1 GBP = 96.00 INR                       

BREAKING NEWS

അഞ്ചു മാസമായി ജീവന് വേണ്ടി ജീമോന്‍ നടത്തിയ പോരാട്ടം ഇന്നലെ രാത്രി വിഫലമായി; കോവിഡ് വിമുക്തനായിട്ടും കാഞ്ഞിരപ്പള്ളിക്കാരന്റെ മരണം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ; വിട പറഞ്ഞത് ലണ്ടനില്‍ ഏഴു കാമ്പസുകളുള്ള യുകെ കോളേജ് ഓഫ് ബിസിനസ് ആന്റ് കമ്പ്യൂട്ടര്‍ ഉടമ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നീണ്ട അഞ്ചു മാസം ജീവനു വേണ്ടി പൊരുതിയ യുവ ബിസിനസുകാരന്‍ ജീമോന്‍ ജോസഫ് ഓര്‍മ്മയായി. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ലണ്ടനില്‍ ഉണ്ടായ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഇരയായി മാറുക ആയിരുന്നു ഈ യുവാവ്. ഒന്നര പതിറ്റാണ്ടിലെ യുകെ ജീവിതത്തിനിടയില്‍ തൊഴില്‍ രംഗത്ത് തന്റേതായ പാത കണ്ടെത്തിയ ജീമോന്‍ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി യുകെ മലയാളി സമൂഹത്തിന്റെ പ്രതീക്ഷയായി വളരവേയാണ് അദ്ദേഹത്തെ തേടി വിധിയുടെ വിളി എത്തുന്നത്. ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ചികിത്സയില്‍ രോഗനില വഷളായപ്പോള്‍ എക്‌മോ വെന്റിലേറ്റര്‍ സൗകര്യം ഉള്ള കേംബ്രിഡ്ജിലെ പാപ്വര്‍ത്ത് ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും ആ ശ്രമങ്ങള്‍ ഒക്കെ വൃഥാവിലാകുന്ന കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.

യുകെയില്‍ തന്നെ കോവിഡ് ബാധിച്ചവരില്‍ ഏറ്റവും ദീര്‍ഘ കാലം ചികിത്സ നടത്തിയതും ജീമോനു വേണ്ടി ആയിരുന്നിരിക്കണം. പാപ്വര്‍ത്ത് ഹോസ്പിറ്റലില്‍ തന്നെ വേറെയും മലയാളികളെ ഗുരുതരമായ നിലയില്‍ എക്മോ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവരൊക്കെ രോഗം ഭേദമായി വീട്ടില്‍ മടങ്ങി എത്തി ആരോഗ്യം വീണ്ടെടുക്കുകയാണ്. എന്നാല്‍ കോവിഡ് പടര്‍ന്ന ആദ്യ ദിവസങ്ങളില്‍ തന്നെ രോഗബാധിതനായ ജീമോന്‍ എക്മോ സൗകര്യം ഉള്ള വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സമയം എടുത്തത് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ശ്രമത്തില്‍ ഏറെ നിര്‍ണായകമായതായി വിലയിരുത്തപ്പെടുന്നു.

രോഗ നില വഷളാകും മുന്നേ എക്മോ വെന്റിലേറ്ററിലേക്ക് മാറ്റുന്നതാണ് രോഗിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ഏറ്റവും ഫലപ്രദമെന്ന് ഏതാനും കോവിഡ് രോഗികളെ പരിചരിച്ച ശേഷമാണു മെഡിക്കല്‍ ടീമിന് പോലും വ്യക്തമാകുന്നത്. തുടര്‍ന്നാണ് ഏറ്റവും വേഗത്തില്‍ ഗുരുതരനിലയില്‍ ഉള്ള രോഗികളെ എക്മോ സംവിധാനത്തില്‍ മാറ്റുവാന്‍ തുടങ്ങിയതും അനേകം പേര് ജീവിതത്തിലേക്ക് മടങ്ങി എത്തിയതും.

സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തി; കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകള്‍
ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ടു പതിറ്റാണ്ടായി യുകെയില്‍ തുടര്‍ന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ട് തന്നെ ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ സാധ്യതകള്‍ തേടുന്നത്.

എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റുഡന്റ് വിസയിലാണ് ലണ്ടനില്‍ എത്തിയത്. അതിന് ശേഷം സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവടു വച്ചത്. സ്വന്തം പ്രയത്നത്താല്‍ കോളേജുകള്‍ തുടങ്ങി. ഏഴു കോളേജുകള്‍ യുകെയില്‍ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയില്‍ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിനു യുകെയില്‍ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളിക്ക് നഷ്ടമാകുന്നത്.

ലണ്ടനിലായിരുന്നു തുടക്കത്തില്‍ ചികില്‍സ. കേന്ദ്രമന്ത്രി വി മുരളീധരന്‍ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വര്‍ത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളര്‍ന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയില്‍ ആയതു കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവന്‍ നിലനിര്‍ത്താനായത്.

ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയില്‍ ജീമോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഏറെ തകരാറില്‍ ആയിക്കഴിഞ്ഞിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടര്‍മാര്‍ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷയിലായിരുന്നു.

പക്ഷെ ദീര്‍ഘനാളായി ജീവന്‍ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗിയില്‍ ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകള്‍ നടത്തിയ മെഡിക്കല്‍ ബോര്‍ഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിച്ചു ജീമോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. കോവിഡ് രോഗ വിമുക്തി നേടിയ സാഹചര്യത്തില്‍ മൃതദേഹം സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോകാന്‍ ഉള്ള ശ്രമമാണ് ഇപ്പോള്‍ കുടുംബം നടത്തുന്നത്.

അതിനിടെ ജീമോന്റെ ജീവന്‍ രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രില്‍ ആദ്യവാരം നടന്നത്. അദ്ദേഹത്തെ പാപ്വര്‍ത്ത് ആശുപത്രിയില്‍ എത്തിച്ച് എക്മോ സംവിധാനമുള്ള ചികിത്സ ഏര്‍പ്പെടുത്താന്‍ ലണ്ടന്‍ ഹൈക്കമ്മിഷന്‍, കേരള സര്‍ക്കാര്‍ എന്നിവരൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോലും വേണ്ടി വന്നു. പക്ഷെ ഇതിനിടയില്‍ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത്.

ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീമോന്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ ഉടന്‍ ആണ് രോഗബാധിതനാകുന്നത്. മാത്രമല്ല കോവിഡ് പടര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജീമോനെ പോലെ അനേകം ലണ്ടന്‍ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു.

ഒടുവില്‍ വിഷുദിന തലേന്ന് ജീമോന്‍ പാപ്വര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകള്‍ പരക്കുകയായിരുന്നു. യുകെ മലയാളികള്‍ മാത്രമല്ല, ഓസ്‌ട്രേലിയയിലും അമേരിക്കയിലും ഗള്‍ഫിലും ഒക്കെ പ്രാര്‍ത്ഥന ഗ്രൂപ്പുകളില്‍ നിന്നും അദ്ദേഹത്തന്റെ ജീവന്‍ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങള്‍ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ്.

കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തമായ പന്തിരുവേലില്‍ കുടുംബം അംഗം എന്ന നിലയിലും യുകെയിലും പ്രവാസ മലയാളി സമൂഹത്തിലും ചുരുങ്ങിയ കാലത്തില്‍ വ്യാപകമായ ബന്ധം വളര്‍ത്തിയെടുത്ത ജീമോന്റെ രോഗനില വഷളാകാതിരിക്കാന്‍ അദ്ദേഹത്തെ ഒരു പരിചയവും ഇല്ലാത്ത അനേകായിരങ്ങളാണ് പ്രാര്‍ത്ഥനയുമായി കൂടെയെത്തിയത്. പക്ഷെ വിധി നിശ്ചയം തടുക്കുന്നതില്‍ നിസ്സാരരരായ മനുഷ്യര്‍ക്ക് കാര്യമായ പങ്കു ഒന്നുമില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയാണ് ജീവന്‍ വിടപറയുന്നത്.

അദ്ദേഹത്തിന്റെ മരണത്തില്‍ വ്യസനിക്കുന്ന കുടുംബ അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ബ്രിട്ടീഷ് മലയാളിയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
 
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ തിങ്കളാഴ്ച (31-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category