1 GBP = 98.20 INR                       

BREAKING NEWS

'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ വിവരം ചോര്‍ത്തി നല്‍കി; രാത്രിയില്‍ നല്‍കിയത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ നോക്കാമെന്നും അതുവരെ തല്‍ക്കാലം മാറിനില്‍ക്കണമെന്നും ഹൈക്കോടതിയെ സമീപിക്കണമെന്നുമുള്ള ഉപദേശം; ഇടനിലക്കാരന്‍ വഴി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്ന് മാലം സുരേഷും; പണം വച്ചുള്ള ചീട്ടുകളിക്കു കൂട്ടുനിന്ന പൊലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍; മണര്‍കാട്ടെ മാഫിയാ തലവന്‍ ഇപ്പോഴും ഒളിവില്‍ തന്നെ

Britishmalayali
kz´wteJI³

കോട്ടയം: പണം വച്ചുള്ള ചീട്ടുകളിക്കു കൂട്ടുനിന്ന പൊലീസ് ഓഫിസ് സസ്പെന്‍ഡ് ചെയ്തു. മണര്‍കാട് പൊലീസ് സ്റ്റേഷന്റെ അടുത്തു പ്രവര്‍ത്തിക്കുന്ന ചീട്ടുകളി ക്ലബ്ബില്‍ റെയ്ഡ് ചെയ്യാന്‍ പോകുന്ന വിവരം ക്ലബ് ഉടമകളെ മുന്‍കൂട്ടി അറിയിച്ചു എന്നതാണ് രതീഷ് കുമാറിനെതിരായ ആരോപണം. കഴിഞ്ഞ 11ന് മണര്‍കാട്ടെ ക്ലബ്ബില്‍ നടന്ന റെയ്ഡില്‍ 17.88 ലക്ഷം രൂപ പിടിക്കുകയും ചീട്ടുകളിച്ച 43 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ പ്രതി ചേര്‍ത്ത ക്ലബ് സെക്രട്ടറി മാലം സുരേഷിനെയും പ്രസിഡന്റ് കെ.വി. സന്തോഷിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന.

മണര്‍കാട്ടെ ചീട്ടുകളി ക്ലബ്ബും മണര്‍കാട് പൊലീസും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് മണര്‍കാട് മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആര്‍. രതീഷ് കുമാറിനെ ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി സസ്പെന്‍ഡ് ചെയ്തത്.ചീട്ടുകളി നടത്തുന്ന ക്രൗണ്‍ ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷും രതീഷ് കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വന്നിരുന്നു. ഫോണ്‍ സംഭാഷണം തന്റേതാണെന്നു രതീഷ് അന്വേഷണ ഉദ്യോഗസ്ഥനോടു സമ്മതിച്ചു. റെയ്ഡിനു ശേഷവും ഫോണ്‍ വിളിക്കുകയും കേസ് അട്ടിമറിക്കുന്നതിന് ഹൈക്കോടതിയില്‍ കേസ് കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.

റെയ്ഡ് നടന്ന ക്ലബ്ബില്‍ ചീട്ടുകളി നടക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിയെ ഇന്‍സ്‌പെക്ടര്‍ തെറ്റിദ്ധരിപ്പിച്ചു. പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ചീട്ടുകളി നടത്തിപ്പുകാരന് ചോര്‍ത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ തിരുവഞ്ചൂരിലെ വിട്ടില്‍ റെയ്ഡിനെത്തിയെങ്കിലും വീട്ടിനുള്ളില്‍ കയറാതെ മടങ്ങി, പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. മണര്‍കാട് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിപ്പുകാരനില്‍നിന്ന് മാസപ്പടി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായാണ് വിവരം. ഇന്‍സ്‌പെക്ടര്‍ക്കെതിരായ നടപടി സംബന്ധിച്ച് ഐ.ജി. തീരുമാനമെടുത്തത് ഈ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ചീട്ടുകളി സംഘത്തിനു മുന്നറിയിപ്പു നല്‍കിയതായി പുറത്തു വന്ന സംഭാഷണത്തിലുണ്ട്. സംഭവം അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി, ഒതുക്കിത്തീര്‍ക്കാന്‍ നോക്കാമെന്നും ഇന്‍സ്‌പെക്ടര്‍ ആശ്വസിപ്പിക്കുന്നു. നിങ്ങള്‍ (സുരേഷ്) എനിക്കു സഹോദരനെപ്പോലെ ആണെന്നും സംഭാഷണത്തില്‍ കേള്‍ക്കാം. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നോക്കാം, അതുവരെ തല്‍ക്കാലം മാറിനില്‍ക്കുക, ഹൈക്കോടതിയെ സമീപിക്കുക തുടങ്ങിയ ഉപദേശങ്ങളും ഇന്‍സ്‌പെക്ടര്‍ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്നും അതിന് ഇടനിലക്കാരന്‍ തന്നെ സഹായിക്കുമെന്നും മാലം സുരേഷ് പറയുന്നതായി കേള്‍ക്കാം. മുഖ്യമന്ത്രിയെ സമീപിച്ചിട്ടു കാര്യമില്ല, ഹൈക്കോടതിയില്‍ പോകുകയാണു നല്ലതെന്നാണ് അന്നേരം ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശം. ഇടനിലക്കാരന്‍ വഴി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്നും സംഭാഷണത്തിലുണ്ട്.

ക്ലബിനു താഴെ പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനങ്ങളില്‍ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സംഭാഷണത്തില്‍ മാലം സുരേഷ് ആരോപിക്കുന്നത്. മണര്‍കാട് എസ്.എച്ച്.ഒ ഇത് ശരിവയ്ക്കുന്നുമുണ്ട്. പാമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.ശ്രീജിത്താണ് പരിശോധനയ്ക്കു പിന്നിലെന്നും രതീഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സുരേഷിനെ ഉപദേശിക്കുന്നുണ്ട്. സംഭാഷണം സുരേഷ് തന്നെയാണ് റെക്കാഡ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നത്.പരിശോധനയ്ക്കു നേതൃത്വം നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതിക്ക് നിയമോപദേശം നല്‍കുകയും പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി.

രതീഷ് കുമാര്‍ വീഴ്ചവരുത്തിയെന്ന ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച രതീഷിനെ മണര്‍കാട് സ്റ്റേഷനില്‍ നിന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു പുറമേ മണര്‍കാട് സ്റ്റേഷനിലെ 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേയും നടപടി വരും. ക്രൗണ്‍ ചീട്ടുകളി ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷ് എന്ന കെ.വി.സുരേഷ് വന്‍സ്രാവുകള്‍ക്കൊപ്പം നീന്തുന്നയാളാണ്. ഒരുദിവസം 2 കോടി മുതല്‍ 5 കോടി വരെ കളത്തില്‍ വീഴുന്ന ക്ലബ്ബിനെ തൊടാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും മടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി തുടങ്ങിയത്.

കഴിഞ്ഞ 11 ന് ക്ലബില്‍ റെയ്ഡ് നടക്കുകയും ക്ലബ്ബ് പ്രസിഡന്റ് കുറുമുള്ളൂര്‍ വടക്കുംകര വി എം സന്തോഷ് അടക്കം 43 പേര്‍ പിടിയിലാകുകയും ചെയ്തതോടെയാണ് സംഗതികളുടെ കിടപ്പ് നാട്ടുകാര്‍ക്കും ബോധ്യമായത്. കൊട്ടിഘോഷിച്ചുള്ള ക്ലബ്ബിന്റെയും സെന്റ് മേരീസ് സ്റ്റിച്ചിങ് ക്ലബ്ബിന്റെയും ഉദ്ഘാടന ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. മൈലാപ്പൂരിലെ ആര്‍ച്ച്ബിഷപ്പ് ഡോ.എ.എം.ചിന്നപ്പയാണ് മാലം സുരേഷിന്റെ ഗോഡ്ഫാദര്‍. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ ആശീര്‍വാദത്തോടെയായിരുന്നു ഉദ്ഘാടനമെന്നും സൂചനയുണ്ട്. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയാണ്. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജാണ്. പരസ്യത്തില്‍ നടി ഷംന കാസിമിന്റെ പേര് കാണുന്നുണ്ടെങ്കിലും അവര്‍ ഉദ്ഘാടന ചടങ്ങിന് എത്തിയോ എന്ന് വ്യക്തമല്ല. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന് മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ എഴുതിയ ഒരു കത്തും രസകരമാണ്. എന്റെ ചെറുമകന്‍ എന്നാണ് മാലം സുരേഷിനെ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരിയിലെ ആദിത്യ ടവറുമായി സുരേഷിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയെയുും ഇ.പി.ജയരാജന്‍ എംഎല്‍എയെയുംകാണുമ്പോള്‍ വേണ്ട പോലെ സംസാരിച്ച് പ്രശ്‌നം തീര്‍ക്കണമെന്നും ആര്‍ച്ച്ബിഷപ്പ് എ.എം.ചിന്നപ്പ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 2017 ഒക്ടോബര്‍ 31 നായിരുന്നു ആ കത്ത്. കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന പ്രതി കെ.വി. സുരേഷിനെയും ഇന്‍സ്‌പെക്ടറെയും മറ്റുള്ളവരേയും സിപിഎമ്മിലെ രണ്ട് നേതാക്കളും പൊലീസിലെ ചില ഉദ്യോഗസ്ഥരുമാണെന്നും ആരോപണമുണ്ട്. നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍തന്നെ പ്രചരിപ്പിക്കുകയും ഇത് കാട്ടി ഉദ്യോഗസ്ഥരുടെമേല്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. തന്റെ ബിസിനസ് പങ്കാളിയായ ഒരു ഡി.ജി.പിക്ക് ഒപ്പംനില്‍ക്കുന്ന ചിത്രവും സുരേഷ് സ്ഥലത്തെ പൊലീസിനെ പേടിപ്പിക്കാന്‍ പ്രചരിപ്പിച്ചു.

ഒരുനേതാവിന് തിരഞ്ഞെടുപ്പ് സംഭാവനയായി ലക്ഷങ്ങള്‍ നല്‍കിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. യു.ഡിഎഫ്. സര്‍ക്കാര്‍ നടത്തിയ 'ഓപ്പറേഷന്‍ കുബേരയില്‍' ഈ നേതാവ് സഹായിച്ചതിനുള്ള ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരന്റെ പ്രതിഫലമായിരുന്നു ഇത്. ചില രാഷ്ട്രീയനേതാക്കളുടെയും, രണ്ട് ബിഷപ്പുമാരുടെയും കണക്കില്‍പ്പെടാത്ത പണം ബ്ലേഡ് ഇടപാടിനായി ഈ നടത്തിപ്പുകാരനെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്. ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ക്രൗണ്‍ ക്ലബ്ബ് നടത്തിപ്പുകാന്‍ ഒരുമിച്ചിരിക്കുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മാലം സുരേഷിന്റെ വീട് സന്ദര്‍ശിക്കുന്ന ഫോട്ടോകളും ഉണ്ട്. അതുകൊണ്ട്തന്നെ കോടികള്‍ മറിയുന്ന ഈ കച്ചവടത്തെ കുറിച്ച് സിപിഎം നേതാക്കള്‍ക്ക് അറിവില്ല എന്ന് പറഞ്ഞ് ഒഴിയുക എളുപ്പമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category