1 GBP = 102.10 INR                       

BREAKING NEWS

ലോക മലയാളികള്‍ക്കിടയിലെ ഒന്നാം സ്ഥാനത്തേക്ക് യുകെ മലയാളി ഡോ. ജജിനി വര്‍ഗീസ്; ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മലയാളി സമൂഹം കൂടെ നിന്നപ്പോള്‍ അന്താരാഷ്ട്ര പുരസ്‌കാരം പുഞ്ചിരിയുടെ സഹയാത്രികയ്ക്ക്; അനേകം മുഖങ്ങളില്‍ പുഞ്ചിരിക്ക് കാരണക്കാരിയായ ഡോ. ജജിനി പ്രവാസി മലയാളി സമൂഹത്തില്‍ തിളങ്ങുമ്പോള്‍ അഭിമാനത്തോടെ ഓരോ യുകെ മലയാളിയും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകത്തിലെ ഏറ്റവും പ്രധാനികളായ യുവ പ്രൊഫഷലുകളെയും അവരവരുടെ രംഗങ്ങളില്‍ ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ചവരെയും തേടിയിറങ്ങിയ അമേരിക്കയിലെ ജെ സി ഐ ഇന്റര്‍നാഷനലിന്റെ ഈ വര്‍ഷത്തെ കണ്ടെത്തല്‍ എത്തിയിരിക്കുന്നത് യുകെ മലയാളിയുടെ കൈകളിലേക്ക്. കേംബ്രിഡ്ജില്‍ പഠിച്ചിറങ്ങിയ യുവ പ്ലാസ്റ്റിക് സര്‍ജന്‍ അനേകം വേദനിക്കുന്ന മുഖങ്ങളുടെ പുഞ്ചിരിയായപ്പോള്‍ സദാ പുഞ്ചിരിക്കുന്ന ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. ജജിനി വര്‍ഗീസിന്റെ ചിരിക്കിപ്പോള്‍ നൂറു വോള്‍ട്ട് ബള്‍ബിന്റെ പ്രകാശം.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ പത്തു പേരില്‍ നിന്നും വിജയിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ബ്രിട്ടീഷ് മലയാളി അടക്കം നിറഞ്ഞ പിന്തുണ നല്‍കിയാണ് ഡോ. ജജിനിക്കൊപ്പം നിന്നത്. ആരോഗ്യ പ്രവര്‍ത്തക എന്ന നിലയിലും യുകെയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയും ഡോ. ജജിനിയെ തേടിയെത്തി എന്നു തന്നെയാണ് കരുതപ്പെടുന്നത്. യുകെയില്‍ നിന്നും മത്സരിക്കാന്‍ ഉണ്ടായ ഏക വ്യക്തി എന്നതും ഡോക്ടര്‍ ജജിനിക്ക് തുണയായി മാറുകയും ചെയ്തു. 

ഔട്ട് സ്റ്റാന്‍ഡിങ് യാങ് പേഴ്‌സണ്‍ ഓഫ് ദി വേള്‍ഡ് 2020'' എന്ന ടൈറ്റിലാണ് ഡോ. ജജിനിയെ തേടിയെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളെ വേദനയുടെ ലോകത്തേക്ക് എത്തിക്കുന്ന സ്തനാര്‍ബുദ പഠനമാണ് മെഡിക്കല്‍ ലോകത്തു ഡോ. ജജിനിയെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ഈ മാരക രോഗം പാരമ്പര്യമായി ലഭിക്കുന്നതാണോ എന്ന പഠനമാണ് ഡോ. ജിനി ഏറ്റെടുത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച മെഡിക്കല്‍ ജേണലുകള്‍ വൈദ്യ ശാസ്ത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ഈ മലയാളിക്കൊപ്പമാണ്. ലോകം ശ്രദ്ധിക്കേണ്ട വൈദ്യശാസ്ത്ര കണ്ടെത്തല്‍ എന്ന മുഖവുര നല്‍കിയാണ് ലോകാവ്യക്തിയെ തേടിയെത്തിയ ജെ സി ഐ ഈ വര്‍ഷത്തെ അവാര്‍ഡ് ഡോ. ജിനിയ്ക്ക് സമ്മാനിക്കുന്നത്. 

നാല്‍പതു വയസില്‍ താഴെയുള്ളവരില്‍ ഏറ്റവും പ്രഗത്ഭരായവരെ തേടി ഇറങ്ങിയ ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബറിന്റെ ഈ വര്‍ഷത്തെ കണ്ടെത്തല്‍ ഓരോ യുകെ മലയാളിക്കും അഭിമാനമാകുകയാണ്. കാരണം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി എത്തിയവരില്‍ നിന്നും ഏറ്റവും ഒടുവിലത്തെ അഭിമാന താരമായി മാറാന്‍ ഒരു യുകെ മലയാളിക്ക് സാധിച്ചു എന്നത് അവിശ്വസനീയമാകുകയാണ്. സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന യുവ പ്രതിഭകളെ പിന്തള്ളിയാണ് ഡോ. ജജിനി നേട്ടം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നത് എന്നതും പ്രധാനമാണ്.

ലോകത്തെ 110 രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് അവസാന റൗണ്ടിലെ പത്തു പേരിലേക്ക് മത്സരം ചുരുങ്ങിയത് എന്നതാണ് ശ്രദ്ധേയം. അതും ബിസിനസ്, സംരംഭകത്വം, രാഷ്ട്രീയം, സര്‍ക്കാര്‍ വകുപ്പുകള്‍, കല, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങള്‍, കുട്ടികള്‍ക്കും ലോക സമാധാനത്തിനും സംഭാവന നല്‍കിയവര്‍, ശാസ്ത്ര സാങ്കേതിക നേട്ടം കൈപ്പിടിയില്‍ ഒതുക്കിയവര്‍, വൈദ്യശാസ്ത്ര രംഗത്ത് അഭിമാന നേട്ടം സാധിച്ചെടുത്തവര്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് അവസാന റൗണ്ടില്‍ മത്സരിക്കാന്‍ ഉള്ളവര്‍ എത്തിയത്. 

ജപ്പാനിലെ യോഗഹാമയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസില്‍ വച്ചാണ് ഈ വര്‍ഷത്തെ അവാര്‍ഡ് സമ്മാനിക്കുക. പ്രശസ്തി പത്രവും ഫലകവും അടങ്ങിയ ഈ അവാര്‍ഡിന്റെ മുന്‍ ജേതാക്കള്‍ ആരെന്നറിയുമ്പോഴാണ് ശരിക്കും ഞെട്ടല്‍ തോന്നുക. ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ സംഭാവനകള്‍ നല്‍കിയ ജോണ്‍ എഫ് കെന്നഡി, ഹെന്റി കിസിഞ്ചര്‍, ജെറാള്‍ഡ് ഫോര്‍ഡ്, ഹൊവാഡ് ഹ്യുസ്, നെല്‍സന്‍ രൂക്‌ഫൈലര്‍, ആന്തണി റോബിന്‍സ്, ബെനിഞ്ഞോ അക്വിനോ, ജാക്വി ചാന്‍, എല്‍വിസ് പ്രെസ്ലി തുടങ്ങിയ വിഖ്യാത പ്രതിഭകളാണ് മുന്‍പ് ഈ അവാര്‍ഡില്‍ മുത്തം വച്ചിട്ടുള്ളത്. അത്ര നിസാരമായി കരുതേണ്ട ഒന്നല്ല ജെ സി ഐ അവാര്‍ഡ് എന്ന് ചുരുക്കം. 

ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭയായ മലയാളി ഡോക്ടര്‍ എന്ന വിശേഷണവും ഡോ. ജജിനിക്ക് നന്നായി ഇണങ്ങും. കാരണം റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഗ്രൂപ്പിലെ പ്രധാന അംഗമായ ഇവര്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി കൂടിയാണ്. എഫ് ആര്‍ സി എസ്, എം ആര്‍ സി എസ് എന്നീ പ്രൊഫഷണല്‍ ഗ്രൂപുകളില്‍ അംഗമായ ജജാനി ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് അംഗം ആണെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പ്ലാസ്റ്റിക് സര്‍ജറി കോഴ്സില്‍ ബിരുദാനന്തര പഠനം നടത്താന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ മുന്നില്‍ പ്രിയപ്പെട്ട അധ്യാപികയുടെ വേഷമാണ് ഈ യുവ ഡോക്ടര്‍ക്കു ഇണങ്ങുക. ഇത്തരത്തില്‍ ഓരോ മേഖലയില്‍ കൈവയ്ക്കുമ്പോഴും അവിടെയൊന്നും ഈ യുവ ഡോക്ടറെ വെല്ലാന്‍ മറ്റൊരാളില്ല എന്നതാണ് സത്യം. ഒരു പക്ഷെ ഏതു മേഖലയില്‍ ചെന്നാലും മലയാളി അവിടെ മാറ്റിനിര്‍ത്തപ്പെടില്ല എന്ന ചൊല്ല് ഡോ. ജജിനിയെ പോലെയുള്ളവരെ കൂടി മുന്‍കൂട്ടി മനസ്സില്‍ കണ്ടു പറഞ്ഞു പഴകിയ പ്രയോഗമായി മാറുകയാവാം. 

കേംബ്രിജില്‍ എംഫില്‍ പൂര്‍ത്തിയാക്കിയ ശേഷം ജെനെറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് കാന്‍സര്‍ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ജജിനിക്ക് പഠന വഴികളില്‍ തുണയായി കോമണ്‍വെല്‍ത്ത് ഫുള്‍ സ്‌കോളര്‍ഷിപ്പും കൂട്ടായി എത്തിയിരുന്നു. ലോക ക്യാന്‍സര്‍ ചികിത്സ രംഗത്തെ അവസാന വാക്കായ അമേരിക്കയിലെ മായോ ക്ലിനിക്, ഹാര്‍വാഡ് യൂണിവേഴ്സിറ്റി എന്നിവ ഡോ. ജജനി കണ്ടെത്തിയ സെഡ് എന്‍ എഫ് 365 ജീന്‍ ബ്രെസ്റ്റ് ക്യാന്‍സറില്‍ വഹിക്കുന്ന നിര്‍ണായക റോളില്‍ സാധുത ഉണ്ടെന്ന വെളിപ്പെടുത്തല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഈ പഠന റിപ്പോര്‍ട്ടുകള്‍ ലോക ക്യാന്‍സര്‍ ചികിത്സ രംഗത്തെ നൂതന കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്ന മെഡിക്കല്‍ ജേണലുകളില്‍ ഹോട്ട് ടോപ്പിക്കായി മാറുകയും ചെയ്തു. നേച്വര്‍ മാസിക അടക്കം ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചതും ഡോ. ജജനിക്കുള്ള ആദരവായി മാറുകയായിരുന്നു. ഇതോടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന ജീനിനെ തിരിച്ചറിയാനും ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികളില്‍ നേരത്തെ രോഗം തിരിച്ചറിഞ്ഞു ഫലപ്രദ ചികിത്സ സാധ്യമാക്കാനും കഴിയുന്നു എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്. 

ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച സ്ത്രീകളുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ പ്ലാസ്റ്റിക് സര്‍ജന്‍ എന്ന നിലയില്‍ കൂടുതല്‍ മെച്ചമായ ജീവിതം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യമാണ് മറ്റെന്തിനേക്കാളും ഇപ്പോള്‍ ഡോ. ജജിനിയെ പ്രചോദിപ്പിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീകളെ കൂടുതല്‍ മനോധൈര്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ പ്രേരിപ്പിക്കും വിധം നിര്‍ണായകമായ തുടര്‍ ശസ്ത്രക്രിയകള്‍ ഏറ്റവും നൂതന റോബോട്ടിക് സര്‍ജറി വഴി ചെയ്യുന്നതില്‍ പ്രഗത്ഭ കൂടിയാണ് ഡോ. ജജിനി. ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്ന ചുരുക്കം ബ്രിട്ടീഷ് ഡോക്ടര്‍മാരില്‍ ഒന്നാം നിരയിലാണ് ഈ യുവ ഡോക്ടര്‍. 

ആതുരസേവനം ഗ്രാമീണ തലത്തില്‍ എത്തിക്കാന്‍ കഠിന പ്രയത്‌നം ചെയുന്ന ഡോ. ജജിനി ഇന്ത്യയില്‍ ഇത്തരത്തില്‍ യുവ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നതില്‍ ഒട്ടേറെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. അവര്‍ക്കാവശ്യമായ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകുമ്പോള്‍ യുവ ഡോക്ടര്‍മാര്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ഗ്രാമ തലത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്, താന്‍ സ്വയം ചിന്തിക്കുമ്പോള്‍ വെറുമൊരു സാധാരണ വ്യക്തിയാണെന്നും എന്നാല്‍ സ്ഥിരോത്സാഹം കൈവിട്ടു കളയാത്ത മനോഭാവം തന്നില്‍ സൂക്ഷിക്കുന്നുണ്ട് എന്നുമാണ് അവാര്‍ഡ് നേട്ടത്തില്‍ പ്രതികരണമായി അറിയിച്ചത്.

ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കുന്നു എന്നതാണ് മഹാഭാഗ്യമായി ഈ ഡോക്ടര്‍ കരുതുന്നത്. ക്യാന്‍സറിനെ പൂര്‍ണമായും തോല്‍പിക്കാനാകില്ല. എന്നാല്‍ ജനങ്ങളെ ക്യാന്‍സര്‍ ബാധിച്ചാലും ജീവിതം അവസാനിച്ചു എന്ന തോന്നല്‍ കൂടാതെ വീണ്ടും ജീവിതത്തെ പ്രതീക്ഷയോടെ കാണുവാന്‍ പ്രേരിപ്പിക്കുകയാണ് ഓരോ ആരോഗ്യ പ്രവര്‍ത്തക എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു ഡോക്ടര്‍ക്കു ക്യാന്‍സര്‍ സെല്ലുകള്‍ സൃഷ്ടിക്കുന്ന ബാഹ്യ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചാലും ഒടുവില്‍ ദൈവത്തിന്റെ അത്ഭുത കരങ്ങള്‍ കൂടി പ്രവര്‍ത്തിക്കണം എന്ന് ചിന്തിക്കുവാനും ഡോ. ജജിനി മടിക്കുന്നില്ല. യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ഏറ്റവും പ്രസ്റ്റീജ് എന്ന് കരുതപ്പെടുന്ന അനവധി പുരസ്‌കാരങ്ങളും മുന്‍പ് ഡോ. ജജിനിയെ തേടി എത്തിയിട്ടുണ്ട്. 

കിങ്സ് കോളേജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിന, ഡ്യൂക്ക് യൂണിവേഴ്സ്റ്റിറ്റി അമേരിക്ക, ബാപ്രസ് ലണ്ടന്‍, എന്‍എച്ച്ഇഎസ് റോട്ടര്‍ഡാം, യൂറോപ്യന്‍ ജനറ്റിക്‌സ് കോണ്‍ഫ്രന്‍സ് ആംസ്റ്റര്‍ഡാം, ദി അമേരിക്കന്‍ തൊറാസിക് സൊസൈറ്റി, ദി ഇന്റര്‍നാഷണല്‍ കാന്‍സര്‍ ഇമേജിങ് കോണ്‍ഗ്രസ്, ദി വെല്‍കം സെന്‍ഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഒക്കെ പ്രഭാഷണ പാരമ്പരയുമായി നിരന്തരം എത്തുന്ന സൗമ്യ സാന്നിധ്യം കൂടിയാണ് ഈ പുഞ്ചിരി ഡോക്ടര്‍. 

ഡോക്ടര്‍ എന്നതിന് പുറമെ നന്നായി ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം ചെയ്യുന്ന ജജിനി ഒഴിവു സമയം കിട്ടിയാല്‍ അല്‍പം പെയിന്റിംഗും ഏറ്റെടുക്കും. ലണ്ടനില്‍ തന്നെ ഡോക്ടറായി സേവനം ചെയ്യുന്ന കോശി ചെറിയാന്‍ ആണ് ഇവരുടെ ഭര്‍ത്താവ്. 11 ഉം ഏഴും വയസുള്ള രണ്ടാണ്‍ കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category