1 GBP = 95.50 INR                       

BREAKING NEWS

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മലയാളി നഴ്‌സുമാരും തള്ളിക്കയറി തുടങ്ങിയതോടെ ബിസിനസ് രംഗത്തും ആവേശം; 14 പൗണ്ടിന്റെ സാരിക്ക് വിലകയറിയത് 89 പൗണ്ടിലേക്ക്; കപ്പ മുതല്‍ കരിംജീരകം വരെ കടകളില്‍ സുലഭം; വാടക വീടുകള്‍ക്ക് വന്‍ ഡിമാന്റ്; ശരാശരി വാടക 800 മുതല്‍ ആയിരം വരെ; ലണ്ടനില്‍ 1600നു മുകളില്‍; കുടിയേറ്റത്തിന്റെ ഇന്ത്യന്‍ വസന്തം ആഘോഷമാകുന്ന കാലം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് കാലം പോലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും മലയാളി നഴ്സുമാരുടെയും യുകെയിലേക്കുള്ള തള്ളിക്കയറ്റത്തിന് കുറവുണ്ടാക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. ഓരോ എന്‍എച്ച്എസ് ട്രസ്റ്റിലേക്കും മാസം തോറും എത്തുന്നത് നൂറിലേറെ മലയാളി നഴ്‌സുമാരും അവരുടെ കുടുംബങ്ങളുമാണ്. എയര്‍ ബബിള്‍ ധാരണയില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചതോടെ മിക്ക വിമാനങ്ങളും ഫുള്‍ ആയാണ് പറക്കുന്നത്. നോട്ടിങ്ഹാം ആശുപത്രിയിലേക്ക് മാത്രം ഓരോ മാസവും 30 മലയാളി നഴ്സുമാര്‍ വീതമാണ് എത്തികൊണ്ടിരിക്കുന്നത്. ഇത് ഡിസംബര്‍ വരെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

സമാനമായ തരത്തില്‍ യുകെ യൂണിവേഴ്‌സിറ്റികളിലേക്കു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കും ശക്തമാണ്. ദിവസേന പത്തു മലയാളി വിദ്യാര്‍ത്ഥികള്‍ എങ്കിലും താമസ സൗകര്യം അഭ്യര്‍ത്ഥിച്ചു ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നുണ്ട്. ഇത്തരത്തില്‍ യുകെയിലെ ഓരോ പട്ടണത്തിലും ഇന്ത്യന്‍, മലയാളി സാന്നിധ്യം ശക്തമായതോടെ ബിസിനസ് രംഗത്തും അതിന്റെ ഉണര്‍വ് കണ്ടുതുടങ്ങിയിരിക്കുകയാണ്. 

കോവിഡ് പടരുന്നതിന് തൊട്ടു മുന്‍പുള്ള മാസങ്ങളില്‍ പുറത്തുവന്ന കണക്കുകളില്‍ തന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തള്ളല്‍ വ്യക്തമാണ്. ലണ്ടന്‍ പ്രദേശത്തെ യൂണിവേഴ്സിറ്റികളില്‍ ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ നില. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിസാ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നടത്തിയ തുടര്‍ ചര്‍ച്ചകളുടെ വിജയമെന്നോണമാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലണ്ടനില്‍ എത്താന്‍ അവസരം ഒരുങ്ങിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 35 ശതമാനം വിദ്യാര്‍ത്ഥികളാണ് അധികമായി ഇതുവരെ എത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിക്‌സ് സൊസൈറ്റി പുറത്തുവിട്ട കണക്കുകളില്‍ ആണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തള്ളല്‍ വ്യക്തമാകുന്നത്. 

ആശുപത്രിക്കു അടുത്ത് വാടക വീടില്ല, ഉണ്ടെങ്കില്‍ വാടക ആയിരം 
ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ലണ്ടന്‍ യൂണിവേഴ്സിറ്റികളില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നഴ്‌സുമാരും യോഗ്യത പരീക്ഷയിലെ ഇളവുകളുടെ ആനുകൂല്യത്തോടെ എത്തിത്തുടങ്ങിയപ്പോള്‍ യുകെയിലെക്കുള്ള കുടിയേറ്റത്തിന്റെ  ഇന്ത്യന്‍ വസന്തമാണ് ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ പുത്തന്‍ കുടിയേറ്റക്കാര്‍ ചേര്‍ന്ന് നടത്തിയ ഓണ്‍ ലൈന്‍ പരാതിക്കു വേണ്ടി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30000 മലയാളി കുടുംബങ്ങളാണ് യുകെയില്‍ എത്തിയിരിക്കുന്നത്. ഓരോ പട്ടണത്തിലും ഇതിന്റെ അനുരണനം ദൃശ്യമാണ്. വാടക വീടുകള്‍ ആശുപത്രികള്‍ക്ക് അടുത്ത് ലഭിക്കാനില്ലാത്ത സാഹചര്യമാണ്. ചെറുകിട പട്ടണങ്ങളില്‍ 660നും 800നും ഇടയില്‍ ഉണ്ടായിരുന്ന വാടകയിപ്പോള്‍ ആയിരം കൊടുത്താലും വീടില്ല എന്ന സ്ഥിതിയിലാണ്. 

ഓരോ വീടെടുത്തു കൂടുതല്‍ പേരെ താമസിപ്പിക്കാന്‍ ഒന്നും മലയാളി വീട്ടുടമകള്‍ പോലും സമ്മതിക്കാറില്ല. ലണ്ടന്‍ പ്രദേശത്താണെങ്കില്‍ മൂന്നു മുറികളുള്ള വീടിനും 1600നു മുകളിലാണ് വാടക. വിദ്യാര്‍ഥികള്‍ വീടും ഫ്‌ലാറ്റും തപ്പി നടന്നു വശം കെടുന്ന സാഹചര്യമാണിപ്പോള്‍. മുന്‍ വര്‍ഷങ്ങളില്‍ താമസിക്കാന്‍ എത്തിയ ചില വിദ്യാര്‍ത്ഥികള്‍ ഓരോ ടൗണിലും ഷെയര്‍ ചെയ്തു താമസിക്കാന്‍ തയ്യാറായ കുടുംബങ്ങള്‍ക്ക് പിന്നീട് ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ഓര്‍ത്തു പലരും ഷെയറിങ് വീടുകള്‍ നല്‍കാനും മടിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കില്‍ പോലും നീറുന്ന ഇത്തരം ഓര്‍മ്മകള്‍ കഥകളായി മാറുമ്പോള്‍ അത് എക്കാലവും സജീവ സംസാര വിഷയമാകുകയും ചെയ്യും. അതിനാല്‍ ഏറ്റവും അടുത്തറിയുന്ന ആരെങ്കിലും പൂര്‍ണ ഗ്യാരന്റി നല്‍കിയാല്‍ മാത്രമേ ലണ്ടനും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും മലയാളികള്‍ വീടുകളില്‍ ഷെയറിങ് താമസത്തിനു തയ്യാറാകുന്നുള്ളൂ. 

മലയാളി കടകളിലും കൊയ്ത്തുകാലം 
കോവിഡ് വന്നതോടെ രക്ഷപെട്ടത് മലയാളി കച്ചവട സ്ഥാപനങ്ങളാണ്. തുടക്കത്തില്‍ സാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകും എന്ന ധാരണയില്‍ തള്ളിക്കയറി മുഴുവന്‍ സാധനങ്ങളും തൂത്തുവാരിയ കടകളില്‍ പിന്നീട് സാധനം അന്വേഷിച്ച് എത്തിയവര്‍ വിലക്കൂടുതല്‍ ഒന്നും നോല്‍ക്കാതെ വാങ്ങാന്‍ തുടങ്ങുക ആയിരുന്നു. കോവിഡിന് ശേഷം പച്ചക്കറി ഉള്‍പ്പെടെ പല സാധനങ്ങളും യഥേഷ്ടം എത്തുന്നില്ല എന്നതാണ് വസ്തുത.

എന്നാല്‍ പുത്തന്‍ കുടിയേറ്റക്കാരും വിദ്യാര്‍ത്ഥികളും കൂടി മലയാളി കടകളില്‍ എത്തി തുടങ്ങിയതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. ആദ്യകാലങ്ങളില്‍ എത്തിയ മലയാളികള്‍ വിലക്കൂടുതല്‍ ഓര്‍ത്തു മലയാളി കടകളില്‍ പോകുന്നത് ആഴ്ചയിലോ രണ്ടാഴ്ചയില്‍ ഒരിക്കലോ ആയിരുന്ന സ്ഥാനത്ത് റെഡി റ്റു ഈറ്റ് വിഭാഗം സാധനങ്ങള്‍ സുലഭമായതോടെ ചെറുപ്പക്കാര്‍ വില നോക്കാതെ സാധനം വാങ്ങിത്തുടങ്ങിയിരിക്കുകയാണ്. 

സ്വന്തമായി പാചകം ചെയ്യാനുള്ള പരിചയക്കുറവും മടിയും ഒന്നിച്ചു രൂപം കൊണ്ടതോടെ അവിയലും സാമ്പാറും ഇഡ്ഡലിയും പാവയ്ക്കാ തോരനും എന്നുവേണ്ട അടുക്കളയില്‍ ആവശ്യമായ എന്തും പായ്ക്ക് ചെയ്തു ലഭിക്കും എന്ന സാഹചര്യത്തില്‍ വിലകൊടുത്തു വാങ്ങാന്‍ തന്നെയാണ് ചെറുപ്പക്കാരുടെ താല്‍പര്യം. പലര്‍ക്കും കുട്ടികള്‍ ഉണ്ടായി തുടങ്ങിയിട്ടില്ലാത്തതിനാല്‍ ചിലവ് കുറഞ്ഞ ജീവിതത്തെ കുറിച്ച് ആലോചിക്കുകയേ വേണ്ട എന്നതാണ് സാഹചര്യം.

യുകെയിലേക്കുള്ള ഡിമാന്‍ഡ് കൂടിയതോടെ കൂടുതല്‍ വിതരണ സ്ഥാപനങ്ങളും യുകെ മാര്‍ക്കറ്റിനെ സജീവമായി കാണുകയാണ്. കൂടുതലായി എത്തുന്നത് പ്രോസസ് ഫുഡ് ഇനങ്ങള്‍ തന്നെ ആണെങ്കിലും ശരീര സൗന്ദര്യ ടിപ്പുകള്‍ യൂ ട്യൂബ് വിഡിയോ ആയി നിറയുമ്പോള്‍ കരിംജീരകവും ഹെന്ന തയ്യാറാക്കാനുള്ള മൈലാഞ്ചി പൊടിയും ഒക്കെ ഇപ്പോള്‍ മലയാളി കടകളിലെ ഹിറ്റ് ഐറ്റം തന്നെയാണ്. 

ഓണക്കാലത്തു സാരിക്കുണ്ടായത് പിടിച്ചു പറി
കാര്യമായ ഓണാഘോഷം നടന്നില്ലെങ്കിലും വീട്ടില്‍ ഓണം നടത്തി ഓണ്‍ ലൈന്‍ ലൈവിലും ഫേസ്ബുക്കിലും എത്താന്‍ തിരക്കിട്ട യുകെ മലയാളികള്‍ സാരി കച്ചവടത്തിലാണ് പണം കൂടുതല്‍ പൊട്ടിച്ചത്. ഫേസ്ബുക്കിലും ഓണ്‍ലൈന്‍ കച്ചവടത്തിലും സജീവമായ മലയാളികള്‍ പലരും ചാകര കൊയ്ത്തു നടത്തുകയും ചെയ്തു. വെറും 14 പൗണ്ട് വിലയുണ്ടായിരുന്ന സാരിക്ക് 89 പൗണ്ട് വരെ മേടിക്കാന്‍ വില്‍പനക്കാര്‍ തയ്യാറായി എന്നറിയുമ്പോളാണ് ഡിമാന്‍ഡ് എത്ര വലുതായിരുന്നു എന്നറിയുന്നത്.

അതും മടക്കി നല്‍കാനോ വേറെ വാങ്ങാനോ അവസരം പോലും നല്‍കാതെ ഓണാഘോഷത്തിന്റെ രണ്ടു നാള്‍ മുന്‍പ് മാത്രം ഡെലിവറി നടത്താനുള്ള കൗശലവും കച്ചവടക്കാര്‍ കാട്ടി. വാങ്ങിയ സാരി ഉടുത്ത ശേഷം മടക്കി നല്‍കാന്‍ ഉള്ള ശ്രമം ഫേസ്ബുക്കില്‍ മറ്റാരോ ഷെയര്‍ ചെയ്ത പടം തെളിവായി കാണിച്ചു പൊളിച്ചടുക്കിയ കച്ചവട ബുദ്ധിയും ഇത്തവണ യുകെയില്‍ ഉണ്ടായി. 

തനിക്ക് ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ പല മടങ്ങു കച്ചവടം കൂടിയെന്നും ഈ രംഗത്തുള്ള വനിത വ്യക്തമാക്കുന്നു. മുന്‍പ് ഭാര്യയും ഭര്‍ത്താവും ഒരേ നിറമുള്ള വസ്ത്രം അണിഞ്ഞു ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടിരുന്ന ട്രെന്റ് ഇത്തവണ അമ്മയും മകളും ഒരേ നിറത്തില്‍ ഉള്ള വസ്ത്രം ആയിരിക്കണം എന്ന നിലയില്‍ എത്തിയപ്പോള്‍ ഓണാഘോഷ ചിലവും കൂടുക ആയിരുന്നു.

അമ്മയ്ക്കു സാരിയും മകള്‍ക്കു പട്ടുപാവാടയും ബ്ലൗസും ചേര്‍ത്ത് 150 മുതല്‍ 200 പൗണ്ട് വരെ ചിലവാക്കി ആഘോഷം കളര്‍ഫുള്‍ ആക്കിയവരാണ് പലരും. വില്‍പനക്കാര്‍ തന്നെ ഏതാനും പേരെ ഇത്തരം ട്രെന്റിന് മോഡലാക്കി നിര്‍ത്തി ഫേസ്ബുക് പേജിലും മറ്റും മുന്‍കൂര്‍ ഫോട്ടോകള്‍ നല്‍കി തുടങ്ങുന്നതോടെ അനുകരിക്കാനും പിന്നാലെ ആളെത്തുകയാണ്. അതായതു ഇരയിട്ടു മീന്‍ പിടിക്കുന്ന രീതി തന്നെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category