1 GBP = 96.00 INR                       

BREAKING NEWS

അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നത് ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച്; കേരളം അടക്കം സിബിഐക്ക് നല്‍കിയിട്ടുള്ളത് കേസെടുക്കുന്നതിനുള്ള പൊതു അനുമതി; ലൈഫ് മിഷന്‍ അഴിമതിയില്‍ അന്വേഷണം എത്തിയതോടെ സര്‍ക്കാര്‍ ആലോചിക്കുന്നത് ഈ 'പൊതുഅനുമതി' പിന്‍വലിക്കാന്‍; കൂടിയാലോചനകള്‍ ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ സമ്മതിക്കുമ്പോഴും മുഖ്യമന്ത്രി തള്ളിപ്പറയുന്നത് കേസിന്റെ ഭാവി നോക്കിക്കാണാന്‍ തന്നെ; ലൈഫിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കോടതിയെയും സമീപിച്ചേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ വരിഞ്ഞു മുറുകിയ സിബിഐ കേസുകള്‍ നിരവധിയാണ്. പെരിയ ഇരട്ടക്കൊലപാതക കേസും ഏറ്റവും ഒടുവില്‍ എത്തിയ ലൈഫ് മിഷന്‍ കേസും ഇതില്‍ ഒന്നുമാത്രമാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ വേണ്ടി നിയമ നിര്‍മ്മാണത്തിന് നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചെങ്കിലും നിയമ വൃത്തങ്ങളില്‍ ഇതേക്കുറിച്ചുള്ള ആലോചനകള്‍ സജീവമായി നിലനില്‍ക്കയാണ്. പരിശോധന നടക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും നിഷേധിക്കുന്നില്ല.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണു സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ചത്. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ ഉത്തരവ് പോലും ഇല്ലാതെയും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധവുമായാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ആക്ഷേപം നേരത്തെ തന്നെ സിപിഎം ഉന്നയിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സിബിഐക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ആലോചന.

പ്രതിപക്ഷ നേതാവിന്റെ ആരോപണം നിയമ വകുപ്പ് നിഷേധിക്കുമ്പോഴും രാഷ്ട്രീയ തീരുമാനം എടുത്താല്‍ സിബിഐക്കുള്ള അന്വേഷണാനുമതി സര്‍ക്കാരിനു നിഷേധിക്കാനാവുമെന്ന ചിന്ത ശക്തമാണ്. സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതാണു മറ്റൊരു സാധ്യത. ഡല്‍ഹി സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നതിനാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാന്‍ കേരളത്തിനു കഴിയുമെന്നു നിയമവിദഗ്ദ്ധര്‍ പറയുന്നു. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാവും തീരുമാനത്തിലേക്കു കടക്കുക.

ഇതേസമയം, സിബിഐക്കെതിരെ നിയമം കൊണ്ടുവരുന്നതു കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തിനു ശേഷം കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായ നിലയിലാണു സിബിഐ പ്രവര്‍ത്തിക്കുന്നതെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ സിബിഐ അന്വേഷണം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കം നടത്തുന്നുവെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിക്കുകയാണ് ഉണ്ടായത്.

സിബിഐ അന്വേഷണം തടയാനുള്ള നിയമ നിര്‍മ്മാണം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങള്‍ ഫലപ്രദമല്ലെന്ന വിമര്‍ശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും തന്റെ അറിവിലില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് സംബന്ധിച്ച ചോദ്യവും മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചുവെങ്കിലും സുപ്രീം കോടതിയിലെ കാര്യങ്ങള്‍ അവിടെ നടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കമെന്നും ഇതുസംബന്ധിച്ച ഫയല്‍ നിയമ സെക്രട്ടറിയുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതിനിടെ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ സിബിഐയും സംസ്ഥാന വിജിലന്‍സും ഒരേ സമയം അന്വേഷണം നടത്തുന്നതില്‍ ഇപ്പോള്‍ നിയമപ്രശ്നമില്ലെങ്കിലും അതു തുടരാന്‍ സാധ്യത കുറവായാണ് വിലയിരുത്തപ്പെടുന്നത്. സിബിഐ നടത്തുന്ന അന്വേഷണത്തില്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തുന്നതു വരെ മാത്രമേ വിജിലന്‍സ് അന്വേഷണത്തിനു സാധുതയുള്ളൂവെന്നാണു നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്സിആര്‍എ) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള വിശേഷാധികാരം സിബിഐക്കു മാത്രമാണെന്നു ജസ്റ്റിസ് ബി.കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന വിജിലന്‍സിനുണ്ട്. ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ സിബിഐ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതു വരെ സംസ്ഥാന വിജിലന്‍സിന് അന്വേഷണം തുടരാം.

ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചതിനു പുറമേ, പദ്ധതിയുടെ മറവില്‍ ഏതെങ്കിലും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അഴിമതി കാണിച്ചതായി ബോധ്യപ്പെട്ടാല്‍ സ്വാഭാവികമായും പിസി ആക്ടിലെ വകുപ്പുകള്‍ കൂടി സിബിഐക്കു ചുമത്തേണ്ടി വരുമെന്നും ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കേണ്ടിവരുമെന്നും സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.

അതേസമയം വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സന്നദ്ധ സംഘടനയായ ദുബായ് റെഡ് ക്രസന്റ് നിര്‍മ്മിച്ചു നല്‍കുന്ന 140 ഫ്ളാറ്റുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എ അനില്‍ അക്കരെ നല്‍കിയ അടിസ്ഥാനരഹിതമായ പരാതിയില്‍ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത് നിയമ വിരുദ്ധമാണെന്നാണ് സിപിഎം അനുകൂല സംഘടനയായ ാള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞുിരിക്കുന്നത്. അനില്‍ അക്കരയുടെ പരാതിയില്‍ റെഡ് ക്രസന്റ് ഫ്ളാറ്റ് സമുച്ചയവും അതിനോടൊപ്പം ഒരു ഹെല്‍ത്ത് സെന്ററും സ്ഥാപിക്കുമെന്ന ധാരണാപത്രം ഒപ്പിട്ടതായും പിന്നീട് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് സ്വന്തം നിലയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ യൂണിടാക്ക് എന്ന നിര്‍മ്മാണ കമ്പനിയെ ചുമതലപ്പെടുത്തിയതായും പറയുന്നു. ഈ ധാരണക്കനുസരിച്ച് നിര്‍മ്മാണത്തിനുള്ള പ്രതിഫലമായി യൂണി ടാക്കിന് വിദേശ ഫണ്ട് നല്‍കിയതാണ് എം എല്‍ എ യുടെ പരാതി. Foreign Contribution (Regulation) Act ലെ വ്യവസ്ഥകളുടെ ലംഘനം നടന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്.

ഈ പരാതിയില്‍ സിബിഐ യാതൊരു നിയമ പരിശോധനയുമില്ലാതെ ഈ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് അധികാര ദുര്‍വ്വിനിയോഗമാണ്. Foreign Contribution (Regulation) Act പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാന്‍ കഴിയുന്നതും കഴിയാത്തവരുമായി നിരവധി വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ ഏതെല്ലാമാണെന്ന് FCRA നിയമത്തിലെ 3, 4 വകുപ്പുകള്‍ കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്.

വിദേശ ഏജന്‍സിയില്‍ നിന്നും നിര്‍മ്മാണ കരാറിന്റെ പ്രതിഫലം യൂണി ടാക്ക് കമ്പനിക്കാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. അത്തരത്തില്‍ പ്രതിഫലമായി കൈപ്പറ്റിയ പണം ഏത് രീതിയിലാണ് ഈ നിയമ പ്രകാരം കുറ്റകരമാവുക? കേവല വായനയില്‍ തന്നെ നിയമപ്രകാരം ഇത്തരത്തില്‍ നിര്‍മ്മാണ കമ്പനിക്ക് പ്രതിഫലം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ FIR ഉം അതിന്മേല്‍ നടത്തുന്ന അന്വേഷണവും കേവലം പ്രഹസനവും ദുരുദ്ദേശപരവും അധികാര ദുര്‍വ്വിനിയോഗവും മാത്രമാണെന്നും ലോയേഴ്സ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യമായി വീട് വെച്ച് നല്‍കാനായാണ് ലൈഫ് മിഷന്‍ ആസൂത്രണം ചെയ്തത്. കഴിഞ്ഞ 4 വര്‍ഷത്തിനകം രണ്ടര ലക്ഷം വീടുകള്‍ പണിത് നല്‍കി പാവപ്പെട്ട ജനങ്ങള്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്നതില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കയാണ്. രാഷ്ട്രീയ വിരോധം വെച്ച് ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമായ പരാതികള്‍ നല്‍കി മുടക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേരാത്ത നടപടിയായിപ്പോയി. രാഷ്ട്രീയ പ്രേരിതമായി നിയമ വിരുദ്ധവും, അടിസ്ഥാനരഹിതവും ആയ പരാതികളിലൂടെ തോല്‍പ്പിക്കാനും വെല്ലുവിളിക്കാനും ശ്രമിക്കുന്നത് സാധാരണ ജനങ്ങളെയാണ്.

അടിസ്ഥാന രഹിതവും നിയമ വിരുദ്ധവും - രാഷ്ട്രീയ പ്രേരിതവുമായ പരാതിയില്‍ പ്രാഥമിക പരിശോധന പോലും നടത്താതെ നടപടികള്‍ സ്വീകരിച്ച CBI നിയമ വാഴ്ചയെ ആണ് വെല്ലുവിളിക്കുന്നത്. രാഷ്ട്രീയ ഉദ്ദേശത്തോടെ കള്ളക്കേസുകള്‍ എടുത്ത് പരമോന്നത നീതിപീഠത്തില്‍ നിന്ന് വരെ നിശിത വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും, തിരുത്തലുകളില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പ്രമുഖ ദേശീയ അന്വേഷണ ഏജന്‍സി തുടരുന്നത് അവരുടെ വിശ്വാസ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുകയെന്നും സംഘടന പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category