1 GBP = 94.80 INR                       

BREAKING NEWS

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണില്‍ നല്‍കിയത് 13 കോടിയുടെ ഭരണാനുമതി; ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി; പിന്നാലെ യുണിടെക്കും; കമ്മീഷനായി സ്വപ്നയ്ക്ക് ഒരു കോടിയും; പണമെത്തിയ വഴി തേടി കേന്ദ്ര ഏജന്‍സികള്‍; വടക്കാഞ്ചേരി ഫ്ളാറ്റിലേത് പണാപഹരണത്തിന്റെ കോണ്‍സുലേറ്റ് മോഡല്‍

Britishmalayali
kz´wteJI³

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ വമ്പന്‍ പ്രതിസന്ധിയിലേക്ക്. ലൈഫ് മിഷന്‍ പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് സഹായം നല്‍കിയത് യുഎഇയിലെ സംഘടനയാണ്. നിര്‍മ്മാണത്തിനുള്ള സഹായം ഏത് വഴിയാണ് കേരളത്തില്‍ എത്തിയതെന്നതാണ് നിര്‍ണ്ണായകം. പണമെത്തിയ വഴി കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയെ ഗൗരവത്തോടെയാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് എടുത്തിട്ടുള്ളത്. വിദേശ പണം ഇടപാടുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം ആരുടെ അക്കൗണ്ടിലൂടെയാണ് എത്തിയതെന്നതാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്.

റെഡ്ക്രസ്ന്റ് 20 കോടി നല്‍കിയ വിവാദ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ 13കോടിക്ക് ഭരണാനുമതി നല്‍കിയെന്ന രേഖ പുറത്തുവന്നു. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയില്‍ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിര്‍മ്മാണ ചുമതലയും നല്‍കി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷന്‍ കിട്ടുന്നത്. സര്‍ക്കാര്‍ ഭൂമിയിലെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്റ് കരാര്‍ നല്‍കിയതെന്നതും ദുരൂഹം. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷനും മറ്റ് പ്രശ്നങ്ങളും ഉയര്‍ന്നപ്പോള്‍ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല.

സര്‍ക്കാരിന്റെ പദ്ധതിയില്‍ പൊതുഭൂമിയില്‍ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോള്‍ കമ്മീഷന്‍ ഇടപാടുകളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനില്‍ അക്കരെ എംഎല്‍എ രംഗത്തെത്തി. സര്‍ക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്റ് ഭവനങ്ങളുടെ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ലൈഫ് മിഷന്റെ പേരിലാണെന്നത് സര്‍ക്കാരിനും തിരിച്ചടിയാകും. വലിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. അനില്‍ അക്കരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വര്‍ണക്കടത്തു കേസില്‍ വിവാദമായ വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാണവുമായി സര്‍ക്കാരിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നുണ പറയുന്നതാണെന്നു രേഖകള്‍ വ്യക്തമാക്കുന്നതായി അനില്‍ അക്കര എംഎല്‍എ ആരോപിക്കുന്നു. പദ്ധതിയില്‍ ലൈഫ് മിഷനോ സര്‍ക്കാരിനോ പങ്കില്ലെന്നും റെഡ് ക്രസന്റിനാണ് എല്ലാ അനുമതിയെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കെട്ടിട നിര്‍മ്മാണാനുമതി നല്‍കിയിരിക്കുന്നത് ലൈഫ് മിഷനാണെന്നു രേഖകള്‍ വ്യക്തമാക്കുന്നതായി അനില്‍ പറഞ്ഞു. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ സര്‍ക്കാരിനും ഈ പദ്ധതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. സ്വപ്നാ സുരേഷ് തനിക്ക് ഈ പ്രോജക്ടില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന് വെളിപ്പെടുത്തിയിരുന്നു.

വടക്കാഞ്ചേരിയില്‍ മന്ത്രി എ.സി.മൊയ്തീന്റെ പ്രദേശത്താണ് ഇത് നടക്കുന്നത്. അതുകൊണ്ടു സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും പറയാനാകില്ലെന്നും അനില്‍ അക്കരെ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിദേശ ഏജന്‍സിയായ റഡ് ക്രസന്റിനു ഫ്ളാറ്റ് നിര്‍മ്മാണാനുമതി നല്‍കിയപ്പോള്‍ 1 കോടി രൂപ കമ്മിഷന്‍ കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതോടെയാണു നിര്‍മ്മാണം വിവാദമായത്. സിപിഐ ലോക്കല്‍ സെക്രട്ടറിയില്‍നിന്നും വാങ്ങിയ ഭൂമിയില്‍ കെട്ടിടം പണിയുന്നതിനു ലൈഫ് മിഷനാണു നിര്‍മ്മാണാനുമതി കരസ്ഥമാക്കിയത്. ഒരിടത്തും റെഡ് ക്രസന്റിന്റെ പേരില്ല. ഇതാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും റെഡ് ക്രസന്റിനു കേന്ദ്രാനുമതിയോടെ അനുമതി പത്രം നല്‍കണം. വിദേശ ഏജന്‍സിക്കു സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ രാജ്യത്തു കെട്ടിടം നിര്‍മ്മിക്കാനാകില്ലെന്നു അനില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ പെര്‍മിറ്റ് ലൈഫ് മിഷന്റെ പേരിലാണ്. മുഖ്യമന്ത്രി പറഞ്ഞത് ലൈഫ് മിഷന് പങ്കില്ലെന്നാണ്. റെഡ് ക്രസന്റുമായുള്ള സര്‍ക്കാരിന്റെ കരാര്‍ വെളിപ്പെടുത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

റെഡ് ക്രസന്റ് വഴി ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭൂമി വാങ്ങിയതിലും നിര്‍മ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസന്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസര്‍ക്കാര്‍ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനില്‍ അക്കര കത്തില്‍ ആരോപിക്കുന്നു.

അതിനിടെ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റിനെച്ചൊല്ലി കുപ്രചാരണം നടത്തി ലൈഫ് പദ്ധതിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മന്ത്രി എ സി മൊയ്തീന്‍ ആരോപിച്ചു. റെഡ്ക്രസന്റ് നേരിട്ട് ഫ്‌ളാറ്റ് നിര്‍മ്മിച്ച് കൈമാറുകയാണ്. സര്‍ക്കാരുമായി പണമിടപാടില്ല. മറ്റു സ്ഥാപനങ്ങളും ഇത്തരത്തില്‍ നിര്‍മ്മിക്കുന്നുണ്ട്. ഇത്തരം സ്‌പോണ്‍സര്‍മാരെ ഇല്ലാതാക്കുകയെന്ന ദുഷ്ടലാക്കാണ് ഇതിനുപിന്നില്‍. പാവങ്ങളുടെ വീടെന്ന സ്വപ്നത്തെയും തകര്‍ക്കുകയാണെന്നും മന്ത്രി ദേശാഭിമാനിയോട് പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റില്‍ യുഎഇ റെഡ് ക്രസന്റ് സ്‌പോണ്‍സര്‍ ചെയ്ത ഭവനസമുച്ചയം പൂര്‍ത്തിയാകുകയാണ്. 500 ചതുരശ്രഅടി വിസ്തീര്‍ണമുള്ള 140 വീടുകളാണ് പൂര്‍ത്തിയാവുന്നത്. റെഡ്ക്രസന്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഹലാഹി, എം എ യൂസഫലി എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ധനസഹായത്തിന് പകരം ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണഘട്ടങ്ങളിലെല്ലാം അനില്‍ അക്കര എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചതാണ്. അന്നൊന്നും ആക്ഷേപമുന്നയിച്ചില്ല.
വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഉടമസ്ഥാവകാശം റവന്യൂവകുപ്പില്‍ നിലനിര്‍ത്തി, ഭൂമി നഗരസഭയ്ക്ക് കൈമാറി. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണവും ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്. ഇതുപ്രകാരം സുതാര്യമായാണ് വീടുനിര്‍മ്മാണം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയം ഡിസംബറില്‍ നാടിന് സമര്‍പ്പിക്കും. സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, കോവിഡ് ലോക്ഡൗണ്‍മൂലം വൈകി. 140 ഭൂരഹിതരുടെ സ്വപ്നം സഫലമാകുമെന്നും മന്ത്രി പറയുന്നു.

മുഖ്യമന്ത്രി ചെയര്‍മാനായ പദ്ധതിയുടെ നടത്തിപ്പിലെ ക്രമക്കേട് വിശദമായി പരിശോധിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയ്ക്ക് അയച്ച കത്തില്‍ അനില്‍ അക്കര പറയുന്നു. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് യുഎഇ റെഡ് ക്രെസന്റ് അഥോറിറ്റിയുടെ 20 കോടി രൂപയുടെ സഹായം സ്വീകരിച്ചത്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയില്‍ ഒരു കോടി രൂപ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷനാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും അനില്‍ അക്കര കത്ത് നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category