1 GBP = 96.00 INR                       

BREAKING NEWS

കോവിഡ് യുകെ മലയാളികള്‍ക്കു നല്‍കുന്നത് വീട്ടിലേക്കുള്ള എളുപ്പവഴി; ഈ മാസം 29 മുതല്‍ എല്ലാ ശനിയാഴ്ചയും കൊച്ചിയിലേക്ക് ഹീത്രൂവില്‍ നിന്നും നേരിട്ടുള്ള വിമാനം; രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം അര്‍ദ്ധ രാത്രി കൊച്ചിയില്‍; നേരിട്ടും ഏജന്റ് വഴിയും സീറ്റ് ബുക്ക് ചെയ്യാം; ഒരാള്‍ക്ക് 435 പൗണ്ട്; വിമാനം എത്തുന്നതിന്റെ അവകാശ വാദങ്ങളുമായി പ്രാഞ്ചിയേട്ടന്മാരും രംഗത്ത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് വന്നപ്പോള്‍ ഏറെ പ്രയാസപ്പെട്ടവരാണ് ഓരോ യുകെ മലയാളിയും. ഇന്നും ആ പ്രയാസങ്ങള്‍ കുറഞ്ഞും കൂടിയും ഓരോ പ്രവാസിയും അനുഭവിക്കുകയാണ്. എന്നിനി സ്വസ്ഥമായി പിറന്ന നാട്ടില്‍ എത്താനാകും എന്നൊരാള്‍ക്കും പിടിയില്ല. കോവിഡ് ഭീതിയില്‍ സാധാരണ മരണം സംഭവിച്ചാല്‍  പോലും മൃതദേഹങ്ങള്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരു നോക്ക് കാണാന്‍ ജന്മനാട്ടില്‍ എത്തിക്കാനോ കുടുംബ കല്ലറകളിലോ ശ്മശാനത്തിലോ സംസ്‌ക്കരിക്കാനോ സാധിക്കാതെ പോകുന്നതിന്റെ ഹൃദയ വേദന അനുഭവിക്കുന്നവരും ഏറെയാണ്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജന്മം നല്‍കിയവരുടയോ പൂര്‍വ്വ പിതാക്കളുടെയോ അന്ത്യ വിശ്രമ സ്ഥലത്തിന് അരികെ തന്നെ സംസ്‌കാരം നടത്തണമെന്ന് അന്ത്യാഭിലാഷം അറിയിച്ചവര്‍ക്കു പോലും അതു നിഷേധിക്കേണ്ടി വന്നതും കോവിഡ് കാലത്തേ വേദനയായി അവശേഷിക്കുന്നു. ഇതിനിടയില്‍ നാട്ടില്‍ പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി പ്രവാസികള്‍. 

എന്നാല്‍ അഞ്ചാറു മാസങ്ങളായി അവിടെയും ഇവിടെയുമായി കുടുങ്ങി പോയവര്‍ക്കായി തണലേകാന്‍ എത്തിയ എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത് മിഷന്‍ ഒടുവില്‍ കനത്ത സമ്മര്‍ദ്ദത്തിന് ശേഷം ലണ്ടനും കൊച്ചിക്കുമിടയില്‍ നേരിട്ടുള്ള സര്‍വ്വീസുമായി എത്തുന്നത് പ്രവാസ ലോകത്തെ പുത്തന്‍ ചരിത്രമായി മാറുകയാണ്. ലണ്ടനിലേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിനു ചുരുങ്ങിയത് അര നൂറ്റാണ്ടിന്റെ കഥ പറയാന്‍ ഉണ്ടെങ്കിലും ഇത്രയും കാലം യുകെ മലയാളികള്‍ പലതരം യാതനകള്‍ പേറിയാണ് ജന്മ നാട്ടില്‍ എത്തികൊണ്ടിരുന്നത്.

ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ നാടുകളിലും ഒക്കെ പല വിമാനത്താവളങ്ങളില്‍ മണിക്കൂറുകളും ദിവസങ്ങളും വരെ ചിലവിട്ട ശേഷമാണ് ഇതുവരെ കേരളത്തില്‍ എത്താന്‍ സാധിച്ചിട്ടുള്ളത്. ആ ദുരിതം തല്‍ക്കാലം കോവിഡ് കാലത്തെങ്കിലും ഇനി അനുഭവിക്കേണ്ടതില്ല എന്നതാണ് അഞ്ചാം ഘട്ടം വന്ദേഭാരത് പദ്ധതിയുമായി യുകെ മലയാളികള്‍ക്ക് അടുത്തേക്ക് എത്തുന്ന ഇന്ത്യന്‍ സര്‍ക്കാരും എയര്‍ ഇന്ത്യയും പങ്കിടുന്ന പ്രധാന സന്തോഷ വര്‍ത്തമാനം. 

എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍ നിന്നും ലണ്ടനില്‍ എത്തുന്ന എയര്‍ ഇന്ത്യ വിമാനം തിരികെ പറക്കുന്നത് ശനിയാഴ്ചയാണ്. രാവിലെ ലണ്ടനില്‍ നിന്നും പുറപ്പെടുന്ന വിമാനം അന്ന് രാത്രി കൊച്ചിയില്‍ ലാന്‍ഡ് ചെയ്യും. ഇതുവഴി കേരളത്തിലും യുകെയിലും ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങള്‍ക്കും മറ്റും കാര്യമായ പ്രയാസം കൂടാതെ ഇരു സ്ഥലത്തും എത്തിച്ചേരാന്‍ സാധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

തല്‍ക്കാലം ഒരാഴ്ച ഒരു സര്‍വീസാണ് അഞ്ചാം ഘട്ടം വന്ദേ ഭാരത് മിഷനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അഞ്ചു വിമാനങ്ങള്‍ അഞ്ചു ആഴ്ച പറക്കുന്നതോടെ സെപ്റ്റംബര്‍ മാസം അവസാനം വരെ ഈ വിമാനം യുകെ മലയാളികള്‍ക്ക് ആശ്വാസമായി മാറും. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് 435 പൗണ്ടും തിരിച്ചുള്ള കൊച്ചി - ലണ്ടന്‍ യാത്രക്ക് 470 പൗണ്ടും ശരാശരി നിരക്ക് ഈടാക്കിയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.

വണ്‍വേ ബുക്കിംഗ് മാത്രമാണ് അനുവദനീയം. ഇരു രാജ്യത്തും എത്തുമ്പോള്‍ അതാത് സര്‍ക്കാരുകള്‍ അനുശാസിക്കുന്ന ക്വാറന്റീന്‍ രീതികള്‍ പിന്തുടരേണ്ടിയും വരും. സാധാരണ ഫ്ളൈറ്റുകള്‍ ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായാണ് കൂടുതല്‍ റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുന്നതെന്നും സൂചനയുണ്ട്. 

അതിനിടെ ലണ്ടന്‍ - കൊച്ചി വിമാനം എത്തുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അനവധി പ്രാഞ്ചിയേട്ടന്മാര്‍ രംഗത്ത് എത്തിത്തുടങ്ങി. യുകെയിലെ ഒരു മലയാളി കൗണ്‍സിലര്‍, കേരളത്തില്‍ നിന്നുള്ള ഒരു മുന്‍കേന്ദ്രമന്ത്രി, ചില യുകെ മലയാളി സംഘടനകള്‍ എന്നിവരൊക്കെ ഇക്കാര്യം ആവര്‍ത്തിക്കുമ്പോള്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മലയാളി അഭിഭാഷകയുടെ ഇടപെടലും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ മുഖേനെ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുകയും തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുക ആയിരുന്നു എന്നും പറയപ്പെടുന്നു.

ഏതു സാഹചര്യത്തില്‍ ആയാലും കോവിഡ് നിയന്ത്രണം മൂലം എത്തിയ ഈ നേരിട്ടുള്ള വിമാനം കോവിഡിന് ശേഷമുള്ള കാലത്തും ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും പറന്നാല്‍ അത് യുകെ മലയാളികള്‍ക്ക് ഏറെ ആശ്വാസം പകരും എന്നാണ് സാധാരണക്കാര്‍ കരുതുന്നത്. അടുത്തിടെയായി 25000 മലയാളികള്‍ കൂടി യുകെയില്‍ തൊഴില്‍ തേടി എത്തിയതോടെ ആകെ യുകെ മലയാളികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വീസിനെ ലാഭകരമാക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തല്‍. നേരിട്ടുള്ള സര്‍വീസ് എന്ന പരിഗണനയില്‍ മുഴുവന്‍ മലയാളികളും എയര്‍ ഇന്ത്യയെ തുടര്‍ന്നും ആശ്രയിക്കാന്‍ തയ്യാറായാല്‍ ഇപ്പോള്‍ എത്തുന്ന വിമാനം തുടര്‍ന്നും സ്ഥിരമായി പറക്കാന്‍ ഉള്ള അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

ആഴ്ചതോറുമുള്ള ലണ്ടന്‍ - കൊച്ചി സര്‍വീസില്‍ സീറ്റിനായി ബുക്ക് ചെയ്യുന്നതിന് പ്രമുഖ മലയാളി ട്രാവല്‍ ഏജന്റായ ടൂര്‍ ഡിസൈനേഴ്സിനെ വിളിക്കാവുന്നതാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category