1 GBP = 98.20 INR                       

BREAKING NEWS

യുകെയിലെ പുത്തന്‍ മലയാളികള്‍ പൊളിയാണ്; ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയത് മലയാളികളുടെ കൂടി ശബ്ദം; പിന്തുണച്ച് എംപിമാര്‍; ലേബര്‍ പാര്‍ട്ടി, ആര്‍സിഎന്‍; ആരോഗ്യ പ്രവര്‍ത്തകരെ രാജ്യം സ്‌നേഹം കൊണ്ട് പൊതിയുന്ന കാഴ്ചകള്‍; മലയാളി നഴ്സുമാ ര്‍ക്ക് കുടിയേറാന്‍ ബ്രിട്ടനേക്കാള്‍ സുന്ദരമായ രാജ്യം വേറെയേതുണ്ട്?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ പുത്തന്‍ മലയാളി തലമുറ നിസ്സാരക്കാരല്ല എന്ന് തെളിയിച്ചു അവരുടെ ശബ്ദം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നു. കൊവിഡ് ദുരിതത്തില്‍ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കും കുടുംബത്തിനും കാലതാമസം ഇല്ലാതെ രാജ്യത്തിന്റെ ആദരവ് എന്ന നിലയില്‍ നേരിട്ട് പൗരത്വം നല്‍കണമെന്ന ഓണ്‍ലൈന്‍ കാമ്പയിന്‍ രാജ്യത്തിന്റെ മൊത്തം ശ്രദ്ധ നേടുകയാണ്.

നോട്ടിങ്ഹാമിലെ ഡോ ഗില്‍ സാറേ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റിഷനില്‍ മുന്‍ നിര പോരാളികളായി അണിനിരക്കുന്നത് മലയാളി നഴ്സുമാരും അവരുടെ കുടുംബങ്ങളുമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ എത്തിയ കാല്‍ ലക്ഷത്തിലേറെ പുതു മലയാളി തലമുറ നടത്തുന്ന ആവേശോജ്വല പോരാട്ടമായി മാറുകയാണ് ഈ കാമ്പയിന്‍. ഒന്നര പതിറ്റാണ്ട് മുന്‍പ് ബ്രിട്ടീഷ് മലയാളി നേതൃത്വം നല്‍കിയ പി ആര്‍ കാമ്പയിനെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന പൗരത്വ കാമ്പയിന്‍.
പാര്‍ലമെന്റില്‍ നിരവധി എംപിമാരുടെ പിന്തുണ നേടാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദ ഗ്രൂപ്പിന് സാധിച്ചത് നേട്ടമായി വിലയിരുത്തപ്പെടുകയാണ്. ഇതിനകം 68,000 പേരുടെ ഒപ്പുകള്‍ സമാഹരിച്ച പ്രചാരണം ഒരു ലക്ഷം ഒപ്പെന്ന ലക്ഷ്യം നേടിയെടുക്കും എന്നാണ് കാമ്പയിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ കരുതുന്നത്. ഒരാഴ്ച മുന്‍പ് ബ്രിട്ടീഷ് മലയാളി നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ഒറ്റയടിക്ക് എണ്ണായിരം പേരുടെ ഒപ്പുകള്‍ എത്തിയതോടെ പ്രചാരണം തീരും വരെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ഒപ്പം ഉണ്ടാകണം എന്നാണ് പ്രചാരണത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന യുവ മലയാളി നഴ്സ് ദമ്പതികളായ മിറ്റിന്‍ പൊന്മലയും മഞ്ജുവും അഭ്യര്‍ഥിക്കുന്നത്.
 
ഇതേ പ്രയാസത്തിലൂടെ കടന്നു പോയ മുന്‍ തലമുറയ്ക്ക് ഈ പ്രയാസങ്ങള്‍ നല്ല വിധം അറിയാം എന്നതിനാല്‍ യുകെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കുണ്ടാകും എന്നാണ് ഇവരോടൊപ്പമുള്ളവരുടെയും പ്രതീക്ഷ. ഈ പ്രതീക്ഷകള്‍ വെറുതെയാകില്ല എന്ന സൂചന നല്‍കി ഭരണ പ്രതിപക്ഷ നിരയിലുള്ള നിരവധി എംപിമാര്‍ ഇതിനകം പിന്തുണ നല്‍കിക്കഴിഞ്ഞു. കൂടാതെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും നഴ്‌സുമാരുടെ ഏറ്റവും പ്രധാന തൊഴില്‍ സംഘടനായ ആര്‍ സി എന്നും ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങള്‍ വഴിയും പ്രചാരണത്തിന് ആവേശം പകരുകയാണ്.

കോവിഡ് എത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ബ്രിട്ടന്‍ ഏറെ ആദരവോടെയാണ് സ്നേഹിക്കുന്നത് എന്നതിന്റെ പല ഉദാഹരണങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്. സ്റ്റോക് ഓണ്‍ ട്രെന്റിലും വൂസ്റ്ററിലും മലയാളി നേഴ്‌സുമാരുടെ കാറുകളില്‍ മോഷണം പോയ കാറ്റാലറ്റിക് കണ്‍വെര്‍ട്ടര്‍ സൗജന്യമായി നല്‍കിയതു മുതല്‍ ഭൂരിഭാഗം വില്‍പന ശാലകളും നഴ്‌സുമാര്‍ക്ക് പത്തു ശതമാനം സൗജന്യം നല്‍കുകയാണ്.

കഴിഞ്ഞ ദിവസം തുറന്ന സ്പോര്‍ട്സ് ഡയറക്റ്റ് ഒറ്റയടിക്ക് ആദ്യ ദിവസം അമ്പതു ശതമാനം ഡിസ്‌കൗണ്ട് നല്‍കിയപ്പോള്‍ ആയിരക്കണക്കിന് എന്‍എച്എസ് ജീവനക്കാരാണ് സാധനം വാങ്ങാന്‍ എത്തിയത്. ഇത്തരത്തില്‍ ചെറുതും വലുതുമായ സ്നേഹപ്രകടനം തുടരുമ്പോഴാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ എത്തിയ രണ്ടു ലക്ഷത്തോളം കുടിയേറ്റക്കാര്‍ പൗരത്വം ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മലയാളി നഴ്സുമാര്‍ക്ക് ഏറ്റവും മനോഹരമായ ജീവിതം ഓഫര്‍ ചെയ്യുന്ന രാജ്യമായി ബ്രിട്ടന്‍ മാറും.
 
അമേരിക്കയിലും മറ്റും കോവിഡ് രോഗബാധ ഉണ്ടായിട്ടും ആശുപത്രി ചിലവിന്റെ കാര്യം ഓര്‍ത്തു ചികിത്സിക്കാന്‍ തയ്യാറാകാത്ത മലയാളികള്‍ യുകെയിലെ പരിചയക്കാരോട് പറയുന്നത് നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍ ആണെന്നാണ്. ആ ഭാഗ്യം തങ്ങള്‍ക്കു അല്പം നേരത്തെ കിട്ടുന്നതില്‍ എന്ത് അപാകത എന്നാണ് പുതുതലമുറ മലയാളികള്‍ കാമ്പയിനിലൂടെ സമൂഹത്തോട് ചോദിക്കുന്നത്.
എന്‍എച്ച്എസിന് കുടിയേറ്റക്കാരായ ജീവനക്കാര്‍ ഇല്ലാതെ പിടിച്ചു നില്ക്കാന്‍ കഴിയില്ലെന്ന സത്യം ബ്രിട്ടീഷ് ജനതയും അംഗീകരിച്ചതിന്റെ ഫലം കൂടിയാണ് പുത്തന്‍ മലയാളി തലമുറ കുടിയേറ്റക്കാര്‍ നടത്തുന്ന പൗരത്വ കാമ്പയിന് വ്യാപക അംഗീകാരം കിട്ടാന്‍ കാരണമായത്. കൊവിഡ് തകര്‍ത്താടിയ ആശുപത്രികളില്‍ മനോവീര്യത്തോടെ പോരാടിയത് ഏറെയും ഏഷ്യന്‍, ആഫ്രിക്കന്‍ കുടിയേറ്റക്കാരായ ജീവനക്കാര്‍ ആയിരുന്നു എന്ന സത്യവും എന്‍എച്ച്എസ് അംഗീകരിക്കുന്നു. അതിനാല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരിട്ട് പൗരത്വം നല്‍കുന്ന കാര്യത്തെ ഏവരും അംഗീകരിക്കുകയാണ്. സര്‍ക്കാരും താത്ത്വികമായി ഈ ആവശ്യത്തോട് അനുകൂല നിലപാടിലാണ്. ഇക്കാര്യത്തില്‍ തന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നു ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ സൂചന വഴി വക്തമാക്കിയിട്ടുമുണ്ട്. അതിനാല്‍ കാമ്പയിന്‍ അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയാണ് കാല്‍ ലക്ഷത്തിലേറെ മലയാളി കുടുംബങ്ങള്‍ പങ്കിടുന്നതും.

ഒരാഴ്ച മുന്‍പും ഇക്കാര്യത്തില്‍ ഹോം അഫയേസ് കമ്മിറ്റി അനുകൂല നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഓരോ കുടിയേറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡിനെ മുന്നില്‍ നിന്നു നേരിട്ടതെന്നു പാര്‍ലിമെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിനു തീര്‍ച്ചയായും അവര്‍ ആദരവ് അര്‍ഹിക്കുന്നു. ഒട്ടേറെ കടമ്പകള്‍ താണ്ടിയാണ് ഇവര്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ആകുന്നത് എന്നിരിക്കെ അവരെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നത് നീതികേട് ആണെന്നും എംപിമാര്‍ക്കിടയില്‍ അഭിപ്രായം ശക്തമാകുകയാണ്.

ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന 70 ലക്ഷം പേരുടെയും പിന്തുണ തേടിയാണ് പുതിയ കുടിയേറ്റക്കാരായ ജീവനക്കാര്‍ രംഗത്തെത്തുന്നത്. പ്രധാനമായും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ എത്തിയ 25,000 മലയാളി കുടുംബങ്ങള്‍ അടക്കം 1.70 ലക്ഷം പേരുടെ പൗരത്വ വിഷയമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിരിക്കുന്നത്. ഇതിനായി എല്ലാ രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ ശക്തമായ കാമ്പയിന്‍ ആരംഭിച്ചതോടെ വിഷയം ബ്രിട്ടീഷ് മാധ്യമങ്ങളും ആര്‍ സി എന്‍ അടക്കമുള്ള ജീവനക്കാരുടെ സംഘടനകളും ഒക്കെ ഗൗരവത്തില്‍ എടുത്തിരിക്കുകയാണ്.

കൊവിഡ് ദുരിതത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ അടുത്തകാലത്ത് യുകെയില്‍ എത്തിയ ചെറുപ്പക്കാരായ എന്‍എച്ച്എസ് നേഴ്‌സുമാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനകം ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അടക്കമുള്ളവരുടെ അടുത്തെത്തിക്കഴിഞ്ഞു. വിഷയത്തില്‍ അനുഭാവപൂര്വമുള്ള നിലപാട് സ്വീകരിക്കും എന്നാണ് അവരുടെ ആദ്യ പ്രതികരണം ഉണ്ടായിരിക്കുന്നത്. തനിക്കു പുതിയ പൗരത്വ ബില്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ് എന്ന കാര്യം പ്രീതി പട്ടേല്‍ കാമ്പയിന്‍ നടത്തുന്നവരെ അറിയിച്ചിട്ടുണ്ട്. ഇതിനായി അവര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.

മന്ത്രിയുടെ തികച്ചും അനുഭാവപൂര്‍ണമായ നിലപാടിന് പിന്തുണയുമായി ലണ്ടന്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയുന്ന നേഴ്സുമാരായ ഇവ ഓര്‍മണ്ടി, മിക്റ്റിന്‍, ലെസ്റ്ററില്‍ നിന്നുള്ള റോണി മോള്‍ എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയ പിന്തുണയോടെ ഹാഷ് ടാഗ് കാമ്പയിന്‍ നടത്തുകയാണ്. തുടര്‍ന്നാണ് നോട്ടിങ്ഹാംയിലെ ഡോക്ടര്‍ ജില്‍ സയര്‍ ആരംഭിച്ച പാര്‍ലിമെന്റ് പെറ്റിഷന്‍ കുടിയേറ്റക്കാരുടെ ഇടയില്‍ കാട്ടുതീയായി മാറിയത്. ഇതിനകം 68,000 പേരുടെ പിന്തുണ നേടിയ പെറ്റിഷന്‍ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം കടത്താന്‍ ഉള്ള ശ്രമത്തിനു ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം ആവശ്യമാണെന്നാണ് കാമ്പയിന്‍ നടത്തുന്നവരുടെ അഭ്യര്‍ത്ഥന.
കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പ്രാദേശിക എംപിമാരെയും എന്‍എച്ച്എസ് നേഴ്സ് എന്ന പേരില്‍ രൂപം കൊണ്ടിരിക്കുന്ന ഗ്രൂപ്പുകള്‍ ബന്ധപ്പെടുകയാണ്. സമാനമായ തരത്തില്‍ പുതുതായി എത്തിയ ഡോക്ടര്‍മാരും ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്സുമാരും അവരുടെ ആശ്രിതരായ ജോലിക്കാരും ഡോക്ടര്‍മാരും ചേരുമ്പോള്‍ മാത്രം ഈ പെറ്റീഷന്‍ ഫലം കണ്ടാല്‍ ഗുണം ലഭിക്കുക ചുരുങ്ങിയത് അരലക്ഷം മലയാളികള്‍ക്കാകും. യുകെയില്‍ എത്ര മലയാളികള്‍ ഉണ്ട് എന്ന് കാലങ്ങളായി പലരും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആയി മാറേണ്ടവരാണ് ഈ അരലക്ഷം പേരും. യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ മലയാളി സമൂഹമായി മാറാന്‍ ഇതോടെ യുകെ മലയാളികള്‍ക്ക് അവസരം ഒരുങ്ങുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category