1 GBP = 93.80 INR                       

BREAKING NEWS

അപ്പനും മകളും ഒരേ പാട്ടു പാടിയാല്‍ ആരു മുന്നില്‍ നില്‍ക്കും? മകള്‍ക്കു കൂട്ടായി പൂമരം പാട്ടുകാരന്‍ ഋഷികേശും അപ്പന് കൂട്ടായി ദേശീയ അവാര്‍ഡ് ജേതാവ് രാജലക്ഷ്മിയും; എന്‍എച്ച്എസ് ഹീറോകള്‍ക്കു കൂപ്പുകൈയുമായി പാട്ടുപാടുന്നത് കവന്‍ട്രിയിലെ ബിജു യോഹന്നാനും മകളും; അഞ്ചാം ക്ലാസുകാരി ബെഥനിയുടെ അരങ്ങേറ്റം ആറാം വയസില്‍ ഒഎന്‍വി സ്മൃതിസന്ധ്യയില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അപ്പന് കൂട്ടായി എത്തിയത് ദേശീയ അവാര്‍ഡ് ജേതാവ്. അഞ്ചാം ക്ലാസുകാരിയായ മകള്‍ക്കു കൂട്ടായി പൂമരം സിനിമയിലൂടെ ആരാധകരെ കണ്ടെത്തിയ പാട്ടുകാരന്‍. കൊവിഡ് കാലത്തേ ആരോഗ്യപ്രവര്‍ത്തകര്‍ക്കേ ആദരവും പിന്തുണയും നല്‍കി ഓണ്‍ലൈന്‍ പാട്ടുകള്‍ സജീവമായപ്പോള്‍ മരവിച്ച മനസിന് എന്ന് തുടങ്ങുന്ന പാട്ടുമായി യൂട്യൂബില്‍ എത്തിയിരിക്കുകയാണ് കവന്‍ട്രിയിലെ പാട്ടുകാരായ ബിജു യോഹന്നാനും മകള്‍ ബഥനി കത്രീനയും. ഇരുവരും ഡ്യുവറ്റ് പാടുന്നതിനു പകരം ഒരേ പാട്ട് തന്നെ രണ്ടു വ്യത്യസ്ത ഗായകരോടൊപ്പം പാടി എന്നതാണ് മറ്റൊരു സവിശേഷത.

കവന്‍ട്രിയിലെ പള്ളി ക്വയറില്‍ പാടിത്തെളിഞ്ഞ ഈണവുമായാണ് ബിജു യുകെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയതെങ്കില്‍ മകള്‍ ബെഥനി കത്രീന വെറും ആറു വയസില്‍ നാലു വര്‍ഷം മുന്‍പ് മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചപ്പോള്‍ യുകെയില്‍ ആദ്യമായി നടന്ന സ്മൃതി സന്ധ്യയില്‍ അദ്ദേഹത്തിന്റെ മനോഹരമായ ചലച്ചിത്ര കാവ്യവുമായി എത്തിയാണ് പാട്ടു വേദിയില്‍ ചുവടു വച്ച് തുടങ്ങിയത്. പിനീട് നിരവധി മത്സര വേദികളിലും ആഘോഷ വേദികളിലും ഈ അപ്പനും മകളും യുകെ മലയാളികളുടെ കൈയ്യടി നേടിയിട്ടുണ്ട്. 

നാലു വര്‍ഷം മുന്‍പ് ഒഎന്‍വി ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി കവന്‍ട്രിയില്‍ കാവ്യാസ്വാദകരായ സഹൃദയര്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ തുമ്പി വാ തുമ്പക്കുടത്തില്‍ എന്ന പാട്ടു പാടിയാണ് ബെഥനി തന്റെ സംഗീത വാസനയില്‍ ശ്രോതാക്കളെ അമ്പരപ്പിച്ചത്. യുകെയില്‍ മലയാളികളുടെ മക്കള്‍ മലയാളം പറയാന്‍ കഷ്ടപ്പെടുമ്പോഴാണ് ഒന്നാം ക്ലാസില്‍ പഠിച്ച ബെഥനി അന്ന് അത്ഭുതകരമായി പാട്ടു പാടിയത്. 24 പാട്ടുകാര്‍ പ്രിയ കവിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ആ ചടങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരിയും ബെഥനി തന്നെ ആയിരുന്നു.

തുടര്‍ന്ന് ഏവരുടെയും പ്രശംസ കിട്ടിയതോടെ ബെഥനിയെ മാതാപിതാക്കള്‍ എംജി ശ്രീകുമാറിന്റെ ശിക്ഷണത്തില്‍ യുകെയില്‍ നടത്തുന്ന ഓണ്‍ലൈന്‍ സംഗീത കോഴ്സില്‍ കുട്ടിയെ ചേര്‍ക്കുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം എംജി ശ്രീകുമാര്‍ നടത്തിയ യുകെ ടൂറിലും മലയാളത്തിന്റെ ഗന്ധര്‍വ ഗായകന്‍ യേശുദാസിന്റെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വേദിയിലും ബെഥനി അടക്കമുള്ള കുട്ടികള്‍ നടത്തിയ സ്തുതിഗാനം ഇരുഗായകരുടെയും കയ്യടികള്‍ക്കും കാരണമായിരുന്നു.

ബെഥനിക്കൊപ്പം പാടാന്‍ എത്തിയത് പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഋഷികേശ് സുബ്രമണ്യനാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സംഗീത പ്രവര്‍ത്തകരും ഈ ഗാനശില്‍പ്പത്തില്‍ അണിനിരക്കുന്നുണ്ട്. പതറല്ലേ തകരല്ലേ നിങ്ങള്‍, ഇക്കാലവും കടന്നു പോകും എന്ന വരികളില്‍ നിറയുന്ന ഊര്‍ജ്ജം ഓരോ ആരോഗ്യ പ്രവര്‍ത്തകനും ആവേശമായി മാറുകയാണ്.

 
ഇതേ ഗാനം തന്നെ ബിജുവും ആലപിക്കാന്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയ ഗായിക രാജലക്ഷ്മിയാണ് കൂടെ ചേരാന്‍ തയ്യാറായത്. ഇതോടെ ഒട്ടേറെ പേര്‍ ഈ ഗാനം ആലപിച്ചു കഴിഞ്ഞെങ്കിലും അവര്‍ക്കിടയില്‍ വ്യത്യസ്തരായി മാറിയിരിക്കുകയാണ് ഈ അപ്പനും മകളും. കവന്‍ട്രി വല്‍സ്ഗ്രീവ് ചര്‍ച്ച ഓഫ് ഇംഗ്ലണ്ട് അക്കാദമി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബെഥനി. 
ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രാവീണ്യമുള്ള രാജലക്ഷ്മി മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന തല അവാര്‍ഡും നേടിയിട്ടുണ്ട്. ഏതാനും മലയാള ചലച്ചിത്രങ്ങളിലും ഇവര്‍ പാടിയിട്ടുണ്ട്. ആകാശവാണിയില്‍ സംഗീത വിദഗ്ധയായും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം പാടാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനം തോന്നുകയാണ് എന്നും ബിജു പറയുന്നു. മഴവില്‍ മനോരമയുടെ പാടാം നമുക്കു പാടാം വേദിയില്‍ തിളങ്ങിയ ഋഷികേശ് തന്നോടൊപ്പം ഡുവേറ്റ് പാടാന്‍ എത്തുന്നത് വെറും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എന്നതൊന്നും ഗൗനിക്കാതെയാണ് ബെഥനിക്കൊപ്പം ചേര്‍ന്നത്.

യുക്മ കലാമേളയിലും ബൈബിള്‍ കലോത്സവത്തിലും ജേതാവ് കൂടിയാണ് ബെഥനി. ഇപ്പോള്‍ രാജലക്ഷ്മിയോടൊപ്പമാണ് പാട്ടു പഠിക്കുന്നത്. ബിജുവും യുക്മ കലാമേളയിലും ബൈബിള്‍ കലോത്സവത്തിലും ജേതാവാണ്. 1988ല്‍ ആകാശവാണി സംഗീതാഞ്ജ്ഞന്‍ ആയിരുന്ന തങ്കപ്പന്‍ ഭാഗവതരുടെ ശിഷ്യനായാണ് ബിജു തന്റെ സംഗീത സപര്യ ആരംഭിക്കുന്നത്. ഇപ്പോഴും പഠനം തുടരുന്നു എന്നതും പ്രത്യേകതയാണ്. ശശിധരന്‍ പട്ടുവത്തിന്റെ കീഴിലാണ് ബിജു ഇപ്പോള്‍ സംഗീത പഠനം നടത്തുന്നത്. 

കവന്‍ട്രിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ബിജു തന്റെ ഭാര്യ സിസി അടക്കമുള്ള മലയാളി നഴ്സുമാരുടെ ആത്മവീര്യം ഉയര്‍ത്തുന്നതിനാണ് പാട്ടുപാടാന്‍ തയ്യാറായത്. കൊവിഡ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ ആയപ്പോള്‍ ജോലിക്കു പോകാന്‍ കഴിയാതെ വന്ന ദിവസങ്ങളിലാണ് ധീരതയോടെ ജോലി ചെയ്യുന്ന നഴ്സുമാരെ കുറിച്ച് ആലോചിക്കാന്‍ അവസരം ലഭിച്ചത് എന്നും ബിജു പറയുന്നു.
ഏവരും ഭീതിയോടെ കഴിയുമ്പോള്‍ ഉള്ളില്‍ ഭയം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാട്ടാതെ ധീരതയോടെ ജോലി ചെയ്യുന്ന ഓരോ ആരോഗ്യ പ്രവര്‍ത്തകരും നമ്മുടെ സ്‌നേഹവും ആദരവും കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. കഴിയുന്ന വിധത്തില്‍ ഒക്കെ അവരെ സപ്പോര്‍ട്ട് ചെയ്യുവാനും നമുക്കു കഴിയണം. അങ്ങനെയാണ് ഇതിനകം ശ്രദ്ധ നേടിയ മരവിച്ച മനസിന് സാന്ത്വനമേകുന്ന മാലാഖമാരെ എന്ന പാട്ടു പാടാന്‍ ബിജുവും മകള്‍ ബെഥനിയും തയ്യാറാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category