1 GBP = 94.70 INR                       

BREAKING NEWS

ലൈഫ് അഴിമതിയില്‍ സിബിഐ പ്രതിക്കൂട്ടിലാക്കുക ആരെയൊക്കെ? മുഖ്യമന്ത്രി ചെയര്‍മാനായ പദ്ധതിക്കെതിരായ ആരോപണം ചെന്നു തറയ്ക്കുന്നത് പിണറായിയില്‍ തന്നെ; നുണപ്രചരണമെന്ന സര്‍ക്കാരിന്റെ പ്രതിരോധം തീര്‍ത്തും ദുര്‍ബലം; കേന്ദ്ര സര്‍ക്കാറിന്റെ 'ഫാസിസ'ത്തിനെതിരെ സിപിഎം തെരുവിലേക്ക് നീങ്ങും; ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ആരോപിച്ചു ഒത്തുകളി ആരോപിക്കും; രാഷ്ട്രീയ ചക്രവ്യൂഹത്തില്‍ നില്‍ക്കുന്ന പിണറായി വിജയന്‍ ലൈഫിനെയും പ്രതിരോധിക്കുക 'ലാവലിന്‍' മോഡലിലോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ സുപ്രധാന പദ്ധതിയായ ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം എത്തുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ശരിക്കും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയിലാണ്. സര്‍ക്കാറിനെ പിടിച്ചു കുലുക്കിയ വിവാദത്തിലെ കേന്ദ്ര അന്വേഷണത്തെ എങ്ങനെ ചെറുക്കും എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിടുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. മാത്രമല്ല, പാവങ്ങളെ സഹായിക്കാനുള്ള ലൈഫിനെതിരെ നുണപ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം തന്റെ വാര്‍ത്താസമ്മേളനങ്ങളില്‍ എടുത്തു പറഞ്ഞു. എന്നാല്‍, ഈ പ്രതിരോധമെല്ലാം പാളുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

മുഖ്യമന്ത്രി ചെയര്‍മാനായ പദ്ധതിയിലേക്കാണ് ആരോപണങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. ലൈഫ് മിഷനും യുഎഇയിലെ റെഡ് ക്രസന്റും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഫ്ളാറ്റിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ നുണപ്രചരണം നടത്തുകയാണെന്നുമാണു മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചതോടെ മുഖ്യമന്ത്രിക്ക് ഈ വാദം തുടരാനാവില്ല.

സിബിഐ അന്വേഷണം മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ അവസാന നിമിഷം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണവും ശക്തമായി. വിദേശ ഏജന്‍സിയുമായി പദ്ധതി ആലോചിക്കുംമുന്‍പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നേടണമെന്നാണു ചട്ടം. ഇത് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ല. വിദേശത്തുനിന്ന് ഏതെങ്കിലും പദ്ധതിക്കു സഹായം ലഭിച്ചാല്‍ അതും കേന്ദ്ര അനുമതിയോടെ മാത്രമേ സ്വീകരിക്കാനാവൂ. ഇതിലും വീഴ്ച വന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുടെ ഏത് നീക്കവും സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്തും. പ്രതികളുടെ പേരില്ലാതെയാണു സിബിഐ കേസ് എടുത്തതെങ്കിലും ആരെയൊക്കെ ചോദ്യം ചെയ്യുമെന്നതാണു സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്. സിബിഐ രംഗത്തെത്തിയതോടെ സംസ്ഥാനം പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. സിബിഐ വിചാരിച്ചാല്‍ മുഖ്യമന്ത്രിയിലേക്ക് നേരിട്ട് അന്വേഷണം എത്തിക്കാന്‍ സാധിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അതേസമയം രാഷ്ട്രീയമായി ചക്രവ്യൂഹത്തില്‍ പെട്ട് എല്‍ഡിഎഫും പിണറായി വിജയനും രാഷ്ട്രീയമായി തന്നെ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. മുമ്പ് ലാവലിന്‍ കേസിലെ സിബിഐ അന്വേഷണകാലത്തെ പ്രതിരോധ മാതൃകയാണ് സിപിഎം സ്വീകരിക്കുക. അന്ന് പിണറായി വിജയന് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു സിപിഎം. ഇത്തവണ ബിജെപി-കോണ്‍ഗ്രസു കൂട്ടുകെട്ടാണെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കും. ലൈഫ് മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പ്ലാന്‍ എന്താണെന്ന് വ്യക്തമാകും.

ലെഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണു മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയിലാണു സാധാരണ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അഖിലേന്ത്യാ തലത്തില്‍ സിബിഐയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്. സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം.

ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ യഥാര്‍ഥത്തില്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്. സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ., കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് നാലാമതായി ലൈഫ് മിഷന്‍ ഇടപാടിനെക്കുറിച്ചുള്ള സിബിഐ. അന്വേഷണം എത്തിയത്. മതഗ്രന്ഥവിതരണത്തിന്റെ മറവില്‍ നിയമവിരുദ്ധ നടപടി നടന്നോയെന്ന അന്വേഷണം സമാന്തരമായി ഈ ഏജന്‍സികള്‍തന്നെ നടത്തുന്നു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ കേന്ദ്രഏജന്‍സികള്‍ ഒരുമിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ ഇതുപോലെ വളഞ്ഞിട്ടുപിടിക്കുന്ന സംഭവം ഇതാദ്യമാകാം. സംശയനിഴലിലായി അന്വേഷണ ഏജന്‍സികള്‍ക്കുമുമ്പില്‍ ചോദ്യംചെയ്യലിന് വിധേയമായിനില്‍ക്കുന്നത് ഒരു മന്ത്രിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥരുമാണെന്നത് സര്‍ക്കാരിനെ മുള്‍മുനയിലാക്കുന്നു.

സ്വര്‍ണക്കടത്ത് കേസിലടക്കമുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, അന്വേഷണം മന്ത്രി കെ.ടി. ജലീലിലെത്തിയതോടെ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സിപിഎം. തിരിഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടിരൂപയുടെ ഉറവിടം ലൈഫ് പദ്ധതിയിലെ കമ്മിഷനാണെന്ന് വെളിപ്പെടുത്തിയതാണ് പുതിയ തട്ടിപ്പിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. കമ്മിഷന്‍ ഒരു കോടിയല്ല, നാലരക്കോടിയാണെന്ന് ധനമന്ത്രികൂടി പങ്കെടുത്ത പാര്‍ട്ടിചാനലിലെ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് വെളിപ്പെടുത്തിയതോടെ വിവാദം കനത്തു.

ലൈഫ് ഇടപാട് സിബിഐ. അന്വേഷിക്കണമെന്ന് മുറവിളി പ്രതിപക്ഷമുയര്‍ത്തി. വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം. സൂചന നല്‍കിയെങ്കിലും മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ദിവസം അന്വേഷണം വിജിലന്‍സിന് വിട്ടത് സിബിഐ. അന്വേഷണം വരുമെന്ന സൂചനയെത്തുടര്‍ന്നാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. കോണ്‍സുലേറ്റ് നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മില്‍ കരാര്‍ ഒപ്പുവച്ചതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. വിദേശസ്ഥാപനവുമായുള്ള സാമ്പത്തികഇടപാടില്‍ വേണ്ടനടപടികള്‍ എത്രത്തോളം പാലിച്ചു എന്നതും അന്വേഷണത്തില്‍ നിര്‍ണായകമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category