1 GBP = 94.80 INR                       

BREAKING NEWS

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ നേഴ്സുമാരുടേയും ഡോക്ടര്‍മാരുടേയും കുറവ് പ്രതിസന്ധിയാകും; തിരുവനന്തപുരത്തും മലപ്പുറത്തും എറണാകുളത്തും സ്ഥിതി സങ്കീര്‍ണ്ണമാകുമെന്ന് മുന്നറിയിപ്പ്; രോഗികളുടെ എണ്ണം മുക്കാല്‍ ലക്ഷമാകുമെന്ന പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത് ആശങ്ക മാത്രം; സഹകരിക്കാതെ മാറി നിന്ന് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും; കോവിഡില്‍ കേരളം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡില്‍ കേരളവും അതിഭയാനകമായ സ്ഥിതിയെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സമ്പര്‍ക്ക വ്യാപനം നിയന്ത്രണാതീതമായതാണ് ഇതിന് കാരണം.


കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്നാണ് സൂചന. ദിവസേന ഇപ്പോള്‍ 1000 രോഗികളാണ് പുതുതായി ഉണ്ടാകുന്നത്. ഇത് ഇനിയും കൂടുമെന്ന ആശങ്കയാണ് സജീവമാകുന്നത്. സര്‍ക്കാരിനു ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഓഗസ്റ്റ് അവസാന വാരം മുതല്‍ സെപ്റ്റംബര്‍ 15 വരെയാണു രോഗികളുടെ എണ്ണം ഏറ്റവും കൂടാന്‍ സാധ്യത. അതു കഴിഞ്ഞും രോഗ വ്യാപനത്തെ ചെറുക്കാന്‍ കഴിയുമോ എന്നതില്‍ ഉറപ്പുമില്ല. അങ്ങനെ വലിയ ആശങ്കയിലേക്ക് പോവുകയാണ് കേരളം.

തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലായിരിക്കും കൂടുതല്‍ രോഗികളെന്നും പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാരെങ്കിലും ആശങ്ക സജീവമാണ്. ഇത്രയും അധികം പേര്‍ക്ക് രോഗം വന്നാല്‍ എങ്ങനെ ചികില്‍സിക്കുമെന്ന കാര്യത്തില്‍ ആശക്കുഴപ്പമുണ്ട്. നിലവില്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ പ്രദേശത്ത് സ്ഥിതി ഗുരുതരമാണ്. കോവിഡ് ടെസ്റ്റ് പോലും നടത്താനാകാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് തന്നെ ഏറെ കരുതലുകള്‍ വേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

കോവിഡ് ചികിത്സാ സൗകര്യമൊരുക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയെങ്കിലും തുടര്‍നടപടികള്‍ വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല. 14 ജില്ലകളില്‍ 70 ആശുപത്രികള്‍ മാത്രമാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. കോവിഡ് ചികിത്സ തുടങ്ങിയാല്‍ മറ്റു രോഗികളുടെ ചികിത്സ മുടങ്ങുമെന്നതാണ് ഇതിന് കാരണം, ഉയര്‍ന്ന ചികിത്സാ ചെലവ് സാധാരണക്കാരെ അകറ്റുകയും ചെയ്യും. ഫലത്തില്‍ മറ്റ് ചികില്‍സ നടക്കാതെ വരികയും ചെയ്യും. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡിനോട് താല്‍പ്പര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കോവിഡ് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും തിരക്കേറിയതോടെ സൗകര്യങ്ങള്‍ കുറഞ്ഞു. ശുചിമുറി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പല ആശുപത്രികളിലും അപര്യാപ്തമാണ്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ക്വാറന്റീനില്‍ പോകേണ്ടി വരുന്നതോടെ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറഞ്ഞു. ഇത് കോവിഡ് ചികില്‍സയേയും മറ്റ് അസുഖങ്ങളായി എത്തുന്നവരേയും വലയ്ക്കുന്നുണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളെ കുറിച്ചും ആശങ്കയുണ്ട്. മതിയായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണ് ഇതിന് കാരണം.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 20,404 കിടക്കകള്‍ തയാറാണെന്ന് 21 നു പറഞ്ഞ മുഖ്യമന്ത്രി 22 ന് അത് 15,975 എന്നു തിരുത്തി. ഇതിനൊപ്പമാണ് ജീവനക്കാരുടെ കുറവ്. സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരെ മാത്രമേ തല്‍കാലം ഇങ്ങോട്ട് വിടാനാകൂ. അത് വലിയ പ്രതിസന്ധിയാണ്. നിലവില്‍ 187 കേന്ദ്രങ്ങളിലേക്കു നിയോഗിച്ചിരിക്കുന്നതു 305 ഡോക്ടര്‍മാരെയും 574 നഴ്സുമാരെയും മാത്രം. അതായത്, ഒരു കേന്ദ്രത്തില്‍ രണ്ടില്‍ താഴെ ഡോക്ടര്‍മാരും 3 നഴ്സുമാരും. ഇപ്പോള്‍ തന്നെ ഏകദേശം 5000 പേര്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് ഇത് വലിയ പ്രതിസന്ധിയായി മാറും.

കാര്യമായ ലക്ഷണമില്ലാത്തവരെ രോഗം സ്ഥിരീകരിച്ചു 10 ദിവസം കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണു ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശമെങ്കിലും കോവിഡ് പരിശോധന നെഗറ്റീവ് ആകുന്നതു വരെ കിടത്തി ചികില്‍സിക്കുകയാണ് സര്‍ക്കാര്‍. ഇത് തുടര്‍ന്നില്ലെങ്കില്‍ അത് രോഗ വ്യാപനത്തിന് സാധ്യത കൂടി. അതിനിടെ സമ്പര്‍ക്കവ്യാപനം രൂക്ഷമായ പലയിടങ്ങളിലും ജനങ്ങള്‍ പരിശോധനയ്ക്കു തയാറാകുന്നില്ലെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ 2 ആഴ്ചയിലേറെ ആശുപത്രികളിലോ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലോ കഴിയേണ്ടി വരുമെന്ന ആശങ്കയാണ് ഇതിന് കാരണം.

തിരുവനന്തപുരത്ത് ടെസ്റ്റിലും വലിയ പ്രതിസന്ധിയുണ്ട്. ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കിയെങ്കിലും രോഗസ്ഥിരീകരണത്തിനുള്ള ആര്‍ടി പിസിആര്‍ പരിശോധനാ ഫലങ്ങള്‍ പല ജില്ലകളിലും ഒരാഴ്ച വരെ വൈകുന്നുണ്ട്. ജീവനക്കാരുടെ കുറവും ലാബുകളിലെ സൗകര്യക്കുറവുമാണു കാരണം. ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം വൈകുന്നതു രോഗവ്യാപനത്തിനും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങള്‍ കണക്കിലെടുക്കേണ്ടതിനാല്‍ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തില്‍ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സര്‍ക്കാര്‍ തീരുമാനത്തിലെത്തുകയുള്ളൂ,'' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണുള്ളത്. ഈ സാഹചര്യത്തിലാണു ലോക്ക് ഡൗണ്‍ എന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലുള്ളത്. തിരുവനന്തപുരത്ത് ഇന്നലെ 226 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്ന് രോഗം പിടിപെട്ടത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 133 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച കൊല്ലത്ത് 116 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. അഞ്ച് കേസുകളില്‍ ഉറവിടം അറിയില്ല. 120 പോസിറ്റീവ് കേസുകളുള്ള ആലപ്പുഴയില്‍ 63 പേര്‍ക്കും കാസര്‍ഗോട്ടെ 101 രോഗികളില്‍ 87 പേര്‍ക്കും സമ്പര്‍ക്കം വഴിയാണു രോഗം ബാധിച്ചത്. എറണാകുളത്ത് ഇന്ന് 92 പോസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 15 പേരുടെ ഉറവിടം അറിയില്ല.

എറണാകുളത്ത് ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം രൂക്ഷമാണ്. ആലുവ മേഖലയില്‍ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിലുള്ളതാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category