1 GBP = 96.00 INR                       

BREAKING NEWS

കോവിഡിനൊപ്പം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ സജീവമായപ്പോള്‍ യുകെ മലയാളികള്‍ക്ക് നഷ്ടമായത് പതിനായിരക്കണക്കിന് പൗണ്ട്; വാങ്ങലും വില്‍ക്കലും ആപ് മീറ്റിങ്ങും ഒക്കെ സജീവമായപ്പോള്‍ ഫോണ്‍ നമ്പറുകള്‍ നേരെ ചെന്നത് തട്ടിപ്പുകാരുടെ പക്കലേയ്ക്ക്: സ്ട്രാറ്റ്ഫോഡില്‍ ബിസിനസ്‌കാരനായ മലയാളിയെ കബളിപ്പിച്ചത് 18,450 പൗണ്ട്

Britishmalayali
പ്രത്യേക ലേഖകന്‍

 കവന്‍ട്രി: ക്രോയ്‌ഡോണിലെ സൈമി ജോര്‍ജിന്റെയും ബസില്‍ഡനിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെയും ഓണ്‍ലൈന്‍ തട്ടിപ്പു അനുഭവങ്ങള്‍ ഇന്നലെ ബ്രിട്ടീഷ് മലയാളി പുറത്തു വിട്ടതോടെ സമാന തരത്തില്‍ നൂറുകണക്കിന് യുകെ മലയാളികള്‍ ലോക്ഡോണ്‍ കാലത്തു ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തല്‍. പലതരത്തില്‍ തട്ടിപ്പിന് ഇരയായ 25 ഓളം പേരുടെ അനുഭവങ്ങളാണ് ഇന്നലെ ബ്രിട്ടീഷ് മലയാളി ന്യൂസ് റൂമില്‍ എത്തിയത്. മാത്രമല്ല ഇന്നലെ ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തിയ അതേ ഫോണ്‍ നമ്പറുകളില്‍ നിന്നും എച് എം ആര്‍ സി യില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ എത്തിയതായും മൂന്നു വായനക്കാര്‍ അറിയിച്ചിരിക്കുകയാണ്. മൂന്നു പേരോടും നിര്‍ദേശങ്ങള്‍ കൃത്യമായി കേള്‍ക്കണമെന്നും ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്താല്‍ പോലീസ് എത്തുമെന്നും അറിയിച്ചപ്പോള്‍ ഒരു വ്യക്തി നിങ്ങളുടെ ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് ഇപ്പോള്‍ പത്രത്തില്‍ വാര്‍ത്തയായി വായിച്ചു എന്ന് പറഞ്ഞതോടെ തട്ടിപ്പുകാരന്‍ ഫോണ്‍ കോള്‍ സ്വയം അവസാനിപ്പിക്കുക ആയിരുന്നു. ഇതോടെ കോവിഡ് കാലം മുതലാക്കാന്‍ ഓണ്‍ലൈന്‍ വ്യാജന്മാര്‍ വ്യാപകമായി വല വിരിച്ചിരിക്കുകയാണെന്നു വ്യക്തമായി. സൂക്ഷിച്ചില്ലെങ്കില്‍ ഇനിയും കൂടുതലാളുകള്‍ തട്ടിപ്പില്‍ കുടുങ്ങും എന്നുറപ്പാണ്.

കോവിഡ് വ്യാപകമായപ്പോള്‍ പൂര്‍ണമായും ജനങ്ങള്‍ ഓണ്‍ലൈന്‍ ഷോപിങിലേക്കു മാറിയതാണ് തട്ടിപ്പുകാര്‍ക്ക് ഗുണകരമായി മാറിയതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ ലഭിക്കുന്ന സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍ വഴിയും വിവിധ തരം ആപുകള്‍ വഴിയും ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിരിക്കാം എന്നാണ് സംശയിക്കപ്പെടുന്നത്. കൂടാതെ ഇന്ത്യ സംശയ നിഴലിലാക്കി നിരോധിച്ച ടിക് ടോക്കും മറ്റും യുകെ മലയാളികള്‍ക്കിടയില്‍ സജീവ പ്രചാരത്തിലാകാനും കോവിഡ് കാലം സഹായകമായി. വിവിധ തരം ആപ്പുകള്‍ വഴി ഓണ്‍ലൈന്‍ കൂട്ടായ്മകളും ലൈവ് പ്രോഗ്രാമുകളും നടത്തി സജീവമാകാന്‍ ഓരോരുത്തരും മത്സരിച്ചപ്പോള്‍ ഏതു വഴിക്കു ഓണ്‍ലൈനില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ പറന്നു പോയിരിക്കാം എന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. കാരണം തട്ടിപ്പിലേക്ക് നയിക്കുന്ന മൂന്നോ നാലോ ഫോണ്‍ കോളുകള്‍ വരെയാണ് ഒരു ദിവസം തന്നെ പലരെയും തേടി എത്തുന്നത്.

ഹാറോവില്‍ ഉള്ള മലയാളി കുടുംബത്തിന് കഴിഞ്ഞ മാസം നഷ്ടമായത് 1,993 പൗണ്ടാണ്. നാണക്കേട് ഓര്‍ത്തു ഇതുവരെ ആരോടും പറയാതിരുന്ന ഈ കുടുംബം ഇന്നലെ ബ്രിട്ടീഷ് മലയാളി വാര്‍ത്ത വായിച്ചതോടെയാണ് പ്രാദേശിക മലയാളി സമൂഹത്തില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഏതാനും ആഴ്ചകള്‍ ബാങ്കിന് പിന്നാലെ നടന്നപ്പോള്‍ തുക മടക്കി ലഭിച്ചെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം തനിക്കു ലഭിച്ചത് നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്ന നാഷണല്‍ ക്രൈം ഏജന്‍സിയുടെ പേരില്‍ ഉള്ള വ്യാജ സന്ദേശം ആയിരുന്നെന്നു കവന്‍ട്രി മലയാളിയായ ഹരീഷ് നായര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ കവന്‍ട്രിയില്‍ തന്നെ മറ്റൊരു കുടുംബത്തെ തേടി എത്തിയത് ലണ്ടന്‍ ക്രിമിനല്‍ കോടതിയുടെ പേരിലുള്ള വ്യാജ സന്ദേശമാണ്. നികുതി അടക്കാന്‍ വൈകിയതിന്റെ പേരില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പണം പിഴയായി അടച്ചാല്‍ മതിയെന്ന ഉപദേശമാണ് ഈ ഫോണ്‍കോളില്‍ ഉണ്ടായിരുന്നത്. ഏതായാലും ചോദിച്ച പണം നല്‍കിയ വ്യക്തിക്കു പിന്നീട് തട്ടിപ്പു ആണെന്ന് ബാങ്കിനെ ബോധ്യപ്പെടുത്താന്‍ ഏറെ പണിയെടുക്കേണ്ടി വന്നെങ്കിലും ഒടുവില്‍ നഷ്ടമായ പണം ബാങ്ക് തിരികെ നല്‍കുക ആയിരുന്നു.

തന്റെ ഭാര്യക്ക് പറ്റിയ ചെറിയ ഒരു അബദ്ധമാണ് ലണ്ടനിലെ നോര്‍ത്ത് പാര്‍ക്ക് പ്രദേശത്തെ മലയാളിക്ക് പറയാനുള്ളത്. ചെറിയൊരു അശ്രദ്ധയില്‍ 4,790 പൗണ്ട് ആണ് നഷ്ടമായത്. തൊട്ടടുത്ത പട്ടണത്തില്‍ മറ്റൊരു കുടുംബത്തിന് നഷ്ടമായത് 4,990 പൗണ്ടും. ഈ കുടുംബങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ച ആഴ്ചകള്‍ക്കു ശേഷമാണു നഷ്ടമായ പണം ബാങ്കില്‍ നിന്നും തിരികെ ലഭിച്ചത്. എന്നാല്‍ ഇതിനെയൊക്കെ വെല്ലുന്ന അനുഭവമാണ് സ്ട്രാറ്റ്‌ഫോഡില്‍ നിന്നും ലഭിക്കുന്നത്. നല്ല നിലയില്‍ ബിസിനസ് ചെയ്യുന്ന മലയാളിക്കു ഒറ്റയടിക്ക് നഷ്ടമായത് 18,450 പൗണ്ട് ആണെന്ന് പറയപ്പെടുന്നു. എച് എസ് ബി സി ബാങ്കിന്റെ അകൗണ്ട് വഴി നഷ്ടമായ പണം ഒടുവില്‍ ബാങ്ക് തന്നെ തിരികെ പിടിക്കുക ആയിരുന്നു. ഇതേ അക്കൗണ്ടില്‍ നിന്നും മറ്റൊരു 5,000 പൗണ്ട് കൂടി പിന്‍വലിക്കാന്‍ ഉള്ള നീക്കം ബാങ്ക് കയ്യോടെ പിടികൂടുക ആയിരുന്നു. ഇതിനു സമാനമായ സംഭവം സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവിടെ മലയാളി കുടുംബത്തിന്റെ പക്കല്‍ നിന്നും 15,000 പൗണ്ട് ആണ് ഓണ്‍ലൈന്‍ തട്ടിച്ചെടുത്തത്. ഇത്തരം വലിയ തുകയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ കോവിഡ് കാലത്തു ലക്ഷക്കണക്കിന് പൗണ്ട് യുകെ മലയാളികളുടെ അകൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ അടിച്ചു മാറ്റിയിട്ടുണ്ടെന്നു വ്യക്തം.

ഇതോടെ യുകെ മലയാളി സമൂഹം പ്രത്യേകമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയവും സജീവമാകുന്നുണ്ട്. ഒരു പക്ഷെ കൂടുതല്‍ പണം ഒറ്റ അകൗണ്ടുകളില്‍ സൂക്ഷിക്കപ്പെടുന്നതോ അഥവാ വളരെ നിസാരമായി പറ്റിക്കപ്പെടാന്‍ കഴിയുന്നതോ യുകെ മലയാളികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വഞ്ചനക്കു ഇരയാകുന്നവരുടെ എണ്ണം ഉയരാന്‍ കാരണമാകുന്നുണ്ടാകാം. കഴിഞ്ഞ ഏതാനും വര്‍ഷമായി പുതിയ മലയാളി കുടിയേറ്റക്കാര്‍ കൂടി എത്തിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളെ പറ്റി കാര്യമായ ധാരണ ഇല്ലാത്തവരുടെ എണ്ണം കൂടുതലായതും ഗൂഢസംഘത്തിനു തുണയായി മാറുന്നുണ്ടാകാം. തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ ബാങ്കുകള്‍ കൂടുതല്‍ നിസ്സംഗത ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ കരുതലെടുക്കേണ്ടതും ഫോണ്‍ കോളുകളോട് ജാഗ്രതയോടെ പ്രതികരിക്കേണ്ടതും ഓരോരുത്തരുടെയും ബാധ്യത കൂടിയാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാണക്കേട് ഓര്‍ത്തു പലരും മറച്ചു വയ്ക്കുന്നതും കൂടുതല്‍ ഇരകളെ സൃഷ്ടിക്കാന്‍ കൂടി കാരണമാകുന്നുണ്ട്. അതിനാല്‍ ഇരയാക്കപ്പെട്ടാല്‍ പ്രത്യേകിച്ചും പ്രാദേശികമായി എങ്കിലും മറ്റുള്ളവര്‍ കൂടി വഞ്ചിക്കപ്പെടാതിരിക്കാന്‍ വിവരം പങ്കുവയ്ക്കാന്‍ ഉള്ള സാമൂഹിക പ്രതിബദ്ധത ഓരോരുത്തരും കാട്ടിയാല്‍ മാത്രമേ ഈ തട്ടിപ്പു സംഘത്തിന്റെ കെണിയില്‍ നിന്നും യുകെ മലയാളികളെ രക്ഷിക്കാനാകൂ. മുഴുവന്‍ സമയം ഓണ്‍ലൈന്‍ ചിലവിടുന്ന ശീലത്തില്‍ നിന്നും മാറി നില്‍ക്കാനും ശ്രമിക്കുക എന്നതും സ്വയം പ്രതിരോധത്തിനുള്ള മികച്ച വഴിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category