1 GBP =99.20INR                       

BREAKING NEWS

യുകെയില്‍ ജനം ചില്ലിക്കാശിനായി കീശയില്‍ പരതുമ്പോള്‍ മിച്ചം പിടിക്കാനും വഴികള്‍ തെളിയുന്നു; ഫോണും ടിവിയും ഇന്റര്‍നെറ്റും ഇന്ധനവും ഇന്‍ഷുറന്‍സും എല്ലാം പോക്കറ്റ് ചോര്‍ത്തുന്നത് തടയാന്‍ മാര്‍ഗങ്ങളേറെ; ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്നത് ഇന്ധന കമ്പനികള്‍; ഒരു ഫോണ്‍ വിളിയില്‍ 360 പൗണ്ട് വരെ ലാഭിക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊവിഡ് ജി സെവന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും കനത്ത പോറല്‍ ഏല്‍പ്പിച്ചത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ആണെന്നു വ്യക്തമായതോടെ ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടം സംബന്ധിച്ച വിവരങ്ങളും പുറത്തു വരികയാണ്. ഇതിനകം കൊവിഡ് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജോലിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന മലയാളികളാണ് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ടിരിക്കുന്നത്. അല്ലാത്തവര്‍ക്ക് ഫര്‍ലോ പദ്ധതി പ്രകാരം ലഭിക്കുന്ന പണം മാത്രമാണ് ആശ്രയം.

അതും ഉടന്‍ അവസാനിക്കാനിരിക്കെ ഓരോ മുതിര്‍ന്ന വ്യക്തിക്കും 500 പൗണ്ടിന്റെ ഷോപ്പിങ് വൗച്ചര്‍ നല്‍കി വ്യാപാര സ്ഥാപനങ്ങളെയും മറ്റും രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനായി 30 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ മാറ്റിവയ്ക്കേണ്ടിവരിക. കയ്യില്‍ പണം ഇല്ലാതാകുന്നതോടെ ആളുകള്‍ കടകള്‍ ഉപേക്ഷിച്ചാല്‍ കച്ചവട സ്ഥാപനങ്ങളുടെ പൂട്ടല്‍ മാത്രമല്ല ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് അടയുക. ഇതൊഴിവാക്കാന്‍ കൂടിയാണ് എങ്ങനെയും കടകള്‍ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും. 

പ്രധാനമായും സാധാരണ വീടുകളില്‍ മൊബൈല്‍ ഫോണ്‍, ലാന്റ് ഫോണ്‍, ടിവി പേ ചാനലുകള്‍, ഇന്റര്‍നെറ്റ്, ഗ്യാസ്, വൈദ്യുതി, കാര്‍, വീട് ഇന്‍ഷുറന്‍സുകള്‍ എന്നിവ വഴിയാണ് ജീവിത ചിലവുകള്‍ ഉയരുന്നത്. ഇവയില്‍ ഒന്നും തന്നെ ഒഴിവാക്കാനും സാധിക്കില്ല എന്നതാണ് മറ്റൊരു സത്യം. ഷോപ്പിങ്ങില്‍ ചെലവ് ചുരുക്കല്‍ സാധിക്കുമെങ്കിലും മാസം തോറും എത്തുന്ന ജീവിത ചിലവിന്റെ ഭാഗമായി മേല്‍ സൂചിപ്പിച്ച സേവനങ്ങള്‍ക്കുള്ള ബില്‍ തുക എത്തുമ്പോള്‍ ഞെട്ടാത്തവര്‍ സാധാരണക്കാരില്‍ ചുരുക്കമാണ്.

ജോലിയും മികച്ച വേതനവും ഉള്ളപ്പോള്‍ കാര്യമായി ആരും ഇതേക്കുറിച്ചു ആശങ്കപ്പെടാറില്ലെങ്കിലും ജോലിയും വേതനവും ഇല്ലാതാകുമ്പോള്‍ ഇത്തരം ബില്ലുകള്‍ ഒരാളെ സംബന്ധിച്ച് സൃഷ്ടിക്കുന്ന പ്രയാസങ്ങളും ഉയര്‍ന്നതായിരിക്കും. ജോലി നഷ്ടമായിട്ടില്ലെങ്കില്‍ കൂടിയും കൊവിഡില്‍ നാട്ടില്‍ ഉള്ള ബന്ധുക്കളെ അടക്കം സഹായിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മിച്ചം പിടിക്കാന്‍ സാധിക്കുന്ന ഓരോ പെന്‍സും യുകെ മലയാളികളെ സംബന്ധിച്ചും ഇക്കാലത്ത് ഏറെ പ്രധാനമാണ്. 

ലോക്ഡൗണ്‍ മൂലം വീട്ടില്‍ ഉള്ളവര്‍ കൂടുതല്‍ സമയവും പുറത്തിറങ്ങാതെ കഴിയുന്നതിനാല്‍ ഇന്ധന ബില്ലുകളും ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് സേവനവും ടിവി കാണലും ഒക്കെ കൂടുന്നതിനാല്‍ ബില്‍ തുകയും ഉയരാന്‍ സാധ്യതയേറെയാണ്. മാത്രമല്ല ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ പുറത്തിറങ്ങാന്‍ അവസരം ഉണ്ടാവുകയും പണം അതനുസരിച്ചു കയ്യില്‍ നിന്നും ഇറങ്ങാന്‍ ഉള്ള സാധ്യതയും ഒപ്പം വര്‍ധിച്ചിരിക്കുകയാണ്. ചെറിയ തരത്തില്‍ ഉള്ള മിച്ചം പിടിക്കല്‍ പോലും വാര്‍ഷിക ബില്‍ ഇനത്തില്‍ നൂറുകണക്കിന് പൗണ്ട് പോക്കറ്റില്‍ മടങ്ങി എത്താന്‍ കാരണമാകും എന്നതും പ്രധാനമാണ്. 

ഫോണിനെ മെരുക്കാന്‍ 
മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ കൂടി ഉള്ള വീടുകളില്‍ നാലോ അഞ്ചോ ഫോണ്‍ എങ്കിലും സാധാരണമായിരിക്കുകയാണ്. പലരും സിഗ്നല്‍ കവറേജ് മോശം ആണെന്ന പേരില്‍ രണ്ടു നെറ്റ് വര്‍ക്കുകള്‍ ആശ്രയിച്ചു കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും വിരളമല്ല. മാത്രമല്ല വിപണിയിലെ ഏറ്റവും ആഡംബര മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ തിരഞ്ഞെടുക്കുമ്പോള്‍ ആ വകയില്‍ മാത്രം ഓരോ മാസവും വലിയൊരു തുകയാണ് ഇറങ്ങിപോകുന്നതും. 

പലരും തങ്ങളുടെ ഫോണിന്റെ കോണ്‍ട്രാക്ട് അവസാനിക്കുന്നത് ഓര്‍ത്തിരിക്കാന്‍ ശ്രമിക്കുന്നതും ഇതൊരു അവസരമായി കരുതി ഉയര്‍ന്ന തുകയുടെ അപ്േ്രഗഡിലേക്ക് ഉപയോക്താവിനെ മാറ്റുന്നതും മിക്ക കമ്പനികളുടെയും തരികിട ഏര്‍പ്പാടാണ്. ഇത് സംഭവിക്കാതിരിക്കാന്‍ കോണ്‍ട്രാക്ട് സംബന്ധിച്ച് തീയതി മറക്കാതിരിക്കാന്‍ എഴുതി വയ്ക്കുന്നത് വലിയൊരു തുകയുടെ ലാഭമായി മാറും. തല്‍ക്കാലം പുതിയ ഫോണ്‍ വാങ്ങാതെ പഴയ ഫോണുമായി മറ്റൊരു താഴ്ന്ന താരിഫിലേക്കു പോകുന്നതും പണം ലാഭിക്കാന്‍ കഴിയുന്ന പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ്. 

കാലങ്ങളായി കോണ്‍ട്രാക്ട് അവസാനിക്കാറാകുമ്പോള്‍ മികച്ച ഡീലിനായി തല്‍ക്കാലം കരാര്‍ ഉപേക്ഷിക്കുകയാണ് എന്ന് പറയുന്ന അടവ് കൊവിഡ് കാലത്തു മികച്ച പണസമ്പാദന മാര്‍ഗമായി മാറുകയാണ്. ഇത്തരത്തില്‍ പറയുന്ന ഉപയോക്താവിന് ഇക്കാലത്തു താഴ്ന്ന നിരക്ക് അനുവദിക്കാന്‍ മിക്ക കമ്പനികളൂം തയ്യാറാകുന്നുണ്ട്. പുതിയ കോണ്‍ട്രാക്ടില്‍ പത്തു പൗണ്ട് എങ്കിലും മിച്ചം പിടിക്കാനായാല്‍ 120 പൗണ്ടാണ് ഒറ്റയടിക്ക് കയ്യില്‍ കിട്ടുക. 

ബ്രോഡ്ബാന്‍ഡില്‍ കൂടുതല്‍ ശ്രദ്ധ
കുട്ടികളും മറ്റും ഓണ്‍ലൈന്‍ പഠനം സജീവമായ സമയം ആയതിനാല്‍ ഏവര്‍ക്കും ബ്രോഡ്ബാന്‍ഡ് സ്പീഡ് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. സ്‌കൂള്‍ തുറന്നാല്‍ പോലും ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ കൂടുതല്‍ ശീലങ്ങളുടെ ഭാഗമായി തുടരാനും സാധ്യതയുണ്ട്, മുതിര്‍ന്ന കുട്ടികളുടെ കാര്യത്തില്‍ എങ്കിലും. എന്നാല്‍ വേഗതയേറിയ ബ്രോഡ് ബാന്‍ഡ് ലഭിക്കാന്‍ കഴുത്തറപ്പന്‍ പണമാണ് യുകെയില്‍ നല്‍കേണ്ടിവരുന്നത്.

നിസാര പൈസക്ക് പലപ്പോഴും ബ്രോഡ് ബാന്‍ഡ് സേവനം ലഭിക്കുമെങ്കിലും അതിന്റെ ഗുണനിലവാരവും മോശമായിരിക്കും. ഇക്കാരണത്താല്‍ ഇന്റര്‍നെറ്റില്‍ വിവിധ കമ്പനികളുടെ നിരക്ക് പരിശോധിച്ച ശേഷം സേവനം വാങ്ങുന്നതാകും ബുദ്ധി. ചില കമ്പനികള്‍ ഉപയോക്താവ് അറിയാതെ മാസം തോറും ബില്‍ തുക ഉയര്‍ത്തുന്നതായും അടുത്തകാലത്ത് പരാതികള്‍ ഏറുകയാണ്. ഓരോ മാസവും ബില്‍ തുക ശ്രദ്ധിക്കാത്ത ഉപയോക്താക്കളാകും വെട്ടിലാകുക. മിക്ക ഉപയോക്താക്കളും ചുരുങ്ങിയത് അഞ്ചു പൗണ്ട് എങ്കിലും അധികമായി ഈ ഇനത്തില്‍ കളയുന്നു എന്നാണ് അടുത്തിടെ നടന്ന ഉപയോക്തൃ സര്‍വേ വ്യക്തമാക്കുന്നത്. ഇതോടെ പ്രതിവര്‍ഷം ചുരുങ്ങിയത് ഒരാള്‍ക്ക് 60 പൗണ്ട് എങ്കിലും നഷ്ടമാകുന്നുണ്ട്. 

പേ ചാനലുകള്‍ സൂക്ഷിക്കണം
മിക്ക പേ ചാനലുകളും മുന്നറിയിപ്പ് ഇല്ലാതെ തുക ഉയര്‍ത്തുന്നത് പതിവാണ്. സ്‌കൈ ടിവിയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വില്ലന്‍ റോള്‍ എടുക്കുന്നത്. അടുത്തിടെ ഇവര്‍ 22 പൗണ്ടില്‍ നിന്നും പ്രതിമാസ തുക 24 ആയി ഉയര്‍ത്തിയത് മിക്ക ഉപയോക്താക്കളും അറിയാതെയാണ്. പാലപ്പഴും നിരവധി ചാനലുകളുടെ പാക്കേജാണ് കമ്പനികള്‍ നല്‍കുന്നത്.

ഈ പാക്കേജിലെ പല ചാനലുകളും ആളുകള്‍ കാണാറുമില്ല. ഇതിനര്‍ത്ഥം കാണാത്ത ചാനലുകള്‍ക്ക് വേണ്ടിയാണ് ഓരോ മാസവും പണം മുടക്കുന്നത്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ പ്രിയമായിക്കൊണ്ടിരിക്കുന്ന പല ഇന്റര്‍നെറ്റ് ചാനലുകളും വെറും എട്ടു പൗണ്ടിന് പോലും ലഭ്യമാണ്. പേ ചാനലില്‍ നിന്നും മാറി ഇത്തരം ചാനലുകള്‍ എടുത്താല്‍ തന്നെ പ്രതിമാസ ലാഭം 16 പൗണ്ടും വാര്‍ഷിക ലാഭം 192 പൗണ്ട് ആയും മാറുകയാണ്. 

സ്‌കൈ ചാനലിനേക്കാള്‍ കുറഞ്ഞ തുകക്ക് തന്നെ പേ ചാനലുകള്‍ നല്‍കുന്നവരാണ് വിര്‍ജിന്‍ മീഡിയയും ബിടി ടിവിയും. ഇതോടൊപ്പം മലയാളം സിനിമകളുടെ റിലീസ് പോലും നടക്കുന്ന ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, നൗ ടിവി എന്നിവയൊക്കെ കുറഞ്ഞ പണം മുടക്കില്‍ ലഭിക്കുമ്പോള്‍ ഉയര്‍ന്ന പേ ചാനലുകളോട് വിടപറയാന്‍ പറ്റുന്ന സമയമാണ് കൊവിഡ് കാലം.

കാറും വീടും ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ ലോയല്‍റ്റി പ്രധാനം
കാറും വീടും ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഓരോ വര്‍ഷവും കമ്പനി മാറുന്നവര്‍ക്കു വലിയ തുകയാണ് ലാഭിക്കാന്‍ കഴിയുന്നത്. രണ്ടു കാര്‍ ഉള്ള വീട്ടില്‍ ഓരോ കാറിനും പ്രത്യേകം ഇന്‍ഷൂര്‍ എടുക്കാതെ രണ്ടു കാറിനും കൂടി മള്‍ട്ടി കാര്‍ പോളിസി എടുത്താലും വന്‍തുക ലാഭിക്കാന്‍ കഴിയും. ഇ ഷുവര്‍ പോലെയുള്ള കമ്പനികള്‍ ഇത്തരം മള്‍ട്ടി കാര്‍ പോളിസിയില്‍ കാര്യമായ കുറവും അനുവദിക്കാറുണ്ട്. കാറും വീടും ഇന്‍ഷുര്‍ ചെയ്യാനുള്ള സമയം ആകുമ്പോള്‍ കമ്പാരിസണ്‍ വെബ്സൈറ്റില്‍ ഒന്ന് കറങ്ങിയാല്‍ മികച്ച ഡീലുകളില്‍ ഒന്ന് ലഭിക്കാതിരിക്കില്ല.

മിക്കവാറും നിലവിലെ ഉപയോക്താവിന് പോളിസിയില്‍ തുടരാന്‍ കമ്പനികള്‍ ഉയര്‍ന്ന ക്വാട്ട് ആയിരിക്കും നല്‍കുക. അത് കണ്ണും പൂട്ടി വിശ്വസിക്കാതെ അടുത്ത കമ്പനിയുടെ ക്വാട്ട് കൂടി എടുത്താല്‍ പലപ്പോഴും നൂറുകണക്കിന് പൗണ്ടിന്റെ കുറവാണു പ്രതിവര്‍ഷ ബില്ലില്‍ സംഭവിക്കുക. മൂന്നോ നാലോ പൗണ്ട് അധികം വന്നാലും നോ ക്ലെയിം പോയിന്റ് സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതും നേട്ടമാണ്. 

വീടുകളുടെ ഇന്‍ഷൂറന്‍സില്‍ പലപ്പോഴും ഉപയോക്താക്കള്‍ അധിക തുകയ്ക്കുള്ള സംരക്ഷണമാണ് നേടുന്നത്. എന്നാല്‍ അത്യാഹിതം സംഭവിച്ചാല്‍ പലപ്പോഴും നഷ്ടത്തിന് തുല്യമായ തുക പോലും ലഭിക്കണമെന്നില്ല. ഇക്കാരണത്താല്‍ വളരെ ഉയര്‍ന്ന തുകയ്ക്കും മറ്റും വീടും വസ്തുക്കളും ഇന്‍ഷൂറന്‍സ് ചെയ്യുന്നതും ബുദ്ധിയല്ല. എത്രയാണ് യഥാര്‍ത്ഥ വില എന്ന് തിട്ടപ്പെടുത്തി അതനുസരിച്ചു കവറേജ് എടുത്താല്‍ പ്രതിമാസ ബില്ലില്‍ 20 പൗണ്ട് എങ്കിലും കുറയുമെന്ന് കണക്കുകള്‍ പറയുന്നു. 

ഇത്തരത്തില്‍ വീടിന്റെയും കാറിന്റെയും കാര്യത്തില്‍ അല്‍പം ഗൃഹപാഠം ചെയ്താല്‍ 500 മുതല്‍ 600 പൗണ്ട് വരെ ലാഭം പിടിക്കാന്‍ നിഷ്പ്രയാസം കഴിയും എന്നുറപ്പാണ്. 

അനാസ്ഥ കൂടുതല്‍ ഇന്ധന കമ്പനികളോട് 
യുകെയിലെ 53 ശതമാനം ഉപയോക്താക്കളും ഇന്ധന ബില്ലില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ആണ് തിരഞ്ഞെടുക്കുക എന്ന് അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നു. അതായത് അര്‍ദ്ധ രാത്രിക്കു ശേഷം ഉപയോഗിക്കുന്ന വൈദുതിയ്ക്കും ഗ്യാസിനും വേറെ ഒരു താരിഫില്‍ പണം നല്‍കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മിക്ക ഉപയോക്താക്കളും ഈ സമയത്ത് ഇന്ധനം ഉപയോഗിക്കുന്നില്ല. എന്നാല്‍ ഇങ്ങനെ ഒരു താരിഫിന്റെ പേരില്‍ കമ്പനികള്‍ പകല്‍ സമയത്തെ ഉപയോഗത്തിന് ഉയര്‍ന്ന താരിഫും ഈടാക്കും.

ഈ കൊടുംചതി ഒഴിവാക്കാന്‍ വേരിയബിള്‍ സ്റ്റാന്‍ഡേര്‍ഡ് താരിഫില്‍ നിന്നും പുറത്തുകടക്കുകയാണ് ഏക വഴി. ഫിക്‌സഡ് താരിഫിലേക്കോ മറ്റോ മാറിയാല്‍ തന്നെ ബില്‍ തുകയില്‍ വലിയ വ്യത്യാസം അനുഭവപ്പെടും. ആവറേജ് താരിഫിലേക്കു മാറുന്ന ഉപയോക്താക്കള്‍ പ്രതിവര്‍ഷ ബില്ലില്‍ 360 പൗണ്ടാണ് ലാഭിക്കുന്നത്. ഇക്കാര്യം നല്ല ശതമാനം ഉപയോക്താക്കളും തിരിച്ചറിയുന്നുമില്ല. മിക്ക വീടുകളിലും സ്മാര്‍ട്ട് മീറ്റര്‍ കൂടി വന്നതോടെ ബില്‍ തുക കാര്യമായി ഉയരാന്‍ ഇടയുള്ളതിനാല്‍ മീറ്റര്‍ സ്ഥാപിക്കാന്‍ വരുന്ന കരാര്‍ ജീവനക്കാര്‍ തന്നെ ഇത്തരം സൂത്ര വിദ്യകള്‍ ഉപയോക്താവിനെ അറിയിക്കാറുണ്ടെങ്കിലും പലരും ഇക്കാര്യം അവഗണക്കുകയാണ് പതിവ്.

പത്തുവര്‍ഷത്തിലേറെയായി ഒരേ കമ്പനിയില്‍ തുടരുന്നവരാണ് ഭൂരിഭാഗവും. ഈ കണക്കില്‍ നോക്കിയാല്‍ തന്നെ ഇത്തരം ഉപയോക്താക്കളുടെ കയ്യില്‍ നിന്നും ആയിരക്കണക്കിന് പൗണ്ടാണ് കമ്പനികള്‍ ഉപയോഗിക്കാത്ത സമയത്തെ വൈദ്യുതിയുടെയും ഗ്യാസിന്റെയും പേരില്‍ ഈടാക്കി എടുത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category