1 GBP = 96.00 INR                       

BREAKING NEWS

പ്രതിസന്ധികളില്‍ ഖത്തറിനെ കരുതലോടെ ചേര്‍ത്ത് പിടിച്ച ഭരണാധികാരി; ഗള്‍ഫിന്റെ ഐക്യം ആഗ്രഹിച്ച വ്യക്തിത്വം; കുവൈത്ത് ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാക്കിയ നേതാവ്; കുവൈത്ത് മുന്‍സിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്ത രാഷ്ട്ര തലവന്‍: അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സമാനതകളില്ലാത്ത വ്യക്തിത്വം

Britishmalayali
kz´wteJI³

കുവൈത്ത് സിറ്റി: കുവൈറ്റിനെ വികസനത്തിന്റെ പാതയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. വികസനത്തിന്റെ പുതുയുഗ പിറവിക്കായി പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ശൈഖ് സബാഹ് നിലകൊണ്ടപ്പോള്‍ ശക്തമായ പിന്‍ബലം നല്‍കി കുവൈറ്റ് ജനതയും അദ്ദേഹത്തിന് ഒപ്പം നിന്നു. അടിസ്ഥാന നയങ്ങളില്‍ മാറ്റമില്ലാതെ കുവൈത്ത് സമൂഹത്തെ ആധുനിക വത്കരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മേലുള്ള നിയമങ്ങള്‍ക്ക് അയവു വരുത്തിയ അദ്ദേഹം വിവിധ തസതികകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിച്ചും ആദരണീയനായി. കുവൈത്ത് മുന്‍സിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയ അദ്ദേഹത്തിന്റെ കാലത്താണ് ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്തത്.

അത്രമേല്‍ പ്രായോഗിക രാഷ്ട്രീയവും ദീര്‍ഘ വീക്ഷണവുമുള്ള കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നയതന്ത്ര രംഗത്തും സാമ്പത്തിക ആസൂത്രണ മേഖലയിലും വിശാലമായ കാഴ്ചപ്പാടും, നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകവുമായിരുന്നു. രാജ്യ്തതിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സാമൂഹിക സാംസ്‌കാരിക വികസനത്തിനും, വിദ്യാഭ്യാസ ആരോഗ്യ പുരോഗതിക്കും അദ്ദേഹം മുന്‍തൂക്കം നല്‍കി. വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിര്‍ത്തിയിരുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര സംഘടനകളില്‍ കുവൈത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു.

1963 ല്‍ കുവൈത്ത് ആദ്യമായി യു എന്‍ പൊതുസഭയില്‍ അംഗമായി, തുടര്‍ന്ന് നീണ്ട 40 വര്‍ഷം യു എന്‍ പൊതുസഭയില്‍ ശൈഖ് സബാഹിന്റെ ശക്തമായ സാന്നിധ്യം നിലനിര്‍ത്തി. അന്താരാഷ്ട്ര സമിതികളില്‍ അംഗത്വം നേടുകയും ലോക ആരോഗ്യ സംഘടന, ലോക തൊഴില്‍ സംഘടനയിലും, 1967 ല്‍ അന്താരാഷ്ട്ര സാമ്പത്തിക സമിതിയിലും, യൂ എന്‍ സാംസ്‌കാരിക സമിതികളിലും കുവൈത്ത് അംഗമായി. 2003 ല്‍ പ്രധാന മന്ത്രിയായതിനെ തുടര്‍ന്ന് 58-ാമത് യുഎന്‍ പൊതുസഭയില്‍ ശൈഖ് സബാഹ് പ്രമേയം അവതരിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി.

ഊഷ്മളമായ അന്താരാഷ്ട്ര പങ്കാളിത്തം വഴി വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിര്‍ത്തുകയുമായിരിന്നു ഭരണാധികാരിയെന്ന നിലയില്‍ ശൈഖ് സബാഹ്. 1957ല്‍ കുവൈറ്റ് ഭരണത്തിന്റെ മുന്‍ നിരയിലേക്ക് കടന്നു വന്ന അദ്ദേഹം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. വിദേശ കാര്യ മന്ത്രിയായി 40 വര്‍ഷക്കാലത്തെ മികച്ച വിദേശ നയം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റി. സമാധാനത്തിന്റെയും യുദ്ധ വിരുദ്ധ പ്രഖ്യാപനത്തിന്റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കുന്ന സാംസകാരിക സഹിഷ്ണുതയുള്ള രാജ്യമായി കുവൈത്തിനെ ഉയര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ വിദേശ നയം സഹായിച്ചു.

2005 ജൂലൈയില്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാല ഹോണററി ഡോക്ടര്‍ ഓഫ് ലാസ് ഡിഗ്രി നല്‍കി സബാഹിനെ ആദരിച്ചു. വിദേശ നിക്ഷേപത്തിലൂടെ സാമ്പത്തിക മുന്നേറ്റം എന്ന ആശയത്തിലൂന്നി രാജ്യത്തെ വമ്പിച്ച പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ശൈഖ് സബാഹ്. വിദേശ നിക്ഷേപം ലക്ഷ്യമാക്കി സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകള്‍ കുവൈത്തില്‍ ആരംഭിച്ചു.

 

രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികള്‍ നടപ്പിലാക്കിയ നയതന്ത്രജ്ഞന്‍

നികുതി നിയമത്തില്‍ ഭേദഗതി വരുത്തി വിദേശ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നതിന് ഉന്നത സമിതിക്ക് രൂപം നല്‍കി. അന്താരാഷ്ട്ര കമ്പനികള്‍ എത്തിയതോടെ ഗള്‍ഫ് മേഖലയില്‍ കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് സൂചിക കുതിച്ചുയര്‍ന്നു. രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികള്‍ നടപ്പിലാക്കി. വിദേശ സര്‍വകലാശാലകളും കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വനിതകല്‍ക്ക് വോട്ടവകാശം നേടിക്കൊടുത്ത ജനാധിപത്യ സ്നേഹി
രാജ്യത്തെ വനിതകള്‍ ദീര്‍ഘ കാലമായി ആവശ്യപ്പെടുന്ന വോട്ടവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിക്കുന്നതിന് പിന്നില്‍ പ്രധാന ശക്തിയായി ശൈഖ് സബാഹ്. പലതവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പരാജയപ്പെട്ട ബില്‍ വീണ്ടും വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കുകയും 2005 ല്‍ കുവൈത്ത് ജനാധിപത്യ ചരിത്രം തിരുത്തിയെഴുതി. ചരിത്ര താളുകളില്‍ വനിതകളുടെ വോട്ടവകാശം ഇടം തേടി.

ജനാതിപത്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ 2005 ല്‍ ആദ്യമായി കുവൈത്ത് മുന്‍സിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി. കൂടാതെ ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിച്ചു. കുവൈത്ത് സര്‍വകലാശാലയിലെ ഡോക്ടര്‍ മാസുമാ അല്‍ മുബാറക്കിനെ ആസൂത്രണ മന്ത്രിയാക്കി തന്റെ മന്ത്രിസഭ വികസിപ്പിച്ചു അന്നത്തെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്ന സബാഹ്. ജനാതിപത്യ പ്രക്രിയയില്‍ അദ്ദേഹം വരുത്തിയ ഭരണ പരിഷ്‌കരമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

 

മനുഷ്യാവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കി

സ്വദേശികളുടെയും വിദേശികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും വിദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തയ്യാറായി. തൊഴില്‍ അവസരങ്ങള്‍ക്കനുസൃതമായി നിയമ പരമായ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനു തൊഴില്‍ നിയമ ഭേദഗതി വരുത്തി. അന്താരാഷ്ട്ര തൊഴില്‍ സംഘടനകളുടെ നിലവാരത്തില്‍ പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന് രൂപം നല്‍കി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പുതിയ തൊഴില്‍ നിയമം അന്താരാഷ്ട്ര നിലവാരത്തില്‍ രാജ്യത്ത് നടപ്പിലാക്കി.

 

കുവൈത്ത് ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാക്കി

കുവൈത്ത് ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. 2006ലാണ് കുവൈത്ത് അമീര്‍ പദവിയിലെത്തിയ ശേഷം ഇന്ത്യയില്‍ ഒരാഴ്ച നീണ്ട സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുന്നതിനും, ഇന്ത്യയുമായി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും സാധ്യതകള്‍ തെളിഞ്ഞു. വ്യാപാര വാണിജ്യ സാമ്പത്തിക മേഖലകളില്‍ കുവൈത്ത് ഇന്ത്യ സഹകരണം കൂടുതല്‍ ശക്തമായി.

തൊഴില്‍ റിക്രൂട്ടിങ് സംബന്ധിച്ചു ഇരു രാജ്യങ്ങളും പരസ്പരം ഒപ്പു വച്ച ധാരണ പത്രം ഉള്‍പ്പെടയുള്ള സുപ്രധാന കരാറുകളുടെ തുടക്കത്തിന് അമീറിന്റെ ഇന്ത്യ സന്ദര്‍ശനം ഇടയാക്കി. തുടര്‍ന്ന് ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത തല പ്രധിനിധി സംഘങ്ങള്‍ സന്ദര്‍ശനം നടത്തി പുതിയ നിരവധി പദ്ധതികള്‍ക്കു തുടക്കം കുറിച്ചു. കുവൈത്ത് ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചു വിദേശ ജനസംഖ്യയില്‍ ഇന്ത്യ മുന്‍ പന്തിയിലെത്തി. ഇന്ത്യന്‍ സമൂഹത്തോടും ഇന്ത്യയോടും പ്രത്യേക പരിഗണന നല്‍കിയ ഭരണാധികാരിയായിരുന്നു അമീര്‍ ശൈഖ് സബാഹ്. കുവൈത്ത് ഇന്ത്യ ബന്ധം പൂര്‍വാധികം ശക്തമാവുകയും ഇന്ത്യക്കാര്‍ ശക്തമായ സാന്നിധ്യമായി 10 ലക്ഷം കവിഞ്ഞു.

 

പ്രതിസന്ധികളില്‍ ഖത്തറിനെ കരുതലോടെ ചേര്‍ത്ത് പിടിച്ച ഭരണാധികാരി

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വേര്‍പാടിലൂടെ പ്രതിസന്ധികളില്‍ ഖത്തറിനെ കരുതലോടെ ചേര്‍ത്ത് പിടിച്ച ഭരണാധികാരിയെയാണ് നഷ്ടമായത്. ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. അയല്‍ രാജ്യമെന്നതിനേക്കാള്‍ ഉപരി ഖത്തറിന്റെ സഹോദര രാജ്യവും ശക്തികേന്ദ്രവും കൂടിയാണ് കുവൈത്ത്. ഗള്‍ഫിന്റെ ഐക്യം ഏറെ ആഗ്രഹിച്ച ഭരണാധികാരി. സൗദി സഖ്യം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നിമിഷം മുതല്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. ഉപരോധ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം മുതല്‍ തന്നെ ഖത്തറിലെ ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യ,ഭക്ഷ്യേതര സാധനങ്ങള്‍ എത്തിച്ച് ഭരണനേതൃത്വത്തിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തേകി ഒപ്പം നിന്നു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനൊപ്പമുള്ള ചിത്രം. 2019 മേയില്‍ ഖത്തര്‍ അമീര്‍ കുവൈത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ.(ഫയല്‍ ചിത്രം-അമീരി ദിവാന്‍, ഖത്തര്‍). 019 മെയ് 19 നായിരുന്നു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഔദ്യോഗിക കുവൈത്ത് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര, സൗഹൃദ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയാണ് ഓരോ കൂടിക്കാഴ്കളും അവസാനിച്ചിരുന്നത്. ഖത്തര്‍ അമീറിനോട് ഏറെ വാല്‍സല്യവും സ്‌നേഹവും പ്രകടമാക്കിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ഇരുവരും തമ്മില്‍ അഭേദ്യമായ ആത്മബന്ധവും ഉണ്ടായിരുന്നു. യുഎസിലെ ചികിത്സക്കിടയിലും കുവൈത്ത് അമീറുമായി അദ്ദേഹം നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കുവൈത്ത് അമീറിന്റെ വേര്‍പാടില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഷെയ്ഖ് നവാഫ് അല്‍ അഹ് മദ് അല്‍ സബാഹ് അടുത്ത അമീറായേക്കും

കുവൈത്ത് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അല്‍ അഹ് മദ് അല്‍ സബാഹ് അടുത്ത അമീറാകുമെന്ന് പ്രതീക്ഷ. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് 83കാരനായ ഇദ്ദേഹം ജുലൈ 18 മുതല്‍ ഭരണാധികാരിയുടെ ചില ഔദ്യോഗിക ചുമതലകള്‍ വഹിച്ചിരുന്നു.

കുവൈത്ത് നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തില്‍ കിരീടാവകാശി ആക്ടിങ് ഭരണാധികാരിയായി ചുമതലയേല്‍ക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അര്‍ധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധ ആഭ്യന്തര മന്ത്രിയായിരുന്നു.

1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഷെയ്ഖ് നവാഫ് തൊഴില്‍സാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഈ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയില്‍ ഷെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു. ഗള്‍ഫ് സുസ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് വേണ്ടി പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം ഗള്‍ഫ് കൊ ഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) സമ്മേളനങ്ങളില്‍ നിര്‍ണായകമായ റോള്‍ കൈകാര്യം ചെയ്തു. നിലവില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category