1 GBP = 95.50 INR                       

BREAKING NEWS

നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാല്‍ പോരാ; നിയമം ദുര്‍ബലമാവുകയാണെങ്കില്‍ സ്ത്രീകള്‍ നിയമം കയ്യിലെടുക്കുന്ന കാലം വരും; അത് അവരെക്കൊണ്ടു ചെയ്യിക്കരുതെന്ന മുന്നറിയിപ്പുമായി സുഗതകുമാരി; ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി എന്ന് പിസി ജോര്‍ജും; വിജയ് പി നായരെ തുറന്നുകാട്ടിയ ഭാഗ്യലക്ഷ്മിയും മിടുക്കികളായ മറ്റു രണ്ടു പെണ്‍കുട്ടികളും ഏറ്റുവാങ്ങിയത് കൂടുതലും കൈയടി തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സുഗതകുമാരിയും. ഭാഗ്യലക്ഷ്മിക്കും മിടുക്കികളായ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് കേരളത്തിലെ സ്ത്രീകളെല്ലാവരും തന്നെ. പക്ഷേ നിയമം ചെയ്യുന്നത് എന്താണ്? അവര്‍ക്കെതിരെ ജാമ്യം കിട്ടാത്ത, കഠിനതടവു വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു. നീചപ്രവൃത്തി ചെയ്തയാള്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന കേസും. ഞങ്ങള്‍ സ്ത്രീകള്‍ക്കു മനസ്സിലാകുന്നില്ല. ഇതെന്താണ്? ഇതെന്തു നിയമമാണ്? നീതിയുടെ ഭാഗത്താണു ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നില്‍ക്കുന്നത്. അവര്‍ക്കൊപ്പമാണു ഞങ്ങളും-സുഗതകുമാരി പറയുന്നു. സമാന അഭിപ്രായങ്ങളാണ് വിജയ് പി നായര്‍ക്കെതിരെ ഉയരുന്നത്.

നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാല്‍ പോരാ. നിയമം ദുര്‍ബലമാവുകയാണെങ്കില്‍ സ്ത്രീകള്‍ നിയമം കയ്യിലെടുക്കുന്ന കാലം വരും. അത് അവരെക്കൊണ്ടു ചെയ്യിക്കരുത്. അതിശക്തമായി നിയമം നടപ്പാക്കണം. സ്ത്രീകള്‍ക്കു വേണ്ട സംരക്ഷണം നല്‍കുക എന്നതാണു ഭരണകൂടത്തിന്റെ കടമ. എല്ലാ അവഹേളനവും പീഡനവും ഏറ്റുവാങ്ങി സ്ത്രീകള്‍ സര്‍വംസഹകളായി, നിശ്ശബ്ദരായി ഇരിക്കുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. അതു മനസ്സിലായില്ലേ. അവരെക്കൊണ്ടു തിരിച്ചടിപ്പിക്കരുത്. നിയമത്തിന്റെ കാര്‍ക്കശ്യം കുറേക്കൂടി കുറ്റവാളികള്‍ അനുഭവിച്ചേ മതിയാകൂ. സ്ത്രീകളുടെ വശത്തു നില്‍ക്കാന്‍ പൊലീസും സര്‍ക്കാരും നിയമവും എല്ലാം തന്നെ ബാധ്യസ്ഥമാണ്. ഇപ്പോള്‍ നടന്ന ഈ സംഭവം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ! കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.-സുഗതകുമാരി പറയുന്നു.

സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളതെന്ന് മന്ത്രി കെ.കെ.ശൈലജ വിശദീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യൂ ട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും മറ്റ് രണ്ടുപേരും വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് പി.സി.ജോര്‍ജ് എംഎല്‍എ രംഗത്തു വന്നു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പങ്കെടുക്കുമ്പോഴാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ വിമര്‍ശനം. ആ വാക്കുകളിങ്ങനെ: 'ഇതു കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഇതാണോ ഫെമിനിസം, ഇതാണോ സ്ത്രീത്വം. വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്നമില്ലായിരുന്നു. ഇത് അതാണോ ചെയ്തേ. ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം േപരുണ്ടാക്കാനുള്ള വേലയാണ്.' പി.സി.ജോര്‍ജ് പറഞ്ഞു.

അനുകൂലിച്ച് ആലപ്പി അഷ്റഫ്
സാംസ്‌കാരിക നായകന്മാരോട് ഒരു വാക്ക്...അപമാനഭാരം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങള്‍ മുതല കണ്ണീരൊഴുക്കേണ്ടത്...പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്... ഞാന്‍ പി.ജെ. ആന്റണിക്കും ജയനുമൊക്കെ വേണ്ടി ഡബ്ബിങ് ആരംഭിച്ച കാലത്ത് ഒരു പാവടയും ഉടുപ്പും ധരിപ്പിച്ച് നല്ലത് പോലെ അണിയിച്ചൊരുക്കി കൊച്ച് മിടുക്കി പെണ്‍കുട്ടിയെ അവളുടെ വല്യമ്മ കൈപിടിച്ച് ഡബ്ബിങ് തിയറ്ററിലേക്ക് കൊണ്ടുവരുന്നത് ഞാനിന്നും ഓര്‍ക്കുന്നു...

സിനിമയിലെ കുട്ടികള്‍ക്ക് ശബ്ദം നല്‍കാനായിരുന്നു അവളെ അവിടെ കൊണ്ടുവന്നിരുന്നത് . പിന്നീടവള്‍ വളര്‍ന്ന് പാവടയും ഹാഫ് സാരിയുമായി അപ്പോഴും വല്യമ്മ അവളെ ചേര്‍ത്ത് പിടിച്ചിരുന്നു. അന്നത്തെ കാലത്ത് ഒരു സിനിമയില്‍ ഡബ്ബിങ് സമയത്ത് നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ തിയറ്ററില്‍ ഉണ്ടാകും.. സിനിമയിലെ എല്ലാ നല്ലതും ചീത്തയുമായ ന്യൂസുകളും ആ കൂട്ടം അവിടെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി ആ വല്യമ്മയും ആ കുട്ടിയും മാറിയിരിക്കുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

വളരെ അച്ചടക്കത്തോടെയും മാന്യമായ പെരുമാറ്റത്തിലൂടെയും എന്നെ അന്ന് ആകര്‍ഷിച്ച ആ പെണ്‍കുട്ടിയാണ് പിന്നീട് ഫുള്‍ സാരിയില്‍ വന്ന് ശബ്ദ കലയില്‍ വിസ്മയം തീര്‍ത്ത ഭാഗ്യലക്ഷമി. സിനിമാരംഗത്ത് വലിയ തറവാടുകളില്‍ നിന്നെത്തിയ നിരവധി പെണ്‍കുട്ടികള്‍ വഴി തെറ്റി യാത്ര ചെയ്യുന്ന കാലത്തും അനാഥയായി കഷ്ടപ്പാടിലൂടെ വളര്‍ന്ന ആ കുട്ടി വളരെ അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ജിവിക്കുന്നത് നേരില്‍കണ്ടിട്ടുള്ള സത്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.

ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.

പിന്നീട് അവരുടെ ദാമ്പത്യം തകര്‍ന്നപ്പോള്‍... അവരില്‍ പല സ്വാഭാവിക മാറ്റങ്ങളും സംഭവിച്ചതായ് അറിഞ്ഞു, അതവരുടെ സ്വകാര്യത. കഴുത കരഞ്ഞു തീര്‍ക്കുന്നത് പോലെ ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ രണ്ടു പേരെത്തി... സോഷ്യല്‍ മീഡിയയിലുടെ സ്ത്രീകളെ അപമാനിക്കുന്നവര്‍.

ആദ്യം സഹപ്രവര്‍ത്തകയെ വാക്കുകള്‍ കൊണ്ട് വായ് മൂടിക്കെട്ടി അപമാനിക്കാന്‍ ശ്രമിക്കുന്ന ശാന്തി വിള. വ്യക്തിപരമായി ജീവിതത്തിലെ വിഴിപ്പ് പൊതുവേദിയില്‍ അലക്കാന്‍ ശ്രമിച്ചു അവരെ അപമാനിക്കാന്‍ നോക്കുന്നു.. പരസ്പര ബഹുമാനമെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ശാന്തിവിള ദിനേശിനും എനിക്കും ഒരുപോലെ ബാധകമാണ്.

ശാന്തിവിള ദിനേശ് അവരെ പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത ആരോപണങ്ങളാണ്. അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയറ്ററില്‍ പോയി കാണില്ല എന്നു ഒരു ചാനലില്‍ പറഞ്ഞതാണ്, ആ സിനിമയില്‍ രാധികക്ക് ശബ്ദം നല്കിയതാണ് അവര്‍ ചെയ്ത അപരാധം.. അതവരുടെ തൊഴിലാണ് രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ് . തിയറ്ററില്‍ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. അത് പോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്.

അവര്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറയാന്‍ പാടില്ലായിരുന്നു എഴുതാന്‍ പാടില്ലായിരുന്നു, കണ്ടു പഠിക്കാന്‍ ഉദാഹരണവും നിര്‍ദ്ദേശവും ശാന്തിവിള നല്കി. എന്നാല്‍ ആ നിര്‍ദ്ദേശത്തിലുമുണ്ട് പക്ഷപാതം. കുടുബമുള്ളവരെ പ്രേമിക്കുന്നതിനെ പറ്റിയുള്ള പരാമര്‍ശത്തില്‍ ഈ ഉദാഹരണം ഒരിക്കലും യോജിക്കില്ലല്ലോ. വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നെ സ്ത്രീ ശബ്ദിക്കരുത് ..

അവളുടെ മുന്‍ ഭര്‍ത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ.. ഇനി അങ്ങനെയെങ്കില്‍ മുന്‍ ചലച്ചിത്ര നായിക അവതരിപ്പിക്കുന്ന 'കഥയല്ലിത് ജിവിതം' നിരോധിക്കേണ്ടി വരുമല്ലോ സുഹൃത്തേ. ശാന്തി വിളയില്‍ നിന്നും പ്രചോദനം കൊണ്ട് ഡോസ് കൂട്ടി ഇല്ലാകഥയുമായ് മറ്റൊരുത്തന്‍....

ഒരു വിധത്തിലും സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍... അവിടെയും ഒരിര ഭാഗ്യലക്ഷ്മി. ഇതിങ്ങിനെ പോയാല്‍ ആര്‍ക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി ...

അവിടെയാണ് പെണ്ണ് എന്താണന്ന് കാട്ടി ഭാഗ്യലഷ്മി രംഗത്ത് വന്നത്. നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് നമുക്കവള്‍ കാട്ടി തന്നു..

പിന്നീട് കണ്ടത്. മനഃശാസ്ത്രജ്ഞന്‍ മനസ്സു തുറന്നു .... കവിളില്‍ അടിയുടെ അടയാളവുമായ് കൈകൂപ്പി അവളോട് കെഞ്ചേണ്ടി വന്നു.. ഇനി ഏതായാലും തമിഴ്നാട്ടിലെ ഡോക്ടറേറ്റിനെ കുറിച്ചും അന്വേഷണം കഴിഞ്ഞറിയാം അയാളുടെ കാര്യം കട്ടപ്പുകയാകുമോ എന്ന്. യൂട്യൂബില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകള്‍,

മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകള്‍ അസഹനീയമായ് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.. ഇവിടെ നിയമം വെറും നോക്കുകുത്തി. ഒരു കര്‍ശന ശുദ്ധികരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു.

ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്, സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാന്‍ പറയുന്നില്ല .. എന്നാല്‍ നിങ്ങള്‍ കാണിച്ച ആ തന്റേടം... നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല ... അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കില്‍... ഇവിടെ ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത്, നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാല്‍ മതി... ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും. അങ്ങനെയാകുമ്പോള്‍.... 'സ്വന്തം സഹോദരിയോടൊപ്പം ' അതേ... ഭാഗ്യലക്ഷ്മിമാരോടൊപ്പം നമുക്ക്അണിചേരാം...

ഹേമന്ദ് മേനോന്റെ കുറിപ്പ് വായിക്കാം:
ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാല്‍ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും,ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക് കേട്ട് വികാരം കൊള്ളാനും നില്‍ക്കുന്ന ഓരോരുത്തരോടും ആണ്-

നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാല്‍ നിങ്ങള്‍ ആസ്വദിക്കുമോ അതോ അവനെ വീട്ടില്‍ പോയി തല്ലുമോ ?

എന്റെ കാര്യം പറയാം ഞാന്‍ തല്ലും , അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും.

ഇത് അധികാരം കൈയില്‍ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവര്‍ക്കു ശിക്ഷ കിട്ടാന്‍ ഉള്ള നിയമങ്ങള്‍ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാല്‍ ഞാന്‍ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ. ഇനി ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍.

ഇന്നലെ ഭാഗ്യലക്ഷ്മി എന്ന ഒരു പക്ഷേ എന്റെ അമ്മയോളം പ്രായം വരുന്ന ഒരു വ്യക്തിയെ കുറിച്ചു പറഞ്ഞതൊക്കെ കേട്ടിട്ട് രോഷം അടക്കാനാവാതെ ഞാന്‍ നവമാധ്യമങ്ങളില്‍ നോക്കിയപ്പോ കണ്ടത് ഈ ഫെമിനിസ്റ്റുകള്‍ എവിടെ ആയിരുന്നു ? ആ കേസില്‍, ഈ കേസില്‍ ? ഭാഗ്യലക്ഷ്മി അയാളുടെ അമ്മ എന്ന് പ്രതിപാദിച്ചു കൊണ്ട് സംസാരിച്ചു! ഈ ഫെമിനിസ്റ്റുകള്‍ എന്തുകൊണ്ട് സാധാരണ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കാതെ ഇപ്പോ ഇറങ്ങി ? എന്നൊക്കെ ആണ്.

എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം ? ഇനി എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ അടങ്ങി വീട്ടില്‍ ഇരിക്കും , ഇറങ്ങി നടന്നു ജോലി ചെയ്തു ജീവിച്ചു പറയിപ്പിക്കില്ല എന്നാണെങ്കില്‍ അങ്ങനെ പറയുന്നവര്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം.

ഇങ്ങനെ സംസാരിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം, നിങ്ങളാണ് അവന്റെ ധൈര്യം. പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്. അത് സ്ത്രീ ആയാല്‍ ഫെമിനിച്ചി പുരുഷന്‍ ആയാല്‍ അവന്‍ സൂപ്പര്‍ ഹീറോ. നിയമങ്ങളും നമ്മളും ചിന്താഗതികളും ഇനിയും മാറിയില്ലെങ്കില്‍ നിയമം വീണ്ടും കൈയിലെടുക്കപ്പെടുമ്പോള്‍ മോശമായിപ്പോയി എന്ന് പറയാന്‍ നില്‍ക്കരുത്.

മന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പൊലീസിന് കൈമാറുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

26ന് 07.30 മണിക്ക് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരികള്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് പി നായര്‍ക്ക് എതിരെ ഐ.പി.സി സെക്ഷന്‍ 354 പ്രകാരവും തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പൊലീസിന് ലഭിച്ച പരാതിയുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ നിയമാനുസൃതം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. ഈ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് എന്നയാള്‍ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ചുള്ള പരാതിയിന്മേല്‍ ഹൈടെക് സെല്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിടുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അവരുടെ യൂ ട്യൂബ് സസ്‌ക്രൈബ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇതെടുക്കണം. ഇത്തരത്തില്‍ സ്തീകളെ അപമാനിച്ച് പണം കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാര്‍ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ പൊതുസമൂഹമാകെ മുന്നോട്ട് വരേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category