1 GBP = 98.10INR                       

BREAKING NEWS

ജോലി സ്ഥലത്തു കഴിവതും സംയമനം പാലിക്കുക; മാനേജര്‍മാരോട് ഒരു കാരണവശാലും തര്‍ക്കിക്കാന്‍ നില്‍ക്കേണ്ടാ; അനേകായിരങ്ങളുടെ ജോലി നഷ്ടമാകുന്ന സാഹചര്യത്തില്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ ഇനി പീഡനകാലം; ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; കോവിഡ് കാലത്തെ കടുംവെട്ടിനു മാനേജ്‌മെന്റുകള്‍ തയ്യാറെടുപ്പു തുടങ്ങി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: എടുത്തു ചാട്ടക്കാരും തര്‍ക്കുത്തരം പറയാന്‍ വെമ്പല്‍ ഉള്ളവരും തത്ക്കാലം സൂക്ഷിക്കുക. അപകടം അരികിലുണ്ട്, കോവിഡ് ആയും അതിനൊപ്പമുള്ള മറ്റു സ്ഥിതിവിശേഷങ്ങളായും. അതിനാല്‍ മാസ്‌ക് മാത്രമല്ല ചുറ്റിനുമുള്ള കാര്യങ്ങളിലും ശ്രദ്ധ നല്‍കിയേ തീരൂ. ദിവസവും ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടം ലോകം എമ്പാടുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏതു രംഗത്ത് ജോലി ചെയ്യന്നവരുടെയും ഭാവി അല്‍പം തുലാസില്‍ തന്നെയാണ്.

യുകെ മലയാളികള്‍ നല്ല പങ്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു, അതിനാല്‍ താല്‍ക്കാലികമായ തൊഴില്‍ സുരക്ഷാ ഉണ്ടെന്നത് ശരി തന്നെ. എങ്കിലും സ്വകാര്യ മേഖലയിലെ അനേകം നഴ്സിങ്, കെയര്‍ ഹോമുകള്‍ ഏതു നിമിഷവും പ്രതിസന്ധിയിലാകാം എന്ന നിലയിലാണ്. ഇതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ട ഭീഷണി ഉണ്ടെന്നു ചുരുക്കം. 

ഓരോ തൊഴിലിടങ്ങളിലും മാനേജ്മെന്റ് തങ്ങളുടെ ശബ്ദം കര്‍ക്കശമാക്കുന്നതായാണ് വിവിധ തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുകെ മലയാളികള്‍ വെളിപ്പെടുത്തുന്നത്. മുന്‍പ് കോര്‍പ്പറേറ്റ് മേഖലയില്‍ മാത്രം പ്രകടമായിരുന്ന പ്രൊഡക്ടിവിറ്റി കണ്‍സെപ്റ്റ് കോവിഡാനന്തര കാലത്തു സര്‍വ മേഖലയിലും പ്രകടമാകുന്നു എന്നതാണ് വസ്തുത. എത്ര പ്രഗത്ഭരായാലും ഒരാളും അത്യാവശ്യക്കാരല്ലാതായി മാറിയിരിക്കുന്നു എന്നതാണ് കോവിഡ് തൊഴില്‍ രംഗത്ത് സൃഷ്ടിച്ച പ്രധാന മാറ്റം.

കോര്‍പറേറ്റുകള്‍ തൊഴിലാളികളോട് മാത്രമല്ല ഉപയോക്താക്കളോടും മര്‍ക്കട മുഷ്ടി കാട്ടുകയാണ് എന്നതും പ്രധാന മാറ്റമാണ്. കോള്‍ സെന്ററുകളിലേക്കു വിളിച്ചാല്‍ ഒരു ചളിപ്പും ഇല്ലാതെയാണ് കോവിഡ് മൂലം നിങ്ങളുടെ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ താമസം നേരിടും എന്ന റെക്കോര്‍ഡ് വോയ്സ് മെസേജ് ഉപയോക്താവിനെ തേടിയെത്തുക. അതോടെ പരാതി പറയാന്‍ നില്‍ക്കാതെ തല്‍ക്കാലം സഹിച്ചേക്കാം എന്ന മനോഭാവത്തോടെ ഏതൊരു ഉപയോക്താവും അടുത്ത പണി നോക്കി പോകും എന്നും കമ്പനികള്‍ക്ക് വ്യക്തമാണ്. 

മാനേജര്‍മാരോട് തര്‍ക്കിക്കാന്‍ നില്‍ക്കേണ്ട 
പൊതുവെ കണ്ട കാര്യം മുഖത്ത് നോക്കി പറയുന്ന ശീലം ഉള്ള മലയാളികള്‍ കണ്ട കാര്യത്തോട് ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ബ്രിട്ടീഷുകാരുടെ ശീലം കണ്ടു പഠിക്കാന്‍ ഉള്ള സമയമാണ് പോസ്റ്റ് കോവിഡ് കാലഘട്ടം. മാനേജര്‍മാര്‍ക്കും മറ്റും ഇഷ്ടക്കുറവ് തോന്നുന്ന കാര്യം മുഖത്തടിച്ചു പറയുന്ന മലയാളികള്‍ ഇനിയുള്ള കാലം തൊഴില്‍ രംഗത്തും കാലക്കേടു വിളിച്ചു വരുത്തുകയാണ് എന്നോര്‍ക്കണം. ചെറിയ അനിഷ്ടം പോലും ജോലി സ്ഥലത്തു പകരം തീര്‍ക്കാന്‍ ടോപ് മാനേജ്മെന്റിന് സൗകര്യം ഒരുക്കുന്ന സമയമാണ് കോവിഡ് എന്ന് അടുത്ത കാലത്തുണ്ടായ കാര്യങ്ങള്‍ തെളിയിക്കുന്നു.

തന്റെ ഡ്യൂട്ടി റോട്ടയില്‍ ചെറിയ തര്‍ക്കവുമായി മാനേജരെ സമീപിച്ച മലയാളി നഴ്സിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചോദിക്കുന്ന സമയത്തു ലഭിച്ചിരുന്ന ഷിഫ്റ്റുകള്‍ കയ്യോടെ നഷ്ടമായിരിക്കുകയാണ്. ഭര്‍ത്താവിന്റെ ഡ്യൂട്ടിയുമായി സദാ ഒത്തുപോയിരുന്ന ഈ നഴ്സിപ്പോള്‍ രണ്ടു പേരുടെ ജോലിയും കുട്ടികളെ നോട്ടവും ഒത്തുപോകാതെ പെടാപ്പാടു പെടുകയാണ്. കാര്യങ്ങള്‍ വഷളാക്കിയത് മാനേജരുമായുള്ള ചെറിയ കശപിശ. കാര്യം ഹ്യൂമന്‍ റിസോഴ്സിലും യൂണിയനിലും എത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നത് ശേഷ കഥ. 

രാത്രി ഡ്യൂട്ടി ചെയ്തിരുന്നവരുടെ കഷ്ടകാലം തുടങ്ങി
പൊതുവെ അല്‍പം ആശ്വാസം ഉണ്ടായിരുന്ന രാത്രി ജോലിക്കാര്‍ക്ക് മൊത്തത്തില്‍ കഷ്ടകാലമാണ് കോവിഡ് സമ്മാനിക്കുന്നത്. സ്ഥിരം ഷിഫ്റ്റുകള്‍ ഒക്കെ പലയിടത്തും ഇല്ലാതായി തുടങ്ങി. ഏതു ഷിഫ്റ്റും കവര്‍ ചെയ്യണമെന്ന അവസ്ഥ. പറ്റില്ലെന്ന് പറഞ്ഞാല്‍ അടുത്ത ജോലി നോക്കിക്കൊള്ളാന്‍ മറുപടിയും. മുന്‍ കാലത്തെ പോലെ എങ്കില്‍ ശരി എന്ന് ബൈ പറയാന്‍ തൊഴിലാളിക്ക് ഇപ്പോള്‍ സാധിക്കില്ല എന്നറിഞ്ഞു തന്നെയാണ് മാനേജ്മെന്റ് മാര്‍ക്കട മുഷ്ടി കാട്ടുന്നത്.

മെന്റല്‍ കെയര്‍ ഹോമിലും മറ്റും സുഖകരമായ ജോലി ചെയ്തിരുന്നവര്‍ക്ക് ഇപ്പോള്‍ ഓരോ മണിക്കൂറും ചെക്കിങ് ആണ് പാരയായി മാറുന്നത്. മൊബൈല്‍ ഫോണ്‍ ആപ് വഴി ബന്ധിപ്പിച്ച സെന്‍സര്‍ ഓരോ മുറിയുടെ വാതില്‍ക്കലും എത്തി രോഗികള്‍ സുരക്ഷിതരാണ് എന്ന ജോലിയാണ് അധികമായി എത്തിയിരിക്കുന്നത്.

ഇത് കൂടാതെ ജോലിക്കാര്‍ പൊതുവെ ഉറങ്ങാന്‍ സാധ്യതയുള്ള അര്‍ദ്ധ രാത്രി മുതല്‍ ഉള്ള സമയം ഓരോ മണിക്കൂറും കമ്പനി മാനേജ്മെന്റിലേക്ക് ഇമെയില്‍ അയക്കണം. എല്ലാവരും സുരക്ഷിതരാണ് എന്ന ഒറ്റ ലൈന്‍ സന്ദേശമാണ് ആവശ്യപെടുന്നത്. ഇതിന്റെ ഉദ്ദേശം ജീവനക്കാര്‍ അന്തം വിട്ടു ഇരുന്നു ഉറങ്ങാന്‍ പാടില്ല എന്നത് തന്നെ. മുന്‍ കാലങ്ങളില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ വരുമ്പോള്‍ നഖ ശിഖാന്തം എതിര്‍ക്കുന്ന ജീവനക്കാര്‍ ഇപ്പോള്‍ നല്ല അനുസരണ ഉള്ള കുട്ടികള്‍ ആയി മാറിയതോടെ മാനേജ്മെന്റ് കൂടുതല്‍ ധികാര നടപടികള്‍ ആലോചിക്കുകയാണ്.

രാത്രി ജീവനക്കാര്‍ പൊതുവെ ഇരിക്കുന്ന പ്രധാന ഹാളിലും മറ്റും സിസിടിവി സ്ഥാപിച്ചു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ കെയര്‍ ഹോമുകളും അപൂര്‍വ്വമല്ല. ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് എതിരെ സി ക്യൂ സി ക്ക് അടക്കം ജീവനക്കര്‍ പരാതി നല്‍കിയപ്പോള്‍ ഇതൊന്നും അന്വേഷിക്കാന്‍ ഇപ്പോള്‍ തങ്ങള്‍ക്കു വേണ്ടത്ര ജീവനക്കാര്‍ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ കത്തിന്റെ കോപ്പി ലഭിക്കുന്ന മാനേജ്മെന്റുകള്‍ ജീവനക്കാര്‍ക്കുള്ള അടുത്ത പണി എന്തെന്ന ആലോചനയിലും. 

കട്ടപ്പണി വന്നത് ഐ ടി രംഗത്ത്
വര്‍ക്ക് ഫ്രം ഹോം എന്ന പരിഷ്‌കാരം കോവിഡിന് ഒപ്പം വന്നപ്പോള്‍ ആദ്യ ആശ്വാസം കഴിഞ്ഞു ഐ ടി ക്കാരെ തേടി മുട്ടന്‍ പണികള്‍ എത്തിക്കൊണ്ടിരിക്കുന്നു. തുടക്കത്തില്‍ പുതിയ സംവിധാനവുമായി ജീവനക്കാര്‍ ഇണങ്ങുന്നതിന് അല്‍പം സാവകാശം നല്‍കിയ കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ തനി സ്വഭാവം പുറത്തെടുത്തിരിക്കുന്നു. ആദ്യകാലങ്ങളില്‍ ജീവനക്കാര്‍ എന്തു ചെയ്യുന്നുവെന്ന് അധികം കമ്പനികളും ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ജോലികള്‍ പിന്നോക്കം ആയതോടെ വര്‍ക് ഫ്രം ഹോം ജീവനക്കാര്‍ അടുക്കളയില്‍ എന്ത് വേവുന്നു എന്ന് നോക്കാന്‍ പോകുന്നതും അടുത്ത കടയില്‍ ഷോപ്പിങ്ങിനു പോകുന്നതും ഒക്കെ കമ്പനികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഇതോടെ ഓരോ മിനിറ്റ് ഇടവേളകളിലും കംപ്യുട്ടര്‍ മൗസ് അനങ്ങണം എന്നതായി വ്യവസ്ഥ. ഇതോടെ കുട്ടികളെ കംപ്യുട്ടറിനു മുന്നില്‍ പിടിച്ചിരുത്തി മൗസ് ചലിപ്പിച്ച ജീവനക്കാര്‍ ഭാര്യക്കൊപ്പം വീട്ടുമുറ്റത്തെ സ്വിമിങ് പൂളില്‍ വരെ എത്തി എന്ന് മനസിലാക്കിയ കമ്പനികള്‍ ഫേസ് റെക്കഗ്‌നിഷന്‍ കോളുകള്‍ പതിവായി വിളിച്ചു തുടങ്ങി. ഉദ്ദേശം ജോലി നടക്കുന്നുണ്ടോ എന്നതല്ല ആള്‍ കംപ്യുട്ടറിനു മുന്നില്‍ ഉണ്ടോ എന്ന ചെക്കിങ് തന്നെ. 

ഇതിനേക്കാള്‍ കടുപ്പമായി അധിക്ഷേപവും ഒച്ചയിടലും കളിയാക്കലും ഒക്കെ നേരിടുകയാണ് ഐ ടി ജീവനക്കാര്‍. വന്‍ ശമ്പളം വാങ്ങുന്നവര്‍ എങ്ങനെയും ഒഴിഞ്ഞു പോയാല്‍ അഞ്ചിലൊന്ന് ശമ്പളത്തില്‍ തുടക്കക്കാരെ വച്ച് ആ ജോലി ചെയ്യിപ്പിക്കാം എന്നതാണ് കമ്പനികള്‍ ലക്ഷ്യമിടുന്ന തന്ത്രം. മുന്‍ കാലങ്ങളില്‍ ഇത്തരം തന്ത്രങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ ഏതു കമ്പനി എത്ര കാലം എന്ന വലിയ ചോദ്യം മുന്നില്‍ നില്‍ക്കെ എന്ത് പറഞ്ഞാലും നിശബ്ദരായി അനുസരിക്കാനുള്ള വിവേകം കാട്ടുകയാണ്.

കാരണം തത്കാലം പിടിച്ചു നില്‍ക്കാന്‍ ഒരു ജോലി എന്നതാണ് ഇപ്പോള്‍ ഏവരുടെയും പ്രധാന ലക്ഷ്യം. എന്ത് ജോലിയും ചെയ്തു ജീവിക്കും എന്ന് പണ്ട് പറഞ്ഞ മുദ്രാവാക്യം പോസ്റ്റ് കോവിഡ് കാലഘട്ടത്തില്‍ അത്ര വേഗം നടപ്പിലാക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. 

ചുരുക്കത്തില്‍ ഉള്ള ജോലി കളയാതെ നോക്കുക, ''പണി പോയാല്‍ പണിയാകും '' എന്നതാണ് ഇക്കാലത്തെ കോവിഡ് സന്ദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category