1 GBP = 97.50 INR                       

BREAKING NEWS

കൊച്ചിയിലേക്ക് പോയത് കീഴടങ്ങാന്‍; ബംഗളുരുവിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത് മാഫിയ; ശബ്ദം റിക്കോര്‍ഡ് ചെയ്ത് ചാനലുകള്‍ക്ക് കൈമാറിയത് സന്ദീപും; അനുഗമിച്ചത് കള്ളപ്പണത്തിനുള്ള എസ്‌കോര്‍ട്ട് ഗുണ്ടാ സംഘം; ഒളിവില്‍ കഴിയുന്നതിനിടെ ജീവന്‍ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചത് നിര്‍ണ്ണായകമായി; സോഷ്യല്‍ മീഡിയാ നിരീക്ഷണത്തില്‍ സ്വപ്നാ സുരേഷിനെ കുടുക്കിയത് കേന്ദ്ര ഇന്റലിജന്‍സ്; നയതന്ത്ര കടത്തില്‍ മട്ടാഞ്ചേരി സംഘവും സംശയത്തില്‍

Britishmalayali
kz´wteJI³

കൊച്ചി: അന്വേഷണം മുറുകിയതോടെ സ്വപ്നാ സുരേഷിനെ നിരീക്ഷിക്കാനും സ്വര്‍ണ്ണ കടത്ത് മാഫിയ ഗുണ്ടാ സംഘത്തെ നിയോഗിച്ചിരുന്നുവെന്ന് സൂചന. സ്വപ്നാ സുരേഷിന്റെ മകളുടെ ഫോണില്‍ നിന്നാണ് ഒളിത്താവളത്തിന്റെ തുമ്പ് കിട്ടിയത്. കേന്ദ്ര ഇന്റലിജന്‍സായിരുന്നു ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. അതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താനുള്ള അന്വേഷണം എന്‍ ഐ എ തുടങ്ങി.

ഒളിവില്‍ കഴിയുന്നതിനിടെ ജീവന്‍ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. വ്യാജ ഐഡികളിലൂടെ സ്വപ്നയും കുടുംബവും സുഹൃത്തുക്കളെ ബന്ധപ്പെടാനുള്ള സാധ്യത ഐബി തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ വിളിക്കാന്‍ സാധ്യതയുള്ള എല്ലാപേരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിരീക്ഷണം നടത്തി. ഇതിനിടെയാണ് മകളുടെ സുഹൃത്തിന് ഫോണ്‍ വിളി വരുന്നത്. ഇതോടെ ഈ കുട്ടിയെ ഐബി നിരീക്ഷണത്തിലാക്കി. ആദ്യം സ്വപ്നയുടെ മകള്‍ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചതിനാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിനു കഴിഞ്ഞില്ല. മകളുടെ കൈവശമുള്ള സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സുഹൃത്ത് ആവശ്യപ്പെട്ടു. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നയിച്ചത്.

അതിനിടെ സ്വപ്നാ സുരേഷിന്റെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളും പുറത്തു വരുന്നു. കോടതിയില്‍ കീഴടങ്ങാനാണ് സ്വപ്ന കൊച്ചിയിലേക്ക് പോയത്. കോടതിയില്‍ കീഴടങ്ങാന്‍ പദ്ധതിയിട്ടു കൊച്ചിയിലേക്കു പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണു റിപ്പോര്‍ട്ട്. ഇക്കാര്യം സന്ദീപ് സ്വര്‍ണക്കടത്തു റാക്കറ്റിനെ അറിയിച്ചു. ഇതോടെ സമ്മര്‍ദ്ദമെത്തി. കീഴടങ്ങല്‍ വേണ്ടെന്ന് വച്ചു. ഇതോടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും കീഴടങ്ങല്‍ വൈകിപ്പിക്കാനും ആലോചനയുണ്ടായത്. എങ്ങനേയും നാഗാലാണ്ടിലെത്താനും അവിടെ നിന്ന് നേപ്പാള്‍ വഴി വിദേശത്തേക്ക് കടക്കാനുമായിരുന്നു പദ്ധതി. ഇതിനിടെയാണ് ഇവരുടെ യാത്രയുടെ വഴി ഉറപ്പാക്കാന്‍ സ്വര്‍ണ്ണ കടത്ത് മാഫിയ തീരുമാനിച്ചതെന്നാണ് സൂചന.

കൊച്ചിയില്‍ നിന്നാ് സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടരാന്‍ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്ട്രേഷന്‍ നമ്പരായിരുന്നു വാഹനത്തിന്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നു സംശയമുണ്ട്. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണു വാഹനത്തിലുണ്ടായിരുന്നത് എന്നാണു വിലയിരുത്തല്‍. കൊച്ചി വിടും മുന്‍പു തൃപ്പൂണിത്തുറയില്‍ വച്ച് മൊബൈല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്കു കൈമാറിയത് സന്ദീപാണെന്നും സൂചനയുണ്ട്. ഈ ശബ്ദമാണ് ടിവി ചാനലുകളില്‍ എത്തിയത്. സ്വര്‍ണ്ണ കടത്ത് മാഫിയയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആ ശബ്ദ സംഭാഷണത്തിലെ ഓരോ വാക്കും പറഞ്ഞത്.

സ്വപ്ന സുരേഷും സന്ദീപ് നായരും എന്തുകൊണ്ടാണു ബെംഗളൂരുവിലേക്കു കടന്നതെന്നതും എന്‍ ഐ എ പരിശോധിക്കും. രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍റ്റന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങും. യുഎഇ കോണ്‍സുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടതിനു പിന്നില്‍ സ്വാധീനം ചെലുത്തിയ ഏജന്‍സിയുടെ പ്രവര്‍ത്തനവും അന്വേഷണത്തിനു വിധേയമാകും. ആ ഏജന്‍സിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാണു ബെംഗളൂരു. യുഎഇ കോണ്‍സുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവര്‍ത്തിച്ചെന്നാണു സൂചന.

ഈ ഏജന്‍സികളുടെ ഓഫിസുകളും സ്വപ്ന പിടിയിലായ ഹോട്ടലും ഒരേ മേഖലയിലാണെന്നതും ഇത്തരത്തിലുള്ള സംശയങ്ങള്‍ക്കു ബലം നല്‍കുന്നതാണ്. ശനിയാഴ്ച രാത്രി 7 മണിയോടെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുത്തത് കോറമംഗല സെവന്‍ത് ബ്ലോക്ക് ഫസ്റ്റ് മെയിനിലെ ഒക്ടേവ് അപ്പാര്‍ട്മെന്റ് ഹോട്ടലില്‍ നിന്ന്. വെള്ളി രാത്രിയാണു മുറിയെടുത്തത്. ഇവരില്‍ നിന്നു പാസ്പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, രണ്ടര ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഡൊംലൂര്‍ വിശ്വേശ്വരായ കേന്ദ്രീയ ഭവനിലുള്ള എന്‍ഐഎ ഓഫിസിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

അറസ്റ്റിലായി 24 മണിക്കൂറിനകം കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുമെന്നതിനാലാണ് ട്രാന്‍സിറ്റ് വാറന്റ് വാങ്ങാതിരുന്നതെന്നാണു വിവരം.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category