1 GBP = 97.30 INR                       

BREAKING NEWS

ലോക്ക്ഡൗണില്ലാത്ത യുകെയില്‍ മലയാളികള്‍ കൊവിഡിനെ നേരിടേണ്ടത് എങ്ങനെ? പുറത്തേക്ക് പോകുമ്പോള്‍ മാസ്‌ക് വേണ്ടെന്നു വയ്ക്കരുത്; ലെസ്റ്ററും ഷെഫീല്‍ഡും ഹോട്ട് സ്പോട്ടുകള്‍; ഉല്ലാസ യാത്രകള്‍ക്ക് തത്കാലം അവധി നല്‍കിയേ മതിയാകൂ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണ്‍ അനുഭവിച്ച ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ട് ഏകദേശം പത്തു ദിവസം പിന്നിടുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ മൂലം രോഗവ്യാപനം എത്രയുണ്ടെന്ന് ഇപ്പോഴും പറയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഇന്നലെ 11 മരണം എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇപ്പോഴും പുതുതായി രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

ഞായറാഴ്ച 850 രോഗികള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഇന്നലെ പുതിയ രോഗികളുടെ എണ്ണം 530 ആണ്. ഇതിനര്‍ത്ഥം കൊവിഡ് യുകെയില്‍ അടങ്ങി എന്നാശ്വസിക്കാന്‍ സമയം ആയിട്ടില്ല എന്നുതന്നെയാണ്. പുതിയ ഹോട്ട് സ്‌പോട്ടുകളായ ലെസ്റ്ററിലും ഷെഫീല്‍ഡിലും നാലായിരത്തിലേറെ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരു പട്ടണങ്ങളിലും മലയാളികള്‍ ഏറെ ഉണ്ടെന്നതും ശ്രദ്ധ നല്‍കേണ്ട കാര്യമാണ്. ഇതിനൊപ്പം ബെഡ്‌ഫോര്‍ഡിലും നാലായിരത്തിലേറെ രോഗികള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

അതിനിടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ എത്തിയ ശേഷം സ്വാഭാവികമായും മലയാളി സമൂഹത്തില്‍ ഉള്ളവരും ഇംഗ്ലീഷ് വംശജരുടെ അനാസ്ഥ കലര്‍ന്ന തരം സമീപനം കൊവിഡിനോട് പുലര്‍ത്തുന്നതായി സൂചനയുണ്ട്. ബാര്‍ബര്‍ ഷോപ്പിലും മറ്റും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട്. മലയാളി സ്ത്രീകള്‍ ഉപയോഗിക്കുന്ന പുരിക സൗന്ദര്യാവത്കരണ കടകളും അവര്‍ക്കായുള്ള ഹെയര്‍ സലൂണുകളും വേണ്ടവിധം കൊവിഡ് പ്രതിരോധ സജ്ജമല്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയും.

മാസ്‌ക് ധരിച്ചു കടകളില്‍ എത്തുന്ന ഇന്ത്യക്കാരോട് പലപ്പോഴും തദ്ദേശീയര്‍ അവജ്ഞയോടെ പെരുമാറുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടകളില്‍ ജീവനക്കാര്‍ പോലും മാസ്‌ക് ധരിക്കാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിച്ചെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരോട് തദ്ദേശീയര്‍ അതിന്റെ പേരില്‍ മെക്കിട്ടു കേറ്റം നടത്തിയ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതിന്റെ പേരില്‍ ഇനിയും കടകളില്‍ പോകേണ്ടി വരുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട എന്ന് ചിന്തിക്കാന്‍ ഇനിയും സമയം ആയിട്ടില്ല എന്നതാണ് പുതിയ കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. കടകളില്‍ പോകുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമോ എന്നത് സാമാന്യ ബുദ്ധിക്കു വിടുകയാണ് എന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞതിലും വായിക്കാന്‍ ഏറെയുണ്ട്. രാജ്യത്തു ഇപ്പോഴും മാസ്‌കുകളുടെ ലഭ്യത കടകളിലും മറ്റും സുലഭം അല്ലാത്തതിനാല്‍ നിയമം മൂലം ഇത് കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്ന ആരോപണവും മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഇപ്പോഴും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ പല രംഗത്തും അനാസ്ഥ കാട്ടുന്നതായും മാസ്‌ക് സംബന്ധിച്ച ഉറച്ച നിലപാട് ഇല്ലായ്മ ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ പറയുന്നത്. മാസ്‌കിനെ തുടക്കം മുതല്‍ എതിര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഒടുവില്‍ നിവൃത്തിയില്ലാതെ മാസ്‌ക് ധരിച്ചു തുടങ്ങിയതും ലോക ജനത ഇക്കാര്യത്തില്‍ വിട്ടുവീഴ്ച കാട്ടരുത് എന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്. 

അതിനിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയില്‍ തെളിഞ്ഞ പകലും ഉയര്‍ന്ന ചൂടും ഉള്ളതിനാല്‍ നിരവധി മലയാളി കുടുംബങ്ങളാണ് അവധി ആഘോഷത്തിന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സ് പോലും സാധിക്കാത്ത തരത്തില്‍ ആള്‍ക്കൂട്ടം ദൃശ്യമാണ് എവിടെയും. ഹോട്ടലുകളിലും മറ്റും ദൃശ്യമായ ഉയര്‍ന്ന വാടക നിരക്കുകള്‍ സൂചിപ്പിക്കുന്നതും ജനങ്ങള്‍ വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ്.

ഇതിന്റെയെല്ലാം ഫലമായി യുകെയില്‍ രണ്ടാം കൊവിഡ് തരംഗം അധികം വൈകില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം മുന്നറിയിപ്പുകള്‍ ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവും ലഭിച്ചിട്ടും സര്‍ക്കാര്‍ കാത്തിരിക്കുക ആയിരുന്നു, മാര്‍ച്ച് അവസാനം വരെ. ഇതോടെയാണ് കൊവിഡ് ഒന്നാം ഘട്ടത്തില്‍ കൈവിട്ടുപോയതും അനേകായിരങ്ങളുടെ മരണങ്ങള്‍ക്കു മുന്‍പില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയതും. ഇതേസാഹചര്യം വീണ്ടും ഉണ്ടാകാം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന മുന്നറിയിപ്പുകള്‍. 

ഈ സാഹചര്യത്തില്‍ ഉല്ലാസത്തിനും ആഘോഷത്തിനും ഒന്നും പറ്റിയ അവസരമല്ലെന്നു യുകെ മലയാളി സമൂഹം തിരിച്ചറിഞ്ഞില്ലെങ്കില്‍ അനേകം പ്രിയപ്പെട്ടവരുടെ വേര്‍പാട് ഇനിയും കാണേണ്ടി വരും എന്ന ദുഃഖ സത്യമാണ് മുന്നില്‍ ഉള്ളത്. ആശുപത്രികളില്‍ തലങ്ങും വിലങ്ങും രോഗികളെ കണ്ടു ശീലിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പോലും ആശുപതിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞതോടെ രോഗം ഏറെക്കുറെ പിന്‍വാങ്ങി എന്ന ആശ്വാസത്തില്‍ കഴിയുന്നവരാണ്.

എന്നാല്‍ ഇപ്പോഴും ഹോട്ട് സ്‌പോട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കൊവിഡിനോടുള്ള സമീപനത്തില്‍ ഒട്ടും അശ്രദ്ധ വേണ്ടെന്നു തന്നെയാണ് മെഡിക്കല്‍ വിദഗ്ധരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയും. പല ഹോട്ട് സ്‌പോട്ടുകളില്‍ നിന്നും യാത്രകള്‍ക്ക് വിലക്കില്ല എന്നതിനാല്‍ രോഗം ഏതു സമയത്തും മറ്റിടങ്ങളിലും വ്യാപകമാകാന്‍ കൂടി കാരണമാകും എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ വീടിനു വെളിയില്‍ ഇറങ്ങി ആഘോഷമാക്കാന്‍ ഇനിയും സമയം ആയിട്ടില്ല എന്നതാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category