1 GBP = 94.70 INR                       

BREAKING NEWS

തിരുവല്ല കള്ളനോട്ട് കേസില്‍ രാഷ്ട്രീയ ബന്ധങ്ങളും; നോട്ട് ഇരട്ടിപ്പിക്കാന്‍ ചെന്നവരില്‍ ഉന്നത രാഷ്ട്രീയ നേതാക്കളും; ഒരു ഇടതു എംഎല്‍എയുടെ പിഎ ഇരട്ടിപ്പിന് നല്‍കിയത് ആറു ലക്ഷമെന്ന് ഒന്നാം പ്രതിയുടെ മൊഴി; ഉന്നതനെ കുറിച്ചു മൊഴി നല്‍കിയതോടെ പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം; കളമൊരുങ്ങുന്നത് കേസ് അട്ടിമറിക്കാന്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

തിരുവല്ല: ഹോം സ്റ്റേകളിലും ആഡംബര ഫ്‌ളാറ്റുകളിലും താമസിച്ച് കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം നടത്തിയ കേസില്‍ പിടിയിലായ പ്രതികളുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി. നോട്ടിരട്ടിപ്പിനായി പ്രതികളെ സമീപിച്ചവരില്‍ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു. ഒരു ഇടത് എംഎല്‍എയുടെ പിഎ ഇരട്ടിപ്പിക്കാന്‍ നല്‍കിയത് ആറു ലക്ഷമാണ്. ഇതു സംബന്ധിച്ച് മുഖ്യപ്രതി നല്‍കിയ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും ആക്ഷേപം ഉയരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന സൂചന.

സംസ്ഥാന ഇന്റലിജന്‍സിന്റെ സമര്‍ഥമായ നീക്കത്തിനൊടുവിലാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ താമസിച്ച് മടങ്ങിയ വമ്പന്‍ കള്ളനോട്ട് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു ലോക്കല്‍ പൊലീസിന്റെ ജോലി. വ്യാഴാഴ്ച കോട്ടയത്ത് വച്ച് പ്രതികളില്‍ ഒരാള്‍ പിടിയിലായി. ശേഷിച്ചവര്‍ ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലേക്ക് ടാക്‌സി വാഹനത്തില്‍ പോകുമ്പോള്‍ പന്തളത്ത് വച്ചാണ് അറസ്റ്റിലാകുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലരെ പൊലീസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതാണ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന സംശയം നല്‍കുന്നത്.

മുഖ്യ സൂത്രധാരന്‍ കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പില്‍ വീട്ടില്‍ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരന്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ എസ്.സജയന്‍ (35), കൊട്ടാരക്കര ജവഹര്‍നഗര്‍ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയില്‍ സുധീര്‍ (40 )എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികള്‍ക്കൊപ്പം പിടികൂടിയിരുന്ന രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കേസില്‍ പങ്കില്ലെന്ന് കണ്ട് ഒഴിവാക്കിയതായി ഡിവൈഎസ്പി ടി രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു.

കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഷിബുവിന്റെ പിതൃ സഹോദര പുത്രന്‍ കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38) ഉള്‍പ്പടെ അഞ്ച് പ്രതികളാണുള്ളത്. ഒരു ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ട് വാങ്ങിയ ശേഷം മൂന്ന് ലക്ഷം രൂപയുടെ വ്യാജ നോട്ട് കൈമാറുകയാണ് സംഘത്തിന്റെ രീതി. ഇവര്‍ക്കെതിരേ വഞ്ചനാക്കുറ്റം മാത്രമാണ് നിലവില്‍ ചുമത്തിയിട്ടുള്ളതെന്ന് അറിയുന്നു. ഇതും സംശയത്തിന് ഇട നല്‍കുന്നു.

പ്രതികളില്‍ നിന്നും നാല് ലക്ഷത്തോളം രൂപയും രണ്ട് പ്രിന്ററുകളും നോട്ട് നിര്‍മ്മിക്കാനുള്ള പേപ്പറുകളും രണ്ട് ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. 200,500, 2000 രൂപയുടെ നോട്ടുകളാണ് സംഘം പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. യഥാര്‍ഥ നോട്ടില്‍ രാസവസ്തുക്കള്‍ പുരട്ടി കറുപ്പ് നിറമാക്കും. മറ്റൊരു രാസവസ്തു പുരട്ടിയാല്‍ കറുപ്പ് നിറം മാറി സ്വാഭാവികത കൈവരുമെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തും. അതിന് ശേഷം ഇടപാടുകാരില്‍ നിന്നും പണം വാങ്ങും. ഇരട്ടിപ്പിച്ച് നല്‍കുന്ന നോട്ട് കെട്ടുകളുടെ താഴെയും മുകളിലും മാത്രമാകും യഥാര്‍ഥ നോട്ടുകള്‍ ഉള്ളത്. ഇടയില്‍ നിറം മാറ്റം വരുത്തിയ വ്യാജനും തിരുകും.

അതിലെ കറുത്ത പാടുകള്‍ നീക്കാനുള്ള രാസവസ്തുവും ഇവര്‍ തന്നെ നല്‍കും. അത് തേച്ച് പതിയെ ഉരയ്ക്കണമെന്നാണ് പറയുക. ഇങ്ങനെ ഉരയ്ക്കുമ്പോള്‍ വ്യാജനോട്ട് കീറിപ്പോകും. പരാതിപ്പെടാന്‍ വിളിച്ചാല്‍ നേരത്തേ നല്‍കിയ ഫോണ്‍ നമ്പര്‍ കിട്ടുകയില്ല. ഇനി അഥവാ കിട്ടിയാല്‍ തന്നെ നിങ്ങള്‍ നോട്ടു കീറിയത് ഞങ്ങള്‍ ഉത്തരവാദിയല്ല എന്ന മറുപടിയാകും ലഭിക്കുക.

യഥാര്‍ത്ഥ നോട്ടുകളുടെ കളര്‍ പ്രിന്റ് എടുത്ത് അത് മൊബെലില്‍ പകര്‍ത്തി വീഡിയോ ഇടനിലക്കാര്‍ മുഖേനെ അയച്ചു കൊടുത്താണ് സംഘം ഇടപാടുകാരെ വലയിലാക്കുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ നോട്ട് നിര്‍മ്മാണത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. ഇവിടെയാണ് ഇടതു എംഎല്‍എയുടെ പിഎ പണം കൊണ്ടു കൊടുത്തത്. പേരിനൊപ്പം ചേട്ടന്‍ എന്ന് സംബോധന ചെയ്താണ് ഷിബു ഇയാളുടെ കാര്യം പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മറ്റു ചില വമ്പന്മാരെയും സംഘം തട്ടിച്ചിട്ടുണ്ട്. അവരുടെ പേരും പൊലീസ് ഒഴിവാക്കി എന്നാണ് ആരോപണം. നോട്ട് ഇരട്ടിപ്പിച്ചവര്‍ മാത്രമല്ല, അതിനായി സമീപിക്കുന്നവരും ഈ കേസില്‍ തുല്യ കുറ്റക്കാരാണ്. കള്ളനോട്ട് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ ഇരട്ടിപ്പിന് എത്തുന്നത്.

അതിനാല്‍ രാജ്യദ്രോഹക്കുറ്റം ഇവര്‍ക്കെതിരേ നിലനില്‍ക്കും. ഇക്കാര്യം പ്രതികള്‍ക്കും നന്നായി അറിയാം. അതിനാല്‍ തന്നെ പണം നഷ്ടമാകുന്നവര്‍ പരാതിയുമായി പോകാറില്ല. ഇക്കാര്യം നന്നായി അറിയാവുന്നവരാണ് തട്ടിപ്പുകാര്‍. ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ പണം ഇവര്‍ തട്ടിച്ചിട്ടുണ്ട്. കേസില്‍ അവരും പ്രതികളാകുമെന്ന് വന്നപ്പോഴാണ് കുറ്റം ലഘൂകരിക്കാന്‍ നീക്കം നടക്കുന്നത്. വലിയ മാഫിയയാണ് ഇതിന് പിന്നിലുള്ളത്. എന്നിട്ടും ഇന്നലെ തിരുവല്ല സ്റ്റേഷനില്‍ എത്തിയ എസ്പി കെജി സൈമണ്‍ വിഷയം ലഘൂകരിച്ച് മാധ്യമങ്ങളോട് പറഞ്ഞത് സംശയത്തിന് ഇട നല്‍കി. എസ്പി പറയുന്നത് എന്താണെന്ന് പിടികിട്ടുന്നില്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചങ്ങരംകുളം പൊന്നാനി, പെരിന്തല്‍മണ്ണ, കണ്ണൂര്‍ എന്നി പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ടെന്നും റിമാന്‍ഡില്‍ കഴിഞ്ഞിരുന്നതായും എസ്പി കെജി സൈമണ്‍ പറഞ്ഞു. ഇരുപത്തിയാറാം വയസില്‍ ബാംഗളൂരുവില്‍ നിന്നുമാണ് വ്യാജ നോട്ട് തട്ടിപ്പ് പഠിച്ചതെന്ന് മുഖ്യപ്രതി ഷിബു പൊലീസിനോട് പറഞ്ഞു. സമാന രീതിയിലുള്ള തട്ടിപ്പിന് അവിടെ വച്ച് ഷിബു ഇരയായി. ഇതോടെ അതേ രീതിയില്‍ തട്ടിപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇതിലൂടെ 80 ലക്ഷത്തോളം രൂപയുടെ കട ബാധ്യത തീര്‍ത്തതായും ഷിബു പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category