1 GBP = 94.70 INR                       

BREAKING NEWS

ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറുടെ പങ്കും വിജിലന്‍സ് അന്വേഷിക്കും; വടക്കാഞ്ചേരി പദ്ധതിയില്‍ കള്ളക്കളി നടന്നോ എന്ന പ്രാഥമിക പരിശോധനയിലൂടെ ലക്ഷ്യം തെളിവ് ശേഖരണവും നശിപ്പിക്കലുമെന്ന ആരോപണം സജീവം; 20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പരിശോധിക്കുക അഴിമതി നിരോധന നിയമലംഘനം നടന്നോ എന്ന്; കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തില്‍ ചെലവിട്ട വിവാദത്തില്‍ പിണറായി സര്‍ക്കാര്‍ അന്വേഷണ തന്ത്രം മെനയുന്നത് സ്വയ രക്ഷയ്ക്കോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ഇല്ലെന്ന നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്നോക്കം പോകുന്നത് തെളിവ് നശീകരിക്കാനെന്ന വാദം സജീവമാകുന്നത്. സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം സജീവമാക്കുമ്പോഴാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. പ്രതികളെ മൊഴി പഠിപ്പിക്കാനും മതിയായ തെളിവുകള്‍ കണ്ടെത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. ലൈഫ് മിഷനില്‍ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമില്ലെന്നും വസ്തുതകള്‍ പുറത്തു വന്ന ശേഷം അന്വേഷണം നടത്താം എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ നിലപാട്. ഇതാണ് മാറ്റുന്നത്.

ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണമാകും നടത്തുക. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു പദ്ധതിയില്‍ കമ്മിഷന്‍ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്കും പരിശോധിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയ റിപ്പോര്‍ട്ടിന്മേലാണു സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കും.

ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാര്‍, യുണിടാക് കമ്പനി കരാറില്‍ എങ്ങനെ എത്തി, കമ്മിഷനായി എത്ര തുക നല്‍കി, കരാറില്‍ വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടോ, ഫ്ളാറ്റ് നിര്‍മ്മിക്കുന്ന സ്ഥലം അതിനു യോജ്യമാണോ, കമ്പനിയില്‍ നിന്നു നികുതി ഈടാക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തിയോ, കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ചിട്ടുണ്ടോ, കരാറില്‍ ശിവശങ്കറിന്റെ പങ്ക്, സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ ബന്ധം എന്നിവയാകും പരിശോധിക്കുക. പരമാവധി തെളിവ് കണ്ടെത്താനും അത് സിബിഐ പോലുള്ളവരുടെ കൈയിലേക്ക് എത്താതിരിക്കാനുമാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം മതിയെന്നാണ് പരാതി കൊടുത്ത അനില്‍ അക്കര എംഎല്‍എയും പറയുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) എന്‍ഐഎയും ഇതിനകം തന്നെ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ കമ്മിഷന്‍ കിട്ടിയ കാര്യവും വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ രേഖകള്‍ പലതും ഇഡി ശേഖരിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കേന്ദ്ര അനുമതിയില്ലാതെ വിദേശ പണം കേരളത്തില്‍ ചെലവിട്ടതു സംബന്ധിച്ച പരാതി സിബിഐക്കു ലഭിച്ചത് ഇതിനിടെയാണ്. സംഭവം സിബിഐ അന്വേഷിക്കുമെന്നും ഉറപ്പായി. ഇതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയതും തീരുമാനം എടുത്തതും. അതോടെയാണു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന കുറിപ്പ് ഡിജിപി ബെഹ്റ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇനി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാലും വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന മറുപടി സര്‍ക്കാരിന് നല്‍കുകയും ചെയ്യാം.

യുഎഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന 20 കോടിയുടെ പദ്ധതിയില്‍ കരാര്‍ ലഭിക്കുന്നതിനു സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കു 4.25 കോടി കമ്മിഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലോടെ വിവാദത്തിലാണ് ഇടപാട്. ലൈഫ് മിഷന്‍ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേര്‍ന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞതു പ്രകാരമല്ല ഉപകരാര്‍ ഉണ്ടാക്കിയത്. കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യുണിടാകും തമ്മിലായിരുന്നു. 2.17 ഏക്കറില്‍ 140 ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനു ജൂലൈ 11 നാണ് റെഡ് ക്രസന്റുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സം ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ധാരണാപത്രത്തിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. തുടര്‍ന്ന് ലൈഫ് മിഷന്‍ കമ്മറ്റിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാജിവച്ചു.

ഓഗസ്റ്റ് ഏഴിനാണു വടക്കാഞ്ചേരി പദ്ധതിയില്‍ സ്വപ്ന ഇടപെട്ട് കമ്മിഷന്‍ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്. അന്വേഷണ ഉത്തരവിടുന്നതു 48ാം ദിവസവും. ഇതിനിടെ പത്തോളം വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും 'വിവരം ശേഖരിച്ചു വരുന്നു' എന്ന മറുപടി മാത്രമാണുണ്ടായത്.

ക്ഷോഭിച്ച് മുഖ്യമന്ത്രി
അതിനിടെ മുഖ്യമന്ത്രിയും ഓഫീസും തദ്ദേശമന്ത്രിയും ആരോപണ നിഴലില്‍ നില്‍ക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം ഉചിതമാണോയെന്ന ചോദ്യത്തോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തന്റെ നിലപാട് വിശദീകരിക്കുകയാണ്. ''നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന പൂതി മനസ്സില്‍വച്ചാല്‍ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുത്. അസംബന്ധം പറയാനുള്ളതല്ല വാര്‍ത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്'' -മുഖ്യമന്ത്രി ചോദിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി ഭവനസമുച്ചയമുണ്ടാക്കാന്‍ യു.എ.ഇ. റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്ക്രസന്റോ കേന്ദ്ര അന്വേഷണ ഏജന്‍സികളോ എന്തെങ്കിലും വിവരം കൈമാറിയാല്‍ അന്വേഷിക്കാമെന്നാണു നേരത്തേ പറഞ്ഞത്. അതില്ലാതെതന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

പദ്ധതി സംബന്ധിച്ച് ചിലര്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. 20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതിനല്‍കിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കില്‍ അവര്‍ക്ക് നിര്‍ദ്ദേശിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ.യെ ഭയപ്പെടുന്നതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരോപണമാകുമോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് എം.ഒ.യു.വിന്റെ പകര്‍പ്പ് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിന് ചോദിച്ച രേഖകള്‍ നല്‍കാന്‍ ഒരു അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിയുമായി ചെന്നിത്തല
ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. യു.എ.ഇ. റെഡ്ക്രസന്റുമായി സര്‍ക്കാരുണ്ടാക്കിയ ധാരണാപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണിത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയന്‍ വര്‍ഗീയവികാരം ഇളക്കിവിട്ട്, മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടെടുക്കുന്നത് അപകടകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വര്‍ണക്കടത്തും അഴിമതിയും മറയ്ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നു വന്നതുകൊണ്ടാണ് വര്‍ഗീയത ഇളക്കിവിടുന്നത്. മുഖ്യമന്ത്രി വര്‍ഗീയവാദിയുടെ നിലവാരത്തിലേക്ക് താഴുകയാണ്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയില്‍ ഒമ്പത് കോടി കമ്മിഷന്‍ പറ്റുന്ന സംഭവം ആദ്യമാണ്. ഇതില്‍ വിജിലന്‍സ് അന്വേഷണമല്ല, സിബിഐ. അന്വേഷണമാണു വേണ്ടത്. വിദേശ ഏജന്‍സി പങ്കാളിയായ കേസില്‍ വിജിലന്‍സിന് എന്തുചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category