1 GBP = 94.80 INR                       

BREAKING NEWS

അഴിമതിയില്‍ കുളിച്ച ഭരണകൂടത്തെ നിശബ്ദം സഹിച്ച ലബനീസ് ജനതക്ക്, ബെയ്റൂട്ട് സ്ഫോടനത്തോടെ നിയന്ത്രണം വിട്ടു; നഗരത്തില്‍ പ്രതിഷേധവുമായി എത്തിയവര്‍ അക്രമാസക്തരായി; ഹിസ്ബുള്ള നേതാവിന്റേയും പാര്‍ലമെന്റ് സ്പീക്കറുടെയും കോലം തൂക്കിലേറ്റി പ്രതിഷേധം; വിദേശമന്ത്രാലയം കൈയ്യടക്കി കലാപകാരികള്‍; ലെബനന്‍ ജനത അതിജീവനത്തിനായി പൊരുതാന്‍ തുടങ്ങുന്നു

Britishmalayali
kz´wteJI³

158 പേരുടെ മരണത്തിനിടയാക്കിയ ബെയ്റൂട്ട് സ്ഫോടനം ലെബനനില്‍ മറ്റൊരു വിസ്ഫോടനത്തിന് കളമൊരുക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. ഇന്നലത്തെ സ്ഫോടനത്തില്‍ തകര്‍ന്ന ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് തീയിട്ട കലാപകാരികള്‍ കല്ലുകളും നാടന്‍ബോംബുകളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ടപ്പോള്‍ നഗരമദ്ധ്യത്തിലെ രക്തസാക്ഷി ചത്വരത്തില്‍ സൈന്യത്തെ ഇറക്കേണ്ടിവന്നു.

കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളുമായി സുരക്ഷാ ഉദ്യോഗസ്ഥരും കലാപകാരികളെ തടയുവാന്‍ ഏറെ ശ്രമിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനത്തില്‍ നഗരത്തിന്റെ പകുതിയോളം തകര്‍ന്നിരുന്നു. ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടെയും പ്രത്യക്ഷ ഉദാഹരണമായാണ് ഇന്ന് ലബനീസ് ജനത ഈ സ്ഫോടനത്തെ കാണുന്നത്. അതിന്റെ അനന്തരഫലമായിരുന്നു ഇന്നലെ ഉണ്ടായ കലാപം.

നഗരമദ്ധ്യത്തിലെ ചത്വരത്തില്‍ ഒത്തുകൂടിയ 5,000 ത്തോളം പേര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങള്‍ മുഴക്കുകയും സര്‍ക്കാരിന്റെ രാജി അവകാശപ്പെടുകയും ചെയ്തു. പിന്നീടവര്‍ ജാഥയായി പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ പോലീസ് അവരെ തടയുകയായിരുന്നു. ലബനനില്‍ കാര്യമായ സ്വാധീനമുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസറള്ളയുടേയും പാര്‍ലമെന്റ് സ്പീക്കര്‍ നബി ബെറിയുടെയുംകോലം തൂക്കിലേറ്റിയും അവര്‍ പ്രതിഷേധിച്ചു.

ഈ ജാഥക്കിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. കണ്ണീര്‍ വാതകം ഉപയോഗിച്ച് പോലീസ് തിരിച്ചടിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതില്‍ പിന്നെ ലെബനനിലെ സ്ഥിരം കാഴ്ച്ചയാണ് ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍. എന്നാല്‍, മുന്‍പെങ്ങും ഇല്ലാത്തവിധം, ഒരു കൂട്ടം മുന്‍സൈനികര്‍ ലെബനനിന്റെ വിദേശമന്ത്രാലയത്തിലേക്ക് കടന്നുകയറി അതിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീട് അതിനെ ലെബനീസ് വിപ്ലവത്തിന്റെ ഔദ്യോഗിക കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഓഫീസ് പിടിച്ചെടുക്കുന്നതും വിപ്ലവകേന്ദ്രമായി പ്രഖ്യാപിക്കുന്നതുമൊക്കെ പ്രാദേശിക ടി വി ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സൈന്യത്തെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഏകദേശം മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം വിദേശമന്ത്രാലയത്തിന്റെ ഓഫീസ് പ്രതിഷേധക്കാരില്‍ നിന്നും പിടിച്ചെടുത്തത്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് നേരത്തേ പ്രതിഷേധത്തിന്റെ സിരാകേന്ദ്രമായ രക്തസാക്ഷി ചത്വരത്തില്‍ ഒത്തുചേര്‍ന്നത്. അവരില്‍ ചിലര്‍ സ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ ചിത്രങ്ങളും പിടിച്ചിരുന്നു. മരണമടഞ്ഞ നിസ്സഹയരുടെ അതേ വിധി ലെബനനിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ലഭിക്കണം എന്നായിരുന്നു പലരും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. ''എന്റെ സര്‍ക്കാര്‍ എന്റെ ജനങ്ങളെ കൊന്നു'', ''നിങ്ങള്‍ അഴിമതിക്കാരായിരുന്നു, ഇപ്പോള്‍ കൊലപാതകികളുമായി'' എന്നൊക്കെ എഴുതിയ പ്ലക്കാര്‍ഡുകളും അവരില്‍ പലരുടെയും കൈകളില്‍ കാണാമായിരുന്നു.

സ്ഫോടനത്തില്‍ മരണമടഞ്ഞവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്ന് പ്രതിഷേധക്കാര്‍ ചത്വരത്തില്‍ ഒത്തുകൂടിയത്. ഒക്ടോബര്‍ മുതല്‍ ഭരണകൂടത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നിരുന്നു എങ്കിലും അതൊന്നും ഇത്ര ശക്തിയാര്‍ജ്ജിച്ചിരുന്നില്ല. മാറ്റത്തിന് വേണ്ടിയുള്ള ഒരു അവസരമാണിതെന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷം മദ്ധ്യത്തോടെ തന്നെ ലബനന്റെ സാമ്പത്തികസ്ഥിതി തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷമാദ്യം എത്തിയ കൊറോണ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ലബനന്റെ അവസ്ഥ ഇത്ര മോശമാക്കിയതെന്ന് പരക്കെ അഭിപ്രായമുണ്ട്. ''ഞങ്ങളെ ബന്ദികളാക്കിയിരിക്കുന്നു, ഞങ്ങള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ആകുന്നില്ല, ഞങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ആകുന്നില്ല. ഇതിലധികം ഇനി സഹിക്കാന്‍ സാധിക്കില്ല'' പ്രതിഷേധക്കാര്‍ പറയുന്നു. ഈ ദുരിതങ്ങള്‍ക്ക് മീതെയാണ് ഇപ്പോള്‍ ബെയ്റൂട്ടില്‍ ഏകദേശം മൂന്നു ലക്ഷം പേര്‍ ഭവനരഹിതരായി തീര്‍ന്നത്.

പണ്ട് ലെബനനില്‍ നടന്ന ആഭ്യന്തര യുദ്ധകാലത്തെ നേതാക്കളാണ് ഇന്ന് ലെബനന്‍ ഭരിക്കുന്നവരില്‍ ഭൂരിഭാഗവും. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയുള്ള അവര്‍ക്ക് കാര്യമായ ഭരണനിര്‍വ്വഹണ ശേഷിയുമില്ല. ആവശ്യമായ സമയത്ത് ആവശ്യമായ തീരുമാനം എടുക്കാത്തതിന്റെ പരിണിതഫലമായിരുന്നു സ്ഫോടനം. മാത്രമല്ല, ഫ്രാന്‍സിന്റെ മുന്‍ കോളനിയായിരുന്ന ഇവിടെ ഫ്രഞ്ച് പ്രസിഡന്റ് എത്തി പല ദുരിതബാധിത സ്ഥലങ്ങളും സന്ദര്‍ശിച്ചെങ്കിലും, പല ലെബനീസ് നേതാക്കളും ഇവിടങ്ങളില്‍ വന്നിട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

ഇറാനുമായി അടുപ്പമുള്ള ഹിസ്ബുള്ളയുടെ പിന്തുണയോടെയാണ് ഇപ്പോള്‍ ലെബനന്‍ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പ്രധാന പ്രതിപക്ഷമായ ലെബനന്‍ കടീബ് പാര്‍ട്ടിയുടെ എംപിമാര്‍ സര്‍ക്കാര്‍ നടപടികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തി രാജിവച്ചിരുന്നു. തീവ്രവാദികളും ഭരണകൂടവും കൈകോര്‍ക്കുമ്പോള്‍, സാധാരണ പൗരന്മാര്‍ അവഗണിക്കപ്പെടും എന്നതിന്റെ ഉത്തമോദാഹരണമാണ് ലെബനന്‍. സഹിക്കാവുന്നതിലപ്പുറം ദുരിതങ്ങളായപ്പോള്‍ ഒടുവില്‍ ജനത തെരുവിലിറങ്ങിയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category