1 GBP = 98.20 INR                       

BREAKING NEWS

കൊവിഡ് എങ്ങനെയും എപ്പോഴും ആര്‍ക്കുവേണമെങ്കിലും വരാം; ഉദാഹരണമായി നമുക്കു മുന്നിലുള്ളത് പീറ്റര്‍ബറോയിലെ ബിനു; പൂര്‍ണ ആരോഗ്യവാനായ ചെറുപ്പക്കാരന്‍ രോഗത്തോട് പൊരുതിയത് 74 ദിവസങ്ങള്‍; 40 ദിവസത്തിലേറെ റിസര്‍ച്ച് ഹോസ്പിറ്റലില്‍ എക്മോ യില്‍; കൊവിഡിനെ നിസാരമായി കാണുന്നവര്‍ അറിഞ്ഞിരിക്കാന്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊവിഡില്‍ തകര്‍ന്നു കൊണ്ടിരുന്ന ഓരോ രാഷ്ട്രവും ജനത്തെ ആശ്വസിപ്പിക്കാന്‍ മരണ നിരക്ക് ഉയര്‍ന്നപ്പോള്‍ പറഞ്ഞ കൊണ്ടിരുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ്, മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കാണ് കൊവിഡ് ഗുരുതരമായി മാറുന്നതെന്ന്. ഇക്കൂട്ടത്തില്‍ പ്രമേഹവും ഹൃദ്രോഗവും ഒക്കെ ഉള്‍പ്പെടുത്തിയപ്പോള്‍ ആരോഗ്യമുള്ളവരും ചെറുപ്പക്കാരും ആശ്വസിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി വേണ്ടത്ര ശ്രദ്ധയില്ലാതെ കൊവിഡിനെ കണ്ടു തുടങ്ങിയപ്പോള്‍ ആരോഗ്യമുള്ളവര്‍ എന്നോ ഇല്ലാത്തവര്‍ എന്നോ നോക്കാതെ വൈറസ് ജനലക്ഷങ്ങളിലേക്കു പകര്‍ന്നു കൊണ്ടിരുന്നു.

കൊവിഡിനെ ലാഘവത്തോടെ കാണുന്നവര്‍ക്കായി യുകെ മലയാളിക്ക് ചൂണ്ടിക്കാട്ടാന്‍ ഒരു പേരുണ്ട്, പീറ്റര്‍ബറോയിലെ ബിനു തോമസ്. തികച്ചും ആരോഗ്യവാനായ 37 വയസുള്ള യുവാവ്. കൊവിഡ് ഇത്ര നിസാരമാണെങ്കില്‍ ബിനു എങ്ങനെ ഏറ്റവും ഗുരുതരാവസ്ഥയില്‍ കൂടി കടന്നു പോയി? പനിയും ചുമയുമായി തുടങ്ങി ഒടുവില്‍ കൊവിഡിന്റെ അറിയപ്പെടുന്ന ലക്ഷണങ്ങള്‍ ഒക്കെ ബിനുവില്‍ എത്തിയത് അതിവേഗത്തിലാണ്. ഏകദേശം 75 ദിവസത്തോളമാണ് കൊവിഡുമായി പൊരുതി ജീവതത്തിലേക്കു മടങ്ങാന്‍ ഈ യുവാവിന് വേണ്ടി വന്നത്. 

ആരാണ് കൊവിഡിന് മുന്നില്‍ സുരക്ഷിതര്‍? ആരുമില്ലെന്ന് ബിനുവും നിഷയും 
പീറ്റര്‍ബറോ ഹോസ്പിറ്റലില്‍ മെന്റല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിനുവിന് ഏപ്രില്‍ ആദ്യവാരത്തിലാണ് കൊവിഡ് ലക്ഷണം തോന്നിത്തുടങ്ങിയതോടെ അവധിയെടുത്തു വീട്ടില്‍ ഇരിക്കേണ്ടി വന്നത്. ബിനുവിന് അസുഖ ലക്ഷണം തോന്നിയപ്പോള്‍ അതേ ആശുപത്രിയില്‍ തന്നെ നഴ്‌സായ ഭാര്യ നിഷയ്ക്ക് ജോലിക്കു പോകേണ്ടി വന്നതിനാല്‍ അസുഖം ഉറപ്പാക്കാനായി കൊവിഡ് ടെസ്റ്റ് നടത്തുക ആയിരുന്നു. യുകെയില്‍ ആ സമയത്തു വ്യാപകമായ ടെസ്റ്റുകള്‍ നടന്നിരുന്നില്ല. ടെസ്റ്റില്‍ പോസിറ്റീവായതോടെ ബിനുവും കുടുംബവും സെല്‍ഫ് ഐസലേഷനില്‍ പ്രവേശിക്കുക ആയിരുന്നു.

ആദ്യ ദിവസങ്ങളില്‍ പനിയില്‍ തുടങ്ങിയ അസുഖം ഏതാനും ദിവസം ഒരു ലക്ഷണവും ഇല്ലാതെ മാറിനില്‍ക്കുക ആയിരുന്നു. എന്നാല്‍ ഒരാഴ്ചക്കകം വീണ്ടും കടുത്ത പനിയുമായി എത്തിയ കൊവിഡ് നീണ്ട രണ്ടര മാസത്തെ രോഗക്കിടക്കയാണ് ബിനുവിന് സമ്മാനിച്ചത്. ഇതിനിടയില്‍ ഭാര്യ നിഷയ്ക്കും ഇളയ കുഞ്ഞിനും ചെറിയ അസ്വസ്ഥതകള്‍ നല്‍കി കൊവിഡ് പിന്മാറുകയും ചെയ്തു. ഇതോടെ ആര്‍ക്കാണ് ഗുരുതരമാകുക, ആര്‍ക്കാണ് കൊവിഡ് പ്രഹരം ഏല്‍പ്പിക്കാതിരിക്കുക എന്ന് ഒരു തരത്തിലും പറയാന്‍ സാധിക്കാത്ത കാര്യമായി കൊവിഡ് മാറുകയാണ്.

പൂര്‍ണ ആരോഗ്യവാനായ ബിനുവിനെ പോലെയുള്ളവരെ വെന്റിലേറ്ററും എക്‌മോയും ഉപയോഗിക്കേണ്ടി വരും വിധം തളര്‍ത്താന്‍ കൊവിഡിന് കഴിയും എന്നുറപ്പായിരിക്കെ ഈ രോഗത്തെ യുകെ മലയാളികള്‍ ഒട്ടും ലാഘവത്തോടെ കാണരുത് എന്നാണ് ബിനുവിനും നിഷയ്ക്കും ഇപ്പോള്‍ പറയാനുള്ളത്. ഇത് പറയാന്‍ മാത്രമാണ് ഇരുവരും ബ്രിട്ടീഷ് മലയാളിയോട് സംസാരിക്കാന്‍ തയ്യാറായതും. 

ആദ്യ ദിവസം തന്നെ തന്നെ പ്രയാസങ്ങള്‍, പത്താം ദിവസം വെന്റിലേറ്ററിലേക്ക്
വീട്ടില്‍ നിന്നും ബിനു ആംബുലന്‍സില്‍ കയറുമ്പോള്‍ ഒരു പരിശോധന കഴിഞ്ഞ് ഉടന്‍ മടങ്ങി വരാം എന്നാണ് നിഷ കരുതിയത്. ഏപ്രില്‍ പത്തിന് രോഗലക്ഷണവുമായി വീട്ടില്‍ കഴിഞ്ഞ ബിനു ഓരോ ദിവസവും കടുത്ത പനിയും ശ്വാസ തടസവും ഒക്കെയായി പ്രയാസപ്പെടുക ആയിരുന്നു. എന്നാല്‍ ഏഴാം ദിവസം ഓക്‌സിജന്‍ സാച്ചുറേഷന്‍ നില 96- 97 ശതമാനത്തില്‍ തുടര്‍ന്നത് ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബിനുവിനെ വീട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കാന്‍ മതിയായ കാരണം കൂടിയായിരുന്നു.

പിറ്റേന്നും കടുത്ത ശാരീരിക പ്രയാസം തോന്നിയെങ്കിലും ആംബുലന്‍സ് വിളിക്കാന്‍ ബിനുവും നിഷയും മടിക്കുക ആയിരുന്നു. താപനില 39നു മുകളിലും ഹൃദയ മിടിപ്പ് അകാരണമായ നിലയില്‍ ഉയര്‍ന്നിട്ടും അതൊക്കെ കൊവിഡിന് മുന്നില്‍ സാധാരണം എന്ന നിലയിലാണ് 111 ടീം മറുപടി നല്‍കിയത്. എന്നാല്‍ ഒന്‍പത് ദിവസം ആയപ്പോഴും സ്ഥിതി വഷളായി എന്ന് ബോധ്യമായ ഘട്ടത്തില്‍ വീണ്ടും ആംബുലന്‍സ് സഹായം തേടുക ആയിരുന്നു. അങ്ങനെ ഏപ്രില്‍ 19ന് ആരോഗ്യ സ്ഥിതി വഷളായ ബിനു രണ്ടു നാള്‍ കൊവിഡ് വാര്‍ഡില്‍ കഴിഞ്ഞ ശേഷം നേരെ ഐടിയുവില്‍ എത്തുക ആയിരുന്നു.  

രക്ഷക്ക് എത്തിയത് മാനേജര്‍മാര്‍, വെന്റിലേറ്റര്‍ ഉപയോഗിച്ച ആദ്യ ദിനം തന്നെ എക്‌മോയിലേക്ക്
ബിനുവും നിഷയും ജോലി ചെയ്യുന്ന വാര്‍ഡുകളില്‍ മാനേജര്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നത് കൂടിയാണ് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ബിനുവിന്റെ ജീവിതത്തിലേക്ക് മടങ്ങാന്‍ ഉള്ള വിധിയില്‍ നിര്‍ണായകമായത്. ഐടിയുവില്‍ പ്രവേശിപ്പിച്ച ദിവസം തന്നെ മാനേജര്‍മാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ എക്മോ സംവിധാനം ഉള്ള പാപ്വര്‍ത്ത് റിസര്‍ച്ച് ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ ശ്രമം നടത്തിയതാണ് ഏറെ സഹായകമായത്. പൊടുന്നനെ ഓക്‌സിജന്‍ സാച്ചുറേഷന്‍ നില താഴ്ന്നതോടെ ഏവരിലും ആശങ്കയുമായി.
ഈ ഘട്ടത്തില്‍ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് പാപ്വര്‍ത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ബിനുവിനെ പരിശോധിക്കുകയും വൈകുന്നേരത്തോടെ എക്മോ സഹായം ലഭ്യമായ പാപ്വര്‍ത്ത് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. പിന്നീടുള്ള 40 ദിവസവും ഈ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കൊവിഡിനോട് മല്ലിടുക ആയിരുന്നു ബിനു. തനിക്കു ചുറ്റും സംഭവിച്ചത് ഒന്നും ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിഷ സംസാരിക്കുന്ന വേളയിലാണ് ബിനു തന്റെ രോഗാവസ്ഥയെ കുറിച്ച് കൂടുതല്‍ അറിയുന്നത് തന്നെ.

ഭൂമി കീഴ്‌മേല്‍ മറിഞ്ഞ ദിവസം, ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നിയ ദിനം
ഏപ്രില്‍ 29. തന്റെ ജീവിതത്തില്‍ നിഷ ഇനിയൊരിക്കലും മറക്കാത്ത ഒരു ദിനം ആയിരിക്കും. ആ ദിവസത്തെ കുറിച്ച് ഇപ്പോള്‍ പറയുമ്പോള്‍ പോലും നിഷയുടെ ശബ്ദം വിറയ്ക്കുന്നുണ്ട്. കൊവിഡിനെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലും ബിനു ഐടിയുവില്‍ വരെ എത്തുമെന്ന് നിഷ സ്വപ്നത്തില്‍ കരുതിയിരുന്നില്ല. എന്നാല്‍ അതുവരെ ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന ധൈര്യം ഐടിയുവില്‍ എത്തിയ ആദ്യ നാള്‍ തന്നെ സംസാരിച്ച ഡോക്ടറില്‍ നിന്നും കേള്‍ക്കാന്‍ നിഷയ്ക്ക് സാധിച്ചില്ല.
''ഹി മേ നോട്ട് സര്‍വൈവ്, മേ സര്‍വൈവ്'' എന്നാണ് ഒട്ടും വളച്ചു കെട്ടല്‍ ഇല്ലാതെ ആ ഡോക്ടര്‍ നിഷയുടെ കാതില്‍ എത്തിച്ച സന്ദേശം. അതോടെ നിന്ന നില്‍പ്പില്‍ ഭൂമി പിളരുന്നതായി നിഷയ്ക്ക് തോന്നി. ''സഹായത്തിന് ആരെയൊക്കെ വിളിച്ചെന്നറിയില്ല. വാര്‍ഡിലും ബിനു പ്രവേശിപ്പിക്കപ്പെട്ട ഐടിയുവിലും സുഹൃത്തുക്കളെയും ഒക്കെ ഓരോ നിമിഷവും വിളിച്ചു കൊണ്ടിരുന്നു. പ്രാര്‍ത്ഥനയ്ക്കായി സുഹൃത്തുക്കളുടെ സഹായം തേടി. വിവരമറിഞ്ഞു പ്രിയ കൂട്ടുകാരില്‍ ഒരാള്‍ വീട്ടിലേക്ക് ഓടിയെത്തിയതോടെയാണ് നിഷയ്ക്ക് സമനില വീണ്ടെടുക്കാന്‍ സാധിച്ചത്. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ പോലും ഒരുതരം വിറയലാണ് തോന്നുന്നത്''. വിറയ്ക്കുന്ന ശബ്ദത്തോടെ നിഷ പറയുന്നു. 

കൊവിഡ് സമ്മാനിച്ച ദുഃഖത്തിലും ദുരിതത്തിലും ആരൊക്കെയാണ് കൈപിടിക്കാന്‍ എത്തിയത് എന്ന് പോലും നിഷയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അത്തരത്തില്‍ മനസ് മരവിച്ചു പോയിരുന്നു. പീറ്റര്‍ബറോയില്‍ താരതമന്യേ പുതിയ താമസക്കാരായ തങ്ങളെ രക്ഷിക്കാനും സഹായിക്കാനും ഒട്ടേറെ പേരുടെ കരങ്ങള്‍ തേടിയെത്തിയിരുന്നു എന്നു മാത്രമാണ് ഇപ്പോള്‍ തിരിച്ചറിയുന്നത്.

പപ്പാ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നും വേഗത്തില്‍ വീട്ടില്‍ മടങ്ങി എത്താന്‍ ആഗ്രഹിക്കുന്ന മെസേജുകള്‍ മക്കളായ ആഞ്ജലീനയും അലീനയും ബിനുവിന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ചിരുന്നത് ഇപ്പോള്‍ കാണുമ്പോള്‍ കണ്ണുകളില്‍ നനവ് പടരാതിരിക്കാന്‍ ഇരുവരും ശ്രമിക്കുകയാണ്. തന്നെ തേടിയെത്തിയ അനേകം പേരുടെ സ്‌നേഹ സാന്ത്വനം കൂടിയാണ് കൊവിഡില്‍ നിന്നും ജീവിതത്തിലേക്കുള്ള യാത്രയില്‍ തുണയായി മാറിയതെന്നും ബിനു വിശ്വസിക്കുന്നു. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category