1 GBP = 96.00 INR                       

BREAKING NEWS

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ല; ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല; എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്; യുഡിഎഫ് സമരം നിര്‍ത്തിയത് കൂടിയാലോചനകള്‍ ഇല്ലാതെ; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി; ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാര്‍; നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്നത് അസത്യ പ്രചരണമെന്ന് തുറന്നടിച്ചു കൊടിക്കുന്നില്‍ സുരേഷും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തു കൊണ്ട് ഏഴോളം എംപിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ തന്റെ നിലപാട് അറിയിച്ചു വടകര എംപി കെ മുരളീധരന്‍ രംഗത്തെത്തി.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് മുരളീധരന്‍ രംഗത്തെത്തിയത്. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താന്‍ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രചാരണസമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള കെ.മുരളീധരന്റെ നാടകീയ രാജി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള മുന്നൊരുക്കമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഈ വാദങ്ങളെയെല്ലാം അദ്ദേഹം തള്ളിക്കളയുന്നു. അതേസമയം തന്റെ രാജിക്ക് പിന്നില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള അതൃപ്തിയാണെന്നും മുരളീധരന്‍ സൂചിപ്പിച്ചു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്. മത്സരിക്കാന്‍ ആഗ്രഹമുള്ളവരുണ്ട്.

വട്ടിയൂര്‍ക്കാവില്‍ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ട്. അതിനാല്‍ തന്നെ ഇവിടെ തന്റെ് സ്ഥിരം സാന്നിധ്യമുണ്ടാവുമെന്നും മുരളീധരന്‍ സൂചിപ്പിച്ചു. നേരത്തെയുള്ള പുനഃസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രചരണസമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ കൂടിയാലോചനയില്ല. സമരം നിര്‍ത്തുകയല്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോള്‍ പേടിച്ചു സമരം നിര്‍ത്തി എന്ന അവസ്ഥയായി. പാര്‍ട്ടിയിലേക്ക് തന്നെ മടക്കികൊണ്ടു വരാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ തുടര്‍ന്നും താനുണ്ടാവുമെന്നും മുരളീധരന്‍ വ്യക്തമാക്കി. കെപിസിസി പുനഃസംഘടനയില്‍ തന്റെ കൂടെയുള്ളവരെ തീര്‍ത്തും അവഗണിക്കപ്പെട്ടെന്നും മുരളി തുറന്നടിക്കുന്നു.

അതേസമയം മുരളീധരന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തുവന്നു. എംപിമാര്‍ സ്ഥാനം രാജിവെച്ച് എംഎല്‍എമാരായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാര്‍ എന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ അസത്യ പ്രചാരണം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെയാണ് നടക്കുന്നതെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ഒരു എംപിയും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയോ കെപിസിസിയെയോ സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങള്‍ക്കിടയില്‍ അല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് അപഖ്യാതി ഉണ്ടാക്കുന്നു. അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിട്ടുണ്ടെന്നു കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ ഭാരവാഹി പട്ടികയില്‍ ലഭിക്കേണ്ടിയിരുന്ന ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതി താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. താന്‍ കെപിസിസി. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ദേശീയ നേതൃത്വം ആവശ്യപ്പെടും വരെ ഈ സ്ഥാനത്തു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരുടെ നിയമസഭാ മോഹത്തിന് എതിരായ നിലപാടാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തല്‍ ശക്തമായതോടെ, നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തുള്ളത്. എംപിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, ബെന്നി ബഹനാന്‍ എന്നിവരെല്ലാം മന്ത്രിപദം ലക്ഷ്യമിട്ട് നിയമസഭയിലേക്ക് കണ്ണെറിഞ്ഞ് നില്‍ക്കുകയാണ്.

എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള നീക്കത്തെ കെപിസിസി നേതൃത്വം ശക്തമായി എതിര്‍ക്കുകയാണ്. എംപിമാര്‍ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ട സാഹചര്യം ഇല്ലെന്നും, ഒരാള്‍ക്ക് ഒരു പദവി കര്‍ശനമായി നടപ്പാക്കണമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. എംപിമാര്‍ കൂട്ടത്തോടെ മല്‍സരിക്കാനുള്ള നീക്കത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നില്ല.

കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യിപിഎ അധികാരത്തിലേറിയാല്‍ ഈഴവ പ്രാതിനിധ്യ പ്രകാരം കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ യുപിഎ ദയനീയമായി തോറ്റതോടെ മോഹം പൊലിഞ്ഞു. ഡല്‍ഹിയില്‍ കാര്യമായ റോളില്ലാതായതോടെയാണ് നേതാക്കള്‍ സംസ്ഥാനമന്ത്രിപദത്തിലേക്ക് കണ്ണെറിഞ്ഞ് വീണ്ടും കരുക്കള്‍ നീക്കുന്നത്.

അതിനിടെ എംപിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള നീക്കത്തെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നെതിര്‍ത്തു. എംപിമാര്‍ ഇപ്പോള്‍ രാജിവെച്ച് നിയമസഭയിലേക്ക് മല്‍സരിക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ല. യോഗ്യതയുള്ളവരും വിജയസാധ്യതയുള്ളവരുമായ നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ക്യൂ നില്‍ക്കുന്നത്. മാത്രമല്ല, എംപിസ്ഥാനം രാജിവച്ചാല്‍ വീണ്ടും ജയിക്കാനാവുമെന്ന സ്ഥിതിയല്ല ഉള്ളതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കെ മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത് വലിയ വിഷയമായി എടുക്കേണ്ടതില്ല. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിരിച്ചുവിടേണ്ടതാണ് പ്രചാരണ സമിതി. അത്തരത്തില്‍ പിരിച്ചുവിട്ട സമിതിയുടെ അധ്യക്ഷസ്ഥാനം ഒരാള്‍ രാജി വയ്ക്കുന്നത് ഒരു കാര്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പരാതി പറയുന്നവര്‍ മുമ്പ് അധികാരസ്ഥാനത്ത് ഇരുന്നപ്പോഴും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ അതൊന്നും പരിഗണിച്ചിരുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് അടൂര്‍ പ്രകാശിനേയും വട്ടിയൂര്‍ക്കാവില്‍ നിന്നും രാജിവെപ്പിച്ച് കെ മുരളീധരനേയും ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കേണ്ടിയിരുന്നില്ല. അവിടെ യോഗ്യരായ വേറെ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു എന്നായിരുന്നു എന്നാണ് തന്റെ നിലപാട്. എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് ഇവരെ മല്‍സരിപ്പിച്ചതോടെ, കോന്നിയും വട്ടിയൂര്‍ക്കാവും യുഡിഎഫിന് നഷ്ടമാകുകയും ചെയ്തുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category