1 GBP = 94.70 INR                       

BREAKING NEWS

ആശയറ്റ അമ്മൂമ്മമാര്‍ക്കൊരാശ്രയമായി അമ്മൂമ്മത്തിരി; വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കൈത്തറിക്കാര്‍ക്ക് പുതുജീവന്‍ നല്‍കി ചേര്‍ക്കുട്ടി; വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി പ്രകൃതി സംരക്ഷണത്തിന് എന്‍ട്രി; മുന്‍തലമുറയുടെ കൈപ്പുണ്യം പുത്തന്‍ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ''ഗ്രാന്‍ഡ് മാര്‍ക്ക്''; വേറിട്ട വഴികളിലൂടെ അശരണരുടെ കണ്ണുനീരൊപ്പുന്ന ലക്ഷ്മി മേനോന്‍ എന്ന യുവതിയെ കൂടുതലറിയാം

Britishmalayali
kz´wteJI³

ചിലരങ്ങനെയാണ്, തന്നെക്കുറിച്ച് എപ്പോഴും നിശബ്ദത പുലര്‍ത്തും. അവര്‍ക്ക് ചുറ്റും തിളങ്ങുന്ന ഫ്ളാഷ് ലൈറ്റുകളോ ജനക്കൂട്ടങ്ങളോ ഉണ്ടാകില്ല. കര്‍മ്മത്തിന്റെ വഴിയിലൂടെ ഏകനായി തുടരുന്ന യാത്രയാണ് അവരുടെ ജീവിതം. കര്‍മ്മങ്ങള്‍ക്കപ്പുറമുള്ള ഒരു ലോകത്തെ കുറിച്ച് അവര്‍ ചിന്തിക്കുക പോലുമില്ല. പേരും പെരുമയുമൊക്കെ അവര്‍ക്കെന്നും അന്യമായിരിക്കും. പക്ഷെ അപ്പോഴും നന്മനിറഞ്ഞ കുറച്ചു മനസ്സുകള്‍ അവരെ അറിയും, അവരോടൊപ്പം നടക്കും, ഒരിക്കലുമവസാനിക്കാത്ത കര്‍മ്മകാണ്ഡത്തിലൂടെ. അത്തരത്തിലൊരു നന്മമരമാണ് കാഞ്ഞിരമറ്റം സ്വദേശിയായ ലക്ഷ്മി മേനോന്‍.

ഓരോ പ്രതിസന്ധിയും ഒരു അവസരമാക്കി മാറ്റുകയാണ് ലക്ഷ്മി മേനോന്‍ എന്ന ഈ യുവതി. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയത് നാടിനോടുള്ള ഹൃദയബന്ധം കൊണ്ടായിരുന്നു. സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച ലക്ഷ്മിയോട് പിതാവ് ആവശ്യപ്പെട്ടത് ലഭിച്ച വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്ക്കായി ചെലവഴിക്കണം എന്നായിരുന്നു. ആ വാക്കുകളാണ് എന്നും ലക്ഷ്മിയുടെ പ്രചോദനവും.

ഡിസൈനിഗിലും സാമൂഹിക സംരംഭകത്വത്തിലും തന്റെ കഴിവു തെളിയിച്ച ലക്ഷ്മി മേനോന്‍ അവിചാരിതമായി ഒരു വൃദ്ധ സദനം സന്ദര്‍ശിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. അവിടത്തെ അന്തേവാസിയായ ഒരു വൃദ്ധയോട് അമ്മൂമ്മക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒരു പരിപ്പുവട വേണമെന്നായിരുന്നു മറുപടി. ഇത്ര നിസാരമായ ഒരു ആവശ്യം പോലും സാധിക്കാനാകാത്ത നിരാശ്രയരെ കുറിച്ചുള്ള ചിന്ത ലക്ഷ്മിയെ അലട്ടാന്‍ തുടങ്ങിയത് അപ്പോള്‍ മുതലായിരുന്നു.

അന്ന്, വീട്ടില്‍ തിരിച്ചെത്തിയ ലക്ഷ്മി കാണുന്നത സന്ധ്യാദീപം തെളിയിക്കുവാന്‍ തിരി തെറുക്കുന്ന സ്വന്തം അമ്മൂമ്മയേയാണ്. അത് അവരില്‍ ഒരു പുതിയ ആശയത്തിന് രൂപം നല്‍കി. അവിടെനിന്നാണ് ഇപ്പോള്‍ നിരവധി നിരാശ്രയരായ വൃദ്ധജനങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്ന അമ്മൂമ്മത്തിരിയുടെ ഉദ്ഭവം. വിപണിയില്‍ നിന്നും നൂലുകള്‍ വാങ്ങിച്ച്, വിവിധ വൃദ്ധ സദനങ്ങളിലും വീടുകളിലും ഉള്ള വൃദ്ധകള്‍ക്ക് നല്‍കി അവരെ കൊണ്ട് തിരി തെറുപ്പിക്കലായിരുന്നു പരിപാടി.

ഇങ്ങനെ തെറുക്കുന്ന തിരികള്‍ 30 തിരികളുടെ ഒരു പാക്കറ്റിന് 5 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതില്‍ 3 രൂപ വീതം തെറുക്കുന്നവര്‍ക്ക് ലഭിക്കും. പ്രതിദിനം 30 മുതല്‍ 40 പാക്കറ്റുകള്‍ വരെ ഒരാള്‍ക്ക് തെറുക്കാന്‍ സാധിക്കും. അതായത്, പ്രതിദിനം 100 രൂപവരെ ഇവര്‍ക്ക് സമ്പാദിക്കാനാകും. പലര്‍ക്കും ഇത് നിസാരമായ തുകയാണെങ്കിലും അശരണരായ വൃദ്ധമാര്‍ക്ക് ഇത് വലിയൊരു സഹായം തന്നെയാണ്. ലക്ഷ്മിയുടെ കുടുംബ ട്രസ്റ്റായ ഗുഡ് കര്‍മ്മ ഫൗണ്ടേഷനാണ് ഇതിനാവശ്യമായ നൂലുകള്‍ സൗജന്യമായി നല്‍കുന്നത്.

ഈ ഉദ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗും ലക്ഷ്മിയുടെ ചുമതലയാണ്. മെല്ലെ മെല്ലെ ഇതിനെ കുറിച്ച് കൂടുതല്‍ പേര്‍ അറിയുവാന്‍ തുടങ്ങിയതോടെ ചിന്മയാ മിഷന്‍, ഏറ്റുമാനൂര്‍ ക്ഷേത്രം ഭരണ സമിതി തുടങ്ങിയവര്‍ ഇതിന് പിന്തുണയുമായെത്തി. ഡി. സി ബുക്ക്സ് പ്രസിദ്ധീകരിച്ച രാമായണം പരമ്പരയിലെ ഓരോ പുസ്തകത്തിനൊപ്പവും സൗജന്യമായി നല്‍കുവാന്‍ രവി ഡി. സി 10,000 പാക്കറ്റ് തിരികളാണ് ഇവരില്‍ നിന്നും വാങ്ങിയത്.

ഒരു മാസത്തിനുള്ളില്‍ 10,000 പാക്കറ്റ് തിരികള്‍ നല്‍കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്നാണ് ലക്ഷ്മി മേനോന്‍ പറയുന്നത്. ഏകദേശം 5000 പാക്കറ്റുകള്‍ അമ്മൂമ്മമാര്‍ തെറുത്തെടുത്തപ്പോള്‍ ഗുദ് കര്‍മ്മ ഫൗണ്ടേഷന്റെ തന്നെ ഒരു പ്രൊജക്ടായ സ്നേഹാദ്രിയിലെ സന്നദ്ധ പ്രവര്‍ത്തകരും കൊച്ചിയിലെ ഒരു ഐ ടി സ്ഥാപനത്തിലെ ജീവനക്കാരും ചേര്‍ന്നാണ് ബാക്കി 5000 പാക്കറ്റുകള്‍ തെറുത്തെടുത്തത്. ഐ ടി സ്ഥാപനത്തിലെ ജീവനക്കാര്‍ ഇത് തങ്ങളുടെ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞുള്ള സമയത്തെ പ്രൊജക്ടായി ഏറ്റെടുക്കുകയായിരുന്നു.

വാര്‍ത്ത കൂടുതല്‍ പരക്കാന്‍ തുടങ്ങിയതോടെ പല പ്രമുഖരുടെ ചെവിയിലും ഇതെത്തി. ഇതറിഞ്ഞ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍, അമ്മൂമ്മത്തിരിയുടെ പരസ്യത്തിനായി സജന്യമായി എത്തി. മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണ് കേരള ജനത ആദ്യമായി അമ്മൂമ്മത്തിരിയെ കുറിച്ച് അറിയുന്നത്. അമ്മൂമ്മത്തിരി പ്രശസ്തമായതോടെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിളികളെത്തി. തങ്ങളുടെ അമ്മൂമ്മമാര്‍ നിര്‍മ്മിക്കുന്ന വിഭവങ്ങള്‍ വില്‍ക്കുവാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു വിളികള്‍.

അതില്‍ കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങള്‍ മുതല്‍, കുട്ടികള്‍ക്കായുള്ള കണ്മഷി, വിവിധതരം അച്ചാറുകള്‍ മുതലായവ ഉണ്ടായിരുന്നു. ഇതെല്ലാം വില്‍ക്കുക എന്നുപറഞ്ഞാല്‍ നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുക എന്നതിന് തുല്യമാണെന്നാണ് ലക്ഷ്മി മേനോന്‍ പറയുന്നത്. അതുകൊണ്ടു തന്നെ അതിനായി ഒരു പ്രത്യേക ലോഗോ രൂപപ്പെടുത്തി. ഗ്രാന്‍ഡ് മാര്‍ക്ക് എന്ന ഈ ലോഗോ മുത്തശ്ശിമാര്‍ ഉണ്ടാക്കുന്ന ഉദ്പന്നങ്ങള്‍ക്കായി ഉള്ളതാണ്. ഇത് ഐ എസ് ഐ മാര്‍ക്ക് പോലെ ഒരു അറിയപ്പെടുന്ന മാനദണ്ഡമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ലക്ഷ്മി മേനോന്‍ ഇപ്പോള്‍.

അമ്മൂമ്മത്തിരിയില്‍ ഒതുങ്ങുന്നില്ല ലക്ഷ്മി മേനോന്റെ അനന്യസാധാരണമായ ആശയങ്ങള്‍. റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേപ്പര്‍ പേനകളായി അടുത്ത ലക്ഷ്യം. ഇതിന്റെ പിന്‍ ഭാഗത്ത് അഗസ്ത്യമരം, മുളക്, ചീര, കുമ്പളം, തുടങ്ങി നിരവധി സസ്യങ്ങളുടെ വിത്തുകള്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഉപയോഗം കഴിഞ്ഞാല്‍ ഈ പേനകള്‍ മുറ്റത്തേക്ക് വലിച്ചെറിയാം. മണ്ണില്‍ ഈ വിത്തുകള്‍ മുളപൊട്ടും. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും രക്ഷനേടുക മാത്രമല്ല, മറ്റൊരു വരുമാനത്തിനുള്ള മാര്‍ഗ്ഗവും ഈ കടലാസു പേനകളില്‍ നിന്നുണ്ടാക്കാം. എന്‍ട്രീ (എന്റെ ട്രീ എന്നതിന്റെ ചുരുക്കം) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്ടിനു കീഴില്‍ നിര്‍മ്മിക്കുന്ന പേനകള്‍ക്ക് ഒന്നിന് 12 രൂപയാണ് വില.

ഇത്തരത്തില്‍ രണ്ടു പ്രൊജക്ടുകളുമായി വൃദ്ധരായവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴായിരുന്നു കേരളത്തില്‍ 2018-ലെ മഹാ പ്രളയമെത്തുന്നത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് ഏറെ നഷ്ടമുണ്ടാക്കിയ ഒന്നായിരുന്നു ഈ പ്രളയം. അലറിപ്പാഞ്ഞുവന്ന പെരിയാറിലെ വെള്ളത്തില്‍ നെയ്തുവച്ച തുണീകള്‍ മുഴുവന്‍ ഉപയോഗശൂന്യമായി.

പ്രതിസന്ധികളെ എന്നും അവസരങ്ങളായി കാണുന്ന ലക്ഷ്മി മേനോന്‍ അവിടെയും തികച്ചും അസാധാരണമായ ഒരു പരിഹാരമാര്‍ഗ്ഗവുമായി എത്തി. വെള്ളപ്പൊക്കത്തിലെ ചെളിവെള്ളത്തില്‍ നശിച്ച ചേന്ദമംഗലം സാരികള്‍ റീസൈക്കിള്‍ ചെയ്ത് അതുകൊണ്ട് അതിമനോഹരമായ പാവകള്‍ ഉണ്ടാക്കുകയായിരുന്നു അവര്‍ ചെയ്തത്. ചേറ് അഥവ ചെളിപുരണ്ട വസ്ത്രങ്ങളില്‍ നിന്നുണ്ടാക്കിയതിനാല്‍ അവയ്ക്ക് ചേക്കുട്ടിപ്പാവകള്‍ എന്നാണ് പേര് നല്കിയത്. ഒരു പാവയ്ക്ക് 25 രൂപ വച്ചായിരുന്നു വിറ്റത്. ഒരു സാരിയില്‍ നിന്നും ഏകദേശം 360 പാവകള്‍ ഉണ്ടാക്കാനായി എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ 1500 രൂപക്ക് വിറ്റിരുന്ന സാരി ചെളിവെള്ളത്തില്‍ നശിച്ചപ്പോള്‍ കൈത്തറിക്കാര്‍ക്ക് ലഭിച്ചത് പാവ വിറ്റ വകയില്‍ ഒരു സാരിയില്‍ നിന്നും 9000 രൂപയായിരുന്നു.

അതുപോലെ വെള്ളപ്പൊക്കക്കാലത്ത് നടപ്പിലാക്കിയ മറ്റൊരു പദ്ധതിയായിരുന്നു ഫ്രണ്ട്ഷിപ്പ് എന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ പരിപാടി. അപകടത്തിനും മരണത്തിനും 1 ലക്ഷം രൂപ വരെ കവറേജ് നല്‍കുന്ന ഈ പദ്ധതി ന്യു ഇന്ത്യാ ലൈഫ് അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. ഇതിന് പ്രീമിയമായി ഒരാള്‍ക്ക് 24 രൂപ വീതം അടയ്ക്കണം. ക്രൗഡ് ഫംണ്ടിംഗിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. വെള്ളപ്പൊക്കക്കാലത്ത് കേരളത്തിന്റെ സ്വന്തം നാവികസേനയായി ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നു എങ്കില്‍ 24 രൂപ നല്‍കി അത് ചെയ്യുവാനാകും.

തയ്യല്‍വേലകളില്‍ ബാക്കി വരുന്ന തുണിക്കഷ്ണങ്ങള്‍കൊണ്ട് കിടക്കകള്‍ ഉണ്ടാക്കുന്ന ഒരു പരിപാടി ലക്ഷ്മിയുടെ പരിഗണനയിലുണ്ടായിരുന്നു. ആയിടക്കാണ് കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്നത്. ഓരോ പഞ്ചായത്തിലും50 കിടക്കകള്‍ വീതമുള്ള കെയര്‍ സെന്ററുകള്‍ ഒരുക്കാനുള്ള നടപടി തുടങ്ങി. ആയിടക്കാണ് കോട്ടയത്തെ പി പി ഇ ഗൗണുകള്‍ നിര്‍മ്മിക്കുന്ന ഒരു നിര്‍മ്മാണ യൂണിറ്റ് അവിടെ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ കഷണങ്ങള്‍ നല്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്.

ഒട്ടും താമസിച്ചില്ല, തന്റെ ശയ്യ എന്ന പദ്ധതിയും സാക്ഷാത്ക്കരിക്കാന്‍ ലക്ഷ്മി മേനോന്‍ മുന്നിട്ടിറങ്ങി. വിവിധ പഞ്ചായത്തുകളിലെ കെയര്‍ സെന്ററുകളിലും പാവപ്പെട്ടവര്‍ക്കും ഈ കിടക്കകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. ഇതിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായതോടെ നിരവധി കോര്‍പ്പറേറ്റുകള്‍ ഈ കിടക്കകള്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യുവാനുള്ള സമ്മതമറിയിച്ച് മുന്നോട്ടെത്തി. ഇന്ന് കോര്‍പ്പറേറ്റുകള്‍ക്ക് 335 രൂപക്കാണ് ഈ കിടക്ക് നല്‍കുന്നത്. അവര്‍, കേരളത്തിലങ്ങോളമിങ്ങോളം സൗജന്യമായി വിതരണം ചെയ്യുന്നു.

അങ്ങനെ അന്ന് സ്വന്തം അമ്മൂമ്മ തെറുത്തു നല്‍കിയ തിരിയിലെ നാളം കേരളത്തിലങ്ങോളമിങ്ങോളം നിരവധി അമ്മൂമ്മര്‍ക്ക് മുന്നില്‍ പ്രത്യാശയുടെ അഗ്‌നിനാളമായി ജ്വലിക്കുകയാണ്. വേറിട്ട വഴി തിരഞ്ഞെടുത്ത് ലക്ഷ്യം നേടാനുള്ള നിശ്ചയദാര്‍ഢ്യവുമായി, നിശബ്ദമായി ലക്ഷ്മി മേനോനും പുതിയ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category