1 GBP = 95.50 INR                       

BREAKING NEWS

ക്വാറന്റീന്‍ ലംഘിച്ചു കേരളാ ചീഫ് സെക്രട്ടറി കുടുംബ സമേതം പൊന്മുടിയില്‍ ഉല്ലാസ യാത്രയില്‍; വിശ്വാസ് മേത്ത പൊന്മുടിയിലെ കെടിഡിസി ഗസ്റ്റ് ഹൗസില്‍ എത്തിയത് സമ്പര്‍ക്കത്തിലുള്ള കീഴുദ്യോഗസ്ഥക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെ; ചീഫ് സെക്രട്ടറി തന്നെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ഭരണസിരാ കേന്ദ്രത്തിലും മുറുമുറുപ്പ്; മന്ത്രിമാര്‍ പോലും അച്ചടക്കത്തോടെ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്നു; പൊന്മുടി യാത്രയെ ചൊല്ലി വിവാദം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകേണ്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കുടുംബം സമേതം പൊന്മുടി കെടിഡിസി റിസോര്‍ട്ടില്‍ താമസിക്കുന്നത് വിവാദമാകുന്നു. ചീഫ് സെക്രട്ടറിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റായ ജോഷി മൃണ്‍മയി ശശാങ്ക് കോവിഡ് പോസിറ്റീവ് ആയി ചികിത്സയില്‍ തുടരുകയാണ്. ചീഫ് സെക്രട്ടറിയുമായി നിരന്തര സമ്പര്‍ക്കമുള്ള ഉദ്യോഗസ്ഥയാണ് ജോഷി മൃണ്‍മയി ശശാങ്ക്. മൃണ്‍മയി കോവിഡ് പോസിറ്റീവ് ആയിരിക്കെ പ്രൈമറി കോണ്‍ടാക്റ്റ് ആണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. പ്രൈമറി കോണ്‍ടാക്റ്റ് ഉള്ളവര്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഈ കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തിയാണ് ചീഫ് സെക്രട്ടറിയും സംഘവും പൊന്മുടിയില്‍ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയെറ്റില്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. കൊറോണ വ്യാപനം സര്‍വ അതിരുകളും ഭേദിച്ച് തലസ്ഥാന നഗരിയില്‍ പടരുവേ തന്നെയാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയില്‍ നിന്നും വന്നിരിക്കുന്നത്.

മൃണ്‍മയി കോവിഡ് പോസിറ്റീവ് ആയിരിക്കെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മൃണ്‍മയിയുമായി പ്രൈമറി കോണ്‍ടാക്റ്റില്‍ വരുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ളവരും. ഈ രീതിയില്‍ ക്വാറന്റൈനില്‍ തുടരേണ്ട ചീഫ് സെക്രട്ടറിയാണ് ഇന്നലെ കുടുംബസമേതം കെടിഡിസി റിസോര്‍ട്ടില്‍ എത്തി താമസം തുടങ്ങിയിരിക്കുന്നത്. മൃണ്‍മയിയുമായി പ്രൈമറി കോണ്‍ടാക്റ്റ് വരുന്ന ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ളവര്‍ ക്വാറന്റൈനില്‍ പോയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രൈമറി കോണ്‍ടാകറ്റില്‍ വരുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും ഇവര്‍ കരിയര്‍മാര്‍ ആകാന്‍ സാധ്യതയുണ്ട്. ഇവര്‍ വഴി പ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് കോവിഡ് പടരാന്‍ സാധ്യത കൂടുതലാണ്. ചീഫ് സെക്രട്ടറി റൂം ക്വാറന്റൈനില്‍ ആണ് തുടരേണ്ടത്. ഏഴു ദിവസം റൂം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇവിടെ ചീഫ് സെക്രട്ടറിയുടെ നടപടി വഴി കോവിഡ് പ്രോട്ടോക്കോള്‍ തന്നെയാണ് ലംഘിക്കപ്പെട്ടത്.

ഇന്നലെ ഉച്ച കഴിഞ്ഞാണ് ചീഫ് സെക്രട്ടറിയും കുടുംബവും റിസോര്‍ട്ടില്‍ എത്തിയത്. ഇന്നു വൈകീട്ട് വരെ ചീഫ് സെക്രട്ടറിയും കുടുംബവും പൊന്മുടി റിസോര്‍ട്ടില്‍ തങ്ങുന്നുണ്ട്. മറുനാടന് ലഭ്യമായ വിവര പ്രകാരം വൈകീട്ട് ചീഫ് സെക്രട്ടറിയും കുടുംബവും പൊന്മുടി റിസോര്‍ട്ടില്‍ നിന്നും മടങ്ങും. ജനങ്ങളെക്കൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതിന് ഉത്തരവാദിത്തമുള്ള ചീഫ് സെക്രട്ടറി തന്നെയാണ് കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തി പൊന്മുടിയിലേക്ക് ഉല്ലാസയാത്ര പോയത്. അതേസമയം ചീഫ് സെക്രട്ടറി പൊന്മുടിയില്‍ എത്തിയ ഇന്നലെ പൊന്മുടി റിസോര്‍ട്ടില്‍ പാര്‍ട്ടി നടന്നതായി സൂചനയുമുണ്ട്.

ചീഫ് സെക്രട്ടറിയുടെ കുടുംബം അല്ലാതെ വേറെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇവിടെ തങ്ങുന്നുണ്ടോ എന്നതും വ്യക്തമല്ല. കഴിഞ്ഞ 24 മുതല്‍ കെടിഡിസിയുടെ പൊന്മുടി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ധാരാളം വിനോദ സഞ്ചാരികള്‍ കഴിഞ്ഞ 24 മുതല്‍ ഈ റിസോര്‍ട്ടില്‍ തങ്ങുന്നുമുണ്ട്. ചീഫ് സെക്രട്ടറിയുടെ കുടുംബം കൂടാതെ മറ്റുള്ള വിനോദ സഞ്ചാരികളും ഈ റിസോര്‍ട്ടില്‍ തങ്ങുന്നുണ്ട്. കോവിഡ് വ്യാപനത്തിനുള്ള വഴി തന്നെയാണ് കേരളത്തില്‍ കോവിഡ് വ്യാപനം തടയാന്‍ ബാധ്യതയും ഉത്തരവാദിത്തമുള്ള ചീഫ് സെക്രട്ടറിയും കൂട്ടരും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ക്വാറന്റൈന്‍ ലംഘിച്ച കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്ക്കെതിരെ കേസെടുത്തിരുന്നു. കളക്ടര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ പത്തൊന്‍പതാം തിയതി മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇത് ലംഘിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ച്ച് 19 മുതല്‍ ക്വാറന്റൈനിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയെ ഔദ്യോഗിക വസതിയില്‍ നിന്ന് കാണാതാവുകയായിരുന്നു.

വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയിരുന്ന മിശ്ര തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദ്ദേശിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥന്റേത് കടുത്ത നടപടിദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്നാണ് ജില്ലാ കലക്ടര്‍ പ്രതികരിച്ചത്. അതിനു ശേഷമാണ് ഐഎഎസ് തലത്തിലുള്ള ഒരു ക്വാറന്റീന്‍ ലംഘനം അതും ചീഫ് സെക്രട്ടറി പോലുള്ള ഒരു ഉദ്യോഗസ്ഥനില്‍ നിന്നും വന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category