1 GBP = 93.50 INR                       

BREAKING NEWS

ഇടുക്കി നല്ലതണ്ണിയില്‍ വെള്ളച്ചാട്ടത്തിലേക്ക് കാറൊഴുകി പോയി കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കിട്ടി; മലയോര പ്രദേശങ്ങളില്‍ എല്ലാം ഉരുള്‍പൊട്ടല്‍; മൂഴിയാറും മണിയാറും അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നതോടെ പമ്പ കരകവിഞ്ഞൊഴുകുന്നത് 2018ലെ വെള്ളപ്പൊക്കത്തിന് തുല്യമായി; ഇടുക്കിയില്‍ ജലനിരപ്പുയരുമ്പോള്‍ പെരിയാറിന്റെ കരകളും പ്രളയ ഭീതിയില്‍; തെക്കു മുതല്‍ വടക്ക് വരെ തുള്ളിക്കൊരു കുടം പേമാരി; ഭീതിയുണര്‍ത്തി ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദവും എത്തുന്നു; കേരളം അതീവ ജാഗ്രതയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ഉടനീളം അതിതീവ്ര മഴ തുടരുന്നു. ഇന്നലെ രാത്രിയില്‍ പെയ്ത അതിശക്തമായ മഴയില്‍ പ്രളയ ഭീതിയിലാണ് കേരളം. കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷനും സജീവ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്ളഡ് അഡൈ്വസറിയില്‍ പറയുന്നു. അതായത് 2018ന് സമാനമായ പ്രളയത്തിനുള്ള സാധ്യതകളിലേക്കാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഏറെ നാശനഷ്ടമാണ് മഴയുണ്ടാക്കുന്നത്. എറണാകുളം അടക്കമുള്ള മധ്യ കേരളത്തിലും സ്ഥിതി ഗൗരവതരമാണ്. ആളുകളെ മാറ്റാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇതാണ് ആശങ്ക കൂട്ടുന്നത്. ഡാമുകളെല്ലാം നിറഞ്ഞു കവിഞ്ഞാല്‍ പ്രതിസന്ധി അതീവ രൂക്ഷമാകും. കൊച്ചിയും ആലുവയും വീണ്ടും വെള്ളത്തിന് അടിയിലാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ആളുകളെ നദിക്കരകളില്‍ നിന്ന് ഒഴുപ്പിക്കുന്നത്. വെള്ളിയാഴ്ച മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് കൂറ്റന്‍ തിരമാലയുണ്ടാകും. മീന്‍പിടിത്തം പാടില്ല.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ മഴ തീവ്രമായ സാഹചര്യത്തില്‍ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ദുര്‍ബലമാകും. ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പത്താം തീയതി വരെ കേരളത്തില്‍ അതിശക്തമായ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. ചില ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴ തുടരുന്ന ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ഉടനീളം മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമാണ്.

സംസ്ഥാനത്ത് മഴശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 'കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളില്‍ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.'- മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

കാര്‍ ഒഴുകിപോയി, ഒരു മൃതദേഹം കിട്ടി
ഇടുക്കി ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയിരുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോവുകയായിരുന്നു. രണ്ടു യുവാക്കള്‍ കാറിലുണ്ടായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ മേഖലകളിലെ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. തോട് കരകവിഞ്ഞ് ഏലപ്പാറ ജങ്ഷനില്‍ വെള്ളപ്പൊക്കമുണ്ടായി. വീടുകളിലും വെള്ളം കയറി. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരും. ഇടുക്കി പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയര്‍ത്തും.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രിയില്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. രാത്രി എട്ടരയോടെ പമ്പാനദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു. എയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പന്മൂഴി, മുക്കം എന്നീ കോസ്വേകളില്‍ ആറടിയിലധികം വെള്ളം ഉയര്‍ന്നു. ജലനിരപ്പ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ശബരിമല പമ്പ ത്രിവേണിയില്‍ ജലനിരപ്പുയര്‍ന്ന് പടിക്കെട്ടു മുങ്ങി. വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു.

ഇടുക്കിയില്‍ രാത്രി യാത്രാ നിയന്ത്രണം
ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയാണു നിയന്ത്രണം. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിഞ്ഞു. ഉരുള്‍പൊട്ടി, മരം വീണു, പ്രധാന പാതകള്‍ അടക്കമുള്ള റോഡുകളില്‍ ഗതാഗതം താറുമാറായി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയില്‍ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്. ഹൈറേഞ്ച് മേഖലയില്‍ മഴ കനത്ത നാശം വിതച്ചു. കട്ടപ്പന- കുട്ടിക്കാനം, കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- ഇടുക്കി റോഡുകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങള്‍ കടപുഴകി റോഡുകളിലേക്കു വീണു കിടക്കുകയാണ്. വലിയ കല്ലുകള്‍ റോഡിലേക്കു വീണതോടെ ഗതാഗതം താറുമാറായി. പലയിടത്തും ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇടുക്കി ജില്ലയില്‍ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതല്‍ ശക്തമായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 31 അടി കൂടുതലാണ്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഗ്യാപ്പ് റോഡില്‍ വീണ്ടും മലയിടിച്ചില്‍ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.

കുമളി- കോട്ടയം റോഡില്‍ (കെകെ റോഡില്‍) പന്ത്രണ്ടോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍. റോഡ് അടച്ചു. കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. വെള്ളം മണിമലയാറ്റിലേക്ക് ഒഴുകുന്നു. പൂഞ്ഞാര്‍ തെക്കേക്കര അടിവാരം പ്രദേശത്ത് മഴവെള്ളപ്പാച്ചില്‍ ഉണ്ടായി. നിലവില്‍ സ്ഥിതി ഗുരുതരമല്ല.

പെരിയാര്‍ അപകട രേഖയ്ക്ക് മുകളില്‍
കോട്ടയം, എറണാകുളം ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പെരിയാറില്‍ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.

എറണാകുളം ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്തു. നോര്‍ത്ത് പറവൂരില്‍ രാവിലെ എട്ടര മുതല്‍ വൈകിട്ട് നാലു വരെയുള്ള സമയത്ത് നാല് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. റെഡ് അലേര്‍ട്ടുള്ള ഇടുക്കിയോട് ചേര്‍ന്നുകിടക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴക്കെടുതികള്‍ രൂക്ഷമാണ്.
മലങ്കര ഡാമില്‍ നിന്നും വെള്ളമെത്തുന്ന തൊടുപുഴയാറിലും കോതമംഗലം പുഴയിലും മൂവാറ്റുപുഴയാറിലും ഇന്നലെ രാത്രിയോടെ പ്രളയ മുന്നറിയിപ്പ് ലെവല്‍ വരെ വെള്ളമുയര്‍ന്നെങ്കിലും പിന്നീടല്‍പം താഴ്ന്നിട്ടുണ്ട്. ഭൂതത്താന്‍കെട്ട് തടയണയുടെ 15 ഷട്ടറുകളും തുറന്നിട്ടുള്ളതിനാല്‍ പെരിയാറിലെ ജലനിരപ്പും ഉയരുന്നു. ഇങ്ങോട്ട് വെള്ളമൊഴുക്കുന്ന കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തുകയാണെന്ന് വൈകിട്ട് ഏഴോടെ കളക്ടര്‍ പ്രഖ്യാപിച്ചു. ഇവയുടെ ചില ഷട്ടറുകള്‍ നേരത്തേ ഭാഗികമായി ഉയര്‍ത്തിയിരുന്നു. അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതികളെ നേരിടാന്‍ ജില്ല ഒരുങ്ങിയിട്ടുണ്ടെന്നും ദുരിതാശ്വാസ നടപടികള്‍ക്ക് തുടക്കം കുറിച്ചതായും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. കോതമംഗലത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒറ്റപ്പെട്ട ആദിവാസി കുടികളില്‍ സഹായമെത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ദുരിതബാധിത മേഖലകളില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ ഇടങ്ങളില്‍ ഏതു സമയത്തും ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡം പാലിച്ച് രക്ഷാപ്രവര്‍ത്തനം
ഇന്ന് രാത്രിയില്‍ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാകാന്‍ കാത്തു നില്‍ക്കാതെ ആളുകളെ പകല്‍ തന്നെ നിര്‍ബന്ധപൂര്‍വം മാറ്റാനാണ് നിര്‍ദ്ദേശം. മലയോര മേഖലകളിലേക്ക് രാത്രിയാത്ര പൂര്‍ണമായി ഒഴിവാക്കണം. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങളോട് സഹകരിക്കുകയും വേണം. ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതു മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാംപുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പില്‍ പറയുന്നു.
തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റുകള്‍ തുറന്നതിനാല്‍ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. നാളെ പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പന്നിയാര്‍ പുഴയിലേക്ക് വെള്ളമൊഴുക്കും. ജില്ലയുടെ തീരദേശമേഖലയിലും മഴക്കെടുതികള്‍ക്ക് കുറവില്ല. ശക്തമായ കാറ്റിലും കടലാക്രമണത്തിലും കൊച്ചിയിലും ചെല്ലാനത്തും വീടുകള്‍ തകര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. ചെല്ലാനത്ത് തോടുകളിലെ നീരൊഴുക്ക് ഊര്‍ജിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

വടക്കന്‍ കേരളത്തിലും കെടുതി രൂക്ഷം
കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും അതിതീവ്ര മഴ തുടരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ടു ടീം കൂടി വ്യാഴാഴ്ചയെത്തി. ഇതടക്കം വയനാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.
താടുപുഴ, കിള്ളിയാര്‍, കോതമംഗലം, മൂവാറ്റുപുഴ ആറുകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വിധം വെള്ളം പൊങ്ങി. അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പിറവം മേഖലകളിലായി 17 വീട് തകര്‍ന്നു. മലപ്പുറത്ത് നിലമ്പൂര്‍ ടൗണിലും വെള്ളം കയറി. എട്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കര്‍ണാടക കുടകില്‍ തലക്കാവേരി ക്ഷേത്രത്തിനടുത്ത് ഉരുള്‍പൊട്ടി നാലുപേരെ കാണാതായി. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്ഹാര്‍ട്ട് ഗ്യാപ്പില്‍ വീണ്ടും മലയിടിഞ്ഞു. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും വേണാട് കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തകര്‍ന്നു. ഉരുള്‍പൊട്ടലില്‍ ഏലപ്പാറതോട് കരകവിഞ്ഞ് ടൗണ്‍ വെള്ളത്തിനടിയിലായി. കാട്ടാനയുടെ ജഡം പെരിയാര്‍ പുഴയിലൂടെ ഒഴുകിപ്പോയി. മൂന്ന് ദിവസത്തിനുള്ളില്‍ പത്തടിവെള്ളമാണ് ഇടുക്കി ജലസംഭരണിയില്‍ കൂടിയത്.

വൈദ്യുതി ലൈനുകള്‍ക്കും വ്യാപക തകരാറ്
മഴയും കാറ്റും ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് കെഎസ്ഇബി ലൈനുകള്‍ക്കും മറ്റും ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെ സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചു ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category