1 GBP = 94.80 INR                       

BREAKING NEWS

മലയാളികളുടെ മനസ്സിന്‍ താഴ് വരയില്‍ 'ദേവദാരു പൂത്തുലയിച്ച' ഗാനരചയിതാവ്; നൂറുകണക്കിന് നാടകങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയ മഹാന്‍; ശ്യാമുമായുള്ള കൂട്ടുകെട്ടില്‍ തൂലിക തുമ്പു കൊണ്ട് അത്ഭുതം വിരിയിച്ച ഗാനരചയിതാവ്: കവിയും നാടകസിനിമ ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിക്ക് കേരളം ഇന്ന് വിട ചൊല്ലും

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: മലയാളികളുടെ മനസ്സിന്‍ താഴ് വരയില്‍ 'ദേവദാരു പൂത്തുലയിച്ച' ഗായകന്‍ ചുനക്കര രാമന്‍ കുട്ടിക്ക് മലയാള ഭൂമി ഇന്ന് വിട ചൊല്ലും. 84 വയസ്സായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം ചുനക്കര കാര്യാട്ടില്‍ കുടുംബാംഗമാണ്. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിനു ഗാനങ്ങള്‍ എഴുതിയ ശേഷം പിന്നണി ഗാന രംഗത്തേക്ക് എത്തി. 1978ല്‍ 'ആശ്രമം' എന്ന സിനിമയ്ക്ക് വേണ്ടി ഗാനം എഴുതിക്കൊണ്ടാണ് സിനിമയിലേക്കുള്ള രംഗപ്രവേശം.

കൊല്ലം അസീസി, മലങ്കര തിയറ്റേഴ്സ് കൊല്ലം ഗായത്രി, കേരള തിയറ്റേഴ്സ് നാഷനല്‍ തിയറ്റേഴ്സ് തുടങ്ങിയ സമിതികള്‍ക്ക് നൂറുകണക്കിന് നാടകഗാനങ്ങള്‍ എഴുതി. ഇതിനിടെ സ്വന്തമായൊരു നാടകസിമിതി രൂപീകരിച്ചു. 'മലയാള നാടകവേദി'എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ആകാശവാണിയിലെ ലളിതസംഗീതത്തിലേക്ക് ചുവടുമാറ്റി. 1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ 'അപ്സരകന്യക' എന്ന ഗാനം എഴുതിയാണ് ചുനക്കര സിനിമയിലേക്കു പ്രവേശിച്ചത്.

'ദേവദാരു പൂത്തു, എന്‍ മനസ്സിന്‍ താഴ്വരയില്‍' എന്ന ഒറ്റഗാനം മതി മലയാള സിനിമാഗാനപ്രേമികള്‍ക്ക് ചുനക്കര രാമന്‍കുട്ടിയെ എന്നും ഓര്‍മിക്കാന്‍. കൊച്ചു കുട്ടികളുടെ മനസ്സിനെ പോലും കീഴടക്കുന്ന മാധുര്യം ആണ് ഈ ഒറ്റ ഗാനത്തിലൂടെ ചുനക്കര രാമന്‍കുട്ടി കേരളക്കരയ്ക്ക് സമ്മാനിച്ചത്. 'എങ്ങനെ നീമറക്കും' എന്ന സിനിമയ്ക്കുവേണ്ടി ശ്യാം ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ചുനക്കരയുടെ റിങ് ടോണും ഈ ഗാനം തന്നെയായിരുന്നു.

ചെന്നൈയില്‍ വച്ചായിരുന്നു പാട്ടിന്റെ റെക്കോര്‍ഡിങ്. ആറു പാട്ടുകളുടെ ഈണം കേള്‍പ്പിച്ച ശേഷം നിര്‍മ്മാതാവ് അരോമ മണി പറഞ്ഞു, പാട്ടുകളെല്ലാം ഒരുപോലെ ഹിറ്റായാലേ സിനിമ വിജയിക്കൂ. പാട്ടെഴുതാന്‍ ഒരാഴ്ച സമയവും കൊടുത്തു. അരോമയ്ക്ക് അന്ന് ചെന്നൈയില്‍ ഓഫിസുണ്ട്. ഉച്ചയൂണുകഴിഞ്ഞ് കാറില്‍ അവിടേക്കു തിരിച്ചു. ശ്യാം ഉള്‍പ്പെടെ എല്ലാവരും ഉറക്കമായപ്പോള്‍ കവി ഡയറിയില്‍ എഴുത്താരംഭിച്ചു. കാര്‍ ഓഫിസിലെത്തിയപ്പോഴേക്കും പാട്ടു പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ഇരുവരുടേയും കൂട്ടുകെട്ട് പ്രശസ്തമായിരുന്നു.

'കൗമാരപ്രായം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. 'സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ..'(കുയിലിനെത്തേടി), 'ധനുമാസക്കാറ്റേ വായോ.. (മുത്തോടു മുത്ത്..), 'അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ..(പച്ച വെളിച്ചം), ഹൃദയവനിയിലെ ഗായികയോ..' (കോട്ടയം കുഞ്ഞച്ചന്‍), പാതിരാ താരമേ സ്നേഹപൂക്കള്‍ ഞാന്‍ ചോദിച്ചു (കുയിലിനെ തേടി), ശരത്കാല സന്ധ്യാ കുളിര്‍തൂകി നിന്നു (എങ്ങനെ നീ മറക്കും), ധനുമാസക്കാറ്റേ വായോ വായോ (മുത്തോട് മുത്ത്), ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍ (ഒരു നോക്കു കാണാന്‍) തുടങ്ങിയ എത്രയോ ഗാനങ്ങള്‍ ഈ കൂട്ടുകെട്ട് സമ്മാനിച്ചു.

'ഒരു തിര പിന്നെയും തിര' എന്ന സിനിമയിലെ. 'ദേവി നിന്‍ രൂപം' 'ഒരു ശിശിര മാസക്കുളിര്‍രാവില്‍'.. 'ഒരു തിര പിന്നെയും തിര' എന്നീ ഗാനങ്ങള്‍ എം.ജി. രാധാകൃഷ്ണന്റെ ഈണത്തില്‍ സൂപ്പര്‍ ഹിറ്റായി. ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയ്ക്ക് ആഗ്രഹം. 40 വര്‍ഷം നീണ്ട കാവ്യസപര്യയില്‍ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. യേശുദാസ് മുതല്‍ മോഹന്‍ലാലും മാളാ അരവിന്ദനും വരെ അദ്ദേഹത്തിന്റെ വരികള്‍ പാടി. 1994 വരെ തുടര്‍ച്ചയായി ചുനക്കര പാട്ടെഴുതി. 2001ല്‍ 'നിന്നെയും തേടി' എന്ന സിനിമയിലൂടെ രണ്ടാം വരവുണ്ടായി.

ദേവദാരു പൂത്തു, ദേവീ നിന്‍ രൂപം, സിന്ദൂരത്തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ രചിച്ചു. 2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ), പി.ടി.സജി ( മുംബൈ റെയില്‍വേ ), കെ.എസ്. ശ്രീകുമാര്‍ (സിഐഎഫ്ടി).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category