കാറുകളെ കുറിച്ചുള്ള എന്തു സംശയത്തിനും നോര്‍വ്വിച്ചിലെ മലയാളി വിദ്യാര്‍ത്ഥിയെ വിളിക്കാം; പിതാവിന്റെ വഴിയെ ഡ്രൈവ് ചെയ്യുന്ന കെവി ന് ഷൈജുവിന് കാറുകള്‍ കൂട്ടുകാരാണ്
ഗോര്‍ഡന്‍ റാംസാമിയുടെയും ജെയ്മി ഒലിവെറിന്റെയും കുക്കറി ഷോകളും ജെറമി ക്ളര്ക്ക്സണ് അവതരിപ്പിച്ച ടോപ് ഗിയറും ബിബിസിയിലെ സ്റ്റാര്‍ വാര്‍ത്ത അവതാരകനായ ഹ്യൂ എഡ്വേഡ്സിന്റെ രാത്രി പത്തു മണിയുടെ വാര്‍ത്തകളും ഒക്കെ കണ്ടുകൊണ്ടു കണ്ണ് മിഴിച്ചിരുന്ന ഒരു കാലം യുകെ മലയാളികള്‍ക്ക് ഉണ്ടായിരുന്നു. പരിപാടിയുടെ അന്തസത്തയെക്കാളും അവരുടെ അവതാരണ മികവാണ് ഇപ്പറഞ്ഞ മിക്ക ടെലിവിഷന്‍ ഷോകളെയും ജനപ്രിയമാക്കിയത്.
അവതാരകരുടെ വാക്ചാതുര്യവും ഏതു സാഹചര്യങ്ങളെയും അപ്പോള്‍ തന്നെ ഭംഗിയായി കൈകാര്യം ചെയ്യുവാനുള്ള അനന്യസാധാരണമായ കഴിവും അതിലുപരി പറയുന്ന കാര്യങ്ങള്‍ എല്ലാവര്ക്കും രസിക്കുന്ന രീതിയിലുള്ള അവതരണ പാഠവവും ആണ് ഇത്തരം ഷോകള്‍ ജനപ്രിയമാകാന്‍ കാരണം. തങ്ങള്‍ക്കോ തങ്ങളുടെ മക്കള്‍ക്കോ ഇപ്പറഞ്ഞ രീതിയിലുള്ള കഴിവുകള്‍ ഇല്ലെന്നു വിശ്വസിച്ചു കൊണ്ട് വല്ലപ്പോഴും വരുന്ന അസോസിയേഷന് പരിപാടികളില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിച്ചിരുന്നവരായിരുന്നു ബഹുഭൂരിപക്ഷം യുകെ മലയാളികളും. എന്നാല്‍ കൊവിഡ് 19 ലോകജനതയുടെ ജീവിത രീതികളും ചിന്താഗതികളും മാറ്റിമറിച്ചു.
ഇക്കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിരവധി പ്രതിഭകള്‍ തങ്ങളുടെ ഉള്ളില്‍ അടങ്ങി കിടന്നിരുന്ന, കഴിവുകളെ വെളിവാക്കി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം കഴിവുകളെ പുറത്തുകൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയ വലിയൊരു പങ്കു വഹിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അത്തരത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു യു ട്യൂബ് വീഡിയോ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പരക്കുകയുണ്ടായി.
കൊച്ചു കുട്ടികള്‍ വെറും കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്ന അനവധി കാറുകളെ ഒന്നിച്ചു നിരത്തിക്കൊണ്ട് മുതിര്‍ന്നവര്‍ക്ക് ഏറെ അറിവ് പകരുന്ന രീതിയിലുള്ള ആ വീഡിയോ വെറും പതിമൂന്നു വയസുള്ള ഒരു മലയാളി ബാലന് വളരെ മികച്ച രീതിയിലുള്ള അവതരണത്തിലൂടെ ലോകത്തിനു മുന്പില് കാഴ്ച വച്ചപ്പോള്‍ എല്ലാവരും ചോദിച്ച ഒരു ചോദ്യമുണ്ട് 'ഏതാണ് ഈ കൊച്ചു മിടുക്കന് എന്ന്?' യുകെയിലെ നോര്‍വിച്ചില്‍ നിന്നുമുള്ള കെവിന് ഷൈജു എന്ന പതിമൂന്നു വയസുകാരനാണ് മുതിര്‍ന്നവര്‍ക്ക് പോലും ഏറെ ഉപകാരപ്രദമായ രീതിയില്‍ തന്റെ വാഹനങ്ങളെ കുറിച്ചുള്ള അറിവ് യു ട്യൂബിലൂടെ പകര്‍ന്നു കൊണ്ട് ഇപ്പോള്‍ കൈയടി നേടിക്കൊണ്ടിരിക്കുന്നത്.
തൊടുപുഴ സ്വദേശികളായ ഷൈജു - പിങ്കി ദമ്പതികളുടെ മൂത്ത മകനാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കെവിന് ഷൈജു. മികച്ച ബാഡ്മിന്റണ്‍ കളിക്കാരന് കൂടിയായ കെവിന് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത് തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് എന്ന് പറയുമ്പോള്‍ തന്നെ അറിയാം ഈ കൊച്ചുമിടുക്കന്റെ കഴിവിന്റെ ആഴം. നോര്‍വിച്ച് മലയാളി അസോസിയേഷനിലെ പരിപാടികളില്‍ നിറസാന്നിധ്യമായി തിളങ്ങുന്ന കെവിന് ലോക്ക് ഡൗണ്‍ എന്നാല്‍ ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കാന്‍ ഉള്ള കാലമായി തോന്നിയില്ല.എന്തെങ്കിലും ക്രിയേറ്റിവായി ചെയ്യണം എന്ന ആഗ്രഹം ഉണ്ടായപ്പോള്‍ പിതാവായ ഷൈജുവും ഒപ്പം കൂടി.
നിസ്സാന്‍ അപ്രൂവ്ഡ് എംഒടി ഇന്‍സ്പെക്ടറും ഡീസീറ മോട്ടോഴ്സിലെ ടെക്നീഷ്യനും ആയ ഷൈജു തന്റെ വാഹന അറിവുകള്‍ സ്ഥിരം കെവിനുമായി പങ്കുവെക്കുമായിരുന്നു. അങ്ങിനെയാണ് വാഹനങ്ങളെക്കുറിച്ചുള്ള ഒരു യു ട്യൂബ് പംക്തി തുടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. ആദ്യത്തെ വീഡിയോ നല്ല സ്വീകരണം നേടിയപ്പോള്‍ കെവിന് തന്റെ വീട്ടിലെ സ്വന്തം കാറിനെക്കുറിച്ചുള്ള അതി നൈപുണ്യമേറിയ വിവരണവുമായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കൂടാതെ തന്റെ മൂന്നു കുഞ്ഞനിയത്തിമാരെ പങ്കെടുപ്പിച്ചു കൊണ്ട് കളിയും കാര്യവും നിറഞ്ഞ അനവധി ടിക് ടോക് വിഡിയോകളും കെവിന് നിര്‍മിച്ചു കഴിഞ്ഞു.
വാഹനങ്ങളെ കുറിച്ച് കെവിന് നിര്‍മ്മിച്ച രണ്ടാമത്തെ വീഡിയോയും ഏറെ ശ്രദ്ധ നേടിയതില്‍ വളരെ സന്തോഷവാനാണ് കെഎസ്ആര്‍ടിസിയിലെ മുന്‍ ടെക്നീഷ്യന് കൂടി ആയ പിതാവ് ഷൈജു അഗസ്റ്റിന്. അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്വന്തം മകനെക്കുറിച്ചു അതിരറ്റ അഭിമാനവും അതിലേറെ സന്തോഷവും പ്രതീക്ഷകളും നിഴലിക്കുന്നു.
''കെവിനെക്കുറിച്ചു പറയുകയാണെങ്കില്‍ ഈ വീഡിയോയുടെ തുടക്കത്തില്‍ തന്നെ തുടങ്ങാം. ഞാന്‍ 15 വര്‍ഷമായി നിസ്സാനില്‍ മെക്കാനിക്കും എംഒടി ടെസ്റ്ററുമായി വര്‍ക്കു ചെയ്യുന്നതിനാല്‍ തന്നെ ധാരളം ആളുകള്‍ ചോദിക്കാറുണ്ട് കുറഞ്ഞ ചിലവില്‍ എന്നാല്‍ നല്ല സൗകര്യത്തോടു കൂടി ഒരു സെവണ് സീറ്റര്‍ കാര്‍ എന്ന്. അതിനു ഒരു മറുപടി എന്നുള്ള നിലയ്ക്ക് ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ കെവിനേ കൊണ്ട് അത് പ്രസന്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. ഒഴിവു സമയങ്ങളില്‍ വാഹന റിപ്പയറിങ്ങിന് ആള് ഒരു പ്രധാന സഹായി കൂടിയാണ്. കുടുംബ സംസാര വിഷയങ്ങളില്‍ കൂടുതലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചോദിച്ച് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്.
കെവിന്റെ പ്രധാന ആഗ്രഹങ്ങളില്‍ ഒന്ന് ഈ പ്രായത്തിലുള്ള ബഹുഭൂരിഭാഗം കുട്ടികളുടെയും പോലെ ഒരു അഭിനേതാവ് ആകുക എന്നു തന്നെയാണ്. അതിനു വേണ്ടി സമയം കിട്ടുമ്പോഴെല്ലാം സിനിമ ധാരാളം കാണുന്നു. വിജയ് ആണ് ഇഷ്ടതാരം. ഒരു ചാന്‍സ് വല്ലതും കിട്ടിയാല്‍ തന്നെ ഫൈറ്റിങ്ങില്‍ കഴിവ് തെളിയിക്കാന്‍ 11ാം വയസില്‍ തന്നെ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനോടകം ഡാന്‍സിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഒരു നേരം പോക്കിനു വേണ്ടി ഒന്നും നടന്നില്ലെങ്കിലോ എന്നു ചോദിച്ചാല്‍. സാരമില്ല വലുതാകുബോള്‍ ഒരു നല്ല മനുഷ്യനായാല്‍ മാത്രം മതി എന്നു പറഞ്ഞ് ഒരു പുഞ്ചിരിയില്‍ ഒതുക്കാറുണ്ട്...''