1 GBP = 97.50 INR                       

BREAKING NEWS

ഓരോ രാജ്യത്തും വിവിധ ഉദ്ദേശങ്ങളോടെ രൂപീകരിക്കുന്ന നിഴല്‍ സംഘടനകള്‍; രാജ്യത്തെ പ്രമുഖരെ ക്ഷണിച്ച് സ്വീകരണവും പുരസ്‌കാര ദാനവും; പാട്ടിലാക്കുന്നത് വ്യവസായ പ്രമുഖരെ; കമ്മ്യൂണിസ്റ്റ് നേതാക്കളേയും വരുതിയിലാക്കും; ലോകത്തെ വരുതിയിലാക്കുന്ന ചൈനീസ് തന്ത്രങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

1979-ല്‍ അന്നത്തെ ഗ്രീക്ക് പ്രധാനമന്ത്രി കോണ്‍സ്റ്റാന്റിനോസ് കരമാന്‍സിസ് ബെയ്ജിംഗ് സന്ദര്‍ശിച്ചതോടെയാണ് ചൈനയും ഗ്രീസുമായ ബന്ധം ആരംഭിക്കുന്നത്. ഏഥന്‍സിലും ബെയ്ജിംഗിലുമായി അടുത്തടുത്ത് നടന്ന രണ്ട് ഒളിമ്പിക്സുകള്‍ (2004 ലേയും 2008 ലേയും) ഈ രജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചു.അതോടെ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായി ചൈന ഗ്രീസിനെ കാണുവന്‍ തുടങ്ങി. മേഖലയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങള്‍ സ്വന്തമായ രാജ്യം എന്നതായിരുന്നു ഗ്രീസിനുണ്ടായിരുന്ന മറ്റൊരു പ്രത്യേകത.

ഏഥന്‍സില്‍ നിന്നും തുറമുഖ നഗരമായ പിറേയുസിലേക്ക് പോകുന്ന വഴി ചൈനീസ് സര്‍ക്കാര്‍ സ്ഥാപനമായ ചൈന ഓവര്‍സീസ് ഷിപ്പിംഗ് കമ്പനിക്ക് (കോസ്‌കോ) പാട്ടത്തിന് നല്‍കിയ ഒരു വലിയ തുറമുഖം കാണാം. 2008 ല്‍ ഗ്രീക്കില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുന്ന കാലത്ത് 570 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ചൈന അത് 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. അന്നത്തെ വിപണി നിരക്കിന്റെ അഞ്ചിരട്ടിയായിരുന്നു ഈ തുക. പിന്നീട് അവിടെ സൗകര്യപ്രദമായ ചരക്കുനീക്കത്തിനുള്ള ടെര്‍മിനലും യാത്രക്കാര്‍ക്കായുള്ള ടെര്‍മിനലും നിര്‍മ്മിക്കാന്‍ 300 മില്ല്യണ്‍ ഡോളര്‍ ചെലവാക്കുകയും ചെയ്തു.

ഇതില്‍ എന്താ ഇത്രവലിയ പ്രശ്നം എന്ന് ആലോചിക്കുന്നുണ്ടാകും? രാജ്യങ്ങള്‍ തമ്മിലുള്ള ഇത്തരം സഹകരണങ്ങളും സഹായങ്ങളുമൊക്കെ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ചൈനയുടെ സഹായം അത്തരത്തിലുള്ളതല്ല. കേവലം സാമ്പത്തിക ലാഭത്തിനുമപ്പുറം ഒരുപാട് ഗൂഢലക്ഷ്യങ്ങള്‍ അതിലൊളിഞ്ഞിരിപ്പുണ്ടായിരുന്നു. 2016 ജൂലായില്‍ ചൈന ദക്ഷിണ ചൈനക്കടല്‍ സംബന്ധിച്ച ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ നിശിതമായ വിമര്‍ശനം ഉള്‍ക്കൊണ്ട് ഒരു പ്രമേയം പാസാക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലാ പ്രധാന തീരുമാനങ്ങളിലും എല്ലാ അംഗരാജ്യങ്ങളുടെയും അഭിപ്രായങ്ങള്‍ മാനിക്കണം എന്നൊരു ചട്ടം യൂണിയനിലുള്ളതിനാല്‍ ഗ്രീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യൂറോപ്യന്‍ യൂണിയന് ഈ പ്രമേയത്തില്‍ വെള്ളം ചേര്‍ക്കേണ്ടതായി വന്നു. വിമര്‍ശനം കേവലമൊരു അപലപനമാക്കി പ്രമേയം പാസ്സാക്കി.

തൊട്ടടുത്ത വര്‍ഷം ചൈനയിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചുള്ള പ്രമേയത്തെ പിന്താങ്ങാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനവും ഗ്രീസ് ഇടപെട്ട് തടഞ്ഞു. ഈ രണ്ട് സംഭവങ്ങളും കൃത്യമായി വിരല്‍ചൂണ്ടുന്നത്, ഗ്രീസിന് മേല്‍ ചൈന നേടിയെടുത്ത അദൃശ്യമായ അധികാരത്തെയാണ്. ഇതേ സമയം ചൈന യൂറോപ്പിന്റെ മറ്റു ഭാഗങ്ങളേയും വരുതിയിലാക്കുകയായിരുന്നു. 2010 ല്‍ യൂറോപ്യന്‍ യൂണിയനിലെ 11 രാജ്യങ്ങളേയും അംഗങ്ങളല്ലാത്ത 5 രാജ്യങ്ങളേയുംചേര്‍ത്ത് സെന്‍ട്രല്‍ ആന്‍ഡ് ഈസ്റ്റേണ്‍ യൂറോപ്പ്യന്‍ രാജ്യങ്ങളെ ചേര്‍ത്ത് 16+1 എന്നൊരു സംഘടന രൂപീകരിക്കുകയും അതിന്റെ നേതാക്കളുടെഉച്ചകോടി ബള്‍ഗേറിയയില്‍ കൂടുകയും ചെയ്തു.

അറിയപ്പെടുന്ന പുസ്തകങ്ങളിലൊക്കെ എഴുതപ്പെട്ട കമ്മ്യുണിസം എന്ന തത്വശാസ്ത്രവുമായി ചൈനയ്ക്കോ ചൈനയുടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കോ പുലബന്ധം പോലുമില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പരമമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഭരണകൂടങ്ങളില്ലാത്ത ലോകം സ്വപ്നം കാണുന്ന കമ്മ്യുണിസത്തിന്റെ പേരില്‍, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്ന ഒരു മാഫിയാ ഭരണമാണ് ഇന്നവിടെ നിലനില്‍ക്കുന്നത്. ഇന്നല്ല, മാവോ സേതുങ്ങിന്റെ കാലം മുതല്‍ക്കേ ഇതായിരുന്നു അവിടത്തെ അവസ്ഥ. ഇന്ന് ലോകത്തിന്റെ ആധിപത്യം കൈക്കലാക്കുവാനാണ് ഈ കമ്മ്യുണിസ്റ്റ് മാഫിയ ശ്രമിക്കുന്നത്. അതിന് അവര്‍ പല തന്ത്രങ്ങളും ഒരുക്കുന്നുണ്ട്.

ബ്രിട്ടന്‍ നയങ്ങളെ സ്വാധീനിക്കുവാന്‍ 48 ഗ്രൂപ്പ് ക്ലബ്
ബ്രിട്ടനിലെ ഏറ്റവും പ്രമുഖരായ വ്യ്ക്തികള്‍ അംഗങ്ങളായിട്ടുള്ളതാണ് 48 ഗ്രൂപ്പ് ക്ലബ്ബ്. ഒരു മുന്‍ പ്രധാനമന്ത്രി, രണ്ട് മുന്‍ ഉപ പ്രധാനമന്ത്രിമാര്‍, ഉയര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, ഓക്ക്സ്ബ്രിഡ്ജ് കോളേജുകളിലെ പ്രൊഫസര്‍മാര്‍, എഴുത്തുകാര്‍, ലണ്ടന്‍ നഗരത്തിലെ പ്രമുഖ വ്യവസായികള്‍ തുടങ്ങിയവരൊക്കെ ഇതില്‍ അംഗങ്ങളാണ്. അതായത്, ബ്രിട്ടന്റെ നയങ്ങളേയും നടപടികളേയും സ്വാധീനിക്കാന്‍ തക്ക സ്വാധീനമുള്ളവര്‍ ഈ ക്ലബില്‍ അംഗങ്ങളായി ഉണ്ട്.ഇനി ഈ ക്ലബ്ബിന്റെ ചരിത്രം ഒന്നറിയാം.

1954-ല്‍ കൊറിയന്‍ യുദ്ധകാലത്ത് ചൈനക്കെതിരെ അമേരിക്കയും ബ്രിട്ടനും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പല പ്രധാന ചരക്കുകളും ചൈനയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വിലക്കും ഉണ്ടായിരുന്നു. ഈ സമയത്ത് ജാക്ക് പെറി എന്നൊരു ബിസിനസ്സുകാരന്‍ അന്നത്തെ ചൈനീസ് പ്രസിഡണ്ട് ചൗ എന്‍ലായിയുമായി ഒരു ചര്‍ച്ച നടത്തുന്നു. തുടര്‍ന്നായിരുന്നു 48 ഗ്രൂപ്പ് ക്ലബ്ബ് രൂപീകരിക്കപ്പെടുന്നത്.

ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ ഒരു രഹസ്യം അംഗമായിരുന്നു ജാക്ക് പെറി. അദ്ദേഹവും, അന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ സെക്രട്ടറിയായിരുന്ന റോണാള്‍ഡ് ബെര്‍ഗര്‍, ഒരു വസ്ത്രവ്യാപാരിയായ ബെര്‍ണാര്‍ഡ് ബക്ക്മാന്‍ എന്നിവരും ചേര്‍ന്ന് ചൈന സന്ദര്‍ശിക്കുകയും ചെയ്തു. മറ്റു രണ്ടുപേരും ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ അംഗങ്ങളായിരുന്നു.

1954- ക്ലബ്ബ് രൂപീകരിച്ചതിന് ശേഷം ഈ മൂവര്‍ സംഘം നിരവധി തവണ ചൈന സന്ദര്‍ശിക്കുകയുണ്ടായി എന്നു മാത്രമല്ല ചൗ എന്‍ലായിയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ ബ്രിട്ടീഷ് അംബാസിഡര്‍ക്ക് പോലും ചൗ എന്‍ലായിയെ കാണുവാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ട സാഹചര്യമുണ്ടായിരുന്നപ്പോള്‍ ഇവര്‍ക്കത് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. ഉപരോധാനനന്തരം ഉയര്‍ന്നു വന്ന കച്ചവട സാധ്യതകള്‍ ശരിക്കും മുതലാക്കാന്‍ ഈ ബന്ധം അവരെ സഹായിച്ചു.
ഇതോടെ 48 വ്യാപാരികളെ ചേര്‍ത്ത് രൂപീകരിച്ച ക്ലബ്ബിലേക്ക് നിരവധി മുന്‍നിര രാഷ്ട്രീയ നേതാക്കളേയും, എഴുത്തുകാരേയും ബുദ്ധിജീവികളേയുമൊക്കെ ആകര്‍ഷിക്കാന്‍ അവര്‍ക്കായി. അതുവഴി ചൈനയെ കുറിച്ചുള്ള ബ്രിട്ടന്റെ സമീപനത്തില്‍ കാര്യമായ മാറ്റം വരുത്താനും ആയി. ഇന്ന് 500 ല്‍ അധികം പ്രമുഖ അംഗങ്ങളോടെ ക്ലബ്ബ് പൂര്‍വ്വാധികം ശക്തിയോടെ ചൈനക്കായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമം എഴുതിയതുപോലെ പോസിറ്റീവ് ബ്രിട്ടന്‍-ചൈന ബന്ധം ശക്തപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ക്ലബ്ബ് സ്ഥാപകനായ ജാക്ക് പെറിയുടെ മകന്‍ സ്റ്റീഫന്‍ പെറിയാണ് ഇന്ന് ക്ലബ്ബിന്റെ നേതൃത്വത്തില്‍. എപ്പോള്‍ ചൈന സന്ദര്‍ശിക്കുമ്പോഴും ഷീ ജിന്‍പിംഗിനെ കാണുവാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കാറുണ്ട്. മാത്രമല്ല 2018-ല്‍ റിഫോം ഫ്രണ്ട്ഷിപ് മെഡല്‍ എന്ന ഔദ്യോഗിക ബഹുമതി നല്‍കി ചൈന അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മാത്രമല്ല, ക്ലബ്ബിന്റെ ആദ്യ സന്ദര്‍ശനത്തിന്റെ 65-)0 വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈന കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് 2018-ല്‍ ബെയ്ജിംഗില്‍ വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.

കമ്മ്യുണിസത്തില്‍ ചൈന പുതിയതായി എഴുതിചേര്‍ത്ത ഷീയിസം പ്രചരിപ്പിക്കലും അതിന് പിന്തുണ നേടലുമാണ് ഇപ്പോള്‍ ക്ലബ്ബിന്റെ മുഖ്യ പരിപാടി. മനുഷ്യരശിയുടെ സഹവര്‍ത്തിത്തോടെയുള്ള ഭാവി എന്നതാണ് ഷീയിസത്തിന്റെ അന്തഃസത്ത. മനോഹരമായ വാക്കുകളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഈ സിദ്ധാന്തത്തിന്റെ മൂല തത്വം ചൈനയുടെ നേതൃത്വത്തിലുള്ള ലോകം എന്ന സ്വപ്നം തന്നെയാണ്.

ഇതുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പ്രാസംഗികരില്‍ ഒരാളായി എത്തിയത് പ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയുമായ മാര്‍ട്ടിന്‍ ജാക്വസ് ആയിരുന്നു. ചൈന അമേരിക്ക സംഘര്‍ഷങ്ങള്‍ക്ക് കാരണം അമേരിക്കയില്‍ വളര്‍ന്ന് വരുന്ന ദേശീയതയാണെന്ന് കുറ്റപ്പെടുത്തിയ ആ ബുദ്ധിജീവി ഹോങ്കോംഗില്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ തീവ്രവാദികള്‍ എന്നാണ് വിളിച്ചത്. അവരെ കര്‍ക്കശമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഉണ്ണുന്ന ചോറിന് നന്ദികാണിക്കുന്ന ബുദ്ധിജീവി പാശ്ചാത്യ ലോകത്തിന്റെ അന്ത്യവും പുതിയ ലോകക്രമവും എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.

ലോകത്തെ വരുതിയിലാക്കുവാന്‍ പട്ടുപാതയും
ഒരു കാലത്ത് ചൈന ലോകരാഷ്ട്രങ്ങളുമായി വ്യാപാരം നടത്തിയിരുന്നത് പട്ടുപാത വഴിയായിരുന്നു. കരയിലൂടെയും സമുദ്രത്തിലൂടെയുമുള്ള ഈ പൗരാണിക വ്യാപാരപാത പുനര്‍ നിര്‍മ്മാണം ചെയ്യുവാനാണ് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് (ബി ആര്‍ ഐ)എന്ന പദ്ധതിയുമായി എത്തിയത്. ചൈനയില്‍ നിന്നും യൂറോപ്പിലേക്ക് നീളുന്ന പാത കടന്നുപോകുന്ന രാജ്യങ്ങളിലൊക്കെ വന്‍ തോതില്‍ സാമ്പത്തിക നിക്ഷേപം നടത്തി അവരെയൊക്കെ വരുതിയിലാക്കുകയാണ് ചൈന.

അടിസ്ഥാന സൗകര്യ വികസനം എന്നപേരില്‍ വായ്പയായി സാമ്പത്തിക സഹായം നല്‍കിയാണ് ഈ രാജ്യങ്ങളെ ചൈന വശീകരിക്കുന്നത്. അവസാനം കടക്കെണിയില്‍ പെടുന്ന രാഷ്ട്രങ്ങള്‍ക്ക് ചൈന മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതായി വരും. ശ്രീലങ്കയില്‍ ഇത്തരത്തില്‍ ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച തുറമുഖം വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ചൈനീസ് കമ്പനിക്ക് പാട്ടത്തിന് നല്‍കേണ്ടതായി വന്നു. ചൈനീസ് കമ്പനിക്ക് പൂര്‍ണ്ണമായ അധികാരമുള്ള ഈ തുറമുഖം നാളെ ഒരു ആവശ്യം വന്നാല്‍ സൈനികാവശ്യത്തിനും ചൈന ഉപയോഗിച്ചു കൂടായ്കയില്ല.

അതുപോലെയാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലേയും അവസ്ഥ. ഇവിടങ്ങളിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളുടെ നിയന്ത്രണം മാത്രമല്ല, വമ്പിച്ച തോതിലുള്ള ധാതു സമ്പത്തും കൈക്കലാക്കാന്‍ ഒരുങ്ങുകയാണ് ചൈന. കേവലം ഒരു രാജ്യത്തില്‍ ഒതുങ്ങി നില്‍ക്കാതെ ലോകമുഴുവനും സാമ്പത്തികമായും സൈനികമായും സാന്നിദ്ധ്യം ഉറപ്പുവരുത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ചൈനയും
റഷ്യന്‍ വിപ്ലവത്തെ പോലെ ഇന്ത്യന്‍ നേതാക്കളുടേയും ചിന്തകരുടേയും മനസ്സിനേയും ചിന്തകളേയും സ്വാധീനിക്കാന്‍ മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനായിട്ടില്ല എന്നത് സത്യമാണ്. എന്നാലും ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന ഒരു വിഭാഗം ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. 1962-ല്‍ ചൈന ഇന്ത്യയില്‍ അതിക്രമിച്ച് കയറിയിട്ടില്ല എന്നുപോലും അക്കാലത്ത് പല കമ്മ്യുണിസ്റ്റ് നേതാക്കളും പറഞ്ഞു നടന്നിരുന്നു.

ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ അതുല്യനായ നേതാവും പിന്നീട് പാര്‍ട്ടി വിട്ട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത മോഹിത് സെന്‍ തന്റെ ആത്മകഥയായ ''ട്രാവലര്‍ ആന്‍ഡ് ദി റോഡ് - ദി ജേര്‍ണി ഓഫ് അന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്'' എന്ന പുസ്തകത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. തങ്ങള്‍ കീഴടക്കിയതെന്ന് പറയപ്പെടുന്ന പ്രദേശത്തിനു മേല്‍ ചൈനക്ക് പരമാധികാരമുണ്ടെന്ന് തെളിയിക്കുവാന്‍ ഭൂപടങ്ങളും, മറ്റു പൗരാണിക തെളിവുകളുമായാണ് പി സുന്ദരയ്യ യോഗങ്ങള്‍ക്ക് എത്താറുള്ളതെന്ന് അദ്ദേഹം എഴുതുന്നുണ്ട്. ചൈനീസ് കമ്മ്യുണിസ്റ്റുകള്‍ക്ക് ഇത്തരത്തിലുള്ള ആക്രമങ്ങള്‍ നടത്താനാവില്ലെന്നും ഇന്ത്യന്‍ ബൂര്‍ഷ്വാസി സാമ്രാജ്യത്വ ശക്തികളുമായി ചേര്‍ന്ന് കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം എന്നും മോഹിത് സെന്‍ പറയുന്നു.

കമ്മ്യുണിസ്റ്റ് തീവ്രവാദികള്‍ എടുത്ത ഈ മണ്ടന്‍ നയമാണ്, അന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഇന്നത്തെ പരിതാപകരമായ നിലയിലേക്ക് എത്തിച്ചതെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. ആത്യന്തികമായി ഇന്ത്യക്ക് വേണ്ടിയല്ല കമ്മ്യുണിസ്റ്റുകള്‍ നിലകൊള്ളുന്നതെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കുവാനേ ഇത്തരമൊരു നടപടി ഉപകരിച്ചുള്ളു. അതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് സാമാന്യം ജനപിന്തുണയുണ്ടായിരുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ന് പാര്‍ട്ടിക്ക് സാന്നിദ്ധ്യമില്ലാതെപോയത്.

ഇതേ തെറ്റ് തന്നെയാണ് ഈ 2020 ലും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. മത തീവ്രവാദികളുടെ സ്വഭാവത്തിലേക്ക് കമ്മ്യുണിസ്റ്റുകാര്‍ മാറിയതാണ് ഇതിന് കാരണം. മതവിശ്വാസിയും മത തീവ്രവാദിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. മതവിശ്വാസി പരസ്പര ബഹുമാനവും സഹകരണവും ഒക്കെയായി, സ്വന്തം സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി ജീവിക്കുമ്പോള്‍ ഒരു മത തീവ്രവാദിക്ക്, രാജ്യാതിര്‍ത്തികളേക്കാള്‍ വലുത് തന്റെ മതനിഷ്ഠകളായിരിക്കും. കമ്മ്യുണിസത്തിനും വന്നു ചേര്‍ന്ന അപചയം അതു തന്നെയാണ്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇന്ത്യക്ക് വേണ്ടി നിലകൊള്ളാതെ സാര്‍വ്വദേശീയ തൊഴിലാളിവര്‍ഗ്ഗം എന്ന ഉട്ടോപ്യന്‍ സ്വര്‍ഗ്ഗം തേടി നടക്കുന്ന ഒരു പറ്റം മത തീവ്രവാദികളുടെ സംഘടനയായി അധപതിച്ചു എന്നുതന്നെ പറയേണ്ടതായിവരും. ഇതിന് പക്ഷെ അവരെ പ്രേരിപ്പിക്കുന്നത് ചൈനീസ് സ്വാധീനം തന്നെയാണ്. 48 ഗ്രൂപ്പ് ക്ലബ്ബ് പോലുള്ള നിരവധി നിഴല്‍ സംഘടനകളിലൂടെ ബുദ്ധിജീവികളേയും മറ്റും കൂടെ നിര്‍ത്താനും അവര്‍ക്ക് കഴിയുന്നു.

അവസാനം ഭീഷണിയിലൂടെയും മെരുക്കാന്‍ ശ്രമം
ഇറ്റലിയില്‍ കൊറോണവ്യാപനം ശക്തമായപ്പോള്‍ ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും ആ രാജ്യത്തേക്ക് അയക്കാന്‍ ചൈന തീരുമാനിച്ചു. മാത്രമല്ല, മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും ചെയ്തു. ഇത് പക്ഷെ ചൈനയുടെ നല്ലമനസ്സായി കാണേണ്ടതില്ല. ഇറ്റലിയിലെ മാഫിയാ സംഘങ്ങള്‍ ചെയ്യുന്നതുപോലെ ആപത്തില്‍ പെട്ടവരെ സഹായിച്ച് തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക എന്ന തന്ത്രം മാത്രമായിരുന്നു അത്. അതല്ലെങ്കില്‍, അമേരിക്കയിലേക്കുള്ള ഫാര്‍മസ്യുട്ടിക്കല്‍ കയറ്റുമതി തടഞ്ഞാല്‍ അമേരിക്ക കോറോണയുടെ ഒരു സമുദ്രമാകുമെന്ന് ഭീഷണിപ്പെടുത്താന്‍ ചൈന തയ്യാറാകുമോ?

പല അമേരിക്കന്‍ നിര്‍മ്മാതാക്കളും അവര്‍ക്കാവശ്യമായ സ്പെയര്‍പാര്‍ട്ടുകളും മറ്റും നിര്‍മ്മിക്കുന്നത് ചൈനയിലെ നിര്‍മ്മാണ യൂണിറ്റുകളിലാണ്. വെന്റിലേറ്റര്‍ പോലുള്ളവയുടെ സ്പെയര്‍പാര്‍ട്ടുകളുടെ കയറ്റുമതി വൈകിപ്പിച്ച്, അമേരിക്കന്‍ കമ്പനികളുടെ ഉദ്പാദന പ്രക്രിയ ചൈന വൈകിപ്പിച്ച കാര്യം എല്ലാ അന്തരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ചൈന കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറിയിരുന്നെങ്കില്‍ ഇന്ന് കൊറോണ എന്ന മഹാവ്യാധി ലോകത്തെ ദുഃഖത്തിലാഴ്ത്തുകയില്ലായിരുന്നു എന്ന് ഇന്നലെയാണ് ഒരു ചൈനീസ് വൈറോളജിസ്റ്റ് പ്രസ്താവിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ആദ്യ മൂന്നാഴ്ച്ചക്കാലം അത് ഒളിപ്പിച്ചു വയ്ക്കാന്‍ ചൈന കാണീച്ച തിടുക്കമാണ് ഇത് ഒരു മഹാവ്യാധിയായി കത്തിപ്പടരുവാന്‍ ഇടയാക്കിയതെന്ന് സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ തെളിയുകയും ചെയ്തു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യുദ്ധവും ചൈന ആരംഭിച്ചിരിക്കുന്നു. ഈയിടെ ആസ്ട്രേലിയ്ക്കെതിരായി സൈബര്‍ ആക്രമണം അഴിച്ചുവിട്ടെന്ന് ആരോപണമുണ്ടായിരുന്നു. അതുപോലെയാണ് ചൈന നടത്തുന്ന സാംസ്‌കാരിക അധിനിവേശം. ഇന്ന് ചെക് റിപ്പബ്ലിക്കിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വ്വകലാശാലയായ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ ചൈനയുടെ ചെക്ക് എംബസി ഒരു കോഴ്സ് തന്നെ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ഇന്ന് ഏതാണ് വലിയ അളവില്‍ ചൈനീസ് വിദ്യാര്‍ത്ഥികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ആസ്ട്രേലിയയും അങ്ങനെത്തന്നെ.ഈ ഒരു സാഹചര്യം മുതലാക്കി 140 രാജ്യങ്ങളില്‍ കണ്‍ഫ്യുഷയിസം ഇന്‍സ്റ്റിറ്റിയുട്ടുകള്‍ ചൈന ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ചൈനയുടെ ഭാഷ, സംസ്‌കാരം, പൈതൃകം എന്നിവക്ക് പ്രചാരം കൊടുക്കുകയാണ് ഉദ്ദേശം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചൈനീസ് ലോക ഭാഷയാക്കുക.

ഒരു കൂട്ടം കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങളുടെ ചേരിയുണ്ടാക്കി അമേരിക്കക്ക് തുല്യശക്തിയായി നില്‍ക്കണമെന്നേ സോവിയറ്റ് യൂണിയന് താത്പര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെയാണ് ശീതയുദ്ധം ഒരിക്കലും ഒരു ലോക മഹായുദ്ധമായി പരിണമിക്കാതിരുന്നത്. എന്നാല്‍ ചൈനയുടെ ലക്ഷ്യം ഒരു രണ്ടാം ചേരിയല്ല, മറിച്ച് ലോകം മുഴുവന്‍ അവരുടെ കാല്‍ക്കീഴിലാകുന്നതാണ്. അതിന് അവര്‍ ഏത് മാര്‍ഗ്ഗവും ഉപയോഗിക്കും. അതുകൊണ്ടു തന്നെ അവരുമായി ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category