1 GBP = 98.20 INR                       

BREAKING NEWS

ഇന്നലെ ബോറിസ് നടത്തിയ പാക്കേജ് മുഴുവന്‍ തള്ളോ? വര്‍ഷങ്ങളായി സര്‍ക്കാരിന്റെ മുന്നിലുള്ള പദ്ധതികള്‍ പൊടി തട്ടിയെടുത്തു ബ്രിട്ടന്‍ കുതിക്കുകയാണെന്നു പറഞ്ഞതിലെ വാസ്തവമെന്ത്? റോഡിനും പാലത്തിനും അഞ്ചു ബില്യണ്‍ പൗണ്ട് എന്ന വാഗ്ദാനം മോദിക്കും പിണറായിക്കും പഠിച്ചു തുടങ്ങിയതിന്റെ സൂചനയോ?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഫര്‍ലോ പ്രഖ്യാപിച്ചും ആരോഗ്യ സ്ഥിതി പരിഗണിച്ചു ജോലിക്കു പോകാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് 80 ശതമാനം വരെ പണം അക്കൗണ്ടില്‍ എത്തിച്ചും ചെറുകിട ബിസിനസുകാര്‍ക്ക് പതിനായിരം പൗണ്ടിന്റെ ആശ്വാസം നല്‍കിയും ബ്രിട്ടീഷ് ജനതയുടെ കയ്യടി നേടി നില്‍ക്കുകയാണ് ബ്രിട്ടന്‍. ഇക്കാരണം കൊണ്ട് തന്നെ കോവിഡ് നിയന്ത്രണ നടപടികള്‍ വൈകാന്‍ ഇടയായത് കൊണ്ടാണ് മരണ സംഖ്യാ അരലക്ഷം കവിഞ്ഞും ഉയരുന്നതെന്ന ചെറിയ വിമര്‍ശം പോലും സര്‍ക്കാരിനെ അടപടലം ഉലയ്ക്കാത്തതും. ബോറിസിന്റെ ആശ്വാസ നടപടികള്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെയും കൊവിഡ് കാലത്തു പിടിച്ചു നില്‍ക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ ഇന്നലെ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് എന്ന പേരില്‍ ബോറിസ് നടത്തിയ അഞ്ചു ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് എന്ന ആശയം വെറും തള്ളാണെന്ന ആക്ഷേപം കനക്കുകയാണ്. 

പൊതുവില്‍ ഇത്തരം തള്ളുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. അടുത്തകാലത്ത് കേരളത്തില്‍ ഉണ്ടായ വലിയ പദ്ധതികളായ മെട്രോ റെയില്‍, കണ്ണൂര്‍ വിമാനാത്താവളം, കൊല്ലം ബൈപാസ് റോഡ് ഉദ്ഘാടനം  എന്നിവയുടെ അവകാശം പിടിച്ചു പറ്റാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കിണഞ്ഞു നടത്തിയ ശ്രമങ്ങള്‍ സാധാരണ മലയാളികള്‍ കണ്ടത് തള്ളു രാഷ്ട്രീയത്തിന്റെ ഉപോല്‍പ്പന്നമായാണ്. ഈ സാഹചര്യത്തിലാണ് അത്തരം രാഷ്ട്രീയ പ്രഖ്യാപനമാണോ ബോറിസ് ബ്രിട്ടനിലും പയറ്റുന്നത് എന്ന ആശങ്ക ഉയരുന്നതും. മുന്‍കാലങ്ങളില്‍ അഴിമതിയുടെ പേരില്‍ കേട്ടിരുന്ന ആക്ഷേപം ഇപ്പോള്‍ ഇന്ത്യയില്‍ മോദിയും കേരളത്തില്‍ പിണറായിയും അടുത്ത കാലത്തായി നേരിടുന്നത് തള്ളു രാഷ്ട്രീയത്തിന്റെ പേരിലാണ്. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ ബോറിസിനെ കുറിച്ച് ചിന്തിക്കുന്നതും ഈ വഴിക്കു തന്നെയാണ്. 

കൊവിഡ് കാലത്തു സര്‍ക്കാര്‍ പറഞ്ഞിരുന്നത് ''ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ്'' എന്നാണെങ്കില്‍ ഇപ്പോള്‍ ബോറിസിന് പറയാനുള്ളത് ''ബില്‍ഡ്, ബില്‍ഡ്, ബില്‍ഡ് എന്നാണ്. പ്രധാനമായും തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്ന പ്രോജക്ടുകളാണ് ബോറിസ് ഉന്നം വയ്ക്കുന്നത്. ജി സെവന്‍ രാഷ്ട്രങ്ങളില്‍ കൊവിഡ് ഏറ്റവും വ്യാവസായികമായി തകര്‍ത്തിരിക്കുന്നത് ബ്രിട്ടനെ ആണെന്ന യാഥാര്‍ഥ്യമാണ് ബോറിസിനെ തുറിച്ചു നോക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഏപ്രിലില്‍ തന്നെ 20 ശതമാനം ഇടിവ് നേരിട്ടിരുന്നു. ജൂലൈ നാലിന് മാത്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ യാഥാര്‍ഥ്യമാകാനിരിക്കെ കഴിഞ്ഞ രണ്ടു മാസത്തെ നഷ്ടം കൂടി വിലയിരുത്തപ്പെടുമ്പോള്‍ ബ്രിട്ടന്റെ സാമ്പത്തിക ശേഷിയെ കുറിച്ച് ഇരുള്‍ പരക്കുന്ന വിലയിരുത്തലുകളാണ് പുറത്തു വരുന്നത്. 

ഇപ്പോള്‍ ബോറിസ് പറയുന്ന അഞ്ചു ബില്യണ്‍ പദ്ധതികളില്‍ പ്രധാനപ്പെട്ടവ 
  • ആശുപത്രികളുടെ നവീകരണം ഒന്നര ബില്യണ്‍ 
  • സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി ഒരു ബില്യണ്‍ 
  • ബിര്‍മിന്‍ഹാമിലും ഹാംബര്‍ റീജിയനും അടക്കം 29 റോഡുകള്‍ക്ക് വേണ്ടി നൂറു മില്യണ്‍
  • പ്രാദേശിക കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ആവശ്യമായ ഷോവല്‍ റെഡി പദ്ധതികള്‍ക്ക് രണ്ടു വര്‍ഷം കൊണ്ട് 900 മില്യണ്‍ 
  • ടൗണ്‍ ഫണ്ട് എന്ന പേരില്‍ പാര്‍ക്കുകള്‍, പ്രധാന ടൗണ്‍ നിരത്തുകള്‍ എന്നിവയ്ക്കായി ഒരു ലക്ഷം പൗണ്ട് വരെ കൗണ്‍സിലുകള്‍ക്ക്
  • ജയില്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ 83 മില്യണ്‍
  • താത്കാലിക ജയിലുകള്‍ക്കു 60 മില്യണ്‍
അമേരിക്ക കുടുങ്ങിയ കുപ്പി കഴുത്തിലേക്ക് ബ്രിട്ടനും? 
എന്നാല്‍ ഈ പദ്ധതികള്‍ പുതിയത് അല്ലെന്നാണ് പ്രധാന ആക്ഷേപം. 1930കളില്‍ ഗ്രേറ്റ് ഡിപ്രെഷന്‍ നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളാണ് കൊവിഡ് രക്ഷാ പാക്കേജ് ആയി പല രാജ്യങ്ങളും നോക്കുന്നത്. എന്നാല്‍ 90 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്രകാരം ചിന്തിക്കുന്നത് ഫലപ്രദം അല്ലെന്നാണ് ഇക്കണോമിസ്റ്റുകളുടെ വാദം. അമേരിക്കയില്‍ പ്രസിദ്ധമായ ന്യൂ ഡീല്‍ പദ്ധതി വഴി പണം സര്‍ക്കാര്‍ തുറന്നു വിട്ടപ്പോള്‍ രാജ്യത്തിന്റെ പൊതു കടം 16 ശതമാനത്തില്‍ നിന്നും പത്തു വര്‍ഷം കൊണ്ട് 44 ശതമാനമായി ഉയര്‍ന്നതും ബോറിസ് മറന്നു പോകരുത് എന്നും വിമര്‍ശകര്‍ പറയുന്നു. അമേരിക്ക കുടുങ്ങിയ വഴിയില്‍ കൂടി സഞ്ചരിച്ചു സര്‍വ്വത്ര കുഴപ്പത്തിലേക്കു നീങ്ങുകയാണ് ബോറിസ് എന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. 

ആശുപത്രികള്‍ക്ക് ദുരിതം നല്‍കിയത് ബോറിസിന്റെ പാര്‍ട്ടി തന്നെ
ആശുപത്രികള്‍ക്ക് ആദ്യമായി 2010- 11 കാലത്തു ഫണ്ട് വെട്ടിക്കുറച്ചത് ബോറിസിന്റെ പാര്‍ട്ടി തന്നെയാണ് എന്ന് വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നു. ഇത് രണ്ടു വര്‍ഷം മുന്‍പ് ഏഴു ശതമാനം വരെ ആയി ഉയര്‍ന്നു. എം ആര്‍ ഐ മെഷീനുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ പോലെയുള്ളവ ഒരെണ്ണം പോലും പുതിയതായി വാങ്ങാന്‍ കെല്‍പ്പില്ലാത്ത എന്‍എച്ച്എസ് തളര്‍ന്നു. കൊവിഡില്‍ വെന്റിലേറ്ററുകള്‍ വേണം എന്ന് ആവശ്യം ഉയര്‍ന്നപ്പോഴാണ് രാജ്യത്തെ ആശുപത്രികളില്‍ ആവശ്യം ഉള്ളതിന്റെ ചെറിയൊരു ശതമാനം പോലും കൈവശം ഇല്ലെന്ന സത്യം പുറത്തു വന്നത്.

ഈ സാഹചര്യം നേരത്തെ മനസിലാക്കിയ സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു ബില്യണ്‍ പൗണ്ട് അധികമായി ഉയര്‍ത്തി എട്ടു ബില്യണ്‍ ആണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിനായി മാറ്റിവച്ചത്. ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന ഒന്നര ബില്യണ്‍ ഈ വര്‍ഷത്തെ ബജറ്റില്‍ കൂട്ടി നല്‍കിയ ഒരു ബില്യണുമായി കൂട്ടി കലര്‍ത്തേണ്ട എന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കില്‍ പോലും ഇതുവരെ വെട്ടിക്കുറച്ചത് വച്ച് നോക്കുമ്പോള്‍ ഇതൊന്നുമല്ല എന്നാണ് വിമര്‍ശകരുടെ വാദം. നിലവില്‍ ആറര ബില്യണ്‍ ലഭിച്ചാല്‍ മാത്രമേ എന്‍എച്ച്എസ് പരിതാപാവസ്ഥ മാറൂ എന്നിരിക്കെ ഒന്നര ബില്യണ്‍ എന്നത് ബോറിസിന്റെ തള്ളായി കാണാന്‍ ആണ് വിമര്‍ശകര്‍ക്കിഷ്ടം.

റോഡിനും പാലത്തിനും നക്കാപ്പിച്ച, അതും പഴയ കുപ്പിയിലേത്
റോഡിനും പാലങ്ങള്‍ക്കും നല്‍കും എന്ന് പറയുന്നത് നക്കാപ്പിച്ച പണം ആണെങ്കില്‍ പോലും അത് പുതിയ ഫണ്ടില്‍ നിന്നും ഉള്ളതല്ല എന്ന ആക്ഷേപവും ശക്തമാണ്. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സാന്‍ഡ് വെല്‍, ഹാംബര്‍ ഏരിയയിലെ എ 15 റോഡ്, സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഉള്ള പത്തു മില്യണ്‍  എന്നിവയൊക്കെ ചേര്‍ന്നതാണ് ബോറിസിന്റെ ഡീല്‍. ഈ പണവും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് തന്നെയാണ്. അത് വീണ്ടും ന്യൂ ഡീല്‍ എന്ന പേരിട്ടു അവതരിപ്പിക്കുകയാണ് ബോറിസ് എന്ന് ആക്ഷേപകര്‍ കണ്ടെത്തിയിരിക്കുന്നു. 

വീടുകള്‍ വരുമെന്നു ബോറിസ്, പക്ഷെ എപ്പോള്‍?
ബോറിസ് പുതിയ വീടുകളുടെ നിര്‍മ്മാണം വഴി സാമ്പത്തിക ഉത്തേജനം ഉണ്ടാകും എന്നാണ് പ്രസംഗത്തില്‍ പറയുന്നത്. അതു പക്ഷെ എന്നാണ് എന്ന വിമര്‍ശക ചോദ്യത്തിന് ഉത്തരമില്ല. 2.80 ലക്ഷം വീടുകള്‍ക്ക് 2011നും 2016നും ഇടയില്‍ അനുമതി നല്‍കിയിട്ട് അതില്‍ ഒന്നു പോലും പണിതിട്ടില്ലെന്നതു ഷെല്‍ട്ടര്‍ എന്ന പേരില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടന കുറ്റപ്പെടുത്തുന്നു. അടുത്ത എട്ടു വര്‍ഷം കൊണ്ട് 12 ബില്യണ്‍ പൗണ്ട് ഈ രംഗത്ത് സര്‍ക്കാര്‍ ചിലവിടും എന്നാണ് ബോറിസ് പറയുന്നതെങ്കിലും ഇതൊക്കെ എല്ലാക്കാലത്തും പറയുന്ന വാചകമടി മാത്രം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

സ്‌കൂളുകള്‍ വരുമ്പോള്‍ 
പുതിയ സ്‌കൂള്‍ കെട്ടിടത്തിനായി അടുത്ത സ്‌കൂള്‍ വര്‍ഷത്തില്‍ 2021, 50 സ്‌കൂളുകളെ തേടി സര്‍ക്കാര്‍ നല്‍കുക ഒരു ബില്യണ്‍ പൗണ്ട് ആയിരിക്കും. തിങ്കളാഴ്ച പറഞ്ഞ കാര്യം ഇന്നലെ ന്യൂ ഡീല്‍ പദ്ധതിയിലും ബോറിസ് ആവര്‍ത്തിക്കുക ആയിരുന്നു. ഇക്കാര്യം പോലും കോവിഡിന് മുന്‍പുള്ള ബജറ്റില്‍ പറഞ്ഞു പോയതാണ് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 50 സ്‌കൂളുകള്‍ ഏതൊക്കെയാണ് എന്നുപോലും പറയാന്‍ സര്‍ക്കാരിന് പറ്റുന്നില്ല എന്നും ബോറിസിന്റെ എതിരാളികള്‍ പറയുന്നു. തിങ്കളാഴ്ച ബോറിസ് 200 മില്യണ്‍ അധികമായി സ്‌കൂളുകള്‍ക്ക് നല്‍കും എന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇന്നലെ നടത്തിയ ന്യൂ ഡീല്‍ പ്രഖ്യാപനത്തില്‍ ഈ 200 മില്യണ്‍ പറയുന്നുമില്ല. എന്നാല്‍ അഞ്ചു വര്‍ഷം കൊണ്ട് ഈ രംഗത്ത് ഒന്നര ബില്യണ്‍ ചിലവിടും എന്ന പാര്‍ട്ടി മാനിഫെസ്റ്റോയുടെ ഏഴയലത്ത് ഈ തുക വരുന്നില്ല എന്നതാണ് ന്യൂ ഡീല്‍ പ്രഖ്യാപനത്തില്‍ ബോറിസിനെ വിമര്‍ശകര്‍ ഓര്‍മ്മപ്പെടുത്തുന്നത്. 

അഞ്ചു വര്‍ഷം, 75000 ഏക്കറില്‍ വീതം മരത്തണല്‍
ബ്രിട്ടന്റെ ഹരിതാഭ നഷ്ടമാകുന്നു എന്ന പരാതി ഒഴിവാക്കി പ്രകൃതിയെ മനുഷ്യ ജീവിതത്തിനു കൂടുതല്‍ സഹായിക്കും വിധം ഓരോ വര്‍ഷവും 75000 ഏക്കര്‍ വീതം മരം നടുന്ന പദ്ധതി അഞ്ചു വര്‍ഷവും നടപ്പാക്കും എന്നാണ് ബോറിസിന്റെ ന്യൂ ഡീല്‍ പ്രഖ്യാപനം. ഓരോ ഇലക്ഷനിലും ഇത്തരം പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അത് മറക്കുന്ന പതിവാണ് കഴിഞ്ഞ പത്തു വര്‍ഷവും കണ്ടതെന്നും ബോറിസിന്റെ വിമര്‍ശകര്‍ പറയുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഈ കണക്കില്‍ ബ്രിട്ടന്‍ പുറകോട്ടു പോകുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് വെറും 2300 ഹെക്ടര്‍ സ്ഥലത്തായി മൂന്നര മില്യണ്‍ വൃക്ഷ തൈകള്‍ മാത്രമേ വച്ച് പിടിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ / അതേസമയം സ്‌കോട്‌ലന്‍ഡില്‍ 18300 ഹെക്ടറില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ സാധിച്ചു എന്ന കണക്കു മുന്നില്‍ വച്ചാണ് ബോറിസിന്റെ വാക്കുകള്‍ തള്ളലായി എടുത്താല്‍ മതിയെന്ന് എതിര്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

അക്രമികളെ നാടുകടത്തല്‍ മുഖ്യ അജണ്ട, കഴിഞ്ഞ വര്‍ഷം ഓടിച്ചു വിട്ടത് 5110 അക്രമികളെ
ബ്രിട്ടനില്‍ അക്രമികള്‍ അഴിഞ്ഞാടുന്നുവെന്ന പരാതി ഉയരുമ്പോള്‍ തന്നെ അവരെ നാടുകടത്തല്‍ പോലും വൈകുകയാണ് എന്ന ആക്ഷേപവും ശക്തമാണ്. കുടിയേറ്റക്കാരുടെ കാര്യത്തില്‍ പൗരത്വം ഒരു അവകാശമല്ല ഔദാര്യമായി കണ്ടാല്‍ മതിയെന്ന് തെരേസ മേ ആഭ്യന്തര സെക്രട്ടറി ആയിരുന്ന കാലത്തു തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ കുറ്റവാളികളായ അക്രമികളെ നാടുകടത്താന്‍ സര്‍ക്കാരിന് മുന്നില്‍ തടസങ്ങളൊന്നുമില്ല. ഏതാനും വര്‍ഷം മുന്‍പ് വീട്ടു വഴക്കു ഉണ്ടാക്കിയതിന് ഒരു മലയാളിയെയും ജയില്‍ ശിക്ഷ കഴിയും മുന്നേ ഇത്തരത്തില്‍ നാട് കടത്തിയിരുന്നു.

പ്രശസ്ത ഗായികയെ ബലാത്സംഗം ചെയ്ത കേസിലെ യുവാവായ പ്രതി ഉള്‍പ്പെടെ ഏതാനും മലയാളികളും ജയില്‍ ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ നാടുകടത്തല്‍ നേരിടേണ്ടി വരും. ഇപ്പോള്‍ എത്ര പേര്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട് ജയിലില്‍ ഉണ്ടെന്നു ബോറിസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബ്രക്‌സിറ്റ് കരാര്‍ അവസാനിക്കുന്ന ഡിസംബര്‍ 31നു ശേഷം അനേകം യൂറോപ്യന്‍ കുറ്റവാളികളെ ബ്രിട്ടന് നാടുകടത്താന്‍ സാധിക്കും. ഇതുവഴി ജയിലില്‍ അന്യരാജ്യക്കാരായ കുറ്റവാളികളെ പാര്‍പ്പിക്കുന്നതു വഴിയുള്ള സാമ്പത്തിക ഭാരവും രാജ്യത്തിനു താങ്ങേണ്ടി വരില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category