1 GBP = 96.00 INR                       

BREAKING NEWS

യുവതിയുടെ ബന്ധുക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ടു; മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ മാതാപിതാക്കളെ പോലും അനുവദിക്കാതെ പൊലീസ് കാടത്തം; സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് ഹഥ്രാസില്‍ എത്തിച്ച മൃതദേഹം അന്ത്യകര്‍മ്മം നടത്താന്‍ പോലും അനുവദിക്കാതെ സംസ്‌ക്കരിച്ച് പൊലീസ്: യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം: പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

Britishmalayali
kz´wteJI³

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം അവസാനമായി വീട്ടുകാരെ ഒരു നോക്ക് പോലും കാണാന്‍ അനുവദിക്കാതെ സംസ്‌ക്കരിച്ച് പൊലീസ്. മൃതദേഹത്തിന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ വീട്ടുകാരെ പൂട്ടിയിട്ട ശേഷം മൃതദേഹം പൊലീസ് സംസ്‌ക്കരിക്കുക ആയിരുന്നു. മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ പോലും മാതാപിതാക്കളെ അനുവദിക്കാത്ത പൊലീസ് കാടത്തത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. യുവതിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് പൊലീസ് ഏകപക്ഷീയമായി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ആരോപണം.

കുടുംബാംഗങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് പൊലീസുകാര്‍ മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റിയതും സംസ്‌ക്കരിച്ചതും. പൊലീസ് നടപടി തടസ്സപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പലയിടത്തുവെച്ചും ആംബുലന്‍സ് തടയാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇതെല്ലാം മറികടന്നു മൃതദേഹം സംസ്‌ക്കരിക്കുക ആയിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി 10.10 ഓടെയാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയത്. ഹഥ്രാസില്‍ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംസ്‌കരിച്ചത്.

യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പൊലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിച്ച പൊലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിര്‍ത്തി ദഹിപ്പിക്കുകയായിരുന്നു. കനത്ത പൊലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസില്‍ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പൊലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് മൃതദേഹം പൊലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ മൃതദേഹത്തിനോട് പോലും നീതി പുലര്‍ത്താതെ പൊലീസ് സംസ്‌ക്കാരം നടത്തി.

നേരത്തെ, തങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് ആരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ഭീം ആര്‍മി പ്രവര്‍ത്തകരും ചേര്‍ന്നു. സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ, സുരക്ഷയും ശക്തമാക്കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

'ഹഥ്രാസ് ഇരയെ ആദ്യം ചില പുരുഷന്മാര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു ഇന്നലെ മുഴുവന്‍ വ്യവസ്ഥിതിയും അവളെ ക്രൂരമായി പീഡിപ്പിച്ചു. നടന്ന മുഴുവന്‍ സംഭവങ്ങളും വളരെയധികം വേദനയുണ്ടാക്കുന്നതാണ്.' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

മൃതദേഹം സംസ്‌കരിച്ച രീതിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അപലപിച്ചു.' ഇന്ത്യയുടെ ഒരു മകളെ ബലാത്സംഗം ചെയ്തുകൊപ്പെടുത്തിയിരിക്കുന്നു. വസ്തുതകള്‍ അടിച്ചമര്‍ത്തപ്പെട്ടു, അവസാനം അന്ത്യകര്‍മ്മങ്ങള്‍ നടത്താനുള്ള അവളുടെ കുടുംബത്തിന്റെ അവകാശങ്ങളും അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപവും അന്യായവുമാണ്.' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി വധേരയും രംഗത്തെത്തി. മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അവസാന ചടങ്ങുകള്‍ നടത്താനുമുള്ള അവകാശം യുവതിയുടെ അച്ഛനില്‍ നിന്ന് അപഹരിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

'മകള്‍ക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് ആ പിതാവ് എന്നോട് പറഞ്ഞത്. മൃതദേഹം അവസാനമായി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനും അവളുടെ അവസാനചടങ്ങുകള്‍ നടത്തുന്നതിനുമുള്ള ആ പിതാവിന്റെ അവകാശം അപഹരിക്കപ്പെട്ടു. ഇരയേയും യുവതിയുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കേണ്ടതിന് പകരം മരണത്തില്‍ പോലും അവളുടെ മനുഷ്യാവകാശങ്ങള്‍ കവരുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ പങ്കാളികളാവുകയാണുണ്ടായത്. ഒരു മുഖ്യമന്ത്രിയായി തുടരാന്‍ താങ്കള്‍ക്ക് അര്‍ഹതയില്ല.' പ്രിയങ്ക പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയും മൃതദേഹം ഏകപക്ഷീയമായി സംസ്‌കരിച്ചതിനെ അപലപിച്ചു.

അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് വെട്ടാന്‍ പോയ യുവതി ഈ മാസം പതിനാലിനാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കവെ പുല്ലിനിടയിലേക്ക് വലിച്ചിഴച്ച് നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചതിന് കഴുത്തുഞെരിച്ചപ്പോള്‍ സ്വന്തം പല്ലിനിടയില്‍ക്കുടുങ്ങി യുവതിയുടെ നാവില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് എസ്പി. അറിയിച്ചിട്ടുണ്ട്. യുവതിയെ 'ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.

25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലഖ്നൗ: കൂട്ടബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പെണ്‍കുട്ടിയുടെ പിതാവുമായും സഹാദരനുമായും ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയത്.

മകളുടെ മരണത്തിന് കാരണക്കാരയവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബത്തിന് വീടും നിര്‍മ്മിച്ചു നല്‍കുമെന്ന് ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category