1 GBP = 95.80 INR                       

BREAKING NEWS

സ്വന്തം അഴിമതിക്കെതിരേ സമരം ചെയ്ത് ഒരു മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍! നോട്ടീസില്‍ അക്കമിട്ട് പറഞ്ഞിരിക്കുന്ന അഴിമതികളില്‍ ഏറെയും നടന്നത് താന്‍ ഭരിച്ചപ്പോള്‍; മുന്നണി മാറ്റം കാരണം വലഞ്ഞത് തിരുവല്ലയിലെ മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍; ചെറിയാച്ചന്റെ ക്രൂര കൃത്യം കണ്ട് ഞെട്ടി സ്വന്തം പാര്‍ട്ടിക്കാരും മുന്നണിയും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

തിരുവല്ല: ഒരാള്‍ സ്വയം കള്ളനെന്ന് ആരോപിച്ച് തന്റെ അഴിമതിക്കെതിരേ സമരം ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം തിരുവല്ലക്കാര്‍ ഇങ്ങനെ ഒരു അപൂര്‍വ കാഴ്ച കണ്ടു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ തന്റെ കാലത്ത് അടക്കം നടന്ന അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്നു.

പരിപാടിക്കായി തയാറാക്കിയ നോട്ടീസില്‍ ആരോപിക്കപ്പെടുന്ന അഴിമതികളില്‍ ഏറെയും നടന്നിരിക്കുന്നതാകട്ടെ ചെറിയാച്ചന്റെ കാലത്തും. ചെറിയാച്ചന്റെ ഈ ക്രൂരകൃത്യം പരിപാടി കഴിഞ്ഞപ്പോഴാണ് സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ഇപ്പോള്‍ ചെന്ന് കയറിയ മുന്നണിക്കും മനസിലായിരിക്കുന്നത്. എന്നെ ട്രോളാന്‍ മറ്റൊരു തെണ്ടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞതു പോലെയായി ചെറിയാച്ചന്റെ നടപടി.

ഇത്രയും കാലം യുഡിഎഫിലായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫില്‍ ചേക്കേറിയതാണ് ഇത്തരമൊരു അബദ്ധം പിണയാന്‍ കാരണമായത്. ജോസ് മോനും കൂട്ടരും യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചെല്ലുന്നതിന് മുന്‍പ് തയാറാക്കിയതായിരുന്നു സമര പരിപാടിയുടെ നോട്ടീസ്. സമരം നടന്നപ്പോഴാകട്ടെ ജോസ് പക്ഷം ഇടതു പക്ഷത്ത ചേര്‍ന്നു കഴിഞ്ഞു. മുന്നണിയില്‍ താത്വികമായി വന്നതിന് ശേഷമുള്ള ആദ്യ പരിപാടി എന്ന നിലയിലാണ് നഗരസഭയ്‌ക്കെതിരേ നടന്ന പരിപാടിയില്‍ ചെറിയാച്ചന്‍ പങ്കെടുത്തത്. ടോപ്പിക് അത്ര പഠിക്കാതെ പോയതാണ് ചെറിയാച്ചന്‍ എന്ന് എതിര്‍ പക്ഷം പറയുന്നു.

100 വര്‍ഷം, തിരുവല്ല എന്തു നേടി? എന്ന ചോദ്യമുയര്‍ത്തി വികസനം നഷ്ടമാക്കിയ നഗരസഭ ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ തിരുവല്ലയില്‍ 200 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധ്വനി എന്ന പേരില്‍ സമരം സംഘടിപ്പിച്ചത്. മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തില്‍ നടന്ന സമരം സിപിഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബുവാണ് ഉദ്ഘാടനം ചെയ്തത്.

ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് രണ്ടു വട്ടം മുന്‍പ് ചെയര്‍മാന്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചെറിയാന്‍ പോളച്ചിറയ്ക്കലാണ്. എം പി ഗോപാലകൃഷ്ണന്‍, മോഹന്‍കുമാര്‍, പ്രമോദ് ഇളമണ്‍, ഷാജി തിരുവല്ല, ടി എ റെജികുമാര്‍, കെ വി മഹേഷ്, ജോയി പൗലോസ്, ഷാനവാസ് എന്നിവര്‍ പ്രസംഗിക്കുകയും ചെയ്തു.

2005-10 കാലഘട്ടത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണയില്‍ അവസാന രണ്ടര വര്‍ഷം ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ചെയര്‍മാനായിരുന്നു. അതു പോലെ നിലവിലുള്ള ഭരണ സമിതിയിലും ഒന്നര വര്‍ഷം ചെറിയാന്‍ ചെയര്‍മാനായി തുടര്‍ന്നു. ഈ കാലയളവുകളില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള നടന്നിരുന്നു. അന്ന് മുതലുള്ള അഴിമതികളാണ് നോട്ടീസില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. തങ്ങള്‍ ആര്‍ക്കെതിരെയാണോ അഴിമതി ആരോപിച്ച സമരം നടത്തുന്നത് ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് അതേ അഴിമതിക്കാരനാണെന്നത് എല്‍ഡിഎഫിനും തിരിച്ചടിയായി.

ചെയര്‍മാനായിരിക്കേ മഴുവങ്ങാട് പുഞ്ചയില്‍ സ്വന്തം വസ്തു മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ മറവില്‍ മണ്ണിട്ട് നികത്തിയെടുത്തു, പബ്ലിക് സ്റ്റേഡിയത്തിന് വേണ്ടി സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത കേസുകളില്‍ വസ്തു ഉടമകളുമായി ഒത്തുകളിച്ച് കോടികള്‍ തട്ടിയെടുത്തു, പബ്ലിക് സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്താതെ ഒന്നിനും കൊള്ളാതാക്കി എന്നീ ആരോപണങ്ങളാണ് നോട്ടീസില്‍ മുഴച്ചു നില്‍ക്കുന്നത്. എന്തായാലും ചെറിയാച്ചനെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് നടത്തിയ സമരം യഥാര്‍ഥത്തില്‍ ഗുണകരമായത് യുഡിഎഫിനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category