1 GBP = 95.80 INR                       

BREAKING NEWS

കുവൈറ്റില്‍ ബ്രിട്ടീഷ് ബാങ്കിലെ ഉദ്യോഗം വേണോ തിരുവല്ലയിലെ വൈദിക തെരഞ്ഞടുപ്പ് ക്യാമ്പിലേക്ക് പോവണോ? 1954ല്‍ ഉയര്‍ന്ന ചോദ്യത്തിന് മുമ്പില്‍ പകച്ചു നില്‍ക്കാതെ പോയതു കൊണ്ട് ബേബി പിന്നീട് ഡോ മാര്‍ ജോസഫ് മെത്രോപൊലീത്തയായി; യുഎന്നില്‍ പ്രസംഗിച്ചതിനൊപ്പം ചാള്‍സ് രാജകുമാരനൊപ്പം വിരുന്നും മോദിയുടെ മനസ്സില്‍ കയറിയും ഒക്കെ ഒരു സഭയുടെ നായകനായി; അന്തരിച്ച മാര്‍ത്തോമാ മെത്രോപൊലിത്തയുടെ കഥ

Britishmalayali
kz´wteJI³

കോട്ടയം: മാര്‍ത്തോമ സഭയുടെ ആത്മീയവും, ഭൗതികവുമായ വളര്‍ച്ചക്കും, ഉയര്‍ച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിത ശ്രേഷ്ഠനായിരുന്നു ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത. മാര്‍ത്തോമാ സഭക്കും, കേരളീയ സമൂഹത്തിനും വഴികാട്ടിയായി വര്‍ത്തിച്ച ഉജ്വല വ്യക്തിത്വം.

ഞായറാഴ്ച പുലര്‍ച്ചെ 2.30ന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്തയുടെ അന്ത്യം. കുറേ നാളായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. മലങ്കര മാര്‍ത്തോമ്മാ സഭയുടെ ഇരുപത്തി ഒന്നാം അധ്യക്ഷനായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമി അയിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചു. 1957 ഒക്ടോബര്‍ 18 വൈദികനായി. 1975 ഫെബ്രുവരി 8 എപ്പിസ്‌കോപ്പയായി.1999 ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി ടി ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി.

1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പൊലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം മാര്‍ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സഭയുടെ അടുത്ത മെത്രാപ്പൊലീത്തയായി ജോസഫ് മാര്‍ത്തോമ്മ എന്ന പേരില്‍ മാര്‍ ഐറെനിയോസ് നിയോഗിതനായി. തികച്ചും വേറിട്ട വഴിയിലൂടെയാണ് മനുഷ്യ മനസ്സിലേക്ക് സ്നേഹം വിതറുന്ന വൈദിക ശ്രേഷ്ഠനായി മെത്രോപൊലീത്ത മാറിയത്.

1954ല്‍ ആലുവ യുസി കോളജിലെ ബിരുദ പഠനം പൂര്‍ത്തിയാക്കി പി.ടി. ജോസഫ് എന്ന ബേബി വീട്ടിലെത്തിയ ദിവസം. പിതാവ് പാലക്കുന്നത്ത് കടോണ്‍ ലൂക്കോച്ചന്‍ രണ്ട് കത്തുകള്‍ മകന് കൈമാറി. കുവൈത്ത് ബ്രിട്ടിഷ് ബാങ്കിലേക്കുള്ള ക്ഷണവും വീസയുമായിരുന്നു ഒന്ന്. മറ്റൊന്ന് പോസ്റ്റ് കാര്‍ഡില്‍ എഴുതിയ രണ്ടു വരി. തിരുവല്ല മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്ത് നടക്കുന്ന വൈദിക പഠന കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ആലോചിച്ചു തീരുമാനമെടുക്കുക എന്നു മാത്രം പിതാവ് പറഞ്ഞു. ജോസഫ് ധര്‍മസങ്കടത്തിലായി. പെട്ടെന്ന് മറ്റൊരു രംഗം ജോസഫിന്റെ മനസ്സിലേക്കു തിരശീല നീക്കി കടന്നുവന്നു.

1944.ല്‍ കോഴഞ്ചേരി പള്ളിയില്‍ ബിഷപ് സ്ഥാനാരോഹണ ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം പാലക്കുന്നത്ത് തറവാട്ടില്‍ സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ബേബിയുടെ തറവാട് വീടായിരുന്നു അത്. 12 പേര്‍ മാത്രമാണ് അന്ന് അംഗങ്ങള്‍. മുറ്റത്തു നില്‍ക്കുന്ന ബേബിയെ ചേര്‍ത്തുപിടിച്ച് ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ചോദിച്ചു? ഏതു ക്ലാസിലാണ് പഠിക്കുന്നത്. പിന്നെ ഹൃദയത്തെ തൊട്ട് ഇങ്ങനെയൊരു ഉപദേശവും. ജീവിതത്തില്‍ ഏതു തീരുമാനവും ദൈവത്തോട് ആലോചിച്ചു മാത്രം എടുക്കുക. അതായിരുന്നു ധര്‍മ്മ സങ്കടത്തെ മറികടക്കാന്‍ കൈമുതലാക്കിയതും. അവിടെ നിന്ന് ബേബി മാറിയത് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്ത എന്ന അംഗീകാരത്തിലേക്കാണ്.

സഭാസേവനത്തിലേക്ക് പോകണോ വേണ്ടയോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കാതെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. എന്തെങ്കിലും പ്രതീക്ഷിച്ചാണോ ഈ സ്ഥാനത്തേക്കു വരുന്നത് ? സിലക്ഷന്‍ ബോര്‍ഡ് അംഗങ്ങളിലൊരാളുടെ ചോദ്യം യുവാവിനെ ചൊടിപ്പിച്ചു. തിരിച്ചു ചില ചോദ്യങ്ങള്‍ ചോദിക്കാനും മടിച്ചില്ല. മൂന്നാം ദിവസം വീട്ടിലൊരു കത്ത് എത്തി. വൈദിക സിലക്ഷന്‍ ബോര്‍ഡില്‍നിന്ന് ഒരു ക്ഷമാപണക്കുറിപ്പ്. ആ ചോദ്യം മനസ്സിനെ നോവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. അങ്ങനെ അഡ്മിഷന്‍ കിട്ടി. അപ്പോഴും സഭയുടെ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്നില്ല എന്നു തീരുമാനിച്ചു. 200 രൂപ പ്രതിമാസ ഫീസ് കൊടുത്ത് ബാംഗ്ലൂര്‍ യുടി കോളജില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. പഠന ശേഷം സഭാസേവനത്തിലേക്കു തിരിഞ്ഞില്ലെങ്കില്‍ പരാതി വരരുതെന്ന ചിന്തയായിരുന്നു പിന്നില്‍.

അതിനുമുമ്പുള്ള അനുഭവമാണ് സഭയുമായി ബേബിയെ അടുപ്പിച്ചത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞാലുടന്‍ തിങ്കളാഴ്ചത്തേക്കുള്ള പുസ്തവുമായി മാരാമണ്ണില്‍ നിന്ന് ബന്ധുവായ ജോസഫ് എന്ന കുട്ടി തിരുവല്ലയിലെത്തും. 1939 മുതല്‍ 1944 വരെ ഇതു തുടര്‍ന്നു. കെസിഎംഎസ് ബസിലാണ് മാരാമണ്ണില്‍നിന്ന് തിരുവല്ലയ്ക്കുള്ള യാത്ര. ഫ്രീ ടിക്കറ്റാണ്. ബസ് കമ്പനിയില്‍ ഷെയര്‍ ഉള്ള കുടുംബാംഗമായതിന്റെ മെച്ചം. തീത്തൂസ് തിരുമേനിയുടെ കണ്ണിനു കാഴ്ച കുറഞ്ഞ സമയം. തീത്തൂസ് തിരുമേനിയുടെ വേദനകള്‍ ആ ബാല്യത്തേയും നൊമ്പരപ്പെടുത്തിയിരുന്നു.

ഏകദേശം 63 വര്‍ഷം മുമ്പ് മാരാമണ്‍ മാര്‍ത്തോമ്മാ പള്ളി. മാത്യൂസ് മാര്‍ അത്തനാസിയോസും യൂഹാനോന്‍ മാര്‍ത്തോമ്മയും പാലക്കുന്നത്ത് അച്ചനും മറ്റും സന്നിഹിതരായ അള്‍ത്താര. 5 ശെമ്മാശന്മാര്‍ സഭാശുശ്രൂഷയുടെ നിയോഗത്തിലേക്കു കടക്കുകയാണ്. റവ. പി. ടി ജോസഫിനെ കൂടാതെ റവ. കെ.എം. ഡേവിഡ്, റവ. സി. എ കുരുവിള, റവ. എ. പി. ജേക്കബ്, റവ. എന്‍. ഐ. മത്തായി എന്നിവരും അന്ന് മാര്‍ത്തോമാ മെത്രോപൊലീത്തയ്ക്കൊപ്പം പട്ടത്വമേറ്റു.

കളമ്പാല മുതല്‍ പമ്പാവാലി വരെ ചെറുതും വലുതുമായ 9 ഇടവകകളുടെ ചുമതലയിലായിരുന്നു ആദ്യ നിയമനം. 1959 സഭയിലെ സംഘര്‍ഷ കാലമായിരുന്നു. സുവിശേഷ സംഘത്തില്‍ പ്രതിസന്ധി. ഇതിനിടെ ട്രാവലിങ് സെക്രട്ടറിയാകണമെന്നു സമ്മര്‍ദം. മെത്രാപ്പൊലീത്തയോടു ചോദിച്ചിട്ടാവാമെന്ന മറുപടി കൊടുത്തു. പിറ്റേന്ന് തിരുവല്ലയില്‍ എത്തി ചുമതലയേറ്റു. 1 രൂപ ട്രാവലിങ് അലവന്‍സ്. ബസിലായിരുന്നു യാത്ര. 80 രൂപ ശമ്പളത്തില്‍നിന്ന് 20 രൂപ കട്ട് ചെയ്യും. 4 വര്‍ഷം കൊണ്ട് സംഘത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കി. ഉപദേശിമാര്‍ക്ക് 1 മാസത്തെ ശമ്പളം അധികം നല്‍കി സ്ഥാനം ഒഴിഞ്ഞു. പിന്നീട് ഡല്‍ഹി ഇടവകയിലേക്കു വിടാന്‍ തീരുമാനിച്ചെങ്കിലും കോഴിക്കോട് ഇടവകയിലേക്കു മാറ്റി നിയമിച്ചു.

പിന്നീട് ഉപരിപഠനത്തിന് അവസരം ലഭിച്ചു. ഷിക്കാഗോയിലെ ലൂതറന്‍ സെമിനാരിയിലേക്കായിരുന്നു സഭ പ്രവേശനം എടുത്തുകൊടുത്തത്. 10000 ഡോളര്‍ സ്‌കോളര്‍ഷിപ്പ് കിട്ടി. പഠനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ സഭയിലേക്കു കത്തയച്ചു. ഉപരിപഠനത്തിനുകൂടി അവസരം തരണം. അതും അംഗീകരിച്ചു. ഓക്സ്ഫഡില്‍ പഠിക്കാന്‍ അവസരം വീണുകിട്ടി. ഇംഗ്ലണ്ടിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ കുറച്ചു നാള്‍ തങ്ങി. സിഎംഎസ് സഭയ്ക്ക് കത്തഴുതി. കാന്റര്‍ബറി കത്തീഡ്രലില്‍ സേവനം ചെയ്തു പഠിക്കാന്‍ അവസരം തന്നു. വിമാനടിക്കറ്റില്‍ ചില ആനുകൂല്യങ്ങള്‍ അനുവദിച്ച് ബ്രിട്ടിഷ് എയര്‍വെയ്സും സഹായിച്ചു.

ഓക്സ്ഫഡില്‍ വച്ച് ബ്രിട്ടിഷ് രാജ്ഞിയുടെ ചാപ്ലെയിന്‍ കെന്നത്ത് ഗ്രെയ്ന്‍ എന്ന പണ്ഡിതനെ പരിചയപ്പെട്ടു. സെന്റ് അഗസ്റ്റസ് കോളജില്‍ പഠിച്ചിട്ടേ നാട്ടിലേക്കു പോകാവൂ എന്നായി അദ്ദേഹം. സഭാ നേതൃത്വത്തിനു തിരുവല്ലയിലേക്ക് അദ്ദേഹമാണു കത്തെഴുതിയത്. 9 മാസം കൂടി പഠിക്കാന്‍ അതുമൂലം കഴിഞ്ഞു. ഒരുദിവസം കാന്റര്‍ബറി ആര്‍ച് ബിഷപ് റാംസെയ്ക്കൊപ്പം ഉച്ചഭക്ഷണത്തിനു ക്ഷണം ലഭിച്ചു. അവിടെ എത്തിയപ്പോള്‍ കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും പ്രിന്‍സസ് ആനും ഒപ്പം ഭക്ഷണം കഴിക്കാനുണ്ടായിരുന്നു.

യുഎസ്, സെറംപുര്‍, അലഹാബാദ് എന്നിവിടങ്ങളില്‍ നിന്നായി പിന്നീട് 3 ഡോക്ടറേറ്റുകള്‍ ലഭിച്ചു. ബെക്കിങ് ഹാം കൊട്ടാരത്തിലേക്കു പല തവണ ക്ഷണം ലഭിച്ചു. യുഎന്‍ അസംബ്ലിയില്‍ രാഷ്ട്രത്തലവന്മാര്‍ പ്രസംഗിക്കുന്ന വേദിയില്‍ നിന്ന് പത്തു മിനിറ്റ് സംസാരിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ ക്ഷണം ലഭിച്ചു. നവതി സമ്മേളനം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. മോദിക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെ മനുഷ്യ മനസ്സുകളില്‍ വേറിട്ട വഴിയിലൂടെ സ്വാധീനം ചെലുത്തിയാണ് ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്തയുടെ മടക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category