1 GBP = 98.30 INR                       

BREAKING NEWS

കളവുകള്‍ പെരുകിയപ്പോള്‍ കൈ കഴുകാന്‍ തക്കം പാര്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍; മോഷണം പോയ സ്വര്‍ണത്തിനു തെളിവ് നല്‍കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ടത് 3000 പൗണ്ടിന്റെ ക്ലെയിം; ആഭരണങ്ങളുടെ ഫോട്ടോയും ഒറിജിനല്‍ ബില്ലും നിര്‍ബന്ധമാക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ പല ദിവസങ്ങളിലായി യുകെ മലയാളികള്‍ പലയിടങ്ങളില്‍ നിന്നായി കാര്‍ കവര്‍ച്ച, സ്വര്‍ണക്കവര്‍ച്ച എന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഈ കേസുകളില്‍ പലയിടത്തും പോലീസ് സഹായത്തിന് എത്തുന്നില്ല എന്നത് മാത്രമല്ല കേട്ട ഭാവം പോലും നടിക്കുന്നില്ല. പകല്‍ വീട്ടുമുറ്റത്തു കിടന്ന പുത്തന്‍ കാര്‍ മോഷണം പോയത് കയ്യോടെ അറിയിച്ച കവന്‍ട്രിയിലെ ബിനോയ് തോമസിന് നാലു ദിവസം കഴിഞ്ഞിട്ടു പോലും പോലീസ് സഹായം എത്തിയില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായി മാറുകയാണ്.

കൗണ്‍സില്‍ ടാക്‌സ് നല്‍കുന്ന യുകെ മലയാളികളുടെ അധ്വാനത്തിന്റെ ഫലമാണ് പോലീസിനടക്കമുള്ള വേതനം എന്നിരിക്കെ ആവശ്യ സമയത്ത് ആശ്വാസവുമായി എത്തേണ്ട ആവശ്യ സര്‍വീസുകള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് യുകെ മലയാളികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന നിഷേധ സ്വഭാവം സ്വീകരിക്കുന്ന പൊലീസിന് പിന്നാലെ സ്വര്‍ണ കവര്‍ച്ച കേസുകളില്‍ തുടര്‍ച്ചയായി ഇന്‍ഷുറന്‍സ് കമ്പനികളും മുഖം തിരിക്കുകയാണെന്ന പരാതികളും യുകെ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. 

ആദ്യ ചോദ്യം, വീട്ടില്‍ എന്തിനു സ്വര്‍ണം സൂക്ഷിക്കുന്നു?
വലിയ തൂക്കത്തില്‍ ഉള്ളതോ വജ്രം അടക്കം ഉയര്‍ന്ന മൂല്യം ഉള്ളതോ ആയ ആഭരങ്ങള്‍ക്കു പ്രത്യേക ഇന്‍ഷുറന്‍സ് സംരക്ഷണമാണ് ആവശ്യമായി വരിക. മാത്രമല്ല പലപ്പോഴും ഇത്തരം വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്തു കൊണ്ട് വീട്ടില്‍ സൂക്ഷിക്കുന്നുവെന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി നല്‍കേണ്ടി വരും. ഇത്തരം മറുപടികളില്‍ തൃപ്തരല്ല എന്ന കാരണത്താല്‍ പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നല്‍കാതിരിക്കാനുള്ള മാര്‍ഗങ്ങളും തേടുകയാണ് എന്ന വിവരമാണ് മോഷണത്തിന് ഇരയാകുന്ന കുടുംബങ്ങളില്‍ നിന്നും പലപ്പോഴും കേള്‍ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ മാസം മോഷണത്തിന് ഇരയായ വെസ്റ്റ് ലണ്ടനിലെ മലയാളി കുടുബത്തിനു 3000 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമായിരിക്കുകയാണ്. ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ട തെളിവുകള്‍ നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിച്ചതെന്നും കുടുംബം പറയുന്നു. 

ഫോട്ടോകള്‍, വിഡിയോ, ബില്‍ എന്നിവ നിര്‍ബന്ധം
സാധാരണയായി ചെറിയ തൂക്കത്തില്‍ ഉള്ള സ്വര്‍ണാഭരണവും മറ്റും ഹോം ഇന്‍ഷുറന്‍സില്‍ കണ്ടന്റ് വിഭാഗത്തില്‍ പെടുത്തി നഷ്ടപരിഹാരം നല്‍കുന്ന പതിവാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വീകരിക്കുക. എന്നാല്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും മലയാളി വീടുകളില്‍ നിന്നും നഷ്ടമാകുന്ന സ്വര്‍ണത്തിന്റെ തൂക്കം കൂടിക്കൊണ്ടിരിക്കുന്നതും നഷ്ടപരിഹാരം നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആയുധമാക്കുകയാണ്.

ഇപ്പോള്‍ നഷ്ടമാകുന്ന ഓരോ ആഭരണത്തിന്റെയും പ്രത്യേകം ഫോട്ടോകളും അത് വീട്ടുടമയുടേത് തന്നെ ആണെന്ന് തെളിയിക്കും വിധം ശരീരത്തില്‍ ധരിച്ചിരിക്കുന്നത് വ്യക്തമായി സൂചിപ്പിക്കും വിധമുള്ള ഫോട്ടോ, വിഡിയോ ചിത്രീകരണവുമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല ക്ലെയിം നഷ്ടമാകാതിരിക്കാന്‍ ആഭരണം വാങ്ങിയ ഒറിജിനല്‍ ബിലും കമ്പനികള്‍ കര്‍ക്കശമാക്കുകയാണ്. 

വ്യാജ ക്ലെയിം ഏറുന്നു, മോഷണം പോകാത്ത ആഭരണത്തിനും ക്ലെയിം എത്തുന്നു 
എന്നാല്‍ അനേകം വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ ആഭരണങ്ങളുടെ ബില്‍ എവിടെ പോയി തപ്പും എന്ന ആശങ്കയാണ് പൊതുവില്‍ മലയാളി സമൂഹം നേരിടുന്നത്. വെസ്റ്റ് ലണ്ടനിലെ കുടുംബത്തിന് നഷ്ടമായതും ഏറെ പഴക്കമുള്ള ആഭരങ്ങളാണ്. എന്നാല്‍ ഇത്തരം ആഭരണങ്ങള്‍ ഒട്ടേറെ പേര്‍ കോവിഡ് കാലത്തിനു മുന്‍പ്  നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചപ്പോള്‍ മാറ്റി വാങ്ങി മുഴുവന്‍ ആഭരണത്തിനും ബില്‍ തുക സ്വന്തമാക്കിയാണ് തിരികെ യുകെയില്‍ എത്തിച്ചിരിക്കുന്നത്.

അടുത്തിടെയായി നഷ്ടമാകാത്ത സ്വര്‍ണത്തിനും കൂടി ക്ലെയിം ആവശ്യപ്പെടുന്ന തരം വ്യാജം പരാതികള്‍ എറിയതോടെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടുകള്‍ എടുത്തു തുടങ്ങിയതെന്നും വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകള്‍ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ പുറത്തു വിടുന്നുണ്ട്. 

ആഭരണം സമ്മാനമായി കിട്ടിയാല്‍ പണിയാകും
വിവാഹ സമയത്തും മറ്റും സമ്മാനമായി ലഭിക്കുന്ന ആഭരങ്ങള്‍ക്കു ബില്‍ ലഭിക്കില്ല എന്നിരിക്കെ അവയുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക അത്ര എളുപ്പവുമല്ല. ഏറ്റവും പ്രിയപ്പെട്ടവര്‍ നല്കിയതോ മനസ്സില്‍ അത്രയും ഇഷ്ടമായതോ അല്ലാത്ത ഇത്തരം സമ്മാനങ്ങള്‍ വേഗത്തില്‍ മറിച്ചു വില്‍ക്കുകയോ അവയ്ക്കു തത്തുല്യമായ തൂക്കത്തില്‍ പുതിയ ആഭരണങ്ങള്‍ വാങ്ങി ബില്‍ സൂക്ഷിക്കുകയോ ആകും മോഷ്ടാക്കള്‍ നല്‍കുന്ന ആഘാതത്തില്‍ നിന്നും താല്‍ക്കാലികമായി രക്ഷപെടാന്‍ ഉള്ള ഏക വഴി.

പോളിസി എടുക്കുമ്പോള്‍ തങ്ങള്‍ക്കു ക്ലെയിം നിഷേധിക്കാനുള്ള കാരണങ്ങള്‍ വ്യക്തമായി അടിവരയിട്ട് എഴുതുന്ന കമ്പനികള്‍ അത്തരം നിര്‍ദേശങ്ങള്‍ ഒരു പോളിസി ഉടമയും വായിച്ചിരിക്കാന്‍ ഇടയില്ലെന്ന സാധ്യത കൂടി മുതലാകുകയാണ്. കമ്പനികളുടെ നിര്‍ദേശങ്ങള്‍ മുഴുവന്‍ വായിച്ചു മനസിലാക്കിയാല്‍ ഒരാള്‍ക്കും കവറേജ് എടുക്കുവാനും സാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത. 

സെല്‍ഫി എടുക്കല്‍ ശീലമാക്കാം, ഇന്‍ഷുറന്‍സുകാര്‍ മുട്ടുമടക്കും 
പുത്തന്‍ തലമുറക്കാര്‍ സെല്‍ഫി ഭ്രമം കൂടുതല്‍ ഉള്ളവര്‍ ആയതിനാല്‍ മിക്കവാറും പേര്‍ക്കും ആഭരണം ധരിച്ചുള്ള ഫോട്ടോകളും കൈവശം ഉണ്ടാകും. ഇത് ബോധ്യപ്പെടുത്താനായാല്‍ തങ്ങളുടെ പരാതി വാസ്തവം ആണെന്ന് തെളിയിക്കാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. കള്ളന്‍ മോഷ്ടിക്കാത്ത ആഭരണത്തിനു കൂടി ക്ലെയിം തേടി ചെല്ലുന്ന വ്യാജന്മാരെ കയ്യോടെ തുരത്തുക എന്നതാണ് ഫോട്ടോകള്‍ തെളിവായി ആവശ്യപ്പെടുന്നതിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്.

ബില്ലും ഫോട്ടോയും ഒത്തുനോക്കി ആഭരണത്തിന്റെ തൂക്കവും മൂല്യവും ഏറെക്കുറെ കൃത്യമായി നിശ്ചയിക്കാന്‍ വിദഗ്ധരായവര്‍ തന്നെയാണ് പിന്നീട് ഉടമക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മൂല്യ തുക നിശ്ചയിക്കുക. അതിനാല്‍ ആഭരണം ധരിച്ചു സെല്‍ഫി എടുക്കല്‍ നല്ലൊരു ശീലമായി വളര്‍ത്തിയാല്‍ കള്ളന് മുന്നില്‍ തോറ്റാലും ഇന്‍ഷുറന്‍സ് കമ്പനിക്കു മുന്നില്‍ എങ്കിലും പിടിച്ചു നില്‍ക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category