1 GBP = 99.40INR                       

BREAKING NEWS

86ല്‍ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരില്‍ കൊല്ലപ്പെട്ടത് 16 പേര്‍; 1994 ല്‍ ഉര്‍ദു വാര്‍ത്തയുടെ പേരിലും ജീവന്‍ നഷ്ടമായത് 25പേര്‍ക്ക്; 91ലെ കാവേരി കലാപത്തില്‍ കൊല്ലപ്പെട്ടത് 20 പേര്‍; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍; ആവര്‍ത്തിക്കുന്ന കലാപങ്ങളില്‍ നടുങ്ങി ബംഗലൂരു

Britishmalayali
എം മാധവദാസ്

ബംഗലൂരു: ഇന്ത്യയുടെ ഐടി ഹബ്ബ് ആയും പൊതുവെ ശാന്തിയും സമാധാനവുമുള്ള നഗരവുമായി അറിയപ്പെടുന്ന ബംഗലൂരുവില്‍ ആവര്‍ത്തിക്കുന്ന കലാപങ്ങളില്‍ ആശങ്കയോടെ അധികൃതര്‍. ഈ കോവിഡ് കാലത്തും മതത്തിന്റെ പേരിലുണ്ടായ കലാപം അധികൃതരെ ശരിക്കും നടുക്കിയിരിക്കയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ എട്ട് കലാപങ്ങള്‍ക്കാണ് ബെംഗളുരു നഗരം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ഏറ്റവും ഒടുവിലായി ബംഗളൂരുവില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തില്‍ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ മരുമകന്‍ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. സംഭവത്തില്‍ എസ്ഡിപിഐ നേതാവ് മുസാമിന്‍ പാഷ ഉള്‍പ്പെടെ 206പേരാണ് അറസ്റ്റിലായത്.ഇത് ശേഷം രണ്ടാം തവണയാണ് പ്രവാചക നിന്ദയാരോപിച്ചുള്ള കലാപത്തിന് ബെംഗളുരു നഗരം സാക്ഷ്യം വഹിക്കുന്നത്. മുന്നൂറില്‍ അധികം വാഹനങ്ങള്‍ക്കും നിരവധി കെട്ടിടങ്ങള്‍ക്കുമാണ് കലാപകാരികള്‍ തീയിട്ടത്. മൂന്നു പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അക്രമ സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. മന്ത്രി സിടി രവിതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്

86ലാണ് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട ആദ്യ കലാപം ഉണ്ടായത്. കന്നഡ ദിനപത്രമായ ഡെക്കാണ്‍ ഹെറാള്‍ഡില്‍ മലയാളിയായ പികെഎന്‍ നമ്പൂതിരിയുടെ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. മാനസിക രോഗിയായ ബാലന്‍ ആത്മഹത്യ ചെയ്യുന്നതാണ് കഥ. മുഹമ്മദ് എന്നായിരുന്നു കഥയുടെ പേര്. മുഹമ്മദ് നബിയുമായി കഥയ്ക്ക് ബന്ധമൊന്നുമില്ല. എന്നാല്‍ ചില മതനേതാക്കള്‍ അതൊരു അവസരമായി കണ്ടു. കഥയ്‌ക്കെതിരെ നടന്ന പ്രതിഷേധം കലാപമായി മാറി. കലാപകാരികള്‍ ഡെക്കാണ്‍ ഹെറാള്‍ഡിന്റെ ബെംഗളുരു ഓഫീസ് അക്രമിച്ച് തീയിട്ടു. കലാപം നിയന്ത്രിക്കുന്നതിന് പൊലീസ് വെടിയുതിര്‍ത്തു. 16 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണീരായി കാവേരി
കാവേരി നദീജല തര്‍ക്കമാണ് ബംഗലൂരുവിനെ എപ്പോഴും സംഘര്‍ഷ ഭരിതമാക്കിയിരുന്നത്. 1991ലാണ് ആദ്യമായി സംഘര്‍ഷം ഉണ്ടാകുന്നത്. 1991 ഡിസംബര്‍ ഒന്നിന് കേന്ദ്രം നിയോഗിച്ച സമിതി കാവേരി നദിയില്‍ നിന്നും 205 ടിഎംസി ജലം തമിഴ്നാടുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഉത്തരവിനെതിരെ ഡിസംബര്‍ 12ന് വന്‍ പ്രതിഷേധം ഉയര്‍ന്നു. തമിഴ്നാട്ടില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍, തമിഴ് ഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന തീയേറ്ററുകള്‍, പത്രസ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ അക്രമിക്കപ്പെട്ടു. 48 മണിക്കൂറിനിടെ അരലക്ഷത്തോളം തമിഴ്നാട്ടുകാരാണ് കര്‍ണ്ണാടകയില്‍ നിന്നും പലായനം ചെയ്തത്. കലാപത്തിനിടയില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
നാല് വര്‍ഷം മുമ്പ് ബെംഗളുരുവിലുണ്ടായത് ഇതേ വിഷയത്തിലുള്ള രണ്ടാം കലാപമായിരുന്നു. കാവേരി നദിയില്‍ നിന്നും 15,000 ക്യുസെക്‌സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്ന് 2016 സെപ്റ്റംബര്‍ 20ന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. 35 ബസുകളാണ് കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയത്. തമിഴ്നാട്ടുകാരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. അവരുടെ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. കര്‍ണ്ണാടകയുടെ പതാകയുമായി കലാപകാരികള്‍ തെരുവ് കീഴടക്കി. പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സദ്ദാമിന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും കലാപം
കേന്ദ്ര മന്ത്രിയായിരുന്ന ജാഫര്‍ ഷെരീഫ് 2007ല്‍ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധശിക്ഷക്ക് വിധേയമാക്കിയ അമേരിക്കയ്‌ക്കെതിരെയായിരുന്നു റാലി. ജനുവരി 19ന് റാലി നടത്താനായിരുന്നു ഷെരീഫിന്റെ തീരുമാനം. അതിനു രണ്ട് ദിവസം മുമ്പാണ് ആര്‍എസ്എസ് എംഎസ് ഗോള്‍വാള്‍ക്കറുടെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നത്. ഷെരീഫിന്റെ അനുയായികള്‍ ആര്‍എസ്എസ് പതിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ നശിപ്പിച്ചതോടെ സംഘപരിവാര്‍ തിരിച്ചടിച്ചു. ഇത് കലാപത്തിനു വഴിവെച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ വീടുകള്‍ക്കെതിരെയും കടകള്‍ക്കെതിരെയും ആര്‍എസ്എസ് അക്രമം അഴിച്ചുവിട്ടു. കലാപത്തിനിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
കന്നഡ നടനും സാംസ്‌കാരിക നായകനുമായ രാജ്കുമാര്‍ 2006 ഏപ്രില്‍ 12ന് മരണപ്പെട്ടു. ദുഃഖിതരായ രാജ്കുമാറിന്റെ ആരാധകര്‍ നിരത്തിലിറങ്ങി. പെട്ടെന്നുതന്നെ അതൊരു കലാപമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അക്രമിക്കപ്പെട്ടു. ആയിരത്തോളം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പെട്രോള്‍ പമ്പുകള്‍ക്കും സിനിമാ തിയ്യേറ്ററുകള്‍ക്കും തീയിട്ടു. കലാപത്തില്‍ എട്ട് ആളുകളും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ഉര്‍ദു വാര്‍ത്തയില്‍ ജീവന്‍ നഷ്ടമായത് 25പേര്‍ക്ക്
1994 ഗാന്ധി ജയന്തി ദിനത്തില്‍ ഡിഡി കന്നഡ ചാനലില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഉര്‍ദു വാര്‍ത്ത സംപ്രേഷണം ചെയ്തു. കന്നഡ ന്യൂസ് സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. അതുവരെ കന്നഡ ഭാഷയിലുള്ള പരിപാടികള്‍ മാത്രമായിരുന്നു ചാനല്‍ സംപ്രേഷണം ചെയ്തിരുന്നത്. വീരപ്പ മൊയ്‌ലി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന സമയമായിരുന്നു അത്. മുസ്ലിം പ്രീണനത്തിനു വേണ്ടിയാണ് ഉര്‍ദുവാര്‍ത്ത സംപ്രേഷണം ചെയ്തത് എന്ന് ആരോപിക്കപ്പെട്ടു. തുടര്‍ന്നുള്ള പ്രതിഷേധം സാമുദായിക കലാപമായി മാറുകയായിരുന്നു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ് പ്രധാനമായും അക്രമിക്കപ്പെട്ടത്. കലാപത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.
2012 ആഗസ്റ്റില്‍ കലാപ സമാനമായ അന്തരീഷം നഗരത്തില്‍ ഉണ്ടായിരുന്നു. അസമില കൊക്രാജറില്‍ ഉണ്ടായ വംശീയ സംഘര്‍ഷം ബെംഗളുരുവില്‍ ആശങ്ക സൃഷ്ടിച്ചു. കുടിയേറ്റക്കാരെ അക്രമിക്കുമെന്ന ആശങ്ക പടര്‍ന്നതോടെ ആയിരക്കണക്കിനു പേര്‍ നഗരം വിട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 10,000 ടിക്കറ്റുകളാണ് ഒറ്റ രാത്രികൊണ്ട് വിറ്റഴിക്കപ്പെട്ടത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരു വിധത്തിലുമുള്ള അക്രമമവും നേരിടേണ്ടിവരില്ലെന്ന് അന്ന് കര്‍ണ്ണാടക ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

എസ്ഡിപിഐയെ നിരോധിക്കുന്നു
എസ്ഡിപിഐയെ കര്‍ണാടകത്തില്‍ നിരോധിക്കും. മന്ത്രി കെ.എസ്.ഈശ്വരപ്പയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. രണ്ടുകാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കും. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. രണ്ടാമതായി എസ്ഡിപിഐയെ നിരോധിക്കും. ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 20 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. എസ്ഡിപിഐ ഒരു വിവരംകെട്ട സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപകാരികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്ദ്യൂരപ്പയും വ്യക്തമാക്കി.

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ എസ്ഡിപിഐയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. സംഘര്‍ഷം നടന്ന പ്രദേശത്ത് പൊലീസ് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്. സംഭവത്തില്‍ അറുപത് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 206ലെത്തി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടെന്ന് കണ്ടെത്തി. മുന്‍ കോണ്‍ഗ്രസ് മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ് ഇയാളെന്നും കണ്ടത്തിയിട്ടുണ്ട്. കലാപം ആസൂത്രിതമാണ്.ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. കലാപത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category