1 GBP = 96.00 INR                       

BREAKING NEWS

ചിട്ടി തട്ടിപ്പുകാര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി ബെല്‍ഫാസ്റ്റില്‍ മലയാളി നഴ്സിന് കോടതിയില്‍ നിയമ പോരാട്ടത്തില്‍ വിജയം; മാസം തോറും ചിട്ടി തട്ടിച്ച പണം കൊടുക്കാന്‍ ചിട്ടിക്കാരന്‍ ബാധ്യസ്ഥന്‍; കോവിഡിന്റെ പേര് പറഞ്ഞു പണം മുടക്കിയപ്പോഴും നിയമം നിന്നത് സിനിയോടൊപ്പം; ചിട്ടിക്കാരുടെ ഉറക്കം കെടുന്ന കോടതി വിധികള്‍ വന്നതില്‍ ബ്രിട്ടീഷ് മലയാളിക്കു പ്രധാന റോളെന്നു വാദിക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

ബെല്‍ഫാസ്റ്റ്: രണ്ടു വര്‍ഷം മുന്‍പ് ലെസ്റ്ററിലെ വിവാദമായ ചിട്ടി തട്ടിപ്പില്‍ നിയമപോരാട്ടം നടത്തി വിജയം കണ്ടെത്തിയ വൂസ്റ്ററിലെ ജെയ്മോനു ശേഷം ബെല്‍ഫാസ്റ്റില്‍ അനേകം മലയാളികളുടെ പണം തടിച്ച മലയാളിക്കെതിരെയും ഹൈക്കോടതി വിധി. ഏതാനും മാസം മുന്‍പ് പുറത്തു വന്ന വിധി സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

കഴിഞ്ഞ ആഴ്ച വെയ്ക്ക്ഫീല്‍ഡ്, കെന്റ്, പീറ്റര്‍ബറോ എന്നിവിടങ്ങളിലായി ചുരുങ്ങിയത് അഞ്ചു പേര്‍ നടത്തിയ ചിട്ടികള്‍ മൂലം പ്രദേശത്തെ മലയാളികള്‍ക്ക് പത്തു കോടി രൂപയെങ്കിലും നഷ്ടമായിക്കഴിഞ്ഞു എന്ന ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യുകെ മലയാളികള്‍ക്കിടയില്‍ ചിട്ടിക്കാര്‍ക്കെതിരെ വന്ന കോടതി വിധികള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലെസ്റ്ററിലെ ചിട്ടിക്കാരനെതിരെ വൂസ്റ്റര്‍ സ്വദേശിയായ ജെയ്മോനും ബെല്‍ഫാസ്റ്റിലെ ചിട്ടിക്കാരനെതിരെ സിനി തോമസുമാണ് ഐതിഹാസിക നിയമ പോരാട്ടം നടത്തി വിജയികള്‍ ആയിരിക്കുന്നത്. 

ലെസ്റ്ററില്‍ ചിട്ടി നടത്തിയ ആളില്‍ നിന്നും ഒറ്റത്തവണയായി 16000 പൗണ്ടോളം വരുന്ന തുക ജെയ്മോന് ലഭിച്ചപ്പോള്‍ ബെല്‍ഫാസ്റ്റില്‍ ചിട്ടിയില്‍ നിന്നും ലഭിക്കാന്‍ ഉണ്ടായിരുന്ന 12000 പൗണ്ടിനൊപ്പം കോടതി ചിലവും വക്കീല്‍ ഫീസും എട്ടു ശതമാനം പലിശയും ചേര്‍ത്ത് 16000 പൗണ്ടിലേറെ വരുന്ന തുകയാണ് ബെല്‍ഫാസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ എന്ന സ്ഥലത്തു താമസിക്കുന്ന സിനി തോമസും ഭര്‍ത്താവ് ഷാജി ജോസഫും കോടതി വിധിയിലൂടെ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നത്. തനിക്ക് ഒറ്റയടിക്ക് തുക നല്‍കാന്‍ നിര്‍വ്വാഹം ഇല്ലെന്നു ചിട്ടിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചപ്പോള്‍ പ്രതിമാസം അയാളുടെ വരുമാനത്തില്‍ നിന്നും അത്യാവശ്യ ചിലവ് കഴിഞ്ഞുള്ള തുക വാദികള്‍ക്ക് നല്‍കാനായിരുന്നു കോടതി വിധി. 

ദയ കാട്ടാതെ കോടതി
ഇതേ തുടര്‍ന്ന് ഓരോ മാസവും 200 മുതല്‍ 500 പൗണ്ട് വരെയുള്ള തവണകളായി ഇയാള്‍ പണം മടക്കി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ തനിക്കു നാലു കുട്ടികള്‍ ഉള്ളതിനാല്‍ ജീവിത ചിലവുകള്‍ കൂടുതലാണ് എന്ന ദയാഹര്‍ജി നല്‍കിക്കൊണ്ട് ഇയാള്‍ നിയമത്തിന്റെ കണ്ണ് കെട്ടാന്‍ നോക്കിയെങ്കിലും അതൊന്നും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ട കാര്യം ഇല്ലെന്ന നിലപാടാണ് ബെല്‍ഫാസ്റ്റ് കോടതി സ്വീകരിച്ചത്.

ലെസ്റ്റര്‍ ചിട്ടിയില്‍ ചിട്ടിക്കാരന്‍ ആശ്രയിച്ചത് മലയാളി അഭിഭാഷകനെ ആണെങ്കില്‍ കോടതിയില്‍ പോലും ഹാജരാകേണ്ട എന്ന അതിബുദ്ധിയാണ് തുടക്കത്തില്‍ ബെല്‍ഫാസ്റ്റ് ചിട്ടിക്കാരന്‍ പുറത്തെടുത്തത്. എന്നാല്‍ ഒടുവില്‍ കോടതിക്ക് മുന്നില്‍ എത്താതെ വഴിയില്ലെന്ന് വന്നതോടെ വന്‍തുക മുടക്കി അഭിഭാഷക സ്ഥാപനത്തെ സമീപിച്ചപ്പോഴേക്കും കോടതിക്ക് കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യമായിരുന്നു. 

എന്നാല്‍ കോവിഡ് രൂക്ഷമായപ്പോള്‍ വരുമാനം നിലച്ചെന്നു കാണിച്ചു പണം നല്‍കുന്നത് മുടക്കിയ ഇയാളില്‍ നിന്നും അഭിഭാഷകര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പണം വാങ്ങിച്ചെടുക്കുന്നതില്‍ ഷാജിയും സിനിയും വിജയിച്ചിരിക്കുകയാണ്. ചിട്ടി തട്ടിപ്പില്‍ അകപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് മലയാളിയില്‍ വന്ന ലെസ്റ്റര്‍ തട്ടിപ്പിനെ തുടര്‍ന്നുള്ള വാര്‍ത്തകളാണ് തങ്ങള്‍ക്കു കോടതിയില്‍ പോകാന്‍ ധൈര്യം നല്‍കിയതെന്ന് ഇരുവരും പറയുന്നു.

ലെസ്റ്ററില്‍ അനുകൂല വിധി സ്വന്തമാക്കിയ ജെയ്മോന്‍ തുടക്കം മുതല്‍ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായി കൂടെ നിന്നതും അനുകൂല വിധി നേടാന്‍ സഹായകമായി എന്ന് ഷാജിയും സിനിയും പറയുന്നു. തനിക്കെതിരെ ഒരിക്കലും കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ ഈ ദമ്പതികള്‍ക്ക് കഴിയില്ല എന്ന ചിട്ടിക്കാരന്റെ ദാര്‍ഷ്ട്യം കൂടിയാണ് ബെല്‍ഫാസ്റ്റില്‍ നിയമ പോരാട്ടം ശക്തമാക്കിയതും. 

ചിട്ടിക്കാരന് ഒപ്പം ഭാര്യയും കുടുങ്ങും
ബെല്‍ഫാസ്റ്റില്‍ ചിട്ടി നടത്തിയ ആളുടെ ഭാര്യയ്ക്കും സാമ്പത്തിക തട്ടിപ്പില്‍ തുല്യ ഉത്തരവാദിത്തം ഉണ്ടെന്നാണ് സിനിയുടെ അഭിഭാഷകന്‍ ബെല്‍ഫാസ്റ്റ് ഹൈ കോടതിയില്‍ ബോധിപ്പിച്ചത്. പതിനായിരം പൗണ്ടിന് മുകളില്‍ ഉയര്‍ന്ന തട്ടിപ്പായതിനാല്‍ ക്രൗണ്‍ കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് പകരം നേരെ ഹൈ കോടതിയില്‍ കേസ് എത്തുക ആയിരുന്നു. തുടക്കത്തില്‍ കോടതിയില്‍ നിന്നുള്ള നോട്ടീസ് കൈപ്പറ്റുക പോലും ചെയ്യാതെ ചിട്ടിക്കാരന്‍ ഒളിച്ചു കളിച്ചപ്പോള്‍ നിവൃത്തിയില്ലാതെ പോലീസ് സഹായത്തോടെയാണ് കോടതി നോട്ടീസുകള്‍ പോലും നല്‍കേണ്ടി വന്നതെന്ന് ഷാജിയും സിനിയും ഓര്‍മ്മിക്കുന്നു.

കേസില്‍ തുടക്കത്തില്‍ തങ്ങളോടൊപ്പം നാലഞ്ചു മലയാളികള്‍ കൂടി രംഗത്ത് വന്നെങ്കിലും കോടതി വ്യവഹാരം നല്‍കുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെ വന്നപ്പോള്‍ അവരൊക്കെ കേസ് പാതി വഴിയില്‍ ഉപേക്ഷിക്കുക ആയിരുന്നു എന്നും ഇരുവരും പറയുന്നു. എന്നാല്‍ തങ്ങളെ മനഃപൂര്‍വം വഞ്ചിച്ച ചിട്ടിക്കാരനെ അധ്വാനിച്ച് ഉണ്ടാക്കിയ പണം സുഖലോലുപതയ്ക്ക് ചിലവിടാന്‍ അനുവദിക്കില്ല എന്ന നിശ്ചയ ദാര്‍ഢ്യമാണ് ഈ ദമ്പതികള്‍ക്ക് അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ കരുത്തായത്.   

ചിട്ടി തന്നെയെന്ന് കോടതിയോട് പറയാന്‍ മടിക്കേണ്ട
നേരിട്ട് പരിചയം ഇല്ലാത്ത ചിട്ടിക്കാരനെ മറ്റുള്ളവര്‍ വഴിയാണ് ഷാജിയും സിനിയും പരിചയപ്പെടുന്നത്. ചിട്ടിക്കുള്ള പണം എല്ലായ്പ്പോഴും ഓണ്‍ലൈന്‍ വഴി കൈമാറ്റം ചെയ്തത് തങ്ങള്‍ക്കു ഗുണമായി എന്ന് ഇരുവരും വെളിപ്പെടുത്തുന്നു. മാത്രമല്ല പൊതുവില്‍ ചിട്ടിക്കാര്‍ വരിക്കാരോട് കേസിനു പോയാല്‍ അനധികൃത പണമിടപാടിന്റെ പേരില്‍ വാദിയും അകത്താകും എന്ന് പറഞ്ഞു പേടിപ്പിക്കുന്ന പതിവ് ബെല്‍ഫാസ്റ്റിലും ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ചിട്ടി തന്നെ ആണെന്നു കോടതിയില്‍ സ്ഥാപിച്ചാണ് ഷാജിയുടെയും സിനിയുടെയും നിയമ സ്ഥാപനം കേസില്‍ വിജയം കണ്ടെത്തിയത്. ഇത്തരം കേസ് ബെല്‍ഫാസ്റ്റ് കോടതിയില്‍ തന്നെ ആദ്യമായതിനാല്‍ അമേരിക്കന്‍ ഫെഡറല്‍ നിയമ വ്യവസ്ഥയില്‍ സമാനമായ തട്ടിപ്പുകള്‍ ഉണ്ടായതു കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് ബെല്‍ഫാസ്റ്റില്‍ ചിട്ടിക്കാരനെ കുടുക്കിയത് എന്നതും പ്രസക്തമാണ്. 

ബെല്‍ഫാസ്റ്റില്‍ ചിട്ടി പണം മുഴുവന്‍ കേരളത്തില്‍ എത്തിച്ചു നിക്ഷേപമാക്കുകയായിരുന്നു ചിട്ടിക്കാരന്‍ ചെയ്തത് എന്നാണ് പരക്കെ അറിയപ്പെടുന്നത്. ചിട്ടി തുടങ്ങും മുന്‍പ് മറ്റു ചിട്ടിക്കാരെ പോലെ തന്നെ പെരുന്നാള്‍ നടത്താനും ഓണാഘോഷ പരിപാടിക്കും കാശ് വിതറി പ്രദേശത്തെ ദിവ്യന്‍ എന്ന സത്പേര് സമ്പാദിക്കാനും ഇയാള്‍ മിടുക്കു കാട്ടിയിരുന്നു. യുകെയിലെ ചിട്ടിക്കാര്‍ എല്ലാം ഇക്കാര്യത്തില്‍ പൊതു സ്വഭാവക്കാരാണ്. കെന്റിലെ ചിട്ടിക്കാരും വെയ്ക്ക്ഫീല്‍ഡിലെ ചിട്ടിക്കാരനും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല എന്നാണ് പ്രദേശത്തെ മലയാളികള്‍ നല്‍കുന്ന വിവരവും. 

ചിട്ടിയില്‍ പണം നഷ്ടമായ യുകെയിലെ മറ്റു ഭാഗത്തുള്ള മലയാളികള്‍ക്ക് ഏതു സമയവും തങ്ങളുടെ നിയമ പോരാട്ട വഴികള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെന്നു അടുത്തകാലത്ത് അനുകൂല വിധികള്‍ നേടിയെടുത്ത ജെയ്മോനും സിനിയും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകാരെ യുകെ മലയാളി സമൂഹത്തില്‍ വളരാന്‍ ഒരു കാരണവശാലും അനുവദിക്കരുത് എന്നാണ് ഇരുവര്‍ക്കും പറയാനുള്ളത്. അടുത്ത കാലത്തെ ചിട്ടി പൊട്ടല്‍ ചര്‍ച്ചയായ വെയ്ക്ഫീല്‍ഡ്, കെന്റിലെ ആഷ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പല മലയാളികളും ഇതിനകം നിയമ സഹായം തേടിയതായും വിവരമുണ്ട്.

അതിനിടെ ചിട്ടി പൊട്ടല്‍ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് കെന്റിലെ മൂന്നു ചിട്ടിക്കാരില്‍ ഒരാള്‍ രഹസ്യമായി പണം നല്‍കാനുണ്ടായിരുന്ന പലര്‍ക്കും ആയിരം മുതല്‍ രണ്ടായിരം പൗണ്ട് വരെ നല്‍കി താല്‍ക്കാലിക സമാശ്വാസം നല്‍കിയതും ശുഭ സൂചനയാണ്. നിയമ വ്യവഹാരത്തിലേക്കു പോകരുത് എന്നാണ് ജെ എന്ന അക്ഷരപ്പേരുള്ള ഇയാള്‍ പണം നഷ്ടമായവരോട് കേണപേക്ഷിക്കുന്നത്. എന്നാല്‍ തങ്ങളുടെ പണം എവിടെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഇയാള്‍ക്ക് കഴിയുന്നില്ല. ഇതോടെ പണം എവിടെയോ മുക്കിയിരിക്കുകയാണ് എന്നാണ് പണം നഷ്ടമായവര്‍ ആരോപിക്കുന്നതും. 

ചിട്ടി തട്ടിപ്പുകളിലെ കൂടുതല്‍ വിശദാംശങ്ങള്‍ ബ്രിട്ടീഷ് മലയാളി അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. പണം നഷ്ടമായവര്‍ക്കു തങ്ങളുടെ അനുഭവം ഇനിയും മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഞങ്ങളെ അറിയിക്കാന്‍ മടിക്കരുത്. നിങ്ങളെ സംബന്ധിച്ച സ്വകാര്യത സംരക്ഷിച്ചു തന്നെയായിരിക്കും വാര്‍ത്തകള്‍ നല്‍കുക. വിവരങ്ങള്‍ [email protected] എന്ന ഇമെയില്‍ വഴി അറിയിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category