1 GBP = 98.20 INR                       

BREAKING NEWS

പ്രവാസികളെ പിഴിയുന്ന സര്‍ക്കാര്‍ അവരുടെ പേരില്‍ നടന്നത് ധൂര്‍ത്ത്; നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ എസി മാറ്റി വെക്കാന്‍ മുടക്കിയത് ഒരു ലക്ഷം; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാര്‍ക്ക് ടവലുകള്‍ വാങ്ങാന്‍ നല്‍കിയത് മുക്കാല്‍ ലക്ഷവും; ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റര്‍ വാങ്ങാന്‍ നല്‍കിയത് മൂന്നു ലക്ഷവും; ധൂര്‍ത്ത് നിര്‍ത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പുല്ലുവില; സാമ്പത്തിക കാര്യത്തില്‍ വിമര്‍ശിക്കപ്പെടുമ്പോഴും പിണറായി സര്‍ക്കാരിന്റെ പോക്ക് ധൂര്‍ത്തിന്റെ വഴിയേ തന്നെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ധൂര്‍ത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുമ്പോഴും പിണറായി സര്‍ക്കാരിന്റെ പോക്ക് ധൂര്‍ത്തിന്റെ വഴിയേ തന്നെ. പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള പണം അവര്‍ തന്നെ വഹിക്കണം എന്ന ആവശ്യത്തിനു കാരണമായി ഇപ്പോള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധി വിടാതെ പിന്തുടരുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുമ്പോഴും മറുവശത്ത് ഇപ്പോഴും പ്രകടമാകുന്നത് സര്‍ക്കാര്‍ തലത്തിലുള്ള ഈ ധൂര്‍ത്ത് തന്നെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ചൂണ്ടിക്കാണിക്കാറുള്ളത് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത് കുറയ്ക്കണം എന്ന് തന്നെയാണ്. പക്ഷെ ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ കോവിഡും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ പരണത്ത് തള്ളുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കോള്ളാറ്.

കോവിഡ് കാരണമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വട്ടംകറങ്ങുമ്പോഴും ധൂര്‍ത്തിന് ഒരു കുറവുമില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവും സര്‍ക്കാര്‍ തലത്തില്‍ പ്രകടമായി നടക്കുന്ന ധൂര്‍ത്തിന്റെ പ്രതിഫലനമാണ്. വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ എസി മാറ്റി വയ്ക്കാന്‍ 90000 രൂപയാണ് ഈ കൊറോണ കാലത്ത് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഈ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിനെ വട്ടം കറക്കുമ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ ധൂര്‍ത്ത് നിര്‍ബാധം തുടരുകയാണ് ഈ ഉത്തരവ് വെളിപ്പെടുത്തുന്നു. എസി മാറ്റാന്‍ ഒരു ലക്ഷം രൂപയാണ് അനുവദിച്ചത് എങ്കില്‍ ഏപ്രിലില്‍ കൊറോണയുടെ പേര് പറഞ്ഞു മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് ടവല്‍ വാങ്ങാന്‍ അനുവദിച്ചത് മുക്കാല്‍ ലക്ഷം രൂപയായിരുന്നു.

അന്ന് പൊതുഭരണവകുപ്പിനാണ് മുക്കാല്‍ ലക്ഷം അനുവദിച്ചത് എങ്കില്‍ ഇക്കുറി അനുവദിച്ചത് വ്യവസായ-നോര്‍ക്ക വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിനാണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇതേ സമയത്ത് തന്നെ ചീഫ് സെക്രട്ടറിയുടെ റൂമില്‍ ഹോം തിയേറ്റര്‍ സംവിധാനം വെയ്ക്കാന്‍ 290000 രൂപയാണ് അനുവദിച്ചത്. ഈ ഫണ്ട് നേരായ മാര്‍ഗത്തില്‍ അനുവദിക്കാന്‍ കഴിയാത്തത് കാരണം വളഞ്ഞ വഴിയില്‍ പിഡബ്ല്യുഡിയുടെ ഒക്കെ പേര് പറഞ്ഞാണ് അനുവദിച്ചത്. ഹോം തിയേറ്റര്‍ സംവിധാനം വെയ്ക്കാന്‍ മൂന്നു ലക്ഷം രൂപ നല്‍കിയപ്പോള്‍ തന്നെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത് ഇതിന്റെ അലയൊലികള്‍ അവസാനിക്കും മുന്‍പ് തന്നെയാണ് ടവല്‍ വാങ്ങാന്‍ മുക്കാല്‍ ലക്ഷം. ഇതിനു പിന്നാലെ തന്നെ ഇപ്പോള്‍ എസി മാറ്റി വയ്ക്കാന്‍ ഒരു ലക്ഷവും. സര്‍ക്കാര്‍ തലത്തില്‍ ധൂര്‍ത്ത് ബെല്ലും ബ്രേക്കും ഇല്ലാതെ മുന്നോട്ടു പോവുകയാണെന്ന പ്രതിപക്ഷ നേതാവിന്റെയും ബിജെപി നേതാക്കളുടെയും ആരോപണം ശരിവയ്ക്കുന്നതാണ് സര്‍ക്കാര്‍ തലത്തിലുള്ള ധൂര്‍ത്തിന്റെ ഭാഗമായ ഈ ഉത്തരവ്.

എസി വയ്ക്കാന്‍ അനുവദിച്ച ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തന്നെയാണ് നോര്‍ക്കയുടെ ചുമതലയുമുള്ളത്. കോവിഡ് കാലത്തുള്ള സര്‍ക്കാരിന്റെ പ്രവാസി നയം തന്നെ വിമര്‍ശിക്കപ്പെടുകയാണ്. കോവിഡ് കാരണം പ്രവാസികളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുകയാണ്. ഇതിനു ചൂട്ടുപിടിക്കുന്ന സമീപനമാണ് കേരളത്തിന്റെത് എന്നാണ് പ്രവാസികള്‍ക്കിടയിലുള്ള വിമര്‍ശനം. ഇതേ നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലാണ് ഒരു ലക്ഷം രൂപ എസിക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം കഴിഞ്ഞ ദിവസം വിദേശത്ത് കോവിഡ് കാരണം മരിച്ചുവീണ മലയാളികളുടെ ഫോട്ടോകള്‍ മുഴുവനായി പ്രസിദ്ധീകരിച്ചിരുന്നു. പ്രവാസികളെ കേരളത്തില്‍ തിരികെ എത്തിക്കാന്‍ ഇനിയും എത്രപേര്‍ മരിച്ചു വീഴണം എന്ന ചോദ്യമാണ് മാധ്യമം ഉയര്‍ത്തിയത്. മാധ്യമത്തിന്റെ ഈ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ഇവിടെയും വിമര്‍ശിക്കപ്പെട്ടത് നോര്‍ക്കയുടെ നിലപാട് തന്നെയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കളിക്കുന്ന കള്ളക്കള്ളിക്ക് അനുസൃതമായ നിലപാടാണ് നോര്‍ക്കയുടെതും എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇത് തന്നെയാണ് മരിച്ചവരുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് മാധ്യമവും ചൂണ്ടിക്കാട്ടിയത്. പ്രവാസിയും കോവിഡും സാമ്പത്തിക പ്രതിസന്ധിയുമൊന്നുമല്ല എസിയും സുഖസൗകര്യങ്ങളും തന്നെയാണ് വിഷയം എന്നാണ് ധൂര്‍ത്തിന്റെ പ്രതീകമായ ഈ ഉത്തരവും ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ തലത്തിലെ ചെലവ് കുറച്ച് കോവിഡ് പ്രതിരോധത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു മാസം മുന്‍പ് കൈമാറിയത്. നിലവില്‍ മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ഉപദേശകരെയും ഒഴിവാക്കുക എന്നതാണ് ഇതിലെ പ്രധാന ആവശ്യം. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുകയാണ് വേണ്ടതെന്നാണ് കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇതെല്ലാം തള്ളിക്കളയുന്ന നയം തന്നെയാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ടവലുകള്‍ക്ക് മുക്കാല്‍ ലക്ഷം; ചീഫ് സെക്രട്ടറിക്കുള്ള ഹോം തിയേറ്ററിന് മൂന്നു ലക്ഷവും
മുന്നോട്ട്‌പോകാന്‍ വകയില്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും സാലറി ചലഞ്ച് നിര്‍ബന്ധപൂര്‍വം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് ടൗവലുകള്‍ അനുവദിക്കാന്‍ ഏപ്രില്‍ മാസം 75000 രൂപ അനുവദിച്ച് ഉത്തരവായത്. ചീഫ് സെക്രട്ടറിക്ക് വാര്‍ത്തയും മറ്റു കാര്യങ്ങളും വലിയ സ്‌ക്രീനില്‍ കാണാന്‍ വേണ്ടി 72 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങാന്‍ വേണ്ടി അനുവദിച്ചത് 290000 രൂപയാണ്. നേരിട്ട് തുക അനുവദിക്കാന്‍ പ്രയാസമുള്ളതിനാല്‍ വളഞ്ഞ വഴിയില്‍ ഏതൊക്കെയോ അക്കൗണ്ട് വഴിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വിവിധ അക്കൗണ്ടുകള്‍ ആണ് ഈ തുക നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കൊറോണ പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍കത്ത് നല്‍കിയപ്പോള്‍ തന്നെയാണ് ടവല്‍ വാങ്ങാനുള്ള മുക്കാല്‍ ലക്ഷവും ചീഫ് സെക്രട്ടറിയുടെ ഓഫീസിനു ഹോം തിയേറ്റര്‍ വാങ്ങാന്‍ മൂന്നു ലക്ഷത്തിനടുത്ത തുകയും അനുവദിച്ച് ഉത്തരവായത്.

വരുമാനം പൂര്‍ണമായി നിലച്ച അവസ്ഥയില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വായ്പ എടുത്ത് മാത്രമേ സംസ്ഥാനത്തിനു മുന്നോട്ടു പോകാന്‍ കഴിയൂ എന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. ഇത് ചൂണ്ടിക്കാട്ടി തന്നെയാണ് സംസ്ഥാന ജീവനക്കാര്‍ക്ക് സാലറി ചാലഞ്ചും നിര്‍ബന്ധിതമായി ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്രളയകാലത്തിനു വിഭിന്നമായി ഈ സാലറി ചലഞ്ചിനു അങ്ങനെ പിന്തുണ നല്‍കുന്ന സമീപനം പ്രതിപക്ഷം നല്‍കിയിട്ടില്ല. കുത്തിനു പിടിച്ച് ജീവനക്കാരുടെ സാലറി പിടിച്ചു വാങ്ങുന്ന രീതിയെയാണ് പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നത്. സാലറി ചാലഞ്ചിനെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ചെലവ് ചുരുക്കുകയും ധൂര്‍ത്ത് സര്‍ക്കാര്‍ ഒഴിവാക്കുകയും വേണമെന്നാണ്. പക്ഷെ ആക്ഷേപം ശക്തമായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ തന്നെയാണ് ധൂര്‍ത്ത് പൂര്‍വാധികം ശക്തിയായി ഭരണതലത്തില്‍ തുടരുന്നത്. വിവാദമായ ഒട്ടവനവധി കാര്യങ്ങളാണ് കൊറോണ കാലത്തെ ഈ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ചെയ്തു കൂട്ടുന്നത്. അതില്‍ പ്രധാനമാണ് ലോക്ക് ഡൗണ്‍ തുടരുമ്പോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടയ്ക്ക് എടുത്ത നടപടി.

ലോക്ക് ഡൗണില്‍ ഹെലികോപ്റ്ററിന് നല്‍കിയത് രണ്ടു കോടി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ പവന്‍ഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് രാഷ്ട്രീയ വിവാദമായിരുന്നു. സര്‍ക്കാര്‍ വരുമാനം നിലച്ചിരിക്കെ തന്നെയാണ് ഹെലികോപ്റ്റര്‍ വാടകയായി ഈ മാസം ആദ്യവാരം ഒരു കോടി എഴുപത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയത്. ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കാന്‍ പവന്‍ ഹംസ് ലിമിറ്റഡിന് സര്‍ക്കാര്‍ 1.70 ലക്ഷം രൂപയാണ് കൈമാറിയത്. ഈ ഇടപാട് തന്നെ വിവാദമായിരുന്നു. ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു ഇടപാട്. കുറഞ്ഞനിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയര്‍ന്ന നിരക്കു ചോദിച്ച കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. സംസ്ഥാനം 1.44 കോടിരൂപ പ്രതിമാസ വാടക നല്‍കി വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ചത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് 85 ലക്ഷംരൂപ മാത്രമാണ്. എന്തുകൊണ്ട് കേരളം ഇത്രയും അധിക തുക നല്‍കുന്നു എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല.

ബെംഗളൂരുവിലെ ചിപ്‌സണ്‍ ഏവിയേഷന്‍ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകള്‍ വാടകയ്ക്കു നല്‍കാമെന്ന് സമ്മതിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. എഎസ് 365 ഡൗഫിന്‍ എന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ മാസവാടക ഇനത്തില്‍ 1,44,60,000 രൂപ അനുവദിക്കാന്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു. ഇതില്‍ ജിഎസ്ടി തുക കൂടിയാകുമ്പോള്‍ അത് 1,70,63,000 രൂപയായി ഉയര്‍ന്നു. നല്‍കുന്നത് ഈ ലോക്ക് ഡൗണ്‍ കാലത്തും. ഇതേ മാസം തന്നെയാണ് വരുമാനമില്ല എന്ന് പറഞ്ഞു സാലറി ചാലഞ്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. കെപിസിസി അധ്യക്ഷന്‍ ഈ ധൂര്‍ത്ത് ഉദാഹരണ സഹിതം ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ ആരോപണങ്ങള്‍ ഇങ്ങനെ:

കൊറോണ കാലത്ത് മുഖം മിനുക്കലിന്റെ പേരില്‍ ധൂര്‍ത്ത്:
മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളിലെ 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചെലവ് വരുന്നുണ്ട്. ഈ തുക ഒഴിവാക്കി കൊറോണ ഫണ്ടിലേക്ക് നല്‍കിക്കൂടെ എന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നിട്ട് പോരെ സാലറി ചാലഞ്ച് എന്ന ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. 2.25 ലക്ഷം രൂപ നിരക്കിലാണ് 'നാം മുന്നോട്ടി'ന്റെ നിര്‍മ്മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത്. ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മ്മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മ്മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ധൂര്‍ത്തിന്റെ മകുടോദാഹരണമായി മാറുന്നത്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. പിആര്‍ഡിയെ മറികടന്നാണ് ഈ ഇടപാട്.

14 ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചിരിക്കുന്ന 700 കോടി രൂപയാണ്. ഇതുകൊറോണ ഫണ്ടിലേക്ക് മാറ്റണം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണുള്ള ഒരു നിലയത്തിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കാബിനെറ്റ് റാങ്ക് വഴിയുള്ള ബാധ്യത:
മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള, ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറായ മുന്‍ എംപി എ സമ്പത്ത്. , വി എസ് അച്യുതാനന്ദന്‍-ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ്. അച്യുതാനന്ദന്‍, ചീഫ് വിപ്പ്, കെ. രാജന്‍, അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് എന്നിവര്‍ക്ക് കാബിനെറ്റ് റാങ്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടിഎ, ഡിഎ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ് ഇതിനു വരുന്നുണ്ട്.. മുഖ്യമന്ത്രിയുടെ ഉപദേശകരായി ഇപ്പോഴും തുടരുന്നത് ആറുപേര്‍. ഇവര്‍ക്കും ചെലവ് ലക്ഷങ്ങള്‍ വരും. ഈ രീതിയില്‍ ഖജനാവ് ചോര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് ഇതൊന്നും കൂസാതെ ടവല്‍ വാങ്ങാന്‍ ഒരുലക്ഷവും ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റര്‍ വാങ്ങാന്‍ വാങ്ങാന്‍ മൂന്ന് ലക്ഷവുമൊക്കെ അനുവദിച്ച് ഉത്തരവിറങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category