1 GBP = 102.00 INR                       

BREAKING NEWS

ഇരുണ്ട പ്രതിബിംബങ്ങള്‍

Britishmalayali
റോയ് സ്റ്റീഫന്‍

സ്സറിന്റെ കാതടപ്പിക്കുന്ന അരോചകമായ മുഴക്കം അനുനിമിഷവും വണ്ടിന്റെ മൂളല്‍ പോലെ കാതിന്റെ ഉള്ളറകളില്‍ ഇരമ്പിക്കൊണ്ടിരുന്നു. രാത്രി ജോലിക്കെത്തി നാലു മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു നിമിഷമൊന്നിരിക്കുവാന്‍ മോഹിച്ചിരുന്നപ്പോഴായിരുന്നു വീണ്ടും ബസറടിച്ചത്. മാര്‍ഗരെറ്റ് വെയ്റ്ററിന്റെ മുറിയില്‍ നിന്ന് തന്നെ വീണ്ടും വിളി വന്നപ്പോള്‍ ദേഷ്യത്തെക്കാളുപരി അരോചകമായി മാറി. പക്ഷെ ചെയ്യുന്ന ജോലിയോടുള്ള കൂറിനാലും ഓരോ മനുഷ്യജീവനേയും  സംരക്ഷിക്കുവാനായി തന്നാലാവുന്നത് എല്ലാം ചെയ്യുമെന്ന വാഗ്ദാനവും ഓര്‍മ്മയില്‍ തെളിഞ്ഞപ്പോള്‍ തല്‍ക്കാലം മുഖം പ്രസന്നമാക്കി മാഗിയുടെ മുറിയുടെ നേര്‍ക്ക് നടന്നു. ജോലിഭാരമേറി ശാരീരികമായും മാനസികമായും തളരുന്ന വേളകളില്‍ ബസ്സറിന്റെ ശബ്ദം മുഴങ്ങുമ്പോള്‍  മറ്റൊന്നും കേള്‍ക്കാനാകാത്ത വിധം വളരെ ഉച്ചത്തിലായി മാറുകയാണിപ്പോള്‍. രോഗബാധിതര്‍ക്ക് ഏറ്റവും മേന്മയേറിയ ചികിത്സാ സൗകര്യങ്ങള്‍ നല്‍കുമ്പോഴും മാഗിയെപ്പോലുള്ള അനാഥരോഗികള്‍ ചികില്‍സിക്കുന്നവര്‍ക്ക് അധിക ബാധ്യതയായി മാറുന്നത് പലരും സൗകര്യപൂര്‍വം മറക്കുന്നു. രാത്രിസമയങ്ങളിലെ  അരണ്ട വെളിച്ചത്തിലും ബസറിനോടൊപ്പം നീല പ്രകാശവും മിന്നിത്തെളിയുന്ന ചില വേളകളിലെങ്കിലും  കണ്ണുകളിലിരുട്ട് കയറുന്നതും പതിവായി മാറി. ശബ്ദതരംഗങ്ങള്‍ അദൃശ്യമായ വായുവിലൂടെ സഞ്ചരിക്കുന്നത്  സ്വസ്ഥമായ വായുവില്‍ തന്നെ വൈബ്രേഷനുകള്‍ സൃഷ്ടിച്ച് ഒരോ വ്യക്തികളുടെയും ലോലമായ കര്‍ണ്ണപുടങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകളെന്നപോലെ  ആഞ്ഞുപതിക്കുമ്പോള്‍ തലയ്ക്കുള്ളില്‍ കൊള്ളിയാന്‍ മിന്നുന്ന അനുഭവമാണിപ്പോള്‍. രാത്രികാലങ്ങളിലെങ്കിലും ബസറിന് ശബ്ദവും അതോടൊപ്പം നീല വെളിച്ചവും ആവശ്യമില്ലായെന്ന് പലയാവര്‍ത്തി അഭ്യര്‍ത്ഥിച്ചെങ്കിലും നിരാകരിക്കപ്പെട്ടു. രാത്രി ജോലി ചെയ്യുന്നവരുടെ ജീവിത ദുരിതങ്ങളെക്കാളും യാതനകളെക്കാളും  രോഗികളുടെ രോഗാവസ്ഥകള്‍ക്ക് മുന്‍ഗണന നല്‍കുകയായിരുന്നു.

മാര്‍ഗരെറ്റ് വെയ്റ്റര്‍ അവിവാഹിതയായ വയോധികയാണെങ്കിലും ചര്‍മ്മങ്ങളിലിപ്പോഴും യൗവ്വനം തുളുമ്പുന്ന അതിമനോഹരിയായ സ്ത്രീ. പുരുഷന്മാരായ വൈദ്യന്മാരോടും മറ്റു സഹപ്രവര്‍ത്തകരെയും പ്രത്യേകിച്ച് യുവത്ത്വം തുളുമ്പുന്ന ഏതൊരു പുരുഷന്റെയും മുന്‍പില്‍ ഇപ്പോഴും വാചാലയാകുവാന്‍ മടിയില്ലാത്തതും എന്നാല്‍ വളരെ രസികയുമായ സ്ത്രീ. നേഴ്‌സുമാരോടും മറ്റെല്ലാ വനിതാ സഹപ്രവര്‍ത്തകരോടും വളരെ അരോചകമായി മാത്രം പെരുമാറുന്ന സ്ത്രീയും. അടുത്ത ബന്ധുക്കളായി ആരുമില്ലെങ്കിലും ഈ അടുത്തനാളുവരെ ഇംഗ്ലണ്ടിന്റെ വിദേശകാര്യമേഖലകളില്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാല്‍ സന്ദര്‍ശകരെല്ലാവരും സര്‍ക്കാര്‍ തലങ്ങളില്‍ ഉന്നതസ്ഥാനം വഹിക്കുന്നവര്‍. അതിനാല്‍ തന്നെ പ്രത്യേക പരിഗണനകള്‍ നല്‍കുവാനുള്ള നിര്‍ദ്ദേശവും ലഭിച്ചിരുന്നു. ശ്വാസനാളങ്ങളില്‍ തുടങ്ങിയ അര്‍ബുദം നിലവില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം സുഖം പ്രാപിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. കഴിഞ്ഞ നാല് മണിക്കൂറില്‍ ഇത് മൂന്നാം പ്രാവശ്യമാണ് അനാവശ്യമായി ബസറടിപ്പിക്കുന്നത്. വീര്യമേറിയ വേദനസംഹാരിയാണ് നല്‍കിയിരിക്കുന്നതെങ്കിലും ഉറക്കമില്ലാതെ വളരെ അസ്വസ്ഥ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. വാതില്‍ തുറന്നതും എന്തോ പറയുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷെ ശബ്ദം പുറപ്പെടുവിക്കുവാന്‍ സാധിക്കാതെ ആംഗ്യത്തോടെ അടുത്തേയ്ക്ക് ക്ഷണിച്ചു. സാവധാനം കൈയ്യില്‍ പിടിച്ചു തലോടിയപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം, മിഴികള്‍ അടക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. വേദന തിന്നുന്ന രോഗിയോട് സ്വാഭാവികമായ അനുകമ്പ മനസ്സില്‍ നിറഞ്ഞെങ്കിലും രാത്രിയുടെ  മദ്ധ്യാഹ്നമായതിനാലും മറ്റ് ധാരാളം രോഗികളെ ശുശ്രുഷിക്കേണ്ടതിനാലും തല്‍ക്കാലം തിരികെ നഴ്സിങ് സ്റ്റേഷനിലേയ്ക്ക് നടന്നു. നേരം പുലരുവാനുള്ള ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇനിയും എത്രയോ പ്രാവശ്യം ബസ്സര്‍ ചിലക്കുകയും അവരുടെയെല്ലാവരുടെയും അടുത്തേയ്ക്ക് ഓടി എത്തേണ്ടിയുമിരിക്കുന്നു.

ജീവിതത്തിലൊരിക്കലെങ്കിലും പ്രകൃതിയുടെ വരദാനമായ രാവും പകലും അതിന്റെ എല്ലാ അര്‍ഥത്തിലും തന്നെ അനുഭവിക്കുവാനും ആസ്വദിക്കുവാനും ഇനിയൊരു ജന്മമുണ്ടാവണമെന്ന് നഴ്‌സിംഗ് മേഖല തിരഞ്ഞെടുത്ത വേളയില്‍ കുടുംബത്തിലെ പ്രഥമ നഴ്‌സും ഏടത്തിയുമായ  പത്മിനി ചേച്ചി  പറഞ്ഞപ്പോള്‍ മുഖവിലയ്ക്കെടുത്തില്ല. നഴ്‌സിങ്ങിനേ ഒരു ജോലിയേക്കാളേറെയും ഒരു ശുശ്രുഷയായിക്കാണുവാന്‍ മാത്രമാഗ്രഹിച്ചിരുന്ന നാളുകളായിരുന്നു.  നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ വാര്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അതിലുപരി മറ്റു സഹപ്രവര്‍ത്തകരെപ്പോലെ കുടുംബപ്രാരാബ്ധങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രാത്രി ജോലിയോട് മറുത്ത് പറയുവാനാവില്ലായിരുന്നു. പഠനം കഴിഞ്ഞു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫിലെത്തിയപ്പോളും ജീവിത സാഹചര്യത്തില്‍ വീണ്ടും വലിയ വ്യത്യാസങ്ങളില്ലാത്തതിനാല്‍ രാത്രികാലങ്ങളിലെ ജോലി തന്നെ ലഭിച്ചു. മൂന്ന് വര്‍ഷമുള്ള ഗള്‍ഫ് ജീവിതത്തിന് ശേഷമാണ് സ്വന്തമായ കുടുംബമുണ്ടായത് പക്ഷെ അവിടെയും ഭര്‍ത്താവിന് നാട്ടില്‍ മെച്ചപ്പെട്ട ജോലിയും നാടിനോടുള്ള കടപ്പാടുമായപ്പോള്‍ വീണ്ടും തനിയെയുള്ള ജീവിതമായി. അതില്‍നിന്നുമെല്ലാം മോചനം അഭിലഷിച്ചാണ്  ഏവരുടെയും എല്ലാ പ്രതീക്ഷകളും പൂവണിയാവുന്ന  നാടായ ബ്രിട്ടണിലെത്തിയത്. എന്നാല്‍ വര്‍ഷങ്ങളെറെയായിട്ടും മൂത്ത പുത്രി ഉപരിപഠനത്തിനായി വീട്ടില്‍ നിന്നുമകന്ന് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിട്ടും രാത്രി ജോലിയില്‍ നിന്നും മോചനം ലഭിക്കുന്നില്ല. 

കാര്‍ഷിക കുടുംബത്തിലെ അനുദിന ബുദ്ധിമുട്ടുകള്‍ സമൃദ്ധമായി അനുഭവിച്ചു വളര്‍ന്ന നാളുകളില്‍ എല്ലായ്‌പ്പോഴും തന്നെ  ഉള്ളായ്മകളെക്കാള്‍ ഇല്ലായ്മകള്‍ അനുഭവിച്ച  മേര്‍സിമോള്‍ മത്തായിക്ക് സ്ഥിരവരുമാനമുള്ള ഒരു ജോലി മാത്രമായിരുന്നു ജീവിത ലക്ഷ്യം. പാരമ്പര്യമായി ലഭിച്ച തുച്ഛമായ മണ്ണില്‍ കനകം വിളയിക്കുവാന്‍ പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകകേസരികളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു  അവരോരുത്തരുടേയും ഭാര്യമാര്‍ തന്നെയായിരുന്നു.  ഇല്ലായ്മകളിലും ഉള്ളത് ഒരേപോലെ പങ്കിട്ട് എല്ലാ മക്കളെയും കുടുംബത്തിനെയും നെഞ്ചോട് ചേര്‍ത്ത് സംരക്ഷിച്ചു പോറ്റിയിരുന്നത് വീടിന്റെ പിന്നാമ്പുറങ്ങളില്‍ മാത്രം വസിച്ചിരുന്ന സ്ത്രീജന്മങ്ങളായിരുന്നുയെന്ന് അനുഭവസ്ഥര്‍ മാത്രം തിരിച്ചറിഞ്ഞിരുന്ന കാലഘട്ടങ്ങള്‍. എന്നും മറ്റുള്ളവരുടെ സുഖം മാത്രം സംരക്ഷിക്കുന്ന സ്വന്തം മാതാവിന്റെ അനുദിന ജീവിതചര്യകള്‍ നെഞ്ചോട് ചേര്‍ത്തിരുന്ന പെണ്‍കുട്ടി. അദൃശ്യശക്തികളോടുള്ള അനുദിന പോരാട്ടം മാത്രമാണ് ജീവിതമെന്ന് പ്രപഞ്ച ശക്തികളോട് പോരാടുന്ന കര്‍ഷകരുടെ ജീവിതങ്ങളില്‍ നിന്നും പഠിച്ച പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പ്രതിബന്ധങ്ങള്‍ നിറഞ്ഞിരുന്നു. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിച്ചിരുന്ന മേര്‍സിമോള്‍ക്ക് പല  വിവാഹാലോചനകള്‍  എത്തിയിരുന്നെങ്കിലും മകളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ അവളുടെ അമ്മ സമ്മതിച്ചിരുന്നില്ല. മലയോര മേഖലകളിലേയ്ക്ക് കുടിയേറിയ അവളുടെ അമ്മയുടെ ബാല്യകാല സഖിയുടെ സുമുഖനായ പുത്രനെപ്പോലും മകളുടെ ഭാവിയോര്‍ത്ത് തള്ളിക്കളഞ്ഞിരുന്നു. ശാരീരികമായും മാനസികമായും വളര്‍ന്ന മേര്‍സിമോളെ തന്റെ മകന്റെ വധുവാക്കുവാന്‍ പലയിടങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തുവാന്‍ അവളുടെ അമ്മയുടെ കൂട്ടുകാരി ശ്രമിച്ചിരുന്നെങ്കിലും പത്താം തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയപ്പോള്‍ മകളെ ഉന്നത പഠനത്തിന് അയക്കുവാന്‍ അപ്പന്‍ തയ്യാറായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നെങ്കിലും പ്രീഡിഗ്രി പരീക്ഷകളില്‍ വീണ്ടും മേന്മയേറിയ ഫലമുണ്ടായപ്പോള്‍ നഴ്‌സിങ്ങില്‍ ബിരുദത്തിനുള്ള അവസരങ്ങള്‍ ലഭിച്ചു. പഠനത്തിലൂടെയാണ് ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടുവാന്‍ സാധ്യമാകുന്നതെന്ന് തിരിച്ചറിഞ്ഞ മേര്‍സിമോള്‍ക്ക് നഴ്‌സിങ് പഠനത്തിലും പ്രവര്‍ത്തനത്തിലും അവസരോചിതവും തിളക്കമേറിയതുമായ വിജയങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു.

പ്രഭാതജോലിയ്ക്കായുള്ള സഹപ്രവര്‍ത്തകര്‍ സമയത്തിനെത്തിച്ചെരുവാന്‍ പലപ്പോഴും അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് രാത്രിയിലെ ജോലിഭാരത്തെക്കാള്‍ വീട്ടിലുള്ള കുട്ടികളുടെ സുരക്ഷയോര്‍ത്ത് മാത്രമായിരുന്നു.  മുതിര്‍ന്നമോള്‍ യൂണിവേഴ്‌സിറ്റി പഠനത്തിലായതിനുശേഷം പത്താം തരത്തില്‍ പഠിക്കുന്ന മോളാണ് ആറാം ക്ളാസ്സിലുള്ള ഏറ്റവും ഇളയവളെ സ്‌കൂളിലേക്ക് തയ്യാറാക്കുന്നത്. പലയിടങ്ങളില്‍ ജോലി ചെയ്തെങ്കിലും വൃദ്ധസദനത്തിലെ ജോലിയോട് താല്പര്യമുള്ള ഷിബുച്ചേട്ടന്‍  രാവിലെത്തെ ജോലിയ്ക്കായി കുട്ടികളെ ഉണര്‍ത്തിയാലുടന്‍  പുറപ്പെടുന്നതും പതിവായതിനാല്‍ എട്ടുമണിയ്ക്ക് മുന്‍പ് വീട്ടിലെത്തിയെങ്കില്‍ മാത്രമാണ് അവരെ സമയത്തിന് സ്‌കൂളിലെത്തിക്കുവാന്‍ സാധിക്കുന്നത്. കടന്നുപോകുന്ന ഓരോ നിമിഷങ്ങള്‍ക്കും അതിന്റെതായ അമൂല്യതയുണ്ടെന്ന്  തിരിച്ചറിയുന്നത് വൈകുമ്പോഴും അതിലൂടെ നഷ്ടങ്ങളുണ്ടാവുമ്പോള്‍ മാത്രമാണ്. ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്ക് ഇരുപത് മിനിറ്റുകളുടെ യാത്രയാണെങ്കിലും പട്ടണത്തില്‍ ജീവിക്കുന്നതിനാല്‍ ചെറുതും വലുതുമായ മുപ്പത്തിയാറ് ഗതാഗത ലൈറ്റുകള്‍ തരണം ചെയ്യേണ്ടതുണ്ട്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പലപ്പോഴും ചുവപ്പിന്റെയും പച്ചയുടെയുമിടയില്‍ കുടുങ്ങുമ്പോള്‍ കുട്ടികളാണ് വ്യാകുലപ്പെടുന്നത്. അധികനേരവും ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ നിന്നും പുറത്തു കടക്കുവാനുള്ള തത്രപ്പാടാണ്, പ്രത്യേകിച്ചും പ്രവൃത്തി ദിനങ്ങളില്‍ അധികമായെത്തുന്ന രോഗികളും ശുശ്രുഷകരും ആശുപത്രി ജീവനക്കാരും ചേര്‍ന്നുള്ള ഓട്ടമത്സരത്തില്‍ ജയിക്കുന്നതിനേക്കാളുപരി തോല്‍ക്കാതിരിക്കുവാനുള്ള ജീവിത പ്രയാണമാകുന്ന ഓട്ടമത്സരം.

പതിവുസമയത്ത് തന്നെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു.ആശുപത്രിയിലെ യൂണിഫോം മാറുവാന്‍ ശ്രമിക്കാതെ കുട്ടികളുടെ ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കി അവരോരുത്തരുടേയും ബാഗില്‍ വച്ചുകൊടുത്തു. തലേന്നത്തെ പാത്രങ്ങളെല്ലാം ഭക്ഷണ അവശിഷ്ടങ്ങളോടെ അടുക്കളയുടെ സിങ്കില്‍ തന്നെ കൂമ്പാരമായി കിടക്കുന്നുണ്ട്, തല്‍ക്കാലം ഊണുമുറി വൃത്തിയാക്കിയതില്‍ ഇളയകുട്ടിക്കൊരു മുത്തം കൊടുക്കുകയും ചെയ്തു. പ്രതീക്ഷിക്കാത്ത കാഴ്ചകളല്ലാത്തതിനാല്‍ വിഷമം അനുഭവപ്പെട്ടില്ല, സമൃദ്ധിയുടെ ഉത്തുംഗശ്രിന്ഗങ്ങളില്‍ വിരാജിക്കുന്ന ചില കുട്ടികള്‍ക്ക് വീടുകളിലെ ദൈനംദിന ശുചീകരണപ്രക്രിയകളില്‍ ഭാഗമാകുവാവാനുള്ള  അഭ്യര്‍ത്ഥനകള്‍  പോലും ശാസനകളായി ചിത്രീകരിക്കപ്പെടുന്നതിനാല്‍ സമാധാന കാംഷികളായ മാതാപിതാക്കള്‍  തല്‍ക്കാലം മൗനം പാലിക്കുക തന്നെ ചെയ്യും. കുട്ടികളധികവും സ്‌കൂളീലേയ്ക്ക് കാല്‍നടയായി എത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോഴും ജോലിചെയ്യുന്ന മാതാപിതാക്കളുടെ ജീവിതപശ്ചാത്തലങ്ങള്‍ സൗകര്യപൂര്‍വം അവഗണിക്കുകയാണെന്ന് കരുതി. സ്‌കൂളില്‍ നിന്നും തെല്ലുദൂരം അകലെ വാഹനം നിര്‍ത്തി കുട്ടികളോടൊപ്പം നടക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവരുടെ കൂട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെ കുശലങ്ങള്‍ പറഞ്ഞ് അവര്‍ നടന്നു തുടങ്ങി. അല്‍പ ദൂരം നടന്നപ്പോള്‍ തന്നെ ശരീരത്തിന്റെ സന്ധിബന്ധങ്ങള്‍ അയയുന്നത്‌പോലെ അനുഭവപ്പെടുവാന്‍ തുടങ്ങി. രണ്ടുകാലില്‍ നിവര്‍ന്നു നടക്കുമ്പോള്‍   ഇടുപ്പില്‍ നിന്നും ശരീരഭാരം സുഗമമായി പാദങ്ങളിലേയ്ക്ക് മാറ്റപ്പെടുമ്പോള്‍ തന്നെ നാഡീഞരമ്പുകള്‍ക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കുന്നത് അനുഭവിക്കുക തന്നെ ചെയ്തു. രാത്രികാലങ്ങളില്‍ ആവശ്യത്തിലധികം വിശ്രമം ലഭിക്കുന്ന കുട്ടികളുടെ ശരീരത്തിന്റെ നാഡീഞരമ്പുകളെയും മസ്തിഷ്‌കത്തിന്റെ ബൗദ്ധിക മണ്ഡലങ്ങളെയും  സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന  പ്രക്രിയ മാത്രമാണ് സ്‌കൂളിലേയ്ക്കുള്ള നടത്തമെന്ന് മനസിലാക്കുവാനും അംഗീകരിക്കുവാനും ആധുനിക മനുഷ്യന്റെ ജീവിത ശൈലികള്‍ തയ്യാറാവുന്നില്ല.

കുട്ടികള്‍ സ്‌കൂളിലേയ്ക്ക് കയറിയപ്പോള്‍ തന്നെ തിരിഞ്ഞു നടക്കുവാന്‍ തുനിഞ്ഞതും  സഹപ്രവര്‍ത്തകയായ ഷീജയെയും ഭര്‍ത്താവ് ആന്റണിച്ചേട്ടനേയും കണ്ടുമുട്ടി. എല്ലായ്‌പ്പോഴും തന്നെ എല്ലാ സ്ഥലങ്ങളിലും ഒരുമിച്ച് മാത്രം കാണുന്നതിനാല്‍ ആന്റണിച്ചേട്ടനേ ഷീജച്ചേട്ടനെന്ന് വിളിക്കുവാനാണ് മറ്റെല്ലാവരും ശ്രമിച്ചിരുന്നത്. ഒരുമിച്ച് ഒരേ വൃദ്ധസദനത്തിലുള്ള ജോലിയും നന്നായി ഗാനമാലപിക്കുവാനുള്ള കഴിവും അതിലുപരി ഷീജയുടെ എല്ലാ തീരുമാനങ്ങളോടൊപ്പം യോജിക്കുവാന്‍ ശ്രമിക്കുന്ന ആന്റണിച്ചേട്ടനേ മറ്റൊരു വ്യക്തിയായി കാണുവാന്‍ സാധിക്കുന്നില്ലായിരുന്നു. കുശലം പറഞ്ഞതിനോടൊപ്പം അന്നേദിവസം നടക്കുന്ന മലയാളി സംഘടനയുടെ യോഗത്തിലേയ്ക്ക് ഷിബുവിനോട് പ്രത്യേകം എത്തിച്ചേരണമെന്ന് ഓര്‍മ്മിപ്പിച്ചു, വിദൂരത്തിലല്ലാത്ത ഓണാഘോഷങ്ങളുടെ ഭാഗമായുള്ള യോഗമായതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണം. മലയാളികളുടെ മാത്രം ഓണാഘോഷമെന്ന് കേട്ടപ്പോള്‍ തന്നെ മുഖത്തുണ്ടായ നടുക്കവും ജാള്യതയും  മറച്ചു വയ്ക്കുവാന്‍ തത്രപ്പെട്ടത് ആന്റണിച്ചേട്ടന്‍ തിരിച്ചറിഞ്ഞുകൊണ്ട് ചോദിച്ചു 'എന്താണ് സായിപ്പിന്റെ നാട്ടിലെത്തിയപ്പോള്‍ മലയാളിയെയും മാവേലിയേയും മറന്നുപോയോ, മലയാളികളുടെ സ്വന്തമായ ഓണാഘോഷങ്ങളിലൂടെയൊക്കെയാണ് നമ്മള്‍ നമ്മുടെ തനിമ നിലനിര്‍ത്തുന്നത്'. പ്രസന്നഭാവം വരുത്തിക്കൊണ്ട് തല്‍ക്കാലം 'ഞാന്‍ പറഞ്ഞേക്കാമെന്ന' മറുപടിയിലൊതുക്കി വാഹനം ലക്ഷ്യമാക്കി നടന്നു. വീട്ടിലെത്തിയതും ഒരു ചായയുമായി മുഷിഞ്ഞ പാത്രങ്ങള്‍ കഴുകുവാന്‍ തുടങ്ങിയതും ഒളിമങ്ങാത്ത ഓണാഘോഷ ഓര്‍മ്മകള്‍ തിരികെ വരുവാന്‍ തുടങ്ങി. ബ്രിട്ടന്റെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമത്തില്‍ വളരെ സന്തോഷത്തോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഓര്‍മ്മകള്‍.

ആദ്യകാല കുടിയേറ്റങ്ങളായതിനാല്‍ വളരെക്കുറച്ച് മലയാളി കുടുംബങ്ങള്‍, നഴ്‌സുമാരായ സ്ത്രീകളെല്ലാവരും വൃദ്ധസദനങ്ങളില്‍ ജോലി ചെയ്യുമ്പോഴും ആശ്രിതരായി എത്തിയവര്‍ താല്‍ക്കാലിക ജോലികളില്‍ സംതൃപ്തരായി സ്വസ്ഥമായി ജീവിക്കുമ്പോഴാണ് ആദ്യത്തെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. വാരാന്ധ്യങ്ങളില്‍ പന്തുകളിക്കുവാനും ക്രിക്കറ്റ് കളിക്കുവാനും ചില അവസരങ്ങളില്‍ ചീട്ടുകളിക്കുവാനും ഒത്തുകൂടിയവര്‍ ഓണാഘോഷമെന്ന ആരുടെയോ മനസ്സിലുദിച്ച ആശയത്തിനോട് സഹകരിക്കുവാന്‍ തയ്യാറായി. എല്ലാ മലയാളിയുടെയും തന്നെ രക്തത്തില്‍ സ്വാഭാവികമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള സംഘടനാ തത്ത്വചിന്താഗതികളും  പ്രവര്‍ത്തനരീതികളും വളരെപ്പെട്ടെന്ന് തന്നെ പ്രാവര്‍ത്തികമായി. മാവേലിയാകുവാനും തിരുവാതിര കളിക്കുവാനും കലാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും ഓരോരുത്തരും തയ്യാറായപ്പോള്‍ വിഭവ സമൃദ്ധമായ സസ്യാഹാരം തയ്യാറാക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളേറി. എന്നാല്‍ എല്ലാ മേഖലകളിലും സഹകരണ മനോഭാവമുള്ള മലയാളിക്ക് അതിനും പരിഹാരം കാണുവാന്‍ അധികസമയം വേണ്ടി വന്നില്ല, എല്ലാ വിഭവങ്ങളും വിഭജിച്ചു തയ്യാറാക്കുവാന്‍ എല്ലാവരും തയ്യാറായി. ഒരുമയുടെ ആഘോഷങ്ങളുടെ ഭാഗമായപ്പോള്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും ആഴങ്ങളേറി. ആഘോഷദിനത്തിന്റെ തലേന്നാള്‍ നടത്തിയ കബഡി മത്സരത്തില്‍ കൂട്ടത്തില്‍ അല്പം മുതിര്‍ന്ന വ്യക്തിക്ക് അബദ്ധത്തില്‍ കാലിന് പരുക്കേറ്റത് ആരുടെയോ അശ്രദ്ധയുടെ ഭാഗമായിട്ടാണെന്ന ആരോപണം ശക്തിപ്രാപിക്കുവാന്‍ തുടങ്ങിയത് ആദ്യമേ പലരും അവഗണിച്ചു. എന്നാല്‍ ആഘോഷനാളില്‍ കാലിന് മുറിവേറ്റ വ്യക്തി തയ്യാറാക്കാമെന്ന് ഏറ്റിരുന്ന കുത്തരിച്ചോര്‍ എത്തിക്കാതിരുന്നപ്പോള്‍ വ്യക്തിബന്ധങ്ങള്‍ തകര്‍ന്നു. കാര്‍ബൂട്ടുകളുടെ മറവിലൂടെ ഉള്ളിലെത്തിയ ലഹരിയും ചേര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ രണ്ടു ചേരിയായി മാറുവാന്‍ അധികസമയം വേണ്ടിവന്നില്ല. വാക്കേറ്റങ്ങള്‍ കയ്യാംകളിയിലെത്തിയപ്പോള്‍  പലര്‍ക്കും പരുക്ക് പറ്റുകയും പോലീസെത്തി ആശുപത്രിയിലുമാക്കി. അങ്ങനെ ബ്രിട്ടണിലെ ഒരു പുത്തന്‍ മലയാളി സമൂഹത്തിന്റെ ആദ്യ ഓണാഘോഷം അലങ്കോലമായത് അവരോരുത്തരുടേയും വ്യക്തിബന്ധങ്ങളേക്കൂടി തകര്‍ത്തുകൊണ്ടായിരുന്നു..

പലര്‍ക്കും സാരമായ പരിക്കുകള്‍ പറ്റിയെങ്കിലും പോലീസ് കേസൊഴിവാക്കുവാനായി അന്യോന്യം സന്ധിയാവുകയും ചെയ്തതിനാല്‍ എല്ലാവരും  തല്‍ക്കാലം പരാതി പിന്‍വലിക്കുകയും ചെയ്തു. പക്ഷെ താമസിയാതെ ഒരു സമൂഹമെന്നത് പല സംഘങ്ങളായി വിഭചിക്കപ്പെട്ടു, അന്യോന്യം ആരോപണങ്ങള്‍ ഉയര്‍ത്തുവാന്‍ തുടങ്ങി. ആരോപണങ്ങള്‍ പലതും വ്യക്തിപരമായപ്പോള്‍ പലരുടെയും പോയ്മുഖങ്ങള്‍  പൊഴിഞ്ഞു വീഴുക തന്നെ ചെയ്തു. കേരളത്തിലെ  വളരെ പ്രശക്തിയാര്ജിച്ച മെത്രാന്‍കുടുംബത്തിലെ അംഗത്തിന്റെ രഹസ്യങ്ങള്‍ പരസ്യമായപ്പോള്‍ പലരും വിശ്വസിക്കുവാന്‍ തയ്യാറായില്ല. സാമൂഹിക ആരാധനകള്‍ക്ക് പോലും നേതൃത്ത്വം നല്‍കിയിരുന്ന സുന്ദരനും സുമുഖനുമായ വ്യക്തി, അതിസുന്ദരിയായ ഭാര്യയെയും മിടുമിടുക്കരായ രണ്ടു കുഞ്ഞുങ്ങളെയും മാതൃകാപരമായി സംരക്ഷിച്ചിരുന്ന വ്യക്തിക്ക് നൈജീരിയന്‍ വംശജയില്‍ മറ്റൊരു കുട്ടിയുണ്ടായതും. നീതിന്യായ വ്യവസ്ഥിതികളുടെ ഇടപടെലുണ്ടായപ്പോള്‍ മറ്റാരുമറിയാതെ അമ്മയ്ക്കും കുട്ടിയ്ക്കും ജീവനാംശം നല്‍കിക്കൊണ്ടിരുന്നതും പരസ്യമായപ്പോള്‍ പലരും തലകുനിക്കുക മാത്രമാണ് ചെയ്തത്. അധികം താമസിയാതെ ആ കുടുംബം സ്‌കോട്‌ലന്‍ഡിലേയ്ക്ക് മാറി താമസിക്കുകയും പിന്നീട് ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുകയും ചെയ്തതായി കേള്‍ക്കുവാന്‍ സാധിച്ചു. അപവാദ പ്രചാരണങ്ങള്‍ക്കും കുറവില്ലായിരുന്നു, ആശുപത്രിയില്‍ സാമാന്യം ഭേദപ്പെട്ട തസ്തികയില്‍ ജോലി ലഭിച്ചതിന്റെയും ലഭിക്കാത്തതിന്റെയും  അസൂയ സമൂഹ മാധ്യമങ്ങളിലൂടെ തീര്‍ക്കുവാന്‍  ശ്രമിച്ചത് ഒരു കുടുംബത്തിന്റെ വിവാഹമോചനത്തോളമെത്തി.  ഒരിക്കല്‍ പരസ്പരം സംരക്ഷിക്കുവാന്‍ തയ്യാറായിരുന്ന സുഹൃത്തുക്കള്‍ അന്യോന്യം പാരകള്‍ പണിതുകൊണ്ടിരുന്നപ്പോള്‍ പലരുടെയും വൃദ്ധസദനങ്ങളിലെ സുരക്ഷിതമായ ജോലികള്‍ നഷ്ടപ്പെടുവാനും തുടങ്ങി. പിന്നീടങ്ങോട്ട് ജീവിതം പലര്‍ക്കും  വിവിധ മേഖലകളിലുമുള്ള  മത്സരങ്ങള്‍ മാത്രമായി,

അക്കാലത്താണ് വൃദ്ധസദനത്തിലെ ജോലിയെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ടാക്ക്‌സി ഓടിക്കുന്നതിലൂടെയെന്ന് തിരിച്ചറിഞ്ഞത്. താമസിയാതെ മറ്റു പലരോടൊപ്പം ഷിബുവും ഒരു ആഡംബര വാഹനത്തിന്റെ ടാക്‌സി ഡ്രൈവര്‍ ആയി മാറി. കുട്ടികളുടെ സുഗമമായ പഠനത്തിനും വളര്‍ച്ചയ്ക്കും തുണയാകുവാനുള്ള സമയവും ലഭിച്ചതിനാല്‍ കൂടുതല്‍ അഭികാമ്യവുമായിരുന്നു. എന്നാല്‍ നാലുമാസത്തിനുള്ളില്‍ തന്നെ വീട്ടുപടിക്കല്‍ പോലീസെത്തി, രാത്രിയില്‍ ടാക്‌സിയില്‍ സഞ്ചരിച്ച യാത്രക്കാരിയോട് അപമര്യാതയായി പെരുമാറിയെന്ന കുറ്റത്തിന്. സായിപ്പിന്റെ ജീവിത രീതികളെല്ലാം അത്രത്തോളം  പരിചയമില്ലാതിരുന്ന ഷിബുവിന് മദ്യപിച്ചു ബോധം നശിച്ച സ്ത്രീയെ കാറിന്റെ പുറത്തിറങ്ങുവാന്‍ സഹായിച്ചത് വിനയായി. അനാവശ്യമായി തന്റെ  സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരുടെയോ ഭാഗ്യത്തിന്  ന്യായാധിപന്‍ തിരിച്ചറിഞ്ഞു. എങ്കില്‍പ്പോലും ഏകദേശം ആറുമാസത്തോളം സ്വന്തമെന്നു കരുതിയിരുന്ന സമൂഹാഗങ്ങളുടെ   കുത്തുവാക്കുകളും പഴിചാരലും സഹിക്കേണ്ടി വന്നു.  ഈ കാലയളവില്‍ ഷിബുവിന് ജോലി ചെയ്യുവാന്‍ സാധിച്ചില്ലാ എന്നതിലുപരി തികച്ചും മദ്യത്തിന് അടിമയായി മാറുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വം നേരിടണമെന്ന് സന്ധ്വനിപ്പിച്ചപ്പോഴെല്ലാം മേഴ്‌സിയെ പഴിചാരുവാന്‍ ശ്രമിച്ചിരുന്നു. ആശ്വാസവാക്കുകള്‍ ശ്രവിക്കാതെ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നപ്പോള്‍ ഷിബുവിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലേയെന്ന് ശങ്കിച്ചുപോവുകയും ചെയ്തിരുന്നു. പലയാവര്‍ത്തി കേരളത്തിലേയ്ക്ക് തിരിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് ക്ഷമിക്കുവാനും സഹിക്കുവാനും തീരുമാനിച്ചു. കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ആഘോഷിക്കുവാനായി കൂട്ടുകാരുമൊത്ത് ബെല്‍ജിയത്തില്‍ പോകണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ ചെറുക്കുവാനും ശ്രമിച്ചില്ല.  ഒരാഴ്ച്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ ഷിബുവിന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തപ്പോള്‍ തകര്‍ന്നു പോവുക തന്നെ ചെയ്തു.

ബെല്‍ജിയത്തിലേയ്ക്ക് മനസികോല്ലാസത്തിനായി വിനോദയാത്ര പോയ പുരുഷകേസരികളെല്ലാവരും പിന്നീടുള്ള എല്ലാ ആഴ്ച്ചകളിലും ഒത്തുകൂടുവാന്‍ തുടങ്ങിയതിന് പുറമെ മൂന്ന് മാസത്തിനുള്ളില്‍ തന്നെ കുടുംബസമേതമായി ഇംഗ്‌ളണ്ടിലെ വളരെ പുരാതനവും ബൃഹത്തായ മലമേഖലകളും കുന്നിന്‍ ചെരുവുകളും കാര്‍ഷികമേഖലകളും നിറഞ്ഞ യോര്‍ക്ഷയറിലുള്ള ഫാംഹൗസിലേയ്ക്ക് മൂന്ന്‌നാള്‍ നീളുന്ന ഉല്ലാസയാത്രയും നടത്തി. ഒറ്റപ്പെട്ടതും വിജനവുമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫാംഹൗസിലെത്തിയ ഉടനെ പുരുഷന്മാരെല്ലാവരും   സുഭിക്ഷതമായ ആഹാരത്തിനേക്കാള്‍ സുബോധം നഷ്ട്ടമാകും വരെ മദ്യപിക്കുന്നതിനൊപ്പം ചീട്ടുകളിയിലും മുഴുകിയപ്പോള്‍ വനിതകളും കുട്ടികളും ഒറ്റപ്പെടുവാന്‍ തുടങ്ങി. മുതിര്‍ന്ന ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും രാത്രിയിലെപ്പോഴോ പുറത്തേയ്ക്ക് പോകുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തുടങ്ങിയ കശപിശ രാവിലെ വരെയും നീണ്ടുനിന്നു.  പെണ്‍കുട്ടിയും കുടുംബവും രണ്ടാംദിവസം തന്നെ തിരിച്ചുപോയതിന്റെ പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങള്‍ തുടങ്ങി. വാക്കുകളിലൂടെയുള്ള കുറ്റാരോപണങ്ങള്‍ക്ക് പുറമെ കണ്ടാലറയ്ക്കുന്ന അശ്ലീലം നിറഞ്ഞ ചിത്രങ്ങളിലൂടെ ആക്ഷേപങ്ങള്‍ തുടര്‍ന്നു. പുരുഷന്മാര്‍ ഒരേസമയം പല സ്ത്രീകളോടും ചേര്‍ന്നുള്ള ലീലാവിലാസങ്ങള്‍ നിറഞ്ഞ ചിത്രങ്ങളില്‍ ഷിബുവിന്റെ ചിത്രങ്ങളും കണ്ടപ്പോള്‍ തലകറങ്ങുവാന്‍ തുടങ്ങി. മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കുവാന്‍ ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുട്ടികളെയും കൂട്ടി ടാക്‌സിയില്‍ വീട്ടിലേയ്ക്ക് മടങ്ങുക തന്നെ ചെയ്തു. തിരികെപ്പോകുവാന്‍ ഷിബു തടസം പറഞ്ഞെങ്കിലും  ചെറിയൊരു വാക്കേറ്റത്തില്‍ ഒതുക്കി മറ്റുള്ളവരുടെ മുന്‍പില്‍ തല്‍ക്കാലം വലിയ മാനഹാനിയ്ക്ക് ഇടം നല്‍കാതെ തിരിക്കുവാന്‍ സാധിച്ചു.

മാനസിക സമ്മര്‍ദ്ദത്താല്‍ തലയിലുടെ തുടങ്ങിയ വിറയല്‍ ശരീരമാസകലം പടര്‍ന്നെങ്കിലും കുട്ടികളുടെ മുന്‍പില്‍ മനഃസാന്നിധ്യം പ്രകടിപ്പിക്കുകയായിരുന്നു  പ്രായപൂര്‍ത്തിയായ മൂത്തകുട്ടിക്ക്  ചിലവസ്തുതകള്‍ മനസിലാക്കുവാന്‍ സാധിച്ചെങ്കിലും ജാള്യതയേറിയതിനാല്‍ മമ്മയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മുതിര്‍ന്നില്ല. അപ്രതീക്ഷിതമായ പ്രകോപനങ്ങളും അതിനെത്തുടര്‍ന്നുള്ള മടക്ക യാത്രയുടെ കാരണങ്ങള്‍ അന്വേഷിച്ച ഇളയകുട്ടികളോട് സുഖമില്ലായെന്നു മാത്രം പറയുവാന്‍ ശ്രമിച്ചെങ്കിലും. ഡാഡിയെ കൂടാതെ  ടാക്‌സിയിലുള്ള മടക്കത്തിനെക്കുറിച്ച് കൂടുതല്‍ വിവരിക്കേണ്ടി വന്നു. തല്‍ക്കാലം മുതിര്‍ന്നവരുടെ അമിതമായ മദ്യപാനത്തെയും കുട്ടികള്‍ക്ക് അനുകരണയോഗ്യമല്ലാത്ത മ്ലേച്ഛമായ സംസാര ശൈലികളെയും അവഗണിക്കേണ്ടതിന്റെ ആവശ്യകതയില്‍ ന്യായീകരണങ്ങള്‍ ഒതുക്കി. വീട്ടിലെത്തിയെങ്കിലും മനഃസമാധാനം പൂര്‍ണമായി നഷ്ടപ്പെട്ടതിനാല്‍ ഉറക്ക ഗുളികളെയും ആശ്രയിക്കേണ്ടി വന്നു.

വലിയ പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചു അടുത്ത ദിവസം വീട്ടിലെത്തിയ ഷിബുവിന് മെര്‍സിമോളുടെ നിസ്സംഗതയുടെയും മൗനസമരത്തിന്റെയും മുന്‍പില്‍ പിടിച്ചു നില്‍ക്കുവാന്‍ സാധിച്ചില്ല. അനവതിയായ ഛായാചിത്രങ്ങളിലൂടെയുള്ള തെളിവുകളെ തള്ളിപ്പറയുവാന്‍ ശ്രമിക്കാതെ എല്ലാം ചീത്ത കൂട്ടുകെട്ടുകളാലും മനസ്സറിയാതെയും സംഭവിച്ചു പോയതാണെന്നും പറഞ്ഞു വിലപിക്കുവാന്‍ തുടങ്ങിയപ്പോള്‍ മെര്‍സിമോള്‍ ക്ഷമിക്കുവാനും തയ്യാറായി. ഇനിയൊരിക്കല്‍കൂടി ആവര്‍ത്തിക്കില്ലായെന്നും മക്കളുടെ മേല്‍ കൈവച്ചും കൈകൂപ്പിയും ആണയിടുവാനും തയ്യാറായി.   പക്ഷെ ഒരിക്കല്‍ മാത്രമേ കണ്ടുള്ളുവെങ്കിലും അറപ്പുളവാക്കുന്ന നഗ്‌നവൈകൃതചിത്രങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും മായാതെ നിന്നു. ഒരായുസ്സുമുഴുവന്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും ആല്‍മാര്‍ത്ഥമായും സമര്‍പ്പിച്ചതിന് ലഭിച്ച ദുരനുഭവങ്ങള്‍ മനസിനെ മാത്രമല്ല ശരീരത്തെയും വ്രണപ്പെടുത്തി. താമസിയാതെ മാനസിക സമ്മര്‍ദ്ദം സിരകളിലേക്കൊഴുകി രക്ത സമ്മര്‍ദ്ദമായി രൂപാന്തരപ്പെടുകയും ചെയ്തപ്പോള്‍ ആഴ്ചകളോളം തീവ്രതയേറിയ വേദനസംഹാരികളില്‍ ആശ്രയിച്ചു വീട്ടില്‍ തന്നെ കഴിയേണ്ടിയും വന്നു.  ബാഹ്യമായ ശാരീരിക മുറിവുകളുടെ അഭാവത്തില്‍ ആന്തരിക മുറിവുകളെ തിരിച്ചറിയുവാനും തൈലം തേല്‍ക്കുവാനും ആരും തയ്യാറായില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഷിബുവിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് മുന്‍പില്‍ ജീവച്ഛവം പോലെ മരവിച്ചു കിടക്കുവാന്‍ മാത്രമാണ് സാധിച്ചത്. ആസക്തിയുടെ മൂര്‍ദ്ധന്യതയിലൂടെ നിറഞ്ഞ ലഹരിയില്‍ തളര്‍ന്നുറങ്ങുന്ന ഷിബുവിന് നേരെ നിര്‍വികാരതയോടെയെങ്കിലും കണ്ണെത്തിക്കുവാന്‍ മനസ്സനുവദിച്ചുമില്ല.

രഹസ്യങ്ങള്‍ പലതും പരസ്യമായതിലൂടെ വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉലച്ചിലുകളുണ്ടായെങ്കിലും പലരും പരസ്പരം ബന്ധപെടുന്നതില്‍ വിമുഖത കാട്ടിയിരുന്നില്ല. എന്നാല്‍ പല വ്യക്തികള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ജോലിയിലെ പാകപ്പിഴവുകള്‍ മൂലം ഒരാളെ പുറത്താക്കിയപ്പോള്‍ അത് മറ്റൊരാളുടെ പ്രതികാര നടപടികളുടെ ഭാഗമാണെന്ന ആരോപണം കനക്കുകയും വീണ്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണങ്ങള്‍ക്ക്  തുടക്കം കുറിക്കുകയും ചെയ്തു. വിധ്വേഷം കൂടിയപ്പോള്‍ പലര്‍ക്കും വാശികൂടി താമസിയാതെ കുട്ടികളെയും തമ്മിലകറ്റുന്നതിലേയ്ക്ക് നയിച്ചു. കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന നൃത്തസംഗീത ക്ളാസുകളില്‍ നിന്നും പലരും അകലുവാന്‍ തുടങ്ങി. ഒന്നിച്ചു നടനവിസ്മയങ്ങള്‍ രചിച്ചിരുന്ന കുട്ടികളില്‍ പലരുടെയും മാതാപിതാക്കളുടെ പ്രേരണയാല്‍ തനിയെ അഭ്യസനങ്ങള്‍ തുടങ്ങിയപ്പോള്‍ കുട്ടികളുടെ മനസിലും വിധ്വേഷത്തിന്റെ നാമ്പുകള്‍ മുളച്ചു. മെഴ്‌സിമോളുടെ കുടുംബജീവിതത്തില്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് അജ്ഞാതനായ വ്യക്തിയില്‍ നിന്നും ഒരെഴുത്ത് തപാലില്‍ കിട്ടി. സ്ഥിരമായി രാത്രി ജോലിയ്ക്ക്  തിരിക്കുന്ന ഷിബു ചില അവസരങ്ങളില്‍ പരസ്ത്രീ സംഗമത്തിനായി മൈലുകള്‍ യാത്രചെയ്യുന്നതിന്റെ വിശദാശങ്ങളുള്‍പ്പെടുന്ന ഒരു എഴുത്ത്. തെളിവായി ഒരു പ്രത്യേക ദിവസത്തില്‍ ഹോട്ടലില്‍ മുറിയെടുത്തതിന്റെ വിവരങ്ങളും അഭിസാരികയ്ക്ക് ബാങ്കിലൂടെ പ്രതിഫലം കൊടുത്തതിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. സംശയ നിവാരണത്തിന് മെഴ്‌സിമോളുടെ ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകള്‍ ഒത്തുനോക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു.

നഗ്‌നനേത്രങ്ങളാല്‍ ദര്‍ശിക്കുന്നതിലധികവും കാപട്യമാണെന്ന് ജീവിതത്തിലൂടെ പഠിച്ചതിനാല്‍ ആദ്യത്തെ ആഘാതത്തില്‍ നിന്നും ജീവിത യാഥാര്‍ഥ്യങ്ങളിലേയ്ക്ക് പെട്ടെന്നു മടങ്ങിയെത്തി.  ഭാര്യയോട് നിരന്തരം അവിശ്വസ്ഥത  പുലര്‍ത്തുന്നത്  അഭികാമ്യമല്ലെങ്കിലും ഷിബുവിന് മക്കളോടുള്ള  അമിത വാത്സല്യവും കരുതലും അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല. നിലവില്‍ ഒന്നോ രണ്ടോ വ്യക്തികളുടെ ജീവിതത്തേക്കാളുപരി ഒരു കുടുംബത്തിന്റെ നിലനില്‍പ്പാണ് മേഴ്‌സിമോളുടെ മുന്നിലുള്ളത്. കുട്ടികളുണ്ടാവുമ്പോള്‍ കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും അപ്രസക്തരാണെന്ന് പറഞ്ഞ  സ്വന്തം അമ്മയുടെ വാക്കുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. ഭര്‍ത്താവിന്റെ കരുതലും സ്‌നേഹവും ലഭിക്കുന്നത് ഭാഗ്യം മാത്രമായിരിക്കെ അച്ഛന്റെ കരുതലും സ്‌നേഹവും മക്കള്‍ക്ക് ആജീവനാന്തം അവകാശപ്പെട്ടതും.  അമ്മയുടെ സഹന ജീവിതത്തിന്റെ ഭാഗമാകുവാന്‍ ഭാഗ്യം ലഭിച്ച മേഴ്സിമോള്‍ക്ക് അമ്മയുടെ മനഃശക്തിപകരുന്ന വാക്കുകളും ഓര്‍മ്മവന്നു 'ജീവിതമെന്നും ഒരു പരീക്ഷണം മാത്രമാണ്, വിജയിക്കുന്നവര്‍ക്ക് മാത്രമാണ് മുന്നോട്ട്  ജീവിക്കുവാനുള്ള അധികാരമുള്ളത്' ഭീരുക്കള്‍ മാത്രമാണ് ജീവിതയാഥാര്‍ഥ്യങ്ങളില്‍  നിന്നും ഒളിച്ചോടുന്നത് എന്നാല്‍ അനുദിന പരീക്ഷണങ്ങളെ നേരിടുന്നവരാണ് വിജയിക്കുന്നവര്‍. മുന്നോട്ട് മാത്രം ജീവിക്കുവാനുള്ള കടുത്ത തീരുമാനം എടുക്കുക തന്നെ ചെയ്തു.  ചെറിയ കുടുംബമാണെങ്കിലും ആ കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും കടിഞ്ഞാണും തിരിച്ചേറ്റെടുക്കുവാനാണ് മേഴ്സിമോള്‍ ആദ്യം തീരുമാനിച്ചത്. കുട്ടികള്‍ മൂവരും സ്‌കൂളില്‍ പോയ ഏറ്റവുമടുത്ത ദിവസം തന്നെ ഷിബുവിന്റെ മുന്പില്‍  തെളിവുകള്‍ നിരത്തി ഏകദേശം, എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ആദ്യമായെത്തിയപ്പോള്‍ കൈമാറിയ ബാങ്ക് ഡെബിറ്റ് കാര്‍ഡ് തിരികെ വാങ്ങി, മറ്റൊരു നഗരത്തിലേയ്ക്ക് മാറി താമസിക്കുവാനുള്ള തീരുമാനവുമറിയിച്ചു.

തെളിവുകളുടെയും  ദൃഢനിശ്ചയങ്ങളുടെ മുന്‍പിലും ഷിബുവിന് പിടിച്ചുനില്‍ക്കുവാനും മറുത്ത് സംസാരിക്കുവാനും സാധിച്ചില്ല, വീണ്ടും തലകുനിച്ചെല്ലാം സമ്മതിച്ചു. ജീവിതത്തിലൊരു തുണയേക്കാള്‍ ജീവിതം പൂര്‍ണമാവാണെമെന്ന പ്രതീക്ഷയില്‍  തുടങ്ങിയ കുടുംബ ജീവിതത്തിലൂടെ  ജന്മമേകിയ മക്കള്‍ക്ക് സ്‌നേഹവും സംരക്ഷണവും പ്രത്യാശയും നല്‍കേണ്ടത് ആവശ്യമായതിനാല്‍ മാത്രമാണ് വീണ്ടും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാത്.  ആധുനിക ലോകത്തില്‍ ജീവിക്കുന്ന  ഓരോ വ്യക്തികള്‍ക്കും സ്വസ്ഥമായി ജീവിക്കുവാനുള്ള സാമൂഹിക പരിരക്ഷ ലഭിക്കുന്നുണ്ടെങ്കിലും തന്റെ കുടുംബം തകരാതെ സംരക്ഷിക്കേണ്ട ചുമതല മേഴ്‌സിമോള്‍ക്ക് മാത്രമാണുണ്ടായിരുന്നത്.   എല്ലാക്കാലങ്ങളിലും ജീവിതസാഹചര്യങ്ങള്‍  പ്രതികൂലമാണെങ്കിലും മനഃസാന്നിധ്യം നഷ്ടപ്പെടാത്ത ഓരോ അവസ്ഥകളെയും പ്രായോഗികമായി നേരിടുകയും അനുയോജ്യമായി കൈകാര്യം ചെയ്യുന്നതിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ സാധ്യമാകുമെന്ന പാഠം വീണ്ടും ഉപകാരപെട്ടു. നിലവിലുള്ളതും ഭാവിയില്‍ സംഭവിക്കാവുന്ന എല്ലാ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളും പലപ്രാവശ്യം കൂട്ടിക്കിഴിക്കുമ്പോഴും മുന്നിലുള്ള ഏക പോംവഴിയും വിട്ടുവീഴ്ചകള്‍ മാത്രമായിരുന്നു. എല്ലാ മനുഷ്യര്‍ക്കും അര്‍ഹതയുള്ള സ്വാര്‍ത്ഥ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തല്‍ക്കാലം മൂടുപടമണിയിച്ചുകൊണ്ട് മുന്നോട്ട് മാത്രം ജീവിക്കുവാനുള്ള തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.

കുട്ടികള്‍ പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക്  എളുപ്പത്തില്‍ ഇഴുകിച്ചേര്‍ന്നെങ്കിലും ഷിബുവിന് പല കാരണങ്ങളാല്‍ സാധ്യമായില്ല അതിനാല്‍ തന്നെ അമ്മയുടെ പരിചരണത്തിന്റെ പേരില്‍ കുറച്ചുകാലം നാട്ടില്‍ ചിലവഴിച്ചു. അടുത്തകാലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിയായതിനാല്‍ മേര്‍സിമോള്‍ക്ക് ജോലി സാഹചര്യവും പുതിയ സഹപ്രവര്‍ത്തകരുമായി പൊരുത്തപ്പെടുവാനും ബുദ്ധിമുട്ടായില്ല. അമിതമായ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ആജീവനാന്തം കഴിക്കേണ്ടി വന്നപ്പോള്‍ മനസിനൊപ്പം നാഡീഞരമ്പുകള്‍ക്കും  ക്ഷതമേറ്റു. കുട്ടികള്‍ക്കുവേണ്ടിയുള്ള പിന്നീടുള്ള വിവാഹജീവിതത്തില്‍ മനസികാരോഗ്യത്തിനും ശാരീരിക സുഖത്തിനും സ്ഥാനമില്ലാതായി. നാട്ടില്‍ കഷ്ടിച്ച് മൂന്നു മാസം നില്‍ക്കുവാന്‍ സാധിച്ച ഷിബുവിനെ പല കാരണങ്ങളാല്‍ അമ്മ തന്നെ ബ്രിട്ടണിലേക്ക് മടക്കിയയച്ചു. വീണ്ടും മറ്റൊരു വൃദ്ധസദനത്തില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ ഷിബുവിന് മടിയായതിനാല്‍ മറ്റു പല ജോലികളും മാറിമാറി പരീക്ഷിച്ചെങ്കിലും മാനസിക വളര്‍ച്ച കുറവുള്ളവരെ ശുശ്രുഷിക്കിന്നിടത്തുള്ള ജോലിയില്‍ സംതൃപ്തനായി.  പുതിയ മലയാളി കൂട്ടുകാരും കൂട്ടായ്മകളും വീണ്ടുമുടലെടുത്തെങ്കിലും ഭൂതകാലസ്മരണകള്‍ ബന്ധങ്ങള്‍ക്ക് കടിഞ്ഞാണുകളുണ്ടായി, അങ്ങനെയൊരു വിശ്വാസം ഇന്നും മേര്‍സിമോളില്‍ നിലനില്‍ക്കുന്നു. പിന്നീടും പല ഓണാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും പിന്‍ നിരയില്‍ തന്നെ നിന്നിരുന്നു.  എന്നാലിപ്പോള്‍ വീണ്ടും മുന്‍ നിരയിലേയ്ക്ക്  ക്ഷണമെത്തുമ്പോള്‍ മാറിനില്‍ക്കുവാന്‍ ശ്രമിക്കാതെ സംഘാടകനാകുവാനായി അഞ്ചു മണിക്ക് മുന്‍പ് തന്നെ ഷീജചേട്ടന്റെ വീട്ടിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam