1 GBP = 95.80 INR                       

BREAKING NEWS

അമേരിക്കയില്‍ വിയര്‍പ്പൊഴുക്കിയ പണം മുടക്കിയത് കൃഷി ഓഫീസറായ അച്ഛന്റെ പ്രചോദനത്താല്‍ ഗോവിന്ദപുരത്ത്; തോട്ടത്തിലൂടെയുള്ള കള്ളക്കടത്തിനെ എതിര്‍ത്തപ്പോള്‍ രാഷ്ട്രീയക്കാരുടെ ശത്രുവായി; 12 ലക്ഷം രൂപയുടെ സ്വത്തു കൊള്ളയടിച്ചത് ഗുണ്ടകള്‍; വളര്‍ത്തു നായ്ക്കളെ പാര കൊണ്ട് കുത്തി കൊന്നു; തോട്ടം ഒഴിവാക്കിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ദിനേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത് സിപിഎം നേതാവ് കൃഷ്ണദാസ്; സ്വന്തം ഫാമില്‍ താമസിക്കാനും വരുമാനം എടുക്കാനും കഴിയാത്ത പ്രവാസിയുടെ കണ്ണീര്‍ കഥ

Britishmalayali
ജാസിം മൊയ്ദീന്‍

പാലക്കാട്: വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം നാട്ടിലെത്തി കൃഷിയില്‍ നിക്ഷേപം നടത്തി 20 വര്‍ഷമായിട്ടും ഒരു രൂപ പോലും തിരിച്ചുപിടിക്കാനാകാതെ ഒരു പ്രവാസി സംരഭകന്‍. പാലക്കാട് ഗോവിന്ദപുരം സ്വദേശി ജിപി ദിനേഷ് കുമാറാണ് വര്‍ഷങ്ങളോളമായി തന്റെ ഫാമില്‍ നിന്നുള്ള വരുമാനമെടുക്കാനും അവിടെ താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറി ഇറങ്ങുന്നത്. തമിഴ് സംസാരിക്കുന്ന നായിഡു വിഭാഗത്തില്‍ പെട്ടയാളാണ് ദിനേഷ് കുമാര്‍.

ജനിച്ചത് കോഴിക്കോട് കല്ലായിയിലാണെങ്കിലും കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമെല്ലാമാണ് വളര്‍ന്നത്. അച്ഛന്‍ കൃഷി ഓഫീസറായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ദിനേഷ് കുമാര്‍ ജോലി തേടി അമേരിക്കയിലേക്ക് പോകുകയായിരുന്നു. 16 വര്‍ഷത്തോളം അമേരിക്കയിലെ വിവിധ കമ്പനികളില്‍ നല്ല രീതിയില്‍ ജോലി ചെയ്ത ദിനേഷ് കുമാര്‍ 2003ല്‍ നാട്ടിലെത്തി സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയില്‍ 44 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുക്കുകയായിരുന്നു. 24 ലക്ഷം രൂപ നല്‍കി മൂന്ന് വര്‍ഷത്തേക്കാണ് 44 ഏക്കര്‍ തെങ്ങിന്‍തോപ്പ് പാട്ടത്തിനെടുത്തത്.

എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പാട്ടത്തുകയില്‍ നിക്ഷേപമായി നല്‍കിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് പാട്ടക്കരാര്‍ 20 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ഇത്രയും പണം മുടക്കി തെങ്ങിന്‍തോപ്പ് പാട്ടത്തിനെടുത്തെങ്കിലും ഇപ്പോഴും അതില്‍ നിന്നുള്ള വരുമാനം എടുക്കാനോ അവിടെയുള്ള വീട്ടില്‍ താമസിക്കാനോ പറ്റാത്ത അവസ്ഥയിലാണ് വര്‍ഷങ്ങളായി ദിനേഷ്‌കുമാര്‍ ഉള്ളത്.

അതിര്‍ത്തിയിലെ അനധികൃത വഴി ചോദ്യം ചെയ്തതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി
ദിനേഷ് കുമാര്‍ പാട്ടത്തിനെടുത്ത ഭൂമി കേരള തമിഴ്നാട് അതിര്‍ത്തിയിലായിരുന്നു. പാലക്കാട് ജില്ലയില്‍ കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ചെമ്മണാംപതി ഗോവിന്ദാപുരം ചെക്‌പോസറ്റുകള്‍ക്കിടയിലുള്ള 44 ഏക്കര്‍ സ്ഥലമാണ് ദിനേഷ് കുമാര്‍ പാട്ടത്തിനെടുത്തിരുന്നത്. ദിനേഷ് കുമാര്‍ പാട്ടത്തിനെടുക്കുന്നതിന് മുമ്പ് തന്നെ ഈ തോട്ടത്തിലൂടെ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്ന വഴിയുണ്ടായിരുന്നു. ജിഎസ്ടിയും സെയില്‍സ് ടാക്‌സുമെല്ലാം വെട്ടിച്ച് ഇപ്പോഴും ഇതുവഴി കേരളത്തിലേക്ക് സാധനങ്ങള്‍ കടത്തുന്നുണ്ട്. എന്നാല്‍ പാട്ടത്തിനെടുത്തതിന് ശേഷം ഈ വഴിയിലൂടെ അനധികൃതമായി വാഹനങ്ങള്‍ കടന്നുപോകുന്നതിനെ ദിനേഷ് കുമാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥലമുടമയായ എന്‍ കനകവേല്‍ ഗൗണ്ടറും കള്ളക്കടത്ത് സംഘങ്ങളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ ഒരു അലിഘിത കരാറിന്റെ പേരിലായിരുന്നു ഈ അനധികൃത വഴി കള്ളക്കടത്ത് സംഘം ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ദിനേഷ് കുമാര്‍ ഇത് ചോദ്യം ചെയ്തതോടെ എതിര്‍പ്പുമായി സ്ഥലമുടമയും പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വന്ന് തര്‍ക്കം തുടങ്ങുകയും ചെയ്തു. ഇത്തരത്തില്‍ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് നേരത്തെ സ്ഥലം ഉടമയും ഈ രാഷ്ട്രീയക്കാരും പണം വാങ്ങുന്നുണ്ടായിരുന്നു. ദിനേഷ് കുമാര്‍ പാട്ടത്തിനെടുത്തതിന് ശേഷവും ഈ പണം സ്ഥലം ഉടമക്ക് നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ നിരന്തരം പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ നികുതി വെട്ടിപ്പിനെതിരെയും ഭീഷണികള്‍ക്കെതിരെയും ദിനേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ദിനേഷ് കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അനധികൃത വഴി അടക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തില്‍ വിധി നടപ്പിലാക്കാന്‍ പൊലീസ് ശ്രമിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഈ വിധിയില്‍ ഇപ്പോഴും നടപടിയെടുക്കാത്ത പൊലീസിനെതിരെയും നിരന്തരം പരാതികളുമായി ദിനേഷ്‌കുമാര്‍ മുന്നോട്ട് പോയതോടെ പൊലീസും ഇപ്പോള്‍ ദിനേഷ് കുമാറിന് എതിരെയാണ്. പല രീതിയിലും അദ്ദേഹത്തെ ഇപ്പോഴും പൊലീസ് ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.

എന്‍എന്‍ കൃഷ്ണദാസിന്റെ ഗുണ്ടകള്‍ വീട്ടില്‍കയറി 12 ലക്ഷം രൂപയുടെ സ്വത്തുകൊള്ളയടിച്ചു. വളര്‍ത്തുനായ്ക്കളെ പാരകൊണ്ട് കുത്തികൊന്നു.

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 2007 ഫെബ്രുവരി 1നാണ് നൂറിലധികം ആളുകള്‍ ഫാമിലേക്ക് ഇരച്ചുകയറിയത്. ഫാമിലുണ്ടായിരുന്ന മുപ്പതോളം വരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട തൊഴിലാളികളെ അവര്‍ തല്ലിച്ചതച്ചു. ജര്‍മന്‍ ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍ തുടങ്ങി ഉയര്‍ന്ന വിഭാഗത്തില്‍ പെട്ട വളര്‍ത്തുനായ്ക്കളെ കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കൊന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണ്ണാഭരണം അവര്‍ കളവ് ചെയ്തു. 2007ല്‍ 12 ലക്ഷം രൂപ മൂല്യം വരുന്ന വസ്തുക്കള്‍ അവര്‍ കൊള്ളയടിച്ചു. അന്ന് സ്വകാര്യ ആവശ്യത്തിനായി ഞാന്‍ കോയമ്പത്തൂരിലായിരുന്നതിനാലാണ് ജീവനോടെ രക്ഷപ്പെട്ടത്. തൊഴിലാളികളെ അവര്‍ മര്‍ദ്ദിച്ച് അവശരാക്കി.

അവരുടെ കുടിലുകള്‍ക്ക് തീയിട്ടു. സിപിഐഎം ചിറ്റൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന സുദേവന്റെ നേതൃത്വത്തിലായിരുന്ന അതിക്രമങ്ങള്‍ അരങ്ങേറിയത്. എന്‍എന്‍ കൃഷ്ണദാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അതിക്രമങ്ങള്‍. തൊട്ടടുത്ത ദിവസം ഈ അതിക്രമങ്ങള്‍ക്കും മോഷണത്തിനുമെതിരെ ദിനേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ സുദേവനടക്കം 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട 44 പേരില്‍ 20 പേര്‍ സിപിഐഎം പ്രവര്‍ത്തകരായിരുന്നു. ഈ കേസിന്റെ പേരില്‍ അന്ന് സിപിഐഎം ഏരിയ സെക്രട്ടറിയായിരുന്ന സുദേവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ദിനേശ് കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ അദ്ദേഹത്തിനും ഫാമിനും പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ലോക്കല്‍ പൊലീസ് കോടതിയില്‍ അറിയിച്ചത് ദിനേഷ് കുമാര്‍ അവിടെ താമസമില്ലെന്നും അതിനാല്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നുമാണ്.
മാത്രവുമല്ല അതിക്രമം നടത്തിയതിന് പ്രതികളെ അറസ്റ്റ് ചെയതെങ്കിലും മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണവും മറ്റും ഇതുവരെയും ദിനേശിന് തിരിച്ചുകിട്ടിയില്ല. അക്രമികള്‍ പാരകൊണ്ട് കുത്തിക്കൊന്ന വിദേശ ഇനത്തില്‍ പെട്ട വളര്‍ത്തുനായ്ക്കളെ കുറിച്ചും പിന്നീട് ചര്‍ച്ചകളുണ്ടായില്ല. 44 പേര്‍ അറസ്റ്റിലായ അക്രമത്തില്‍ ആകെ ഫാമില്‍ നിന്നും നഷ്ടപ്പെട്ടതെന്ന് പൊലീസ് രേഖപ്പെടുത്തിയത് കേവലം 650 രൂപ വിലവരുന്ന വാതിലിന്റെ കൊളുത്ത് മാത്രമാണ്. ഇതിനിടയില്‍ ചെന്നിവേല്‍ എന്നൊരാളുടെ പേരില്‍ എന്‍എന്‍ കൃഷണദാസും സംഘവും ഒരു വ്യാജ രേഖയുമായെത്തി പൊലീസില്‍ പരാതിയും നല്‍കി. ഈ രേഖ പ്രകാരം ഇപ്പോള്‍ ചെന്നിവേലാണ് സ്ഥലമുടമയെന്നും ദിനേശ്കുമാര്‍ ഇവിടെ അതിക്രമിച്ച് കയറിയതാണെന്നും അവര്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ദിനേശ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷത്തേക്ക് കോടതി ദിനേശ് കുമാറിനെ ശിക്ഷിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ മേല്‍ക്കോടതിയില്‍ ദിനേശ് കുമാര്‍ നല്‍കിയ അപ്പീലില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും കീഴ്‌കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ഞാന്‍ എംപിയാണ്, പറഞ്ഞതനുസരിച്ച് തോട്ടം ഒഴിവാക്കി തിരിച്ചുപോയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് എന്‍എന്‍ കൃഷ്ണദാസിന്റെ ഭീഷണി

നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിനേശ് കുമാര്‍ സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങള്‍ തുടങ്ങിയത്.സിപിഐഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം ചിന്നക്കുട്ടന്റെ നേതൃത്വത്തിലാണ് അന്ന് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത്. പാട്ടത്തുക തിരികെ നല്‍കാനും ദിനേശ് കുമാര്‍ തോട്ടം ഒഴിഞ്ഞുപോകാനുമായിരുന്നു ചര്‍ച്ചയിലുണ്ടായ തീരുമാനം. ദിനേശ് അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ നാളിതു വരെ പാട്ടത്തുക തിരികെ ലഭിച്ചിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തുന്ന ദിവസം എന്‍എന്‍ കൃഷ്ണദാസും അവിടെയുണ്ടായിരുന്നു.അദ്ദേഹം അന്ന് എംപിയാണ്. ഞാന്‍ എംപിയാണ്. പറയുന്നതനുസരിച്ച് തിരിച്ച് പോകുന്നതാണ് നല്ലത്.

അല്ലായെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് അന്ന് കൃഷണദാസ് ദിനേഷ് കുമാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എങ്കിലും താന്‍ വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പത്ത് തിരിച്ചു കിട്ടാന്‍ ഇപ്പോഴും കോടതികള്‍ കയറിയിറങ്ങുകയാണ് ഈ പ്രവാസി സംരഭകന്‍.

സഖാവെ ഞാന്‍ ഇടപെട്ട കേസാണ്, നിങ്ങള്‍ ഇതില്‍ ഇടപെടേണ്ട. വിഎസിനെയും വിരട്ടി കൃഷണദാസ്
വി എസ് അച്ച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷണന്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങി രാജ്യത്തെ മുതിര്‍ന്ന മുഴുവന്‍ സിപിഐഎം നേതാക്കള്‍ക്കും തനിക്ക് എന്‍എന്‍ കൃഷ്ണദാസിന്റെ ഗുണ്ടകളില്‍ നിന്നും നീതി വേണമെന്ന് ആവശ്യപ്പെട്ട ദിനേശ് കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ദിനേശ്കുമാറിന് നീതി ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് ഉത്തരവ് നല്‍കിയെങ്കിലും പാലക്കാട് ജില്ലയിലെ സിപിഐഎം പ്രദേശിക നേതൃത്വവും പൊലീസ് ഉദ്യോഗസ്ഥരും എന്‍എന്‍ കൃഷ്ണദാസിന്റെ നിര്‍ദ്ദേശാനുസരണം മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിച്ചില്ല.
2016ല്‍ പാലക്കാട് ഗസ്റ്റ് ഹൗസിലെത്തിയ വി എസ് അച്യുതാനന്ദനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നോ എന്ന് ആശ്ചര്യപ്പെട്ട അദ്ദേഹം എത്രയും പെട്ടെന്ന് ദിനേശ്കുമാറിന്റെ കാര്യത്തില്‍ നീതി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ സമയം പാലക്കാട് ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന എന്‍എന്‍ കൃഷ്ണദാസ് വിഎസിനോട് പറഞ്ഞത് ഇത് താന്‍ ഇടപെട്ട കേസാണെന്നും സഖാവ് ഇതില്‍ ഇടപെടേണ്ടതില്ല എന്നുമാണ്. വിഎസിനെ പോലും ഭീഷണിപ്പെടുത്തുന്നവരില്‍ നിന്ന് തനിക്ക് എങ്ങിനെ നീതിലഭിക്കാനാണെന്നാണ് ദിനേശ് കുമാര്‍ ചോദിക്കുന്നത്.

തുടക്കം മുതല്‍ പൊലീസ് ഇടപെട്ടത് നീതി നിഷേധിക്കാന്‍
എസ് ഐ ഉല്ലാസ്, സിഐ പി വാഹിദ്,ഡിവൈഎസ്പി വിജയന്‍, ഐജി വിജയ്‌സാഖറെ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെല്ലാം തുടക്കം മുതല്‍ തന്റെ കാര്യത്തില്‍ നീതി ലഭ്യമാക്കുന്നത് തടയാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്നും ദിനേശ് കുമാര്‍ പറയുന്നു. വിവിധ കോടതികളും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം തനിക്ക് നീതി ലഭ്യമാക്കണമെന്നും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഉത്തരവുകളിറക്കിയിട്ടും അവയൊന്നും നടപ്പിലാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. തന്റെ ഫാമില്‍ അതിക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പാലക്കാട് സിബിസിഐഡി ഉദ്യോഗസ്ഥന്‍ സോജനും അക്രമികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. അക്രമികള്‍ മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ ഒരു പങ്ക് അദ്ദേഹത്തിന് ലഭിച്ചതായും സംശയിക്കുന്നു.

ഒടുവില്‍ തന്റെ കേസ് നടത്തിയിരുന്ന അഡ്വക്കറ്റ് പോലും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ചതിച്ചു. അയാളിപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ഒരു കോടതിയിലെ ന്യായാധിപനാണ്. അദ്ദേഹം ചെയ്ത നീതികേടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. മലയാളം വായിക്കാനറിയാത്ത എന്നെ അദ്ദേഹം പല തവണ കബളിപ്പിച്ചു. ജനിച്ചത് കോഴിക്കോടാണെങ്കിലും വളര്‍ന്നത് തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ്. ജോലി ചെയ്തത് അമേരിക്കയിലും. അതിനാല്‍ തന്നെ മലയാളം സംസാരിക്കാന്‍ മാത്രമേ അറിയൂ. നിലവില്‍ ദിനേഷ് കുമാറിന്റെ വാഹനങ്ങള്‍ വരെ പൊലീസ് കള്ളക്കേസുകളുണ്ടാക്കി പിടിച്ചുവെച്ചിരിക്കുകയാണ്. ഫാമിലെ അഡ്രസിലേക്ക് വരുന്ന കത്തുകള്‍ അടക്കം മടക്കി അയക്കുന്നു. ഇതിനായി പോസ്റ്റ് ഓഫീസില്‍ എന്‍എന്‍ കൃഷ്ണദാസിന്റെ ആളുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിഐ വിപിന്‍ദാസ്, ദേവസ്യ തുടങ്ങിയ ഉദ്യോഗസ്ഥരാണ് ഇക്കാരണത്താല്‍ അവിടെ ആള്‍താമസമില്ലെന്നും അതുകൊണ്ട് പൊലീസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അമേരിക്കയിലെ പ്രശസ്തമായ കമ്പനികളില്‍ 16 വര്‍ഷം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്താണ് എനിക്ക് നഷ്ടമായിരിക്കുന്നത്. കൃഷിയോടുള്ള താത്പര്യം കൊണ്ടും മനസ്സമാധാനത്തോടെ ബാക്കിയുള്ള കാലം കേരളത്തില്‍ ജീവിക്കാമെന്ന മോഹം കൊണ്ടുമാണ് അത് കേരളത്തില്‍ നിക്ഷേപിക്കാമെന്ന് തീരുമാനിച്ചത്. എന്നാല്‍ അത് പൂര്‍ണ്ണമായും തനിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. തന്റെ സ്വത്ത് തിരികെ ലഭിച്ചില്ലെങ്കിലും പ്രശ്‌നമില്ല. തന്നെ വഞ്ചിച്ചവര്‍ക്കെതിരെ, തന്നെ ഈ രീതിയില്‍ പാപ്പരാക്കിയവര്‍ക്കെതിരെ മരണം വരെയും നിയമയുദ്ധം നടത്തുമെന്നും ദിനേശ് കുമാര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category