1 GBP = 97.50 INR                       

BREAKING NEWS

കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കുന്ന സ്റ്റാര്‍ട്ട് അപ്പുമായി സ്വപ്നയ്ക്കുണ്ടായിരുന്നത് അടുത്ത ബന്ധം; കാര്‍ബണ്‍ ഡോക്ടര്‍ക്ക് അടുത്ത് ശ്രീരാമകൃഷ്ണനെത്തിയത് വൈറലായതോടെ ഉടമയെ കാണാനില്ല; സ്വര്‍ണ്ണ കടത്ത് കേസുമായി നെടുമങ്ങാട്ടെ സ്ഥാപനത്തിനുള്ളത് അടുത്ത ബന്ധം; സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്ത് കസ്റ്റംസ്; സ്വപ്നാ സുരേഷിന്റെ അതിവിശ്വസ്തനും കടത്തിന്റെ ഭാഗമെന്ന് സൂചന; നയതന്ത്ര ബാഗിലെ സ്വര്‍ണ്ണത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങും

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായര്‍ ഒളിവില്‍. അതിനിടെ സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് സന്ദീപിനെതിരെ അന്വേഷണം നീണ്ടത്. ഇതിനിടെയാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അറിയില്ല. സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സന്ദീപ് നായര്‍ക്കെതിരെ അന്വേഷണം. സ്വപ്ന ഒളിവില്‍ പോയതിന് പിന്നാലെ സന്ദീപിനെ കാണാതായത് ദുരൂഹമാണ്.

2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ എല്ലാം സ്പീക്കര്‍ തള്ളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപിനെ കസ്റ്റംസ് അന്വേഷിക്കാന്‍ തുടങ്ങിയത്.

സംസ്ഥാന വ്യാപകമായി കസ്റ്റംസ് അന്വേഷണം തുടരുമ്പോഴും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ രണ്ടാം ദിനവും കസ്റ്റംസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ വൈറ്റ് ഡാമര്‍ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷ് ഹോട്ടലില്‍ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു പരിശോധന. സ്വര്‍ണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്ളാറ്റില്‍ നിന്നും സ്വപ്ന സുരേഷ് ഒളിവില്‍ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ആറാം നിലയില്‍ സ്വപ്ന താസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

സെക്യൂരിറ്റിയുടെയും മറ്റ് താമസക്കാരുടെയും മൊഴികള്‍ ശേഖരിച്ച ശേഷം ഫ്ളാറ്റില്‍ വീണ്ടും പരിശോധന നടത്തി. അതേസമയം സ്വപ്ന എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ലോക്ക് ഡൗണായതിനാല്‍ തിരുവനന്തപുരം വിട്ട് പോയിട്ടില്ലെന്നാണ് സംശയിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. സ്വര്‍ണ്ണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാര്‍ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം.

സ്വപ്ന ആഡംബര ജീവിതം നയിച്ചിരുന്നില്ല. സഹോദരന്റെ വിവാഹ പാര്‍ട്ടിയിലെ നൃത്തദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു. അയല്‍ക്കാരുമൊയൊന്നും സ്വപ്നയുടെ കുടുംബം അടുപ്പം പുലര്‍ത്തിയിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category