1 GBP = 96.00 INR                       

BREAKING NEWS

മാഞ്ചസ്റ്ററിലെ ജിക്കു മെഡിസിന് ചേരുമ്പോള്‍ അസ്റ്റിന്‍ കെമിക്കല്‍ എന്‍ജിനിയറിംഗിന്; എക്സിറ്ററിലെ ജെഫും സന്ദര്‍ലാന്റിലെ മെലിനും മെഡിസിന്; നോര്‍ത്തേണ്‍ അയര്‍ലന്റിലെ മിടുക്കി പ്രാസംഗിക നിയമപഠനത്തിനും; പെണ്‍കുട്ടികള്‍ സുല്ലിടുന്നത് കമ്പ്യൂട്ടിംഗിലെങ്കില്‍ ആണ്‍കുട്ടികള്‍ പിന്നോട്ടടിക്കുന്നത് ഇംഗ്ലീഷ് സാഹിത്യത്തില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വ്യാഴാഴ്ച പുറത്തു വന്ന എ ലെവല്‍ പരീക്ഷ ഫലത്തില്‍ യുകെ മലയാളികള്‍ക്കിടയില്‍ ആണ്‍കുട്ടികളുടെ മുന്നേറ്റം തുടരുന്നു. ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ടു കൂട്ടുകാരുടെയും എക്‌സിറ്ററിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മിടുക്കരുടെ വിജയവുമാണ്. മാഞ്ചസ്റ്ററിലെ രണ്ടുപേരും ഒരേ സ്‌കൂളില്‍ പഠിച്ചിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മാഞ്ചസ്റ്ററിലെ പ്രശസ്തമായ ആള്‍ട്രിഞ്ചാം ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്കും അസ്റ്റിനുമാണ് അഭിനാര്‍ഹമായ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ജിക്കു മെഡിസിന്‍ തിരഞ്ഞെടുക്കുമ്പോള്‍ അസ്റ്റിന്‍ അധികമാരും തേടിപോകാത്ത കെമിക്കല്‍ എന്‍ജിനിയറിംഗിന്റെ വഴിയേ പോകാനാണ് ഇഷ്ടപ്പെടുന്നത്. ഇരുവരുടെയും തിളക്കമാര്‍ന്ന വിജയം മാഞ്ചസ്റ്ററിലെ മലയാളി കൂട്ടായ്മകള്‍ക്കും അഭിമാനമായി മാറുകയാണ്. വരും വര്‍ഷങ്ങളില്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി മാഞ്ചസ്റ്റര്‍കാര്‍ക്കു ചൂണ്ടിക്കാട്ടാന്‍ ജിക്കുവിന്റെയും അസ്റ്റിന്റെയും പേരുകള്‍ ധാരാളം. 
രണ്ടു വിഷയങ്ങളില്‍ എ സ്റ്റാറും ഒരു വിഷയത്തില്‍ എ യും നേടിയാണ് ജിക്കു മെഡിസിന്‍ പഠനത്തിന് ചേരുന്നത്. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലാണ് ജിക്കു തുടര്‍പഠനം നടത്തുക. ജെയിന്‍ ജോസഫിന്റെയും ബിന്‍സി ജെയിന്റെയും മകനാണ് ജിക്കു. മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കു പ്രിയപ്പെട്ട കുടുംബത്തിലേക്ക് എത്തിയ വിജയ വാര്‍ത്ത ആഘോഷമാക്കുകയാണ് ജിക്കുവിന്റെ കൂട്ടുകാരും. മിതഭാഷിയായ ജിക്കു മികച്ച വിജയത്തിന് മുന്നിലും ചെറുചിരിയില്‍ സന്തോഷം ഒതുക്കുകയാണ്.

കോവിഡ് മൂലം പരീക്ഷയെഴുതാന്‍ സാധിക്കാതെ പോയതില്‍ ഉള്ള സങ്കടമാണ് മറ്റു മലയാളി വിദ്യാര്‍ത്ഥികളെ പോലെ ജിക്കുവിനും പറയാനുള്ളത്. പരീക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ വേളയിലാണ് പരീക്ഷ തന്നെ റദ്ദാക്കിയ വിവരം അറിയുന്നത്. ഏതായാലും ആഗ്രഹിച്ച വിധം തന്നെ മെഡിസിന് അഡ്മിഷന്‍ കിട്ടിയതിലുള്ള സന്തോഷമാണ് ജിക്കുവിന്റെ വീട്ടുകാരും ഇപ്പോള്‍ പങ്കിടുന്നത്. 

മൂന്നു വിഷയങ്ങളില്‍ എ സ്റ്റാറും ഒരു വിഷയത്തില്‍ എ യും നേടിയാണ് അസ്റ്റിന്‍ ഷിജു കെമിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. യുകെ മലയാളി കുട്ടികള്‍ക്കിടയില്‍ മികച്ച വിജയങ്ങളില്‍ ഒന്നു കൂടിയാണ് അസ്റ്റിന്റേത്. ടിമ്പര്‍ലിയില്‍ താമസിക്കുന്ന ഷിജു ചെറിയന്റെയും സുനി ഷിജുവിന്റെയും മകനാണ് അസ്റ്റിന്‍. ജിസിഎസ്ഇക്കു പഠിക്കുമ്പോഴും അസ്റ്റിനെ തേടി മികച്ച വിജയം തന്നെയാണ് എത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ തുടര്‍ന്നും പഠിക്കാന്‍ അവസരം ലഭിച്ചത് മറ്റൊരു ഭാഗ്യമായി മാതാപിതാക്കള്‍ കരുതുന്നു. വീട്ടില്‍ നിന്നും പോയി വരാന്‍ കഴിയുന്നു എന്നത് എല്ലായ്‌പ്പോഴും തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാത്ത കാര്യം കൂടിയാണ്.

എഞ്ചിനീയറിംഗ് മത്സരത്തിലെ നാഷണല്‍ ചാമ്പ്യന്‍ മെഡിസിന്‍ പഠനത്തിന്
ഡോര്‍ചെസ്റ്ററിലെ തോമസ് ഹാല്‍ഡി സ്‌കൂളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയാണ് ജെഫ് ജോയ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ കൊണ്ടും നേടിയ മികച്ച വിജയം ജെഫിനെ എത്തിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് എക്സിറ്ററിലെ മെഡിസിന്‍ പഠനത്തിലാണ്. ബയോളജി, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങള്‍ക്ക് മൂന്ന് എ സ്റ്റാറുകളും ഫിസിക്സിന് എ ഗ്രേഡുമാണ് ജെഫ് നേടിയത്. 

2019ല്‍ നടന്ന ലാന്റ് റോവര്‍ ജാഗ്വാര്‍ 4*4 സ്‌കൂള്‍ എഞ്ചിനീയറിംഗ് കോമ്പറ്റീഷനില്‍ പങ്കെടുത്ത് നാഷണല്‍ ചാമ്പ്യന്മാരായ ടീമായിരുന്നു ജെഫിന്റേത്. മാത്രമല്ല, 2018ലെ റൈറ്റാഗിംള്‍ ഇന്റര്‍നാഷണല്‍ മാത് സ് കോമ്പറ്റീഷന്‍ വിജയികളുമായിരുന്നു. ബാഡ്മിന്റണ്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ജെഫ് ജിസിഎസ്ഇയിലും മികച്ച വിജയമാണ് നേടിയിരുന്നത്.

ചാലക്കുടി സ്വദേശികളായ ഡോര്‍ചെസ്റ്ററിലെ ജോയ് ജോസഫിന്റെയും എബി ജോയിയുടെയും മൂത്തമകനാണ് ജെഫ്. ഡോര്‍സെറ്റ് കൗണ്ടി ഹോസ്പിറ്റലില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ജോയ്. മാതാവ് ഇതേ ഹോസ്പിറ്റലില്‍ തന്നെ തീയേറ്റര്‍ പ്രാക്ടീഷ്ണറും ആണ്. സഹോദരന്‍ ഇമ്മാനുവേല്‍ ജോയ് ഇയര്‍ 7ല്‍ പഠിക്കുകയാണ്. 

സന്ദര്‍ലാന്റിലെ മെലിന്‍ സുനിലും മെഡിസിന്‍ പഠനത്തിന്
രണ്ടു വര്‍ഷം മുന്‍പ് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി യുകെ മലയാളികള്‍ക്കിടയിലെ മിടുക്കരെ തിരഞ്ഞെടുത്തപ്പോള്‍ മുന്‍ നിരയില്‍ വന്ന സന്ദര്‍ലാന്റിലെ മെലിന്‍ സുനില്‍ ഇപ്പോള്‍ എ ലെവല്‍ റിസള്‍ട്ട് വന്നപ്പോഴും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. മൂന്നു വിഷയങ്ങളില്‍ രണ്ട് എ സ്റ്റാറും ഒരു എ യും നേടി ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനം തുടങ്ങുകയാണ്.

പതിനൊന്ന് വിഷയങ്ങളില്‍ നിന്നും ഒന്‍പതെണ്ണത്തിനും ഡബിള്‍ എ സ്റ്റാറുകളും രണ്ടെണ്ണത്തിന് എ സ്റ്റാറും നേടിയാണ് മെലിന്‍ സുനില്‍ ജിസിഎസ്ഇയില്‍ മലയാളികള്‍ക്ക് അഭിമാനമായത്. തന്റെ വിജയത്തിനു പിന്നില്‍ മാതാപിതാക്കളുടെ പിന്തുണയും കഠിനാധ്വാനവും തന്നെയാണെന്ന് മെലിന്‍ ഉറപ്പിച്ചു പറയുന്നു. സന്ദര്‍ലാന്റില്‍ പോസ്റ്റ്മാനായി ജോലി ചെയ്യുന്ന സുനില്‍ ഫ്രാന്‍സിസിന്റെയും നഴ്സായ മിനി ഫ്രാന്‍സിസിന്റെയും മകളാണ് മെലിന്‍.

കേംബ്രിഡ്ജില്‍ നിയമ പഠനത്തിന് തയ്യാറായി അനീറ്റ
രണ്ടു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഒരു വിഷയത്തിന് എ ഗ്രേഡും നേടിയാണ് അനീറ്റ സിബിന്‍ എന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ മിടുക്കിയായ മലയാളി പെണ്‍കുട്ടി മികച്ച വിജയം നേടിയത്. ഡെറിയിലെ ലുമെന്‍ ക്രിസ്റ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അനീറ്റ ബയോളജി, ഹിസ്റ്ററി, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് എ ലെവലില്‍ തെരഞ്ഞെടുത്തത്. ഇനി നിയമ പഠനത്തിന് ഒരുങ്ങുകയാണ് അനീറ്റ. ഇതിനായി യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജില്‍ അഡ്മിഷനും നേടിക്കഴിഞ്ഞു. 

പത്ത് എ സ്റ്റാറുകളും ഒരു എ ഗ്രേഡും അടക്കം ജിസിഎസ്ഇയിലും മികച്ച വിജയമായിരുന്നു അനീറ്റ നേടിയിരുന്നത്. മാത്രമല്ല, ഓള്‍ അയര്‍ലന്റ് ലിംഗ്വിസ്റ്റിക്സ് ഒളിമ്പ്യാഡില്‍ രണ്ടു തവണ ടോപ്പ് 100 ഫൈനലിസ്റ്റായും വന്നിട്ടുണ്ട്. ഇതു കൂടാതെ, റോട്ടറി യൂത്ത് ലീഡര്‍ഷിപ്പ് കോമ്പറ്റീഷന്‍ വിജയിയും ഡബ്ലിന്‍ ബെല്‍ഫാസ്റ്റ് പാര്‍ലമെന്റുകളിലേക്കും ഫ്രാന്‍സ് സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കും ഒരാഴ്ചത്തെ സ്പോണ്‍സേര്‍ഡ് ട്രിപ്പും നടത്തിയിട്ടുണ്ട്. അയര്‍ലന്റിനെ പ്രതിനിധീകരിച്ചുള്ള 22 അംഗ ടീമില്‍ ഇടം നേടിയാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചത്. ഈ വേദികളില്‍ തന്റെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള അവസരവും അനീറ്റയ്ക്ക് ലഭിച്ചിരുന്നു.

റീജിയണല്‍ ഹീറ്റ് ഓഫ് ബ്രിട്ടീഷ് കൗണ്‍സില്‍ മന്ദാരിന്‍ സ്പീക്കിംഗ് മത്സരത്തില്‍ വിജയിക്കുകയും ലണ്ടനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സിബിന്‍ മാത്യൂസ് - ഷൈജ സിബിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി താനിയ സിബിന്‍ ഇയര്‍ എട്ടില്‍ പഠിക്കുകയാണ്.

അതിനിടെ എ ലെവല്‍ റിസള്‍ട്ടിന്റെ കണക്കെടുക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട വിഷയമായി മാറുന്നത് കണക്കു തന്നെയാണ്. കണക്കു കയ്യില്‍ ഉണ്ടെങ്കില്‍ ഏതു വഴിയും തിരയാന്‍ എളുപ്പമുണ്ടെന്ന ചിന്തയാണ് എ ലെവലില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെയും സ്വാധീനിക്കുന്നത്. തൊട്ടു പുറകെയാണ് സൈക്കോളജിയുടെ സ്ഥാനം. ആകെ വിദ്യാര്‍ത്ഥികളില്‍ 12 ശതമാനം കണക്കിനെ ആശ്രയിക്കുമ്പോള്‍ എട്ടു ശതമാനം പേരും സൈക്കോളജിയുടെ പിന്നാലെയുണ്ട്. തുടര്‍ന്ന് ബയോളജിയും കെമിസ്ട്രിയും ഹിസ്റ്ററിയും ഇഷ്ടവിഷയങ്ങളായി മാറുകയാണ്. ഈ വര്‍ഷം ബിസിനസ് സ്റ്റഡീസ് കൂടുതല്‍ പേരിലേക്ക് എത്തിയപ്പോള്‍ ജ്യോഗ്രഫിയോട് കുട്ടികളുടെ ഇഷ്ടം കുറയുന്ന ട്രെന്‍ഡും വ്യക്തമാണ്. 

കംപ്യൂട്ടിംഗ് ആണ് കുട്ടികളെ കൂടുതലായി ആകര്‍ഷിക്കുന്ന മറ്റൊരു വിഷയം. പക്ഷെ കംപ്യൂട്ടിംഗ് ലോകത്തേക്ക് ആണ്‍കുട്ടികളാണ് കൂടുതലായും എത്തുന്നത്. ഈ കോഴ്‌സ് പഠിക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ വിരളമാണ് താനും. ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 14 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് കംപ്യൂട്ടിംഗ് ലോകത്ത് എത്തിച്ചേരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കോഴ്സില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം ഉയരുന്നുവെന്നത് മറ്റൊരു പ്രധാന ട്രെന്റ് ആയി മാറുന്നുണ്ട്. 

അതേസമയം ആണ്‍കുട്ടികള്‍ ഏറെ പിന്നോക്കം പോകുന്ന ചില വിഷയങ്ങളുമുണ്ട്. പ്രധാനമായും ഇംഗ്ലീഷ് സാഹിത്യത്തിലാണ് ആണ്‍കുട്ടികളുടെ താല്‍പര്യം നഷ്ടമാകുന്നത്. കൂടാതെ സോഷ്യോളജി, പെര്‍ഫോമിംഗ് ആര്‍ട്‌സ്, എക്‌സ്‌പ്രെസീവ് ആര്‍ട്‌സ് എന്നിവ പഠിക്കാനും ആണ്‍കുട്ടികള്‍ക്ക് താല്‍പര്യം കുറഞ്ഞു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category