1 GBP = 96.00 INR                       

BREAKING NEWS

ഓണചിട്ടികള്‍ പൊട്ടിയത് കൂട്ടത്തോടെ; പൊട്ടിച്ചവര്‍ക്കു പറയാനുള്ളത് സ്ഥിരം കാരണങ്ങള്‍; വെയ്ക്ക്ഫീല്‍ഡിനൊപ്പം കെന്റിലെ മലയാളികളും ചതിക്കപ്പെട്ടു; പീറ്റര്‍ബറോയിലെ തട്ടിപ്പുകാരി നാടും വിട്ടു; ആകെ നഷ്ടം പത്തു കോടിയിലേറെ; പണം തിരികെ പിടിക്കാന്‍ ആക്ഷന്‍ സമിതി രൂപീകരിക്കാന്‍ നീക്കം; തട്ടിപ്പു നടത്തിയവര്‍ക്ക് പ്രാദേശികമായി പിന്തുണ നല്‍കുവാനും ആളുകള്‍ രംഗത്ത്

Britishmalayali
സ്വന്തം ലേഖകര്‍

യോര്‍ക്ക് / കെന്റ് / പീറ്റര്‍ബറോ: ചടപടാ പൊട്ടിയ ചിട്ടികളുടെ കഥയാണ് യുകെയിലെങ്ങും. നാടാകെ പാട്ടായി എന്ന ടാഗ് ലൈന്‍ പോലെ ചിട്ടി പൊട്ടാത്തത് എവിടെയുണ്ട് എന്നിടം വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. വിശ്വസിക്കാന്‍ പ്രയാസം തോന്നും പൊട്ടിയ ചിട്ടിയില്‍ നഷ്ടമായ പണത്തിന്റെ കണക്കെടുക്കുമ്പോള്‍.

കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി യുകെ മലയാളികള്‍ ഓരോ ഇടവേളകളില്‍ ചിട്ടി പൊട്ടല്‍ കഥകള്‍ കേള്‍ക്കുക ആണെങ്കിലും ഈ തട്ടിപ്പിന് ഒരിക്കലും ഒരവസാനം ഇല്ലെന്നാണ് ഒടുവില്‍ പൊട്ടിയ പീറ്റര്‍ബറോ, വെക്ഫീല്‍ഡ്, ആഷ്ഫോര്‍ഡ് എന്നീ ഇടങ്ങളിലെ ചിട്ടി തട്ടിപ്പുകളുടെ ഉള്ളറകള്‍ തേടിയെത്തുമ്പോള്‍ കാണാനാകുക. മുന്‍പ് പൊട്ടിയ ചിട്ടികളുടെ തനിയാവര്‍ത്തനം തന്നെയാണ് പുതിയ പൊട്ടല്‍ കഥകളിലും. അതിനാല്‍ പണം പോയവര്‍ക്ക് വലിയ പ്രതീക്ഷകള്‍ക്ക് പോലും സ്ഥാനമില്ല. മൂന്നു സ്ഥലത്തുമായി നൂറിലേറെ പേരുടെ കയ്യില്‍ നിന്നായി പത്തു കോടിയിലേറെ രൂപയാണ് ചിട്ടിയില്‍ കുടുങ്ങി കിടക്കുന്നത്. 

എങ്ങനെയും പണം ഉണ്ടാക്കണം എന്ന ആവേശത്തില്‍ കുട്ടികളെ പോലും മറന്നു ഓവര്‍ ടൈം ഡ്യൂട്ടിയും ഏജന്‍സി ജോലികളും ചെയ്ത് ആഴ്ചയില്‍ ഒരു ദിവസം പോലും വിശ്രമിക്കാതെ ജോലി ചെയ്തവരുടെ അധ്വാനത്തിന്റെ വിയര്‍പ്പാണ് തട്ടിപ്പുകാര്‍ ഇപ്പോള്‍ ഏറെ ആസ്വാദനത്തോടെ രുചിക്കുന്നത്. ഭര്‍ത്താക്കന്മാരുടെ നിര്‍ബന്ധം മൂലം ചിട്ടി അടക്കാന്‍ വേണ്ടി മാത്രം ഒരു ദിവസം പോലും അവധി എടുക്കാതെ ജോലി ചെയ്യേണ്ടി വന്ന നഴ്സുമാര്‍ ജോലി സ്ഥലത്തു നടത്തിയ കണ്ണീരണിഞ്ഞ പരാതി പറച്ചിലാണ് സംഭവം പുറത്തു വരാന്‍ കാരണമായത്.

സമ്മര്‍ദ്ദത്തിന് അടിപ്പെട്ട ഒരു നഴ്സിന് ജോലിക്കിടയില്‍ അബദ്ധം സംഭവിച്ചതോടെ ചിട്ടിയാണ് തന്നെ തകര്‍ത്തത് എന്നിവര്‍ ജോലിസ്ഥലത്തും മാനേജരോട് റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഇതോടെ ഹോസ്പിറ്റല്‍ അധികൃതര്‍ തന്നെ ആക്ഷന്‍ ഫ്രോഡ് ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തേക്കും എന്ന സൂചനയുമുണ്ട്. 

എന്നാല്‍ മൂന്നു വര്‍ഷം മുന്‍പ് അനേകം പേര്‍ക്ക് പണം പോകുകയും പിന്നീട് ജെയ്മോന്‍ എന്ന മലയാളി തുനിഞ്ഞ് ഇറങ്ങിയതിനാല്‍ ചിട്ടി നടത്തിപ്പുകാരനെ നിയമത്തിനു മുന്നില്‍ തുറന്നു കാട്ടാനും കഴിഞ്ഞ കുപ്രസിദ്ധമായ ലെസ്റ്റര്‍ ചിട്ടി തട്ടിപ്പിനെ ഓര്‍മ്മപ്പെടുത്തി ആഷ്ഫോര്‍ഡ് മലയാളികള്‍ തട്ടിപ്പുകാര്‍ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉള്ള ശ്രമമാണ്. വെക്ഫീല്‍ഡിലാകട്ടെ സമ്മര്‍ദ്ദ തന്ത്രം ഉപയോഗപ്പെടുത്തി പണം നഷ്ടമായവരെ നിശ്ശബ്ദരാക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഏഴു മാസമായിട്ടും സജീവമായി തുടരുന്നു.

പീറ്റര്‍ബറോ ചിട്ടി തട്ടിപ്പില്‍ നിയമ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രതീക്ഷകള്‍ പോലും അകലെയെന്നും പണം പോയവര്‍ പറയുന്നു. ഇതോടെ എത്ര കണ്ടാലും കേട്ടാലും പഠിക്കാന്‍ കഴിയാത്ത സദാ മലയാളി തന്നെയാണ് യുകെ ജീവിതത്തിലും നിറയുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. മാത്രമല്ല തട്ടിപ്പുകാര്‍, എല്ലാക്കാലത്തും പ്രയോഗിക്കുന്ന തന്ത്രവും ഏറെക്കുറെ സമാനതകള്‍ ഉള്ളതാണെന്നും ഈ തട്ടിപ്പുകള്‍ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവരുന്നു.  

ഹണിട്രാപ് നടന്നത് പീറ്റര്‍ബറോയില്‍
ഒന്നര വര്‍ഷം മുന്‍പ് പൊട്ടിയ പീറ്റര്‍ബറോ ചിട്ടിയില്‍ തട്ടിപ്പിന് ഇരയായവര്‍ പഞ്ചാര വാക്കിന്റെ മറവില്‍ ഹണിട്രാപ്പിനും ഇരകളായതായി നാട്ടുകാര്‍ പറയുന്നു. ചിട്ടി നടത്താന്‍ രംഗത്ത് വന്നത് മധുരമായി സംസാരിക്കുന്ന ചെറുപ്പക്കാരി ആയ സ്ത്രീ ആയതിനാല്‍ ചിറ്റാളുകളെ കിട്ടാന്‍ പ്രയാസം ഉണ്ടായില്ല. മാത്രമല്ല മുന്‍പ് ഇറച്ചിയും മുട്ടയും ഒക്കെ ഫാം ഹൗസില്‍ പോയി മൊത്തമായി വാങ്ങി വില്‍പന നടത്തിയിരുന്നതിനാല്‍ പ്രദേശത്ത് ഏറെ പ്രസിദ്ധയും ആയിരുന്നു ചിട്ടിക്കാരി.

കൂട്ടത്തില്‍ കുറച്ചു നൃത്തവും കൂടിയായപ്പോള്‍ പീറ്റര്‍ബറോയിലെ ഭൂരിഭാഗം പേരും ചിട്ടിക്കാരിയുടെ കണക്കു പുസ്തകത്തിലെ പേരുകാരായി. ഇതോടെ ചിട്ടിയും തടിച്ചു കൊഴുത്തു. ഒടുവില്‍ മറ്റു ചിട്ടിക്കാരെ പോലെ തന്നെ പൊട്ടിക്കാന്‍ സമയമായി എന്ന് കണ്ടപ്പോള്‍ മധുരമായി ചിരിച്ചു കൊണ്ട് തന്നെ ചിട്ടി പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഏറെ നാള്‍ വീടിനു വെളിയില്‍ ഇറങ്ങാതെ വനവാസം. കയ്യില്‍ അധ്വാനിക്കാതെ പണവും വച്ച് എന്തിനിങ്ങനെ വെറുതെ ഇരിക്കണം എന്ന ചിന്തയില്‍ ഒടുവില്‍ അവര്‍ ആരോടും മിണ്ടാതെ വടക്കന്‍ യുകെയിലെ ഒരു കടലോര പട്ടണത്തിലേക്കു താമസം മാറി ആര്‍ക്കും പിടികൊടുക്കാതെ സുഖമായി കഴിയുന്നു.

പീറ്റര്‍ബറോയില്‍ വീട് ഉണ്ടെങ്കിലും അതു വില്‍പന ആയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ വീട്ടിലാണ് ഇപ്പോള്‍ പണം പോയവരുടെ കണ്ണ്. രണ്ടും കല്‍പ്പിച്ചിറങ്ങിയ ഏതാനും പേര്‍ പോലീസില്‍ പരാതി നല്‍കി കാത്തിരിപ്പാണ്. വീടിന്റെ ജപ്തി നടന്നിട്ടായാലും ചിട്ടിയില്‍ പോയ പണം തിരികെ ലഭിച്ചേക്കും എന്ന പ്രതീക്ഷയാണിവര്‍ക്ക്. മൂന്നോ നാലോ കോടി രൂപയുടെ സാമ്പത്തിക നഷ്ടം പ്രദേശ വാസികളായ മലയാളികള്‍ക്ക് സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 

തട്ടിപ്പുകാരന് കുട പിടിക്കാന്‍ സ്ഥലത്തെ പ്രധാന ചാവേറുകള്‍
പതിവ് പോലെ പ്രാദേശിക അസോസിയേഷനിലും യുക്മയുടെ പ്രാദേശിക പ്രതിനിധിയായും ഒക്കെ അരങ്ങു നിറഞ്ഞാണ് തൃശൂര്‍ ഭാഗത്തു വേരുകള്‍ ഉള്ള ചിട്ടിക്കാരന്‍ വെക്ഫീല്‍ഡില്‍ ആളെ വട്ടം കറക്കിയെടുത്തത്. വര്‍ഷങ്ങളായി ഇതിനുള്ള ശ്രമം നടത്തിയാണ് ചെറിയ പട്ടണമായ വെക്ഫീല്‍ഡിലെ ഏറെക്കുറെ മുഴുവന്‍ കുടുംബങ്ങളെയും തന്റെ തട്ടിപ്പിന് ഇയാള്‍ കൂട്ടിച്ചേര്‍ത്തത്.

ഏതാനും വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആറു കുടുംബങ്ങളെ ഊരു വിലക്ക് നല്‍കി മാറ്റി നിര്‍ത്തിയതോടെ ഒരു പ്രദേശത്തെ മലയാളി അസോസിയേഷന്‍ കൂട്ടായ്മയെ തന്നെ ചിട്ടിയിലേക്കു ഒന്നിച്ചു പറിച്ചു നടാന്‍ ഈ തട്ടിപ്പില്‍ സാധിച്ചു എന്നതും പ്രധാനമാണ്. ചുരുങ്ങിയതു മുപ്പതില്‍ ഏറെപേര്‍ക്കു 15000 പൗണ്ട് വീതം ആദായമുള്ള ചിട്ടിയില്‍ പണം നഷ്ടമായതായി സൂചനയുണ്ട്.

ചിലര്‍ക്ക് നാലു ചിട്ടികള്‍ വരെയുണ്ടായിരുന്നതായും പറയപ്പെടുന്നു. അത്തരത്തില്‍ പ്രതിമാസം ഒരു കുടുംബത്തില്‍ നിന്നും രണ്ടായിരം പൗണ്ട് വരെ ഈ ചിട്ടിക്കാരന്റെ പോക്കറ്റില്‍ എത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലേക്കു തടിതപ്പിയ ചിട്ടിക്കാരന്‍ കോവിഡിനെ കൂട്ടുപിടിച്ചാണ് താത്ക്കാലിക നിലനില്‍പ്പ് സാധിച്ചെടുക്കുന്നത്. കൊവിഡില്‍ മരണമടഞ്ഞ വക്തിയുടെ കുടുംബവും ഈ ചിട്ടിയിലെ ഇരകള്‍ ആണെന്ന് സൂചനയുണ്ട്.

തന്റെ ചിട്ടി ഒരിക്കല്‍ പൊട്ടിക്കാന്‍ ഉള്ളതാണെന്ന് അറിയാവുന്ന ചിട്ടിക്കാരന്‍ തനിക്കു ചുറ്റും ഏതാനും സ്തുതി പാഠകരെ വളര്‍ത്തി എടുത്തതിനാല്‍ ഇപ്പോള്‍ ചിട്ടിയെക്കുറിച്ചു അന്വേഷിക്കുന്നവര്‍ക്കു തേന്‍ പുരട്ടിയ വാക്കുകളില്‍ ആശ്വാസം പകരുന്ന ജോലിയും ഈ കൂട്ടാളികള്‍ ഏറ്റെടുത്തിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ ലെസ്റ്റര്‍ മാതൃകയില്‍ ഇവിടെയും നിയമ നടപടികള്‍ ആരംഭിക്കുമെന്ന സൂചനയും ലഭ്യമാണ്. ഈ ചിട്ടിയില്‍ നിലവില്‍ രണ്ടു കോടിയിലേറെ രൂപയുടെ എങ്കിലും ബാധ്യതയാണ് നാട്ടുകാര്‍ ഇപ്പോള്‍ കണക്കു കൂട്ടുന്നത്. 

പങ്കാളികളെന്നു സംശയം, ഏറ്റവും വലിയ തുകയുടെ തിരിമറി, ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് 
യുകെയിലെ ഏറ്റവും വലിയ ചിട്ടി തട്ടിപ്പു എന്ന് വിശേഷിപ്പിക്കാവുന്ന പൊട്ടിക്കല്‍ ആണ് കെന്റിലെ ആഷ്ഫോഡില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഈ ചിട്ടി പൊട്ടിയതായി ആദ്യമായി വിവരം പുറത്തു വരുന്നത്. മൂന്നു പേര് വ്യത്യസ്തമായി നടത്തിയ ചിട്ടിയില്‍ ഇതിനകം 50 പേര്‍ക്ക് എങ്കിലും പണം നഷ്ടമായിട്ടുണ്ട്. ചുരുങ്ങിയത് മൂന്നു പേരും ചേര്‍ന്ന് നാലു കോടിയിലേറെ രൂപയുടെ ബാധ്യതയും പ്രാദേശിക മലയാളി സമൂഹത്തിനു സമ്മാനിച്ചിട്ടുണ്ട്.

രണ്ടു പേര്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായി വിലസിയും ഒരാള്‍ ആധ്യാല്‍മിക നേതൃ പദവിയിലേക്ക് സ്വയം ഉയര്‍ന്നുമാണ് ചിട്ടിക്കുള്ള ആളെ വട്ടം കൂട്ടിയത്. ഒടുവില്‍ കച്ചവടം പച്ച പിടിച്ചപ്പോള്‍ മൂന്നു പേരും കാണാമറയത്തിരുന്നു പരസ്പരം പണം കൈമാറ്റം നടത്തിയെന്നും ഈ തിരിമറിയിലാണ് പണം പല കൈകളില്‍ എത്തപ്പെട്ടത് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

തന്റെ പണം നഷ്ടമായെന്ന് മനസിലാക്കിയ ഒരു മലയാളി ചിട്ടിക്കാരന്റെ വീടിനു മുന്നില്‍ ബഹളം വയ്ക്കാന്‍ എത്തിയപ്പോള്‍ അയല്‍വാസികളായ ഇംഗ്ലീഷുകാര്‍ ഇടപെട്ടാണ് പോലീസിനെ വിളിച്ചു വരുത്തിയത്. ചിട്ടിക്കാരന് എതിരെ കേസ് എടുക്കാന്‍ പോലീസിനേക്കാള്‍ നല്ലത് ആക്ഷന്‍ ഫ്രോഡില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത് എന്ന ഉപദേശമാണ് പോലീസ് നല്‍കിയത്. ഇതോടെ പണം പോയവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉള്ള ശ്രമം സജീവമാക്കുകയാണ്. 

ഈ ചിട്ടി തട്ടിപ്പുകളിലെ കൂടുതല്‍ വിശദാംശങ്ങള്‍ ബ്രിട്ടീഷ് മലയാളി അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. പണം നഷ്ടമായവര്‍ക്കു തങ്ങളുടെ അനുഭവം ഇനിയും മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഞങ്ങളെ അറിയിക്കാന്‍ മടിക്കരുത്. നിങ്ങളെ സംബന്ധിച്ച സ്വകാര്യത സംരക്ഷിച്ചു തന്നെയായിരിക്കും വാര്‍ത്തകള്‍ നല്‍കുക. വിവരങ്ങള്‍ [email protected] എന്ന ഇമെയില്‍ വഴി അറിയിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category