1 GBP = 93.80 INR                       

BREAKING NEWS

എല്ലാം വെറും കാട്ടിക്കൂട്ടല്‍ മാത്രം; നഴ്‌സുമാരുടെ ശമ്പളം ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ പാര്‍ലമെന്റില്‍ എത്തിയത് ഏതാനും എംപിമാര്‍; മുങ്ങിയവരില്‍ ഹെല്‍ത്ത് സെക്രട്ടറിയും; കവന്‍ട്രി എംപി സാറ സുല്‍ത്താന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു; കൊവിഡ് രോഗികള്‍ വഴി മലയാളികള്‍ക്ക് നഷ്ടമായത് അഞ്ചു പേരുടെ ജീവനും അനേകം പേരുടെ ആരോഗ്യവും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കച്ചവട സ്ഥാപനങ്ങളില്‍ പ്രത്യേക ഓഫറുകള്‍. വ്യാഴാഴ്ചകളില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആദരവോടെ വൈകുന്നേരങ്ങളില്‍ കയ്യടിക്കുന്നു. ആശുപത്രികളില്‍ സോപ്പ്, ചീപ്പ് മുതല്‍ സ്‌നേഹസമ്മാനങ്ങള്‍, റെസ്റ്റോറന്റുകളും മറ്റും ഭക്ഷണം എത്തിച്ച് ആരോഗ്യപ്രവര്‍ത്തകരെ സ്‌നേഹിച്ചു കൊല്ലുന്നു. ഇവിടെ തീരുകയാണ് സ്വന്തം ജീവന്‍ പണയം നല്‍കി കൊവിഡ് രോഗികളെ ചികില്‍സിച്ച എന്‍എച്ച്എസ് ജീവനക്കാരോടുള്ള ബ്രിട്ടന്റെ പ്രതിപത്തി.

കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും എല്ലാം ഫര്‍ലോ നല്‍കിയും വരുമാനത്തിന്റെ 80 ശതമാനം വരെ അലേര്‍ട്ട് ലിസ്റ്റില്‍ പെടുന്ന രോഗികളായ ജീവനക്കാര്‍ക്ക് നല്‍കിയും രാജ്യത്തിന്റെ കയ്യടി നേടിയ സര്‍ക്കാര്‍ പക്ഷെ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യമെത്തിയപ്പോള്‍ മുഖം തിരിക്കുന്നതായി തെളിയിക്കുന്നത് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ച തന്നെ. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പള വര്‍ധന ചര്‍ച്ച ചെയ്യുന്ന വിഷയം പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ വിരലില്‍ എണ്ണാവുന്ന എംപിമാര്‍ മാത്രമാണ് അതില്‍ പങ്കാളികളാകാന്‍ തയ്യാറായത് എന്നതും ബ്രിട്ടനിലെ രാഷ്ട്രീയക്കാരുടെ ഇരട്ട മുഖം വെളിപ്പെടുത്തുന്നു. 

അതേസമയം ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പില്‍ രാജ്യമെങ്ങും അമര്‍ഷം ഉയരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ മുന്നില്‍ ഉള്ള പരാതിയുടെ ബാഹ്യരൂപമായാണ് വിഷയം ചര്‍ച്ചക്കെത്തിയത്. കൊവിഡ് മൂലം നാല് മാസമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയാതെ പോയ ശേഷം പാര്‍ലമെന്റ് പരിഗണനയ്ക്കെടുത്തപ്പോള്‍ എംപിമാര്‍ മുഖം തിരിച്ചത് ആരോഗ്യ പ്രവര്‍ത്തകരോടുള്ള അവഗണന കൂടിയായി വിലയിരുത്തപ്പെടുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു പല അപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴും മിക്ക എംപിമാരും അതീവ താല്‍പ്പര്യത്തോടെ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ സംസാരിക്കാന്‍ വെറും 20 പേരില്‍ താഴെ മാത്രമാണ് ഹാളില്‍ ഉണ്ടായിരുന്നത്. ഈ വിഷയം വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

യുകെ മലയാളികളില്‍ നല്ലൊരു ശതമാനം പേരും എന്‍എച്ച്എസ് ജീവനക്കാര്‍ ആയതിനാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ന്യായമായും ഏവര്‍ക്കും വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നതാണ്. കൊവിഡ് രോഗികളെ പരിശോധിക്കാന്‍ തയ്യാറാവുക വഴി ഒരു ഡോക്ടര്‍ അടക്കം അഞ്ചു മലയാളി ജീവനുകളാണ് യുകെ മലയാളികള്‍ക്കിടയില്‍ പൊലിഞ്ഞത്. ഇരുപതില്‍ താഴെ മലയാളികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു.

പലരുടെയും കാര്യത്തില്‍ അവശരായപ്പോള്‍ ആശുപത്രിയിലേക്ക് നീക്കാന്‍ പോലും ആംബുലന്‍സ് പ്രവര്‍ത്തകര്‍ മടികാട്ടിയപ്പോള്‍ കൊവിഡ് രോഗികളെ പരിശോധിക്കാനും പരിചരിക്കാനും തയ്യാറായത് വഴിയാണ് തങ്ങള്‍ക്കും രോഗം പിടിപെട്ടത് എന്ന് തര്‍ക്കിക്കാന്‍ വരെ തയ്യാറായപ്പോഴാണ് ആവശ്യമായ പരിഗണന പോലും കിട്ടിയതെന്ന് കൊവിഡില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവര്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ ന്യായമായും വേതന വര്‍ധന എന്ന ആവശ്യം അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയാണ് ഇല്ലാതെയാകുന്നത്. 

ഈ ആവശ്യത്തിന് വേണ്ടി അനേകം തവണ ഓണ്‍ലൈന്‍ പരാതികള്‍ ഉണ്ടായിട്ടും ഗൗനിക്കാതിരുന്ന സര്‍ക്കാര്‍ ഒടുവില്‍ 166000 പേരുടെ ഒപ്പുകള്‍ ശേഖരിക്കപ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ തയ്യാറായത്. അടുത്തിടെ സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വേയിലും 77 ശതമാനം പേരും രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ അനുകൂലമായാണ് മറുപടി നല്‍കിയത്.

വേതന വര്‍ധനക്കൊപ്പം തന്നെ ആയിരക്കണക്കിന് പുത്തന്‍ മലയാളി കുടിയേറ്റക്കാരെ  ബാധിക്കുന്ന എന്‍എച്ച്എസ് സര്‍ചാര്‍ജ് വിഷയവും സിറ്റിസണ്‍ഷിപ്പ് വിഷയം പാര്‍ലമെന്റിന്റെ മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക് അടക്കം ചര്‍ച്ചക്ക് എത്താതെ മുങ്ങുക ആയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ സര്‍ക്കാരിന് വേണ്ടി മറുപടി പറഞ്ഞ ആരോഗ്യമന്ത്രി ഹെലന്‍ വാറ്റ്‌ലി വേതന വര്‍ധനയെക്കാള്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം കൂട്ടുകയാണ് ഇപ്പോള്‍ പ്രധാനം എന്നതില്‍ ഊന്നല്‍ നല്‍കുക ആയിരുന്നു. 

എന്നാല്‍ ചര്‍ച്ചയില്‍ എംപിമാര്‍ അധികം സജീവം ആയില്ലെങ്കിലും പുതുതായി പാര്‍ലമെന്റില്‍ എത്തിയ വെറും 26കാരിയായ കവന്‍ട്രി സൗത്ത് എംപിമാര്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കയറുക ആയിരുന്നു. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ അനേകം പേരുടെ ജീവന്‍ കണ്മുന്നില്‍ പൊലിയുന്നത് കണ്ട സാറ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സിങ് ജീവനക്കാരുടെ വേദന കൂടി നേരില്‍ അറിഞ്ഞാണ് പാര്‍ലമെന്റില്‍ എത്തിയത്.

ഈ രാജ്യം എന്ത് വില നല്‍കിയും ആരോഗ്യ പ്രവര്‍ത്തകരെ വേതന വര്‍ധന നല്‍കി ആദരിക്കണം എന്നാണ് ഈ യുവ എംപി ആവശ്യപ്പെട്ടത്. പത്തുവര്‍ഷമായി വേതന വര്‍ധനയ്ക്കായി ആവശ്യപ്പെടുന്ന ഒരു തൊഴില്‍ സമൂഹത്തെ എത്ര കാലം സര്‍ക്കാരിന് അവഗണിക്കാന്‍ കഴിയും എന്നാണ് പ്രധാനമായും സാറ ഉയര്‍ത്തിയ ചോദ്യം. ആ ചോദ്യത്തിനാണ് ഇപ്പോള്‍ രാജ്യമെങ്ങും ആരോഗ്യ പ്രവര്‍ത്തകരുടെ കയ്യടി ലഭിച്ചുകൊണ്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category