1 GBP = 102.00 INR                       

BREAKING NEWS

കനവുകളിലൂടെയും

Britishmalayali
റോയ് സ്റ്റീഫന്‍

നന്തമായ നീലാകാശത്തേയ്ക്ക് കുതിച്ചുയരുന്ന തൂവെണ്മയേറിയൊരു പക്ഷി, കറുത്ത പുള്ളികളുള്ള വിശാലമായ ചിറകുകള്‍ക്കിടയില്‍ അമിതമായ ശരീരഭാരം താങ്ങികൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു. ഉയരങ്ങളേറും തോറും ശരീരഭാരം വര്‍ദ്ധിക്കുകയും ചിറകുകളുടെ ശക്തി കുറയുകയും ചെയ്തുകൊണ്ടിരുന്നു. എങ്കില്‍ കൂടിയും കൂടുതല്‍ ഉയരങ്ങളിലെത്തെണ്ടതിനാല്‍ പതിന്മടങ്ങ് വാശിയോടെ ചിറകുകള്‍ ആഞ്ഞടിച്ചു മുന്നേറുവാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്ന നിമിഷങ്ങള്‍.  വീണ്ടും ശക്തിക്ഷയിച്ചു നിലം പതിക്കുമെന്നോര്‍ത്ത നിമിഷങ്ങളില്‍ പെട്ടെന്നാരോ കാലുകളില്‍ പിടിച്ചു ശക്തിയായി  പുറകോട്ട് വലിച്ചു. കുതിച്ചുയര്‍ന്നു കീഴടക്കിയ ഉയരങ്ങളില്‍ നിന്നും ചരടുപൊട്ടിയ പട്ടം പോലെ വട്ടം കറങ്ങി താഴേയ്ക്ക് പതിച്ചു കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുവാന്‍ സാധിക്കാതെ ചുറ്റും തിരിഞ്ഞപ്പോള്‍ ചുറ്റിനും കൂരിരുട്ട് മാത്രം. ഞെട്ടിത്തരിച്ചെണീക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം വീണ്ടും തളര്‍ന്നു പോകുന്ന പ്രതീതി. കുറച്ചധികനേരം അനങ്ങാതെ കിടന്നപ്പോള്‍ ഓര്‍മ്മകളോരോന്നായി തിരിച്ചെത്തുവാന്‍ തുടങ്ങി, സ്ഥലകാലബോധം വീണ്ടെടുത്തു. സിമന്റ് കട്ടിലിലെ തഴപ്പായില്‍ നിന്നും വീണ്ടും സിമെന്റ് തറയിലേക്കാണ് വീണത്, അതും കമഴ്ന്നു വീണതിനാല്‍ അങ്ങനെതന്നെ കിടന്നു. കൂരുരിട്ട് മൂടിയിരുന്നതിനാല്‍ കുറച്ചധികനേരം സിമന്റ് തറയില്‍ കിടന്നുകൊണ്ട് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാനാഗ്രഹിച്ചത്  അതിമോഹങ്ങളായിരുന്നോ  പിഴവുകള്‍ പറ്റിയതാണോ. ഇരുട്ടറയില്‍ വെളിച്ചമെത്തുവാനിനിയും നേരമെത്രവേണമെന്ന് അറിയുവാനും സാധിക്കുന്നില്ല. ഇരുട്ടില്‍ തന്നെ സിമന്റ് കട്ടിലിന് നേര്‍ക്ക്  സാവധാനം കൈകള്‍ നീട്ടി എത്തിപിടിച്ച്  ഏറ്റിരുന്നു. ശ്വാസമടക്കി  വീണ്ടും കണ്ണുകളടക്കുന്നതിന് മുന്‍പ് കണ്ട കിനാവിനെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. ആദ്യകാലങ്ങളില്‍ ഉള്‍വിളികളിലൂടെയുള്ള സന്ദേശങ്ങളെല്ലാം കാരാഗൃഹത്തിലെത്തിയതിനു ശേഷം കിനാവുകളിലൂടെ മാത്രമായി പരിണമിച്ചു.

തിളക്കമാര്‍ന്ന കണ്ണുകളായിരുന്നു നന്നേ ചെറുപ്പത്തിലേ ആകര്‍ഷണമെങ്കില്‍ വളര്‍ന്നപ്പോള്‍ ആ കണ്ണുകളിലെ സൂഷ്മ നിരീക്ഷണളായിരുന്നു കുര്യന്‍ ജോസഫിന്റെ കരുത്ത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടൊപ്പം എത്തുന്ന പോഷകഗുണമേറിയ  പുഴമല്‍സ്യങ്ങള്‍ തന്നെയാണതിന്റെ പിന്നിലെ രഹസ്യമെന്നതും സുഹൃത്ത് വലയത്തിലെ ചിലര്‍ക്കെങ്കിലും അറിയാം. എല്ലാ വര്‍ഷങ്ങളിലെയും പോലെ തന്നെ ഊത്തപിടിക്കുന്നത് വിനോദത്തേക്കാളുപരി ജീവിതചര്യയായി മാറിയ കുര്യന്‍ സഖാവെന്ന ഓമനപ്പേരിലറിയപ്പെടുന്ന നാട്ടുകാരുടെ സ്വന്തം കുര്യന്‍ ജോസഫ്. എട്ടു വയസുള്ളപ്പോള്‍ ആകസ്മികമായ തുടക്കമായിരുന്നെങ്കിലും പിന്നീടതൊരു ശീലമായി മാറി. വളരെ ചെറുപ്പമായിരുന്നിട്ടും മൂത്ത ജേഷ്ടന് സുഖമില്ലാതായതിനാല്‍ അപ്പനൊപ്പം ആദ്യമായി വിളക്കുമേന്തി ഊത്തപിടിക്കുവാനെത്തിയപ്പോള്‍ വലനിറഞ്ഞ് മല്‍സ്യം ലഭിച്ചത് രാശിയായി കാണുവാനാണ് അപ്പന്‍ ശ്രമിച്ചത്. കുര്യന്റെ അപ്പന്‍ ജോസഫ് മാപ്പിള തികച്ചും നാട്ടിന്‍പുറത്തുകാരന്‍ എന്നാല്‍ കൈപ്പുണ്യമുള്ള നെല്ല് വിതക്കാരനും കൃഷിക്കാരനും അതോടൊപ്പം പേരുകേട്ട ഊത്തപിടിത്ത വിദഗ്ധനും. ശാസ്ത്ര പരിജ്ഞാനം കുറവുള്ള പ്രാചീനകാലങ്ങളില്‍  മധ്യതിരുവിതാംകൂറില്‍ പുതുമഴയോടൊപ്പം ചാകര പോലെ വെള്ളം കെട്ടുന്ന ഇടങ്ങളിലേക്ക് പ്രജനത്തിനെത്തുന്ന പുഴമല്‍സ്യങ്ങള്‍ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന കൃഷിക്കാര്‍ക്കുള്ള ഭൂമിയുടെ അധിപന്റെ  ഉപഹാരമാണെന്നാണ് തനി നാട്ടിപുറത്തുകാരുടെ വിശ്വാസവും. കൊടിയ വേനലിന് ശേഷം പുതുമഴയെത്തുമ്പോള്‍ നദിയുടെ ആഴങ്ങളിലകപ്പെട്ട വിവിധയിനം മല്‍സ്യങ്ങള്‍ പുതുവെള്ളമുള്ള തോടുകളിലെയ്ക്കും പാടശേഖരങ്ങളിലെയ്ക്കും കൂട്ടത്തോടെ പായുംമ്പോളുണ്ടാവുന്ന ശബ്ദമാണ് ഊത്തയായി പരിണമിച്ചതെന്ന് പഴമക്കാരുടെ വിശ്വാസവും തള്ളിക്കളയാനാവില്ല. വൈവിദ്ധ്യതയേറിയ ധാരാളം ജീവിതാനുഭവങ്ങളുള്ള കുര്യന്‍ ജോസഫിന് ഭൂമിയില്‍ അധികമായുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി മാത്രമാണെന്ന വിശ്വാസമാണ് അഭികാമ്യം. 

വളരെ സൂഷ്മതയേറിയ മിഴികള്‍ എല്ലാ മനുഷ്യര്‍ക്കുമുണ്ടെന്നു തന്നെയാണ് കുര്യന്റെ വാദഗതികളും കാഴ്ച്ചയിലെ യാഥാര്‍ഥ്യങ്ങള്‍ തേടാതെ നൈമിഷികമായ ദര്‍ശന സുഖങ്ങള്‍ മാത്രം തേടുമ്പോള്‍ കണ്മുന്‍പില്‍ നിന്നും പലതും മറഞ്ഞു പോകുന്നു. പലവട്ടം കണ്ണടച്ചിരുട്ടാക്കുവാന്‍ ശ്രമിച്ചാലും പ്രപഞ്ച യാഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍പോലും ഇല്ലാതാവുന്നില്ല. എല്ലായ്‌പ്പോഴും ഓരോരുത്തരിലും മറ്റുള്ളവയെപ്പറ്റിയുള്ള അദൃശ്യമായ മതിപ്പ് അകക്കണ്ണുകളില്‍ അവശേഷിക്കുന്നു. നഗ്‌ന നേത്രങ്ങളിലൂടെ കാണുന്ന എല്ലാ വസ്തുക്കളും മനസിന്റെ അകക്കണ്ണുകളില്‍ അക്ഷയമായ അവബോധ്യം ജനിപ്പിക്കുകയും അതിലൂടെ തന്നെ അന്ധത ബാധിക്കുമ്പോള്‍ അകക്കണ്ണുകളിലൂടെ ദര്‍ശനം ലഭിക്കുകയും ചെയ്യും. മനുഷ്യരുടെ ആറാമിന്ദ്രിയമായി വിശേഷിപ്പിക്കാവുന്ന അകക്കണ്ണുകള്‍ ദൃഷ്ടിയുള്‍പ്പെടുന്ന പഞ്ചേന്ദ്രിയങ്ങളുടെയെല്ലാം ഭണ്ഡാരശാലയുമാണെന്ന് തന്നെ വിശ്വസിക്കുന്ന വ്യക്തിയുമാണ് സഖാവ് കുര്യന്‍. സദാ കര്‍മ്മനിരതരായ വ്യക്തികളില്‍ അകക്കണ്ണുകളാവുന്ന ആറാമിന്ദ്രിയമൊരിക്കലും വിശ്രമിക്കാറുമില്ല, എപ്പൊഴും പ്രവര്‍ത്തന സജ്ജമായി ഓരോരുത്തരെയും നയിച്ചുകൊണ്ടിരിക്കുന്നു. നേരംപോക്കിനായുള്ള നാടന്‍ ചീട്ടുകളിയിലും മറ്റു സൊറപറയുന്ന വേളകളിലും കുര്യന്റെ വിശാലമായ പാണ്ഡിത്യത്തെയും കൂര്‍മ്മ ബുദ്ധിയെയുമളക്കുവാന്‍ സുഹൃത്തുക്കള്‍ ശ്രമിക്കുമ്പോള്‍ വളരെ ഉന്മേഷത്തോടെ ഓരോന്നും കാര്യകാരണ സഹിതം വിവരിക്കുവാനും മടിക്കാറില്ല. സൈ്വര്യം ലഭിക്കുവാനായി കാതടച്ചു പിടിക്കുന്ന വേളകളിലും ശബ്ദത്തിന്റെ പ്രഭവകേന്ദ്രങ്ങളിലേയ്ക്കുള്ള മനുഷ്യന്റെ സ്വാഭാവിക ദൃഷ്ടി പായുന്നതിന്റെ പൊരുളും. അരുതാത്ത കാഴ്ചകള്‍ കാണുവാനാഗ്രഹിക്കാതെ കണ്ണടച്ചാലും അകക്കണ്ണുകളിലൂടെ കാണുന്നതിന്റെ പൊരുളും വിവരിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്ക് കുര്യന്റെ വാദമുഖങ്ങളെ ഖണ്ണിക്കുവാന്‍ സാധിക്കാതെ വന്നു.

എന്നാല്‍ കുര്യന്‍ ജോസഫിന്റെ ജീവിതത്തില്‍  പലപ്പോഴും ആറാമിന്ദ്രിയമുണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉള്‍വിളികളിലൂടെയാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടാത്തതും നേരിട്ടും ലഭിക്കാത്തതുമായ സന്ദേശങ്ങള്‍, നാളിതുവരെയായും ആന്തരികമായതാണോ ബാഹ്യമായതാണോ എന്ന്  മനസിലാക്കുവാന്‍ സാധിക്കാത്ത ആശയവിനിമയങ്ങള്‍. പ്രഥമ ഉള്‍വിളിയെത്തുന്നത് എട്ടാം തരത്തില്‍ പഠിക്കുന്ന വേളയിലാണ്. മനസിന്നുള്ളം ആഗ്രഹിക്കുമ്പോഴും പ്രവൃത്തിക്കുവാനാവാത്ത നിമിഷങ്ങളില്‍ അദൃശ്യമായി കര്‍ണ്ണഭുടങ്ങളില്‍ മന്ത്രിക്കുന്നതിലുപരി പ്രവര്‍ത്തിക്കുവാനുള്ള ആജ്ഞകളായി ലഭിക്കുന്ന  ഉള്‍വിളികള്‍. ഓരോ അവസരങ്ങളിലും നേര്‍വഴിയെ നയിക്കുന്ന അദൃശ്യശക്തിയുടെ അമൂല്യമായ ജീവിതങ്ങളെ രക്ഷിക്കുവാനുള്ള ഉള്‍വിളികള്‍.  ചുട്ടുപൊള്ളുന്ന വേനലിലും മനസിനും ശരീരത്തിനും കുളിരും ഉന്മേഷവും പകര്‍ന്ന് ശാന്തമായി ഒഴുകുന്ന നാട്ടിലെ പുഴയില്‍ ദിവസവും കൂട്ടുകാരുമൊത്ത് നീന്തിതുടിക്കുന്നത് പതിവുള്ളതാണെങ്കിലും അന്നൊരിക്കല്‍ ഒരു ജീവനെ സംരക്ഷിക്കുവാനായത് ആ ഉള്‍വിളിയിലൂടെ മാത്രമാണ്. ഋതുഭേദങ്ങള്‍ക്കപ്പുറവും ഗ്രാമത്തിനെ പച്ചപുതപ്പിക്കുന്നതിനൊപ്പം ഗ്രാമത്തിലുള്ള കുട്ടികളുള്‍പ്പെടുയുള്ള ആബാലവൃന്ദം  ജനങ്ങളുടെയും ദേഹശുദ്ധിയാക്കുവാനുള്ളയിടം നാടിന്റെ സ്വന്തമായ പുഴയാണ്.  സഹ്യഗിരിശ്രിന്ഗങ്ങളില്‍ നിന്നുമുത്ഭവിച്ചു മലയോരങ്ങളിലൂടെ സഞ്ചരിച്ച് നാടിന്റെ വിശുദ്ധി സംരക്ഷിച്ചു അറബിക്കടലിനെ പുല്‍കുന്ന ശാലീന സുന്ദരിയായ നദി. എല്ലാ ദിവസങ്ങളിലെയും സായാഹ്നങ്ങളില്‍ പുഴയുടെ സൗരഭ്യം നുകര്‍ന്നു ശുദ്ധിയാകുവാനെത്തുന്ന ഗ്രാമവാസികളുടെ നര്‍മ്മസംഭാഷണങ്ങളും നീന്തലഭ്യസിക്കുന്ന വികൃതികളായ കുട്ടികളുടെയും യൂവാക്കളുടെയും സല്ലാപങ്ങളില്‍ മുഖരിതമായ പുഴയില്‍ ചെളിയില്‍ കാലുപുതഞ്ഞുപോയ അഞ്ചു വയസ്സുകാരന്റെ മരണവെപ്രാളങ്ങള്‍ മറ്റാരും ശ്രദ്ധിക്കാതെ വന്നപ്പോള്‍ കുര്യന്‍ ജോസഫിന് ഉള്‍വിളിയുണ്ടായി.

പ്രാണവായു അഭംഗുരമായി ഒഴുകേണ്ട കണ്ഠനാളങ്ങളില്‍ ജലകണങ്ങള്‍ നിറയുമ്പോള്‍ പേശികളില്‍ ജീവവായു ലഭിക്കാതെ വരുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നതെങ്കിലും മനുഷ്യ ജീവന്‍ നഷ്ടമാകുന്ന അവസാന ഒന്നോ രണ്ടോ നിമിഷങ്ങളില്‍ ശരീരത്തിലും മനസിലും വേറിട്ട സമ്മര്‍ദ്ദങ്ങളും പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നുണ്ട്. പ്രാഥമികമായും സമ്മര്‍ദ്ദത്തിലൂടെ ഉടലെടുക്കുന്ന ഭയം, നിനച്ചിരിക്കാതെ എത്തുന്ന അപകടം മുന്‍പില്‍ കാണുമ്പോഴുണ്ടാകുന്ന പേടി. ഭയം മനസിനെ മൂടുമ്പോള്‍ സ്വാഭാവികമായും ശബ്ദം പുറത്തു വരാതിരിക്കുകയും അടുത്തുള്ളവരുടെ സഹായം തേടുവാന്‍ സാധിക്കാതെ വരികയും ചെയ്യും. പിന്നീട് വെള്ളം കേറി കണ്ഠനാളങ്ങള്‍ അടയുമ്പോള്‍ ശ്വാസം ഉള്ളിലേയ്ക്ക് വലിക്കാതെ പിടിച്ചു നിര്‍ത്തുവാനുള്ള തത്രപ്പാടുകള്‍, ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കാതെ വരുന്ന നിമിഷങ്ങള്‍. പ്രാണവായു ലഭിക്കാതെ വരുമ്പോള്‍ മസ്തിഷ്‌ക പേശികള്‍ അടയുകയും സ്വബോധം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേയ്ക്ക് എത്തപ്പെടുന്നു. ജീവന്‍ നിലനിര്‍ത്തുവാന്‍ ആവശ്യമായ പ്രാണവായുവിന്റെ അഭാവത്തില്‍ ശരീരത്തിന്റെ ഞരമ്പുകളിലുടനീളം അപസ്മാരമുടലെടുക്കുകയും ക്ഷണനേരത്തില്‍ മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിലക്കുകയും ചെയ്യുവാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് വേണ്ടത്. എന്നാല്‍ അന്നത്തെ ദിവസം ആ അഞ്ചു വയസുകാരന്റെ വെപ്രാളങ്ങള്‍ മറ്റു കുട്ടികളുടെ ബഹളങ്ങളില്‍ മുങ്ങിപ്പോയെങ്കിലും തരപ്പടിക്കാരോടൊത്ത് കുളിച്ചുകൊണ്ടിരുന്ന കുര്യന് ഉള്‍വിളിയുണ്ടാവുകയും ക്ഷണനേരത്തില്‍ വെള്ളത്തിലെ ചെളിയില്‍ നിന്നും പൊക്കിയെടുക്കുവാന്‍ സാധ്യമായി.

പിന്നീട് ഉള്‍വിളിയുണ്ടാകുന്നത് പത്താം തരത്തിലെ പ്രഥമ പരീക്ഷയുടെ തലേന്ന്, സുഹൃത്തും സഹപഠിയുമായ ജോണി സഖറിയാസും ചേര്‍ന്ന് പഠിച്ച പാഠങ്ങള്‍ വീണ്ടും മനഃപ്പാഠമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ വിരസതയേറുകയും അതിനുള്ള ഉപായമായി ആഞ്ഞിലിപ്പഴം പറിക്കുവാന്‍ നിര്‍ദ്ദേശിച്ചത് ജോണിയാണെങ്കിലും വലിയ ആഞ്ഞിലിയില്‍ ഇത്തിരി ആയാസപ്പെട്ട് കയറിയത് കുര്യനും. ജോണി തൊട്ടടുത്ത അയല്‍വാസിയല്ലെങ്കിലും ചെറിയ ക്ളാസ് മുതല്‍ ഒരുമിച്ച് പഠിക്കുന്നവരാണ് അതിനാല്‍ തന്നെ ആല്‍മാര്‍ഥതയേറിയ സുഹൃത്തുക്കളും. ജോണിയുടെ പിതാവ് നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണെങ്കിലും ജോണിക്ക് താല്‍പ്പര്യം രാജ്യസേവനമാണ്. പത്താം തരം തട്ടിക്കൂട്ടിയെങ്കിലും പാസ്സായാലുടന്‍ പട്ടാളത്തില്‍ കയറണമെന്ന മോഹമാണ്, അതിനുള്ള എല്ലാ പദ്ധതികളും വിഭാവനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുര്യന്റെ വീട്ടിലേയ്ക്കുള്ള പതിവ് സന്ദര്‍ശനത്തിന് ജോണിക്ക് മറ്റൊരു ലക്ഷ്യവുമുള്ള വിവരം തല്‍ക്കാലം അവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രമാണ് അറിവുള്ളത്. കുര്യന്റെ മാതൃസഹോദരി പുത്രിയായ ആനിയോടുള്ള പ്രണയം, ജോണിയേക്കാളും രണ്ടു വയസ്സിളയതാണെങ്കിലും പ്രായത്തേക്കാള്‍ വളര്‍ച്ചയുള്ള ആനിയുടെ ശാരീരിക പുഷ്ടിയാണ് ജോണിയെ ആകര്‍ഷിക്കുന്നത്. അതോടൊപ്പം ശാരീരികാഭ്യാസത്തോടുള്ള അഭിനിവേശവും ജോണി കാല്‍പന്തില്‍ പ്രാവീണ്യമുള്ളപ്പോള്‍ ആനിക്ക് കബഡി കളിയിലാണ് താല്‍പ്പര്യം. ജോണിയുടെ ജീവിതത്തിലൊരു ലക്ഷ്യബോധ്യം ദര്‍ശിക്കുവാന്‍ സാധിച്ചതിനാല്‍ കുര്യനും എതിരില്ലായിരുന്നു. അധിക മധുരമുള്ള ആഞ്ഞിലിപ്പഴങ്ങള്‍ കൂടുതലും ചില്ലകളുടെ അഗ്രങ്ങളിലാണ് കിടന്നിരുന്നത്. ബലമേറിയ ശിഖരത്തിലിരുന്ന് മറ്റൊരു ചെറിയ കമ്പുകൊണ്ട് എത്തിപ്പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കമ്പ് കൈയ്യില്‍ നിന്ന് തെന്നി അതിന്റെ താഴെയുള്ള ശിഖരത്തിലേയ്ക്ക് പതിഞ്ഞ വേളയിലാണ് വീണ്ടും ഉള്‍വിളിയുണ്ടായത് ചെന്നായുടെ ഓരിയിടലിന്റെ ശബ്ദാരവത്തോടെ മുഴങ്ങിയ ആജ്ഞ, ആഞ്ഞിലിയില്‍ നിന്നും എത്രയും വേഗം താഴെയിറങ്ങുവാന്‍. വീണ്ടും ഒന്ന് ശംഖിച്ചപ്പോള്‍ കമിഴ്ന്ന് കിടന്ന ചില്ലയൊന്നുലഞ്ഞു പിന്നെ മറ്റൊന്നും ചിന്തിക്കാതെ താഴേയ്ക്കിറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ജോണി കുറച്ചുകൂടി ആഞ്ഞിലിപ്പഴം പറിക്കുവാന്‍ കെഞ്ചുന്നുണ്ടായിരുന്നു. താഴെയെത്തുന്നതിന് മുന്‍പുതന്നെ അപ്രതീക്ഷിതമായി കിഴക്കന്‍ കാറ്റാഞ്ഞു വീശുവാന്‍ തുടങ്ങി. അതിന് പുറകെ തന്നെ വലിയ ശബ്ദത്തോടെ കൊള്ളിയാനോടൊപ്പം ഇടിയും മുഴങ്ങി. രണ്ടുപേരും വീട്ടിലേയ്ക്കുള്ള ഓട്ടത്തിനിടയില്‍ പാളി നോക്കിയപ്പോള്‍ കാണുവാന്‍ സാധിച്ചു കൊടുങ്കാറ്റില്‍ ആടിയുലയുന്ന ആഞ്ഞിലിയും അതോടൊപ്പം കുര്യനിരുന്ന ശിഖരത്തിന്  തീപടര്‍ന്നിരിക്കുന്നു. അപ്രതീക്ഷിതമായിരുന്നെങ്കിലും ഇപ്രാവശ്യത്തെ ഉള്‍വിളിയുണ്ടായത് കുര്യന്റെ ജീവന്‍ സംരക്ഷിക്കുവാനായിരുന്നു. 

പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായി ലഭിക്കുന്ന ആശയവിനിമയങ്ങളെ ആധുനിക ശാസ്ത്രലോകവും അഭിനവമനുഷ്യരും പൂര്‍ണ്ണമായി അംഗീകരിക്കുവാന്‍ തയ്യാറാവുന്നില്ലാത്തതിനാല്‍ കുര്യന്റെ ഉള്‍വിളികള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാറില്ല.  സ്വതവേ മറ്റുള്ളവരെ ശ്രവിക്കുന്നതിനുപരി ശ്രവിക്കപ്പെടുവാനാഗ്രഹിക്കുന്ന വ്യക്തികളുടെ  മുന്‍വിധിയോടുള്ള സമീപന രീതികള്‍ കുര്യനിലെന്നും ഈര്‍ഷ്യ ഉളവാക്കുന്നതായിരിന്നു. അതിനാല്‍ തന്നെ മൗനിബാവയെന്നും ചിലരെങ്കിലും കുര്യനെ വിശേഷിപ്പിക്കുന്നതിനോട് എതിരിടുവാനും ശ്രമിക്കാറില്ല. കുര്യനും ജോണിയുമടങ്ങുന്ന സുഹൃത്തുക്കളെല്ലാം തന്നെ പത്താം തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുവാന്‍ സാധിച്ചില്ലെങ്കിലും പ്രതീക്ഷച്ചതിലും മെച്ചപ്പെട്ട വിജയം നേടുവാനായി. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യബോധ്യമില്ലാതിരുന്നതിനാല്‍ കുര്യന്‍ കോളേജ് പഠനത്തിന് ചേര്‍ന്നപ്പോള്‍ കൃത്യമായ ലക്ഷ്യബോധ്യമുള്ള ജോണി പട്ടാളത്തില്‍ ചേര്‍ന്നു അതും മദ്രാസ് റെജിമെന്റില്‍ തന്നെ. കുര്യന് വീണ്ടും ഉള്‍വിളിയുണ്ടായത് കോളേജിലെ രണ്ടാം വര്‍ഷത്തിലെ പരീക്ഷയുടെ സമയത്തും, ആദ്യവര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയത്തിലും തന്നെ സാമാന്യം മാന്യമായി തോറ്റുപോയതിനാല്‍ രണ്ടാം വര്‍ഷം വീണ്ടും സപ്ലി എഴുതുവാന്‍ തയ്യാറെടുക്കുന്ന സമയത്ത്. ജീവിതത്തില്‍ ആകുലതകളും ഉത്കണ്ഠകളും ഇല്ലാത്തതിനാല്‍ മിക്കവാറും സുഖസുഷുപ്തി ലഭിച്ചിരുന്ന കുര്യന് അന്നത്തെ ദിവസം കിനാവിലൂടെയാണ് സന്ദേശം ലഭിച്ചത്. കാര്‍മേഘപ്പരവതാനിയുടെ അഭാവത്തില്‍ തെളിഞ്ഞ നീലാകാശത്തില്‍ ഉദയസൂര്യകിരണങ്ങള്‍ തഴുകി നിറയുമ്പോള്‍ തെളിയുന്ന തങ്ക പ്രഭയില്‍ തന്നെക്കാള്‍ അല്പം ഉയരം കൂടിയ ഒരു മനുഷ്യന്‍ കാട്ടിയ വഴിയേ മലഞ്ചെരിവുകളിലൂടെ എങ്ങോട്ടെന്നില്ലാതെ യാത്ര തുടരുന്നു. കൂടുതല്‍ ദുര്‍ഘടവും കുറികിയതും എന്നാല്‍ സമതലങ്ങളും നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരത്തിലെ   വഴികാട്ടിയായ ഉയരം കൂടിയ മനുഷ്യന്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന കാഴ്ച്ച. ജീവിത മാര്‍ഗം തെളിക്കുവാനാളില്ലാതായപ്പോള്‍ കൂടുതല്‍ സംഭ്രമപ്പെടുകയും ഞെട്ടിത്തരിച്ചു ചുറ്റും തിരഞ്ഞപ്പോള്‍ ഗാഢ നിദ്രയ്ക്ക് ഭംഗം വരികയും അമ്മേയെന്ന് വിളിച്ച് ചാടിയെണീറ്റു. പതിവില്ലാത്ത കുര്യന്റെ നിലവിളി കേട്ടോടിയെത്തിയ അമ്മയോട് അറിയാതെ അപ്പനെ തിരക്കി. വെളുപ്പിന് തന്നെ പാടത്തു വെള്ളം നിറയ്ക്കുവാന്‍ പോയെന്ന് കേട്ടപ്പോള്‍ അസ്വാഭാവികതയൊന്നുമുണ്ടായില്ല. എന്നാല്‍ ഏകദേശം രണ്ടും മണിക്കൂറിനുള്ളില്‍ തന്നെ ജോസഫ് മാപ്പിള അത്യാസന്നനിലയില്‍ ആശുപത്രിയിലാണെന്ന സന്ദേശമെത്തി. പാടത്ത് കുഴഞ്ഞു വീണ മാപ്പിളയെ മറ്റു പണിക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുടുംബാംഗങ്ങള്‍ എത്തുന്നതിനുമുന്‍പ് തന്നെ സഹധര്‍മിണിയോടു പോലും യാത്ര പറയുവാന്‍ സാധിക്കാതെ ശാന്തമായി ഇഹലോകവാസം വെടിഞ്ഞു.

അപ്പന്റെ ആകസ്മിക മരണത്തോടെ എല്ലാ പരീക്ഷകളുമെഴുതുവാന്‍ സാധിക്കാതെ വന്നപ്പോള്‍ കോളേജ് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു എന്നാലും അപ്പന്റെ വഴിയേ പിന്തുടര്‍ന്ന് നല്ലൊരു കൃഷിക്കാരനാകുവാനുള്ള ശ്രമവും ആരംഭിച്ചു. പരമ്പരാഗതമായ ശൈലികളില്‍ നിന്നും വ്യത്യസ്ഥമായി ആധുനിക കൃഷി രീതികളോടൊപ്പം മേന്മയേറിയ വിത്തുകളും പാകിയപ്പോള്‍ നൂറുമേനി വിളവും ലഭിക്കുവാന്‍ തുടങ്ങി. കാര്‍ഷികാദ്യോഗസഥരുടെ സമയോചിതമായ സഹകരണം കൂടി ലഭിച്ചപ്പോള്‍ നാട്ടില്‍ അറിയപ്പെടുന്ന കര്‍ഷകശ്രീയെന്ന അപരനാമവും ലഭിച്ചു. എന്നാല്‍ കാലചക്രത്തോടൊപ്പം  മനുഷ്യന്റെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതുപോലെ തന്നെ കുര്യന്റെ ജീവിതത്തിലും അപ്രതീക്ഷിതമായി പലതും സംഭവിച്ചു. പട്ടാളത്തിലെ ജീവിതം പൂര്‍ണ്ണമായി ആസ്വദിച്ചിരുന്ന ജോണി അവധിക്ക് വരുമ്പോഴെല്ലാം കുര്യന്റെ സന്തത സഹചാരിയായി തന്നെ വര്‍ത്തിച്ചിരുന്നു. സാധാരണ പട്ടാളക്കാരുടെ എല്ലാ  സ്വഭാവഗുണങ്ങളും സവിശേഷതകളുംജോണിയിലും നിറഞ്ഞിരുന്നു. ഓരോ പ്രാവശ്യവും അവധിക്കെത്തുമ്പോള്‍ കുര്യനെ സന്തോഷിപ്പിക്കുവാനും കൂടെ നിര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പട്ടാളത്തില്‍ ലഭിക്കുന്ന കടുപ്പമേറിയ പുകയില ഉല്‍പ്പന്നങ്ങളും  വിദേശിയോട് കിടപിടിക്കുന്ന മുന്തിയതരം മദ്യവും നല്‍കി പ്രീതിപ്പെടുത്തുമ്പോഴെല്ലാം തന്നെ ജോണിയുടെ ലക്ഷ്യം ആനിയാണെന്ന വസ്തുതയും കുര്യനെ ഓര്‍മിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയൊരുനാളില്‍ കുര്യന് വീണ്ടും കിനാവിലൂടെ ഉള്‍വിളിയുണ്ടായി ഇപ്രാവശ്യം വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റയായ പച്ചപ്പുല്ല് പറിക്കുവാനായി തൊടിയിലെത്തിയപ്പോള്‍ കേരള നാടിന്റെ സ്വന്തമായ വേഴാമ്പലിനെയാണ് കാണുവാന്‍ സാധിച്ചത്. നിത്യഹരിത വനമേഖലകളില്‍ മാത്രം കണ്ടുവരുന്ന മരവിത്തലച്ചിയെന്നും വിളിപ്പേരുള്ള പക്ഷിയെ കണ്ടപ്പോള്‍ കൗതുകമുണര്‍ത്തുകയും കൂടുതല്‍ അടുത്തു ചെല്ലുകയും ചെയ്തു. വേഴാമ്പലിരുന്ന മരച്ചില്ലയോട് ചേര്‍ന്ന് തന്നെയുള്ള സുഷിരത്തിലൂടെ മറ്റൊരു മനോഹരമായ ചുണ്ടും പുറത്തേയ്ക്ക് നീളുന്നത് കണ്ടപ്പോള്‍ കൗതുകമിരട്ടിക്കുകയും വീണ്ടും അല്പം കൂടി അടുത്ത് ചെല്ലുകയും ചെയ്തു. പെട്ടെന്ന് മരച്ചില്ലയിലിരുന്ന വേഴാമ്പല്‍ താഴേയ്ക്ക് കുതിക്കുകയും കുര്യന്റെ തലയില്‍ ആഞ്ഞുകൊത്തുകയും ചെയ്തു. തലയോട് പൊളിഞ്ഞ അസഹ്യമായ വേദനയോട് വീണ്ടും അലറിക്കരഞ്ഞപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റു.  പാതിരാത്രിയിലായതിനാല്‍ വീട്ടില്‍ മറ്റാരും കുര്യന്റെ അലര്‍ച്ച ശ്രദ്ധിച്ചില്ല വേദനയാല്‍ പുളഞ്ഞുപോയ കുര്യന് തലയ്ക്കു കയ്യും കൊടുത്ത് കട്ടിലിലേറ്റിരിക്കുവാന്‍ മാത്രമാണ് സാധിച്ചത്.

ആധുനികതയെ പുല്‍കി യാത്രാ സൗകര്യങ്ങള്‍ വിപുലീകൃതമായപ്പോള്‍ ലോക രാജ്യങ്ങള്‍ തമ്മിലുള്ള അകലങ്ങളും കുറഞ്ഞു. അതോടൊപ്പം നാട്ടിന്‍പുറങ്ങളിലെ യുവതീയുവാക്കള്‍ക്ക് അമേരിക്കന്‍ സ്വപ്നങ്ങള്‍ ചിറകു മുളയ്ക്കുവാന്‍ തുടങ്ങി. ആതുരശുശ്രുഷമേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളും ഉയര്‍ന്ന ശമ്പളവും മികച്ച ജീവിത സാഹചര്യങ്ങളും ലഭ്യമാകുമെന്നുള്ള വാഗ്ദാനങ്ങളുമുണ്ടായി. പ്രത്യേകിച്ചും നഴ്സിംഗ് ഒരു ജീവിതവൃത്തിക്കുള്ള തൊഴിലിനേക്കാളുപരി ജീവകാരുണ്യപ്രവര്‍ത്തനമായി പരിഗണിക്കുവാന്‍ തയ്യാറാവാത്ത  അധികാരികളും തൊഴില്‍ ദാതാക്കളുമുള്ള അവികസിത രാജ്യങ്ങളില്‍. നിര്‍ധനകുടുംബങ്ങളില്‍ നിന്നുമൊരാളെങ്കിലും വിദേശരാജ്യങ്ങളില്‍ എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുമെന്നുമുള്ള തിരിച്ചറിവും കൂടിയായപ്പോള്‍ നഴ്‌സിങ്ങില്‍ ഉന്നത ബിരുദം നേടിയ ആനി കൂടുതല്‍ പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനെ കുറ്റപ്പെടുത്തുവാന്‍ സാധിക്കാതെ വന്നു. കുടുംബജീവിതം സന്തോഷഭരിതമാകണമെങ്കില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് അനിവാര്യമാകയാല്‍ അര്‍ദ്ധമനസോടുകൂടെ ആണെങ്കിലും രാജ്യത്തെ സ്‌നേഹിക്കുന്ന പട്ടാളക്കാരനെ ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ സുന്ദരനും സുമുഖനും അതിലുപരി വിദേശ പൗരത്വവുമുള്ള ചെറുപ്പക്കാരനെ വിവാഹം കഴിച്ച് അമേരിക്കയ്ക്ക് കുടിയേറി. 

മാനസികമായി തകര്‍ന്നെങ്കിലും നിരാശാ കാമുകനായി ജീവിക്കുവാന്‍ ജോണിയിലെ പട്ടാളക്കാരന്‍ അനുവദിച്ചില്ല. ബാഹ്യമായി പ്രകടിപ്പിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും മനസില്‍  ആനിയോട് തീര്‍ത്താല്‍ തീരാത്ത പകയും. കുര്യന്‍ കാര്യമായി ഇടപെട്ടില്ലാ എന്നൊരു ആരോപണവും പരോക്ഷമായി ഉന്നയിക്കുവാന്‍ ശ്രമിച്ചിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം സുഹൃത്തുക്കളുടെ മുന്‍പില്‍ പുകവലിയിലും മദ്യസേവയിലും ജോണി പ്രാവീണ്യം തെളിയിച്ചിരുന്നെങ്കിലും മദിരാക്ഷിയില്‍ വിമുഖനായിരുന്നു. എന്നാല്‍ ആനിയുടെ വിവാഹം കഴിഞ്ഞതോടെ ജോണിയില്‍ ഒളിഞ്ഞിരുന്ന തനത് പട്ടാളക്കാരന്‍ സടകുടഞ്ഞെണീറ്റു.   ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലുള്ള തരുണീമണികളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ കഥകളും ദീര്‍ഘദൂര യാത്രകളിലെ മൈധുനവിഷയങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കുര്യന്റെ മുന്‍പില്‍ അവതരിച്ചപ്പോള്‍ നാട്ടിന്‍പുറത്തുകാരന്‍ വിശ്വസിച്ചുപോയി. ജോണിയിലെ പട്ടാളക്കാരന്റെ മോഹങ്ങളും ദിവാസ്വപ്നങ്ങളും മാത്രമാണ് ഓരോ പ്രാവശ്യവും അവിസ്മരണീയ സംഭവങ്ങളായി അവതരിപ്പിക്കുന്നതെന്ന് ജനിച്ചുവളര്‍ന്ന ഗ്രാമത്തിന് പുറത്തു പോവാത്ത കുര്യന് മനസിലായതുമില്ല. ഗ്രാമത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പില്‍ ആനവിരണ്ടപ്പോള്‍ നാട്ടുകാരോടൊപ്പം ജോണിയ്ക്കും ഓടേണ്ടി വന്നതിന്റെ നാണക്കേട് മാറ്റാനായി രണ്ടു പേരും സിനിമാ കാണുവാനുള്ള തീരുമാനം കുര്യന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ആവര്‍ത്തിച്ച് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് വകവയ്ക്കാതെയും സിനിമയിലെ നയനാന്ദകരമായ ദൃശ്യങ്ങളും ആസ്വദിക്കാതെ എരിയുന്ന പുകയിലയിലെ കറുത്ത ധൂമം ആഞ്ഞു വലിച്ചു പുകച്ചുരുളുകളായി ആകാശ വിതാനങ്ങളിലേയ്ക്ക് നിക്ഷേപിച്ചുകൊണ്ടിരുന്നത് കാക്കി വേഷധാരികള്‍ കയ്യോട് പിടിച്ചു പുറത്തേയ്ക്കാനായിച്ചു. ഒരേദിവസം പലപ്രാവശ്യം മറ്റുള്ളവരുടെ മുന്‍പില്‍ നാണക്കേട് അനുഭവിക്കേണ്ടി വന്നപ്പോള്‍ ജോണിക്ക് പിടിച്ചുനില്‍ക്കുവാനായില്ല. ഷര്‍ട്ടിന് പിടിച്ചിരുന്ന സമാധാനപാലകന്റെ പിടിത്തം വിടുവിക്കുവാനായി ജോണി തള്ളിമാറ്റി. പ്രതീക്ഷിക്കാതിരുന്ന ആക്രമത്തില്‍ പോലീസുകാരന്‍ തലയിടിച്ചു നിലത്തു വീണത് ഗുരുതരമായ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചു. അന്നത്തെ വിഷയം മറ്റുള്ളവര്‍ ഇടപെട്ടു പറഞ്ഞു തീര്‍ത്തെങ്കിലും പരിക്ക് പറ്റിയ കാക്കിധാരിക്ക് അടുത്ത ദിവസം നഷ്ടപരിഹാരവും  കൊടുക്കേണ്ടി വന്നു.

സിനിമാ തീയേറ്ററിലെ സംഭവത്തില്‍ വീണ്ടും സമൂഹത്തിന്റെ മുന്‍പില്‍ അവഹേളനാപാത്രവുമായി എന്ന തോന്നലും ആനിയുമായുള്ള വിവാഹം മുടങ്ങിയതില്‍ കുര്യന്‍ മുന്‍കൈയെടുത്തില്ലാ എന്നുള്ള മിഥ്യാധാരണയും ചേര്‍ന്നപ്പോള്‍ ജോണിയില്‍ വീണ്ടും മാനസിക സമ്മര്‍ദ്ദമേറി. അന്ന് വൈകുന്നേരത്തെ ഒത്തുചേരലിന് ജോണി എത്തിച്ചേര്‍ന്നത് ഒരു തീപ്പെട്ടിക്കൂടില്‍ കുത്തിനിറച്ച പച്ച നിറത്തിലുള്ള പുകയിലകളുമായി. പതിവുപോലെ പട്ടാളത്തിലെ വീര്യമേറിയ ത്രിഗുണരസായനത്തില്‍ തുടക്കം കുറിച്ചെങ്കിലും എവിടെയോ പന്തികേട് തിരിച്ചറിഞ്ഞ കുര്യന്‍ സംയമനം പാലിച്ചുകൊണ്ടിരുന്നു. പക്ഷെ താമസിയാതെ സംഭാഷണങ്ങള്‍ ആനിയിലെത്തിയപ്പോള്‍ ജോണിയുടെ സകല നിയന്ത്രണവും ഭേദിച്ചുകൊണ്ട് കുര്യനെ മാത്രം കുറ്റപ്പെടുത്തുവാനുള്ള ശ്രമമാരംഭിച്ചു. കുര്യന്‍ പലപ്രാവശ്യം താക്കീത് ചെയ്തിട്ടും കുത്തുവാക്കുകള്‍ക്ക് അറുതിവരാതായപ്പോള്‍ മുറിവിട്ടു പുറത്തിറങ്ങുവാന്‍ തുടങ്ങിയ കുര്യന്റെ കയ്യില്‍ കയറിപ്പിടിച്ചു. ദേഷ്യത്തെക്കാളുപരി ആല്‍മാര്‍ത്ഥ സ്‌നേഹിതന്റെ വിലമറന്ന ജോണിയെ പുറകോട്ട് തള്ളുക തന്നെ ചെയ്തു. എന്നാല്‍ തല്‍ക്കാലം  മുറിയുടെ പുറത്തിരുന്ന കുര്യനെ ജോണി തന്നെ  വന്ന് അനുനയിപ്പിച്ചു വീണ്ടും ഉള്ളിലേയ്ക്ക് ക്ഷണിച്ചു അപ്പോള്‍ മാത്രമാണ് രൂക്ഷമായതും മത്തുപിടിപ്പിക്കുന്നതുമായ ഗന്ധം മുറിയിലെങ്ങും പരന്നിരിക്കുന്നത് തിരിച്ചറിഞ്ഞത്. ജോണിയുടെ ചുണ്ടുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റിനുള്ളില്‍ കുത്തിനിറച്ചിരുന്നത് കഞ്ചാവാണെന്ന് തിരിച്ചറിയുവാന്‍ അധികനേരം വേണ്ടിവന്നില്ല. പകുതി പുകഞ്ഞു തീര്‍ന്ന സിഗരറ്റ് കുര്യന് നേരെ നീട്ടിയപ്പോള്‍ മനസില്ലാതെയാണെങ്കിലും കൈനീട്ടി വാങ്ങുവാന്‍ മാത്രമാണായത്. ആദ്യത്തെ പുകച്ചുരുള്‍ ഉള്ളിലെത്തിയപ്പോള്‍ തന്നെ നാഡീവ്യൂഹങ്ങളില്‍  വൈദ്യുതാഘാതങ്ങള്‍ ഉടലെടുത്തു വീണ്ടും പലയാവര്‍ത്തി ആഞ്ഞു വലിച്ചപ്പോള്‍ തനിക്ക് ചുറ്റും വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തിയ മാസ്മരിക ലോകം വലയം ചെയ്യുന്നതായി അനുഭവപെട്ടു.

യാന്ത്രികമായിട്ടാണെങ്കിലും ജീവിതത്തിലാദ്യമായി ലഹരിയേറിയ പുക ശ്വസിച്ചപ്പോള്‍ കുര്യനില്‍ ആനന്ദകരമായ വികാരങ്ങളുടലെടുത്തു മുഖം കൂടുതല്‍ പ്രസന്നമായി, ജോണിയെ നോക്കിപ്പറഞ്ഞു 'ഇവന്‍ കൊള്ളാമല്ലൊടെ'. ജോണിക്ക് ഉത്സാഹമേറി  'ഇതിലും കേമനുണ്ട് നിനക്ക് ഞാന്‍ വാങ്ങിത്തരാം, തല്‍ക്കാലം നമുക്ക് മറ്റൊരിടത്ത് പോകാം'. കുര്യന്റെ കൈപിടിച്ച് ഇരുട്ടിന്റെ മറവില്‍ ജോണിയെത്തിയത്  മഹിളാരത്നം രമണിയുടെ വീട്ടുമുറ്റത്ത്. തനിക്കു ചുറ്റുമുള്ളതെല്ലാം അതിസുന്ദരവും പ്രഭയോടെ തിളങ്ങിക്കൊണ്ടിരുന്നതുമായി അനുഭവപ്പെട്ടുകൊണ്ടിരുന്ന കുര്യനേയും കൂട്ടി  തികച്ചും തഴക്കമുള്ളയാളെ പോലെ രമണിയുടെ വീടിന്റെ പിന്‍വാതിലെത്തി നിലയുറപ്പിച്ചു. താമസിയാതെ രമണി വാതില്‍ തുറന്നെങ്കിലും കുര്യനെ നോക്കി ആശങ്കപ്പെടുവാന്‍ തുടങ്ങി. മറ്റേതോ മാസ്മരിക ലോകത്തില്‍ മുഴുകിയിരുന്ന കുര്യനെ തല്‍ക്കാലം പുറത്തുള്ള ഒരു കസേരയിലിരുത്തി ജോണിയും രമണിയും വീടിന്റെ വാതിലടച്ചു. അധികം വൈകാതെ തന്നെ വീടിനുള്ളില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട് അയല്‍ക്കാരെല്ലാം ഓടിയെത്തി. പെട്ടെന്ന് തന്നെ മുന്‍വാതില്‍ തുറന്നു വന്ന രമണി നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമഞ്ഞു 'വീട്ടില്‍ കള്ളന്‍ കേറി മോളേ തള്ളിയിട്ടിട്ട് പുറകുവശത്തുകൂടി ഓടി'. അതുകേട്ടതും നാട്ടുകാരില്‍ ചിലര്‍ ഓടി വീടിന്റെ പിറകിലെത്തിയപ്പോള്‍ ബോധമില്ലാതെ വെറും തറയില്‍ കിടക്കുന്ന കുര്യനെ കണ്ടു. ആദ്യമെത്തിയവര്‍ കുര്യനെ പൊക്കിയെടുത്ത് നേരെ നിര്‍ത്തുവാന്‍ ശ്രമിച്ചു പക്ഷെ പുറകെ വന്നവര്‍ മറ്റൊന്നും ആലോചിക്കാതെ അവരുടെ കൈത്തരിപ്പ് തീര്‍ക്കുവാന്‍ തുടങ്ങി. ഇതിനിടയിലാരോ പോലീസിനെ വിളിച്ചുവരുത്തി വന്നുചേര്‍ന്നത് തലേദിവസത്തെ പ്രശ്നത്തില്‍ പരിക്കുപറ്റിയ പോലീസുകാരനും, രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹവും ജോണിയോടുള്ള ചൊരുക്ക് കുര്യന്റെ ശരീരത്തോട് തീര്‍ത്തു.

പോലീസിന്റെ പിന്നീടുള്ള  നടപടിക്രമങ്ങള്‍ ദ്രുതഗതിയിലായിരുന്നു, അബോധാവസ്ഥയിലായിരുന്ന രമണിയുടെ മകളെയും നാട്ടുകാരുടെ ഇടികൊണ്ടു തളര്‍ന്ന കുര്യനെയും പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വൈദ്യസഹായത്തോടൊപ്പം കുര്യന്‍ അമിതമായി ലഹരി ഉപയോഗിച്ചതായി രേഖയും തയ്യാറാക്കി. പലപ്രാവശ്യം സത്യം പറയുവാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ കേള്‍ക്കുവാന്‍ തയ്യാറായില്ല. രമണിയുടെയും അവളുടെ മകളുടെയും മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നെങ്കിലും പോലീസിന്റെ പ്രതികാരബുദ്ധിയില്‍ താല്‍ക്കാലത്തേയ്‌ക്കെല്ലാം അവഗണിച്ചു. കുര്യനെതിരെ ഭവനഭേദനത്തിനും, മോഷണശ്രമത്തിനും മനഃപൂര്‍വമല്ലാത്ത ദേഹോപദ്രവത്തിനും കേസെടുത്തു കോടതിയില്‍ ഹാജരാക്കി. തല്‍ക്കാലം ലഭിച്ച ആള്‍ജാമ്യത്തില്‍ തലയില്‍ മുണ്ടിട്ട് വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ജോണിയെത്തി കാലുപിടിച്ചത്. പുറം ലോകമറിഞ്ഞാല്‍ തന്റെ ജോലി പോകുമെന്ന് പറഞ്ഞ് കരയുവാന്‍ തുടങ്ങിയപ്പോള്‍ കുര്യന്റെ മനസ്സലിഞ്ഞു. എന്നാലും സത്യമറിയുവാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞപ്പോള്‍ ജോണി ഉണ്ടായ സംഭവം മുഴുവന്‍ വിവരിച്ചു. രമണിയുടെ ദുര്‍നടപ്പിനോട് എതിര്‍പ്പുള്ള മകള്‍ ബഹളം വച്ചപ്പോള്‍ ജോണി വാപൊത്തിപ്പിടിച്ചു പക്ഷെ കൈയ്യില്‍ കടിച്ചവേദനയില്‍ ദേഷ്യത്തോടെ തള്ളിയിട്ടു. ഇരുട്ടായതിനാല്‍ ജോണിയെ മകള്‍ക്ക് തിരിച്ചറിയുവാന്‍ സാധിച്ചില്ല, കുര്യനായിരിക്കുമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകൊളൊന്നിച്ചു കൂടി ബഹളമായപ്പോള്‍ രമണി ജോണിയെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു, നേരം വെളുത്തപ്പോളാണ് രക്ഷപെടാനായത്. കിനാവില്‍ കണ്ട മരവിത്തലച്ചി പോലീസുകാരന്റെ രൂപത്തിലെത്തുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും വീണ്ടും കനവുകളിലൂടെയുണ്ടായ ഉള്‍വിളികള്‍ യാഥാര്‍ഥ്യമാവുക തന്നെ ചെയ്തു. പോലീസ് മെനഞ്ഞ കഥയില്‍ കൃത്രിമമുണ്ടെന്ന് തിരിച്ചറിഞ്ഞ ന്യായാധിപന്‍ ആറുമാസത്തെ സാധാരണ കാരാഗൃഹവാസമെന്ന ശിക്ഷയിലൊതുക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam