, തന്റെ നനവെല്ലാം ഒപ്പിയെടുത്തു. നന്നായി ഉണങ്ങാത്ത തോര്‍ത്തായിരുന്നത് കാരണമാവാം... അമ്മ തന്റെ മേല് തുടക്കുമ്പോള്‍ നന്നായി കുളിരുന്നുണ്ടായിരുന്നു. ഹോ.... തണുക്കുന്നമ്മേ തന്റെ പരിഭവം കേട്ട് അമ്മ തന്നെ തന്റെ ശരീരത്തോട് വാത്സല്യപൂര്‍വം ചേര്‍ത്തുപിടിച്ചു, കൂടെ നെറുകയില്‍ ഒരുമ്മയും തന്നു.... അമ്മയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ എന്തൊരു സുഖമാണ്.. വല്ലാത്തൊരു കരുതല്‍...

കണ്ണാ.... തുലാവര്‍ഷമാണ്. നല്ല മഴ കാണും, കൂടെ ഇടിയും മിന്നലും. സൂക്ഷിക്കണം കേട്ടോ.... അമ്മയുടെ മുഖത്ത് ഭീതിയുടെ കരിനിഴല്‍ വീഴുന്നത് കാണാം... ഇടിയും മിന്നലും അമ്മയ്ക്കും അച്ഛനും പേടിയാണ്. അച്ഛന്‍ അതു പുറത്തുകാണിക്കാറില്ല. പക്ഷെ, അമ്മ നേരെ മറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുറ്റത്തെ നാലോ അഞ്ചോ തെങ്ങാണ് ഇടി മിന്നലേറ്റ് കത്തിക്കരിഞ്ഞത്. എല്ലാം നല്ല വിളവുള്ള തെങ്ങായിരുന്നു. കാവിലമ്മേടെ അനുഗ്രഹമാണ് കൂരയ്‌ക്കൊന്നും സംഭവിക്കാത്തതെന്ന് അമ്മ ഇടയ്ക്കിടക്ക് പറയാറുണ്ട്.

അതൊക്കെയാണെങ്കിലും കരിഞ്ഞു പോയ തെങ്ങുകളില്‍ നിന്നുംള്ള ആദായം നിലച്ചത് അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തരം കിട്ടുമ്പോഴെല്ലാം അമ്മ ഇടിയേയും മിന്നലിനെയും മാറി മാറി ശപിക്കുന്നത് കേള്‍ക്കാം.

മഴ അല്‍പം തോര്‍ന്നിട്ടുണ്ടല്ലോ കണ്ണാ... നീ പോയി പാറുക്കുട്ടിയുടെ അമ്മയുടെ അടുത്തുന്ന് നാഴി അരി വാങ്ങിവന്നേ... അച്ഛന്‍ വരുമ്പോള്‍ തിരിച്ച് കൊടുക്കാം എന്ന് പറയൂ.. അച്ഛന്‍ വരാന്‍ വൈകും എന്നാണ് തോന്നുന്നത്. അച്ഛന്‍ വന്നിട്ട് അരി അടുപ്പത്തിട്ടാല്‍ വേകാന്‍ വൈകില്ലേ, വിശന്നായിരിക്കും അതിയാന്റെ വരവ്. ശരിയാണ്, അച്ഛന്‍ വിശന്നായിരിക്കും വരിക... നേരം വെളുക്കുമ്പോഴേ തുടങ്ങുന്ന വേല, കഴിയുന്നത് സന്ധ്യയാകുമ്പോള്‍ മാത്രമാണ്. പിന്നെ കൂലിക്കുള്ള കാത്തുനില്‍പ്. കൂലി കിട്ടിയാല്‍ സാധാരണ പോലെ ഗോപാലന്‍ ചേട്ടന്റെ കടയില്‍ നിന്നും വീട്ടിലേയ്ക്കുള്ള പലചരക്കും വാങ്ങിയാണ് വരിക.

വഴിക്ക് ഒരിടം കൂടി കയറും... ഒരു ഗ്ലാസ് അന്തിക്കള്ള്... അതും കൂടി കഴിഞ്ഞേ വീട്ടിലേക്കുള്ളൂ.

കണ്ണാ... വേഗം പോയി വന്നേ മോനേ... അമ്മയുടെ വിളി വീണ്ടും വന്നു. അമ്മയുടെ കൈയില്‍ നിന്നും നാഴിയും വാങ്ങി ഞാന്‍ മുറ്റത്തേക്കിറങ്ങി, നനഞ്ഞു കുതിര്‍ന്ന മുറ്റത്ത് പിന്നിട്ട കാല്‍പാടുകള്‍ പതിയെ മഴവെള്ളം മായിച്ചുകൊണ്ടിരുന്നു.

പാറുക്കുട്ടിയുടെ വീട്ടില്‍ പോകാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദിവസവും സ്‌കൂളില്‍ പോകുന്നത് ഞങ്ങള്‍ ഒരുമിച്ചാണ്. എന്നാലും തരം കിട്ടുമ്പോഴെല്ലാം ഞാന്‍ അവളുടെ വീട്ടില്‍ പോകും. വലിയൊരു പറമ്പിന്റെ നടുക്കാണ് അവളുടെ വലിയ വീട്. അതേ പറമ്പിന്റെ അതിര്‍ത്തിയിലാണ് ഞങ്ങുടെ കൂര. കുറച്ചു നടന്നുവേണം അവളുടെ വീട്ടിലെത്താന്‍. എപ്പോള്‍ ചെന്നാലും അവളുടെ മുത്തശ്ശി ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞുതരും. ഒത്തിരി കഥകള്‍ അറിയാം മുത്തശ്ശിക്ക്. അതില്‍ പലതും കഥകളായിരുന്നില്ല. മറിച്ച് ശരിക്കും മുമ്പേയെന്നോ നടന്ന സംഭവങ്ങളായിരുന്നു എന്ന് പിന്നീട് വലിയ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. സത്യത്തില്‍ തങ്ങളുടെ ജീവിതാനുഭങ്ങളാണ് പ്രായമാകുമ്പോള്‍ ഇവര്‍ കഥകളായും ഗുണപാഠങ്ങളായും കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുന്നത്.

എന്താ കണ്ണാ... നീയിവിടെ നിന്നു കളഞ്ഞത്... ഇങ്ങ് കേറിവാ... മുറ്റത്ത് നിന്ന എന്നെ മുത്തശ്ശി കണ്ടിരിക്കുന്നു.. നേരെ മുത്തശ്ശി ഇരിക്കുന്ന ചാരുകസേരക്കരികിലേയ്ക്ക് ചെന്ന് ഞാന്‍ കാര്യം പറഞ്ഞു. ന്നാ... പിന്നെ താമസിപ്പിക്കേണ്ട... മുത്തശ്ശി തന്നെ പാറുവിന്റെ അമ്മയെ വിളിച്ചു. ദാ... കണ്ണന്‍ വന്നിരിക്കുന്നു. നീയകത്തു നിന്നും ഒരു നാഴി അരി എടുത്ത് അവന് കൊടുക്കൂ.. പറഞ്ഞുതീരും മുമ്പേ പാറൂന്റെ അമ്മ കോലായില്‍ എത്തി കൂടെ പാറുവും. വേഗമാകട്ടെ ഇവന്‍ ഇതു കൊണ്ടുപോയി കൊടുത്തിട്ട് വേണം അവര്‍ക്ക് അത്താഴത്തിന്. പാറൂന്റെ അമ്മ എന്റെ കൈയില്‍ നിന്നും നാഴിയും വാങ്ങി അകത്തേക്ക് പോയി. പാറു ഓടി വന്ന് മുത്തശ്ശിയുടെ മടിയില്‍ കയറി ഇരുന്നു. എന്തൊരു തിളക്കമാണ് അവളുടെ മുഖത്ത്. മുത്തശ്ശിയുടെ കുഞ്ഞിപാറു അകത്ത് പോയി സന്ധ്യാദീപം തെളിയിച്ചോണ്ട് വന്നേ, പാറൂന്റെ രണ്ട് കവിളിലും സ്‌നേഹത്തോടെ ഒരു നുള്ളുകൊടുത്തു കൊണ്ട് മുത്തശ്ശി തന്റെ മടിയില്‍ നിന്നും അവളെ പൊക്കിവിട്ടു. ഇതെന്തൊരു കാലാവസ്ഥയാണ്, നേരം സന്ധ്യയാകുന്നതേയുള്ളു എന്നാലും എല്ലായിടത്തും കൂരിരുട്ട് കയറിയിരിക്കുന്നു.. എന്റെ നേരെ തിരിഞ്ഞു മുത്തശ്ശിയുടെ അടുത്ത പരിഭവം പറച്ചില്‍. അപ്പോഴേയ്ക്കും പാറൂന്റെ അമ്മ അരിയുമായി വന്നു. ഹോ...  ഈ മഴ വീണ്ടും തുടങ്ങിയല്ലോ.... ഇതിനൊരു അവസാനം ഇല്ലൈന്ന് തോന്നുന്നു... കണ്ണാ... നീയാ കുട കൂടി എടുത്തോളൂ.... അരി എന്റെ കൈയില്‍ തരുന്നതിനിടെ കോലായില്‍ ചാരി വച്ചിരുന്ന കൂട ചൂണ്ടിക്കാട്ടി പാറൂന്റെ അമ്മ പറഞ്ഞു. മഴ നനയണ്ട. അസുഖം വല്ലതും വരും. കുടയും എടുത്ത് ഞാന്‍ മുറ്റത്തേക്കിറങ്ങി നടക്കുന്നതിനിടെ പിന്നില്‍ നിന്നും പാറൂന്റെ വിളി, കണ്ണാ... നാളെ എന്റെ പിറന്നാളാണ്, സ്‌കൂളില്‍ പോകാന്‍ നേരം മിഠായി തരാട്ടോ.... തിരിഞ്ഞ് നിന്ന് സന്തോഷത്തോടെ ഞാന്‍ തലയാട്ടി. മഴയുടെ ശക്തി ശരിക്കും കൂടിയിരിക്കുന്നു, നല്ല കാറ്റുമുണ്ട്. എത്രയും വേഗം കൂരയിലെത്തണം. പറമ്പിലെല്ലാം നന്നായിട്ട് വെള്ളം കയറിയിരിക്കുന്നു, നടക്കാന്‍ ശരിക്കും ബുദ്ധിമുട്ടുണ്ട്, വളരെ പരിചിതമായ പറമ്പാണ്, എന്നാലും നടവഴി കാണാന്‍ പറ്റാത്ത വിധത്തില്‍ മഴവെള്ളം പൊങ്ങിയിരിക്കുന്നു. പെട്ടെന്നായിരുന്നു... എന്തോ ഒരു വലിയ ശബ്ദം പുറകില്‍ നിന്നു കേട്ടു. ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും പറ്റിയില്ല... ഞാന്‍ എങ്ങോട്ടോ തെറിച്ചു പോകുന്നതുപോലെ... കണ്ണില്‍ മുഴുവന്‍ ഇരുട്ട്, ഞാന്‍ എന്തൊക്കെയോ കൊണ്ട് മൂടപ്പെട്ടിരിക്കുന്നത് പോലെ.... അമ്മേ എന്ന് ഉറക്കെ വിളിക്കാന്‍ നോക്കി... പറ്റുന്നില്ല.... ശരവേഗത്തില്‍ ഞാന്‍ എങ്ങോട്ടോ വലിച്ചെറിയപ്പെട്ടതുപോലെ....

എപ്പോഴോ ബോധത്തോടെ കണ്ണ് തുറക്കുമ്പോള്‍ അപരിചിതമായ സ്ഥലം.... മുഖങ്ങള്‍... അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു നോക്കി. ആരൊക്കെയോ വന്ന നെറുകയില്‍ തലോടി. നിലവിളി പതുക്കെ പതുക്കെ വിതുമ്പലിലേയ്ക്ക് ഒതുങ്ങി. നഷ്ടപ്പെടലിന്റെയും വേര്‍പാടിന്റെയും ദുഃഖം പേറാനാവാത്ത പ്രായമായതിനാലാവാം എല്ലാം പതുക്കെ പതുക്കെ ഓര്‍മയുടെ വെളിച്ചത്ത് നിന്നും തണലിലേക്ക് നീങ്ങി. എങ്കിലും ഉരുള്‍പ്പൊട്ടലിന്റെ രൂപത്തില്‍ വന്ന് തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ ആ സന്ധ്യ തന്നെ മാത്രമായി എന്തിന് ബാക്കിവച്ചു... ആരോട് ചോദിക്കാന്‍...

തന്റെ മുന്നില്‍ ഇപ്പോഴും പുഴ ശാന്തമായി തന്നെ ഒഴുകുകയാണ്. ഒരു പക്ഷെ, പുതിയ സഞ്ചാരപഥം വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുടകയാണോ? അറിയില്ല...  അറിയില്ല... അസ്തമയ സൂര്യന്‍ മറഞ്ഞിരിക്കുന്നു, പകരം തെളിനിലാവുമായി ചന്ദ്രന്‍ അങ്ങ് ദൂരത്ത് നിന്ന് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടെയിരിക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam