1 GBP = 96.00 INR                       

BREAKING NEWS

ഏതോ ഒരു ഫോണ്‍ ഐഡിയില്‍ നിന്നും ജൂണ്‍ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം ഗൗരവത്തോടെ എടുത്ത് എന്‍ഐഎ; മന്ത്രിയുടെ ശബ്ദ സാമ്പിള്‍ എടുത്ത് ശാസ്ത്രീയ പരിശോധന ആലോചനയില്‍; വാട്സാപ്പ് ചാറ്റുകള്‍ ശിവശങ്കറിനേയും കുടുക്കുമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സി; മന്ത്രി ജലീലിന് ഇനി നിര്‍ണ്ണായകം സ്വപ്നയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍; സ്വര്‍ണ്ണ കടത്ത് കേസില്‍ ചാറ്റുകള്‍ തെളിവുകളാകും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള സ്വപ്നാ സുരേഷിന്റെ ചോദ്യം ചെയ്യല്‍ ഇനി അതിനിര്‍ണ്ണായകമാകും. സ്വപ്നയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുത്ത ഓരോ തെളിവിനും സ്വപ്ന ഉത്തരം പറയേണ്ടിവരും. ഇത് പല പ്രമുഖരേയും വെട്ടിലാക്കും. സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ കുടുക്കാനുള്ള തെളിവുകള്‍ ചാറ്റില്‍ ഉണ്ടെന്നാണ് സൂചന.

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകള്‍ വീണ്ടെടുത്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍ഐഎ വിശകലനം ചെയ്യുകയാണ്. സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട മൊഴി മന്ത്രി കെ.ടി.ജലീലിനും നിര്‍ണായകമാണ്. സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവയില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകും സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുക.

ജൂലൈ 10നു ബെംഗളൂരുവില്‍ അറസ്റ്റിലായശേഷം തുടര്‍ച്ചയായി 12 ദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും കെ.ടി.ജലീലിനെതിരായ മൊഴികളോ തെളിവുകളോ ലഭിച്ചിരുന്നില്ല. എന്നാല്‍ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയുടെ സൈബര്‍ ഫൊറന്‍സിക് പരിശോധനാ ഫലം വന്നതോടെയാണു സ്വപ്ന പലതവണ ജലീലുമായി ആശയവിനിമയം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയത്. ഇതോടെയാണു സ്വപ്നയടക്കമുള്ള പ്രതികളെക്കുറിച്ചു കെ.ടി.ജലീലിന് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും മൊഴിയായി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടു പരിചയപ്പെടുത്തിയതു കൊണ്ടു മാത്രമാണു സ്വപ്നയുമായി ബന്ധം നിലനിര്‍ത്തിയതെന്ന ജലീലിന്റെ മൊഴി വസ്തുതാപരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആദ്യ വിലയിരുത്തല്‍. സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്കാളിത്തം പുറത്തുവരുന്നതുവരെ അവര്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കിയില്ലെന്നാണു ജലീലിന്റെ മൊഴി. കോണ്‍സുലേറ്റില്‍ നിന്നു കൈമാറിയ മതഗ്രന്ഥങ്ങള്‍ അടക്കം ചെയ്ത നയതന്ത്ര പാഴ്സലിനുള്ളില്‍ മറ്റൊന്നുമില്ലെന്നാണ് ഉത്തമബോധ്യമെന്നും അതങ്ങനെ തന്നെയാകണമെന്നാണു പ്രാര്‍ത്ഥനയെന്നും ജലീല്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.

സ്വപ്നയെ കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഒരു മന്ത്രിക്കു പരിചയപ്പെടുത്തി നേരിട്ട് ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതു മനഃപൂര്‍വമാണോ എന്നതും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. മന്ത്രി നല്‍കിയ മൊഴിയും 22ന് എന്‍ഐഎ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സ്വപ്നയുടെ മൊഴിയും പൊരുത്തപ്പെട്ടാല്‍ മന്ത്രിയെ ഇനി എന്‍ഐഎ വിളിച്ചുവരുത്താന്‍ സാധ്യതയില്ല. കെ.ടി. ജലീലിന്റേതല്ലാത്ത ഒരു ഫോണ്‍ ഐഡിയില്‍ നിന്നും ജൂണ്‍ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ ഒരു ശബ്ദ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം അന്വേഷണ സംഘങ്ങളെ കുഴയ്ക്കുന്നുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യം വന്നാല്‍ മന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു കോടതി ഉത്തരവോടെ എന്‍ഐഎ പരിശോധനയ്ക്ക് അയച്ചേക്കുമെന്നാണ് സൂചന. ഇതും കേസില്‍ അതിനിര്‍ണ്ണായകമാകും..

അതിനിടെ ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍ പറയുന്നു. ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. എതിരാളികള്‍ക്ക് തന്നെകൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷേ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് തന്റെ ചലനങ്ങളും യാത്രയ്ക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തത്സമയം വിവരംനല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് സഹതാപമേ ഉള്ളൂ. ക്രമിനല്‍നടപടി ചട്ടം 160 പ്രകാരം സാക്ഷിയായി വിസ്തരിക്കാന്‍ വിളിച്ചതിനെ, തൂക്കിലേറ്റാന്‍ വിധിക്കുന്നതിനുമുമ്പ് 'നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്‍.ഐ.എ. നോട്ടീസിന്റെ പകര്‍പ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളംമാറ്റിച്ചവിട്ടി.

ഒരാളെയും കൂസാതെ സധൈര്യം മുന്നോട്ടുപോകാന്‍ കഴിയുന്നത് ഒളിച്ചുവെക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് ആകെ പത്തൊമ്പതര സെന്റ് സ്ഥലവും ഒരുവീടും (5 ലക്ഷം ലോണെടുത്തതിന്റെ പേരില്‍ അതും ഇപ്പോള്‍ പണയത്തിലാണ്), തനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവുകഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍? ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍?- കുറിപ്പില്‍ പറയുന്നു.

കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതിന് സംഘപരിവാര്‍ മുഖപത്രത്തില്‍വന്ന ലേഖനത്തില്‍പ്പരം തെളിവ് വേറെ വേണോ? എന്ന് ചോദിച്ച് ലേഖനത്തിന്റെ പകര്‍പ്പും മന്ത്രി ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category