സോമാലിയയിലേയും ലോകത്തിലെ തെന്നെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്ന കാര്യത്തില്‍ തിരിച്ചടിയാണ് ഈ നിയമം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വക്താവ് അഭിപ്രായപ്പെട്ടത്. ലൈംഗികാതിക്രമത്തിന് ഇരയായവരെ സംരക്ഷിക്കുന്നതില്‍ ഈ നിയമം പ്രതിബന്ധമാണെന്നും അത് ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും അവര്‍ ആശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ 2014-15 ലെ കണക്കനുസരിച്ച് സോമാലിയയിലെ 45 ശതമാനം യുവതികളും18 വയസ്സിന് മുന്‍പ് വിവാഹിതരോ അല്ലെങ്കില്‍ പങ്കാളിയുമായി ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചവരോ ആണ്.
2013-ല്‍ ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്ന നിയമത്തിന് കൂടുതല്‍ ശക്തിപകരണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം സോമാലിയ സമ്മതിക്കുകയും അതിനായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഒരു നിയമത്തിന് രൂപംകൊടുക്കുകയും അത് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാ കഴിഞ്ഞ വര്‍ഷം അത് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി എത്തിയപ്പോള്‍ അത് നിലവിലുള്ള നിയമത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ ഉള്ളതാണെന്ന് ചൂണ്ടിക്കാണിക്കുകയും, നിലനില്‍ക്കുന്ന വ്യത്യാസങ്ങളോടെ അവതരിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ബില്‍ തിരിച്ചയക്കുകയായിരുന്നു.
ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ബില്ല്, ശൈശവ വിവാഹത്തോടൊപ്പം മറ്റ് പല അനാചരങ്ങളും നിയമാനുസൃതമാക്കാന്‍ അനുവദിക്കുന്ന ഒന്നാണ്. ഇവയെല്ലാം നിയമം മൂലം തന്നെ നിരോധിക്കേണ്ട കാര്യങ്ങളാണ് താനും. ഈ ബില്‍ പാസാക്കുന്നത് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് സൊമാലിയന്‍ പൗരന്മാര് ഈ ബില്ലിനെതിരെയുള്ള പരാതിയില്‍ ഒപ്പുവച്ചുകഴിഞ്ഞു.
കുട്ടികളില്‍ നിന്നും അവരുടെ ബാല്യം ബലമായി പിടിച്ചുപറിക്കാന്‍ സഹായിക്കുന്ന ഈ നിയമം ഒരു കാരണവശാലും പാസ്സാക്കരുത് എന്നുതന്നെയാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. അതേ സമയം, കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ എത്തിയ ബില്‍ സ്ത്രീകളുടെ സുരക്ഷ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ ഉറപ്പാക്കുന്ന ഒന്നായിരുന്നു എന്നും ഐക്യരാഷ്ട്ര സഭ പ്രതിനിധി ചൂണ്ടിക്കാട്ടി.
കൊറോണയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ യാത്രാ വിലക്കുകള്‍ കാരണം ഇപ്പോള്‍ തന്നെ സോമാലിയയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, ഒട്ടുമിക്ക പെണ്‍കുട്ടികളും നിര്‍ബന്ധിത ചേലാ കര്മ്മത്തിന് വിധേയരാകുന്നുമുണ്ട്. മഹാവ്യാധി പകരുവാന്‍ തുടങ്ങിയതില്‍ പിന്നെ സ്ത്രീകള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പടെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊറോണമൂലം ഉയര്‍ന്നു വന്ന സാമ്പത്തിക പ്രതിസന്ധിയും, വിദ്യാഭ്യാസ രംഗം താറുമാറായതും ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂനിന്മേല് കുരു എന്ന നിലയിലെത്തിയ വെള്ളപ്പൊക്കവും ദുരിതത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അയല്‍രാജ്യമായ എത്യോപ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉണ്ടായ കനത്ത മഴയാണ് സോമാലിയയില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്.