1 GBP = 98.10INR                       

BREAKING NEWS

ആ 'ഇന്‍ഫ്ളുവന്‍ഷ്യല്‍ പ്രവാസി' യൂസഫലി അല്ലെന്ന് സ്ഥിരീകരണം; ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു കൊടുത്തത് വടക്കന്‍ കേരളത്തിലെ സ്വര്‍ണ്ണക്കടയില്‍ നിക്ഷേപമുള്ള തെക്കന്‍ കേരളത്തിലെ വമ്പന്‍; എല്ലാം ശരിയാക്കാമെന്ന് വ്യവസായി ഉറപ്പു കൊടുത്തുവെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞതായി സ്വപ്നയെ അറിയിച്ചത് അറ്റാഷെ; പാഴ്സലില്‍ പേടിക്കേണ്ട കാര്യമില്ലെന്നും തിരിച്ചയക്കുമെന്നും പ്രതീക്ഷ നല്‍കിയ പ്രവാസിയും അന്വേഷണ പരിധിയില്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: നയതന്ത്ര വഴിയിലുള്ള സ്വര്‍ണം കടത്ത് കേസില്‍ അന്വേഷണം പ്രതിസന്ധിയില്‍. യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണം കടത്ത് കേസില്‍ അന്വേഷണം മുന്നോട്ടു നീങ്ങവേ തെളിയുന്നത് ഉന്നത രാഷ്ട്രീയ-രാഷ്ട്രീയ ബിസിനസ് ബന്ധങ്ങള്‍ തന്നെയാണ്. ഉന്നതരെ കേന്ദ്രമാക്കി തന്നെ വേണം ഇനിയുള്ള അന്വേഷണം എന്ന് തന്നെയാണ് അന്വേഷണ ഏജന്‍സികളെ കുഴയ്ക്കുന്നത്. 

മുപ്പത് കിലോ സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം അറിഞ്ഞപ്പോള്‍ അത് വിട്ടു നല്‍കാന്‍ ബന്ധപ്പെട്ടത് പ്രമുഖ പ്രവാസി വ്യവസായിയാണ്. സ്വപ്നയുടെ മൊഴിയിലുള്ളത് ഈ പ്രവാസി വ്യവസായിയുടെ പേരാണ്. യുഎഇ കോണ്‍സുലെറ്റിന്റെ പേരില്‍ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ അത് വിട്ടു നല്‍കണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടല്‍ പറഞ്ഞത് കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്.

അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോണ്‍സല്‍ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവര്‍ അത് വിട്ടുകൊടുത്തില്ലെങ്കില്‍ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാരിനു കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത ബന്ധങ്ങള്‍ മറ നീക്കുകയാണ്. കേസില്‍ പ്രവാസി വ്യവസായിയും അന്വേഷണത്തിന്റെ നിഴലിലായി. ഈ വ്യവസായി യൂസഫലി അല്ലെന്ന വ്യക്തമായ സൂചന മറുനാടന്‍ ലഭിച്ചു. മലയാള മനോരമ ഇതു സംബന്ധിച്ച് വാര്‍ത്ത കൊടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാണ് മുതലാളി എന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അത് യൂസഫലി അല്ലെന്ന് മറുനാടന് വ്യക്തമായ വിവരം കിട്ടുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂസഫലിയുടെ പേര് പലതലത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ യൂസഫലിയുടെ ഇടപടലുകള്‍ക്ക് ഒരു തെളിവും കിട്ടിയിട്ടില്ല. സ്വപ്നയുടെ മൊഴിയുമായി ചര്‍ച്ച ചെയ്യുന്ന ഇന്‍ഫ്ളുവന്‍ഷ്യല്‍ വ്യക്തി യൂസഫലിയുമില്ല-കസ്റ്റംസിലെ ഉന്നതന്‍ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാല്‍ ഒരു പ്രവാസി വ്യവസായി സംശയ നിഴലിലാണെന്നും അറിയിച്ചു. സ്വപ്നയുടെ മൊഴിക്ക് പിന്നാലെ പ്രവാസി വ്യവസായിയെ കൂടി ചോദ്യം ചെയ്യേണ്ട അവസ്ഥയിലാണ് കസ്റ്റംസ്. ഉന്നതര്‍ സംശയ നിഴലിലാകുമ്പോള്‍ അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ആശങ്ക. സ്വര്‍ണ്ണക്കടത്തില്‍ ഈ പ്രവാസി പങ്കുണ്ട് എന്ന സംശയം അന്വേഷണ ഏജന്‍സികള്‍ വെച്ച് പുലര്‍ത്തുന്നത്. സ്വര്‍ണ്ണ വ്യവസായവുമായി അഭേദ്യ ബന്ധമുള്ള വ്യവസായിയാണ് ആരോപണ നിഴലിലായത്.

വടക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഭരണ ശാലയില്‍ ഒട്ടുവളരെ ഷെയറുകള്‍ ഈ വ്യവസായിയുടെ കൈവശമാണ്. ഇവരുടെ കൊല്ലം ആഭരണ ശാല ഈ വ്യവസായുടെ സ്വന്തമാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണം കടത്തില്‍ ഈ വ്യവസായിയും സംശയ നിഴലിലാണ്. അന്വേഷണം മുന്നോട്ടു നീങ്ങാന്‍ വ്യവസായിയെ കൂടി ചോദ്യം ചെയ്യേണ്ടി വരും. ഇത് മനസിലാക്കിയാണ് കേന്ദ്രത്തിനു കസ്റ്റംസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അനുബന്ധമായി സ്വപ്നയുടെ മൊഴികള്‍ കൂടി ചേര്‍ത്തത്.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളുമായും ഉറ്റ ബന്ധമാണ് വ്യവസായിക്ക് ഉള്ളത്. സിപിഎമ്മുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ വ്യവസായിക്ക് ബിജെപിയുമായി അതിലും വലിയ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ വ്യവസായിലേക്ക് അന്വേഷണം നീക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന ആശങ്ക അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇതുകൊണ്ട് തന്നെയാണ് വ്യവസായിയുടെ പേര് ചേര്‍ക്കാതെ ഇന്‍ഫ്ളുവെന്‍ഷല്‍ വ്യക്തി എന്ന പേര് ചേര്‍ത്ത് കേന്ദ്രത്തിനു കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയത്.

നയതന്ത്രവഴിയിലുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏതു ഉന്നതന്‍ ആണെങ്കിലും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് അമിത് ഷായും അജിത് ഡോവലും അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. സ്വര്‍ണം കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിന്റെ നിഴലിലാണ്. അസുഖം നടിച്ച് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശിവശങ്കറിന്റെ നീക്കം അന്വേഷണ ഏജന്‍സികള്‍ പൊളിച്ചിട്ടുണ്ട്.

അസുഖത്തിന്റെ പേരില്‍ ശിവശങ്കര്‍ നടത്തുന്നത് നാടകവും അഭിനയവുമാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം തടയാന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കള്ളക്കടത്തിനു പിന്നില്‍ ശിവശങ്കറാണ്. കുറ്റകൃത്യത്തില്‍നിന്നുള്ള നേട്ടമെല്ലാം ശിവശങ്കറിനായിരുന്നു. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയാണ്. സ്വപ്ന സുരേഷിനെ കരുവായി മുന്നില്‍ നിര്‍ത്തിയെങ്കിലും എല്ലാ ചരടും ശിവശങ്കര്‍ നിയന്ത്രിച്ചു.

പിടിക്കപ്പെട്ട ബാഗേജും അതിനു മുന്‍പുള്ള ബാഗേജുകളും പരിശോധിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതിരിക്കാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി ഹൈക്കോടതിയില്‍ വാദിച്ചു. വാദം കേട്ട ശേഷം കോടതി വിധി 28 ലേക്കു മാറ്റി. അന്നു വരെ അറസ്റ്റ് ചെയ്യരുതെന്നും ഇഡിക്കും കസ്റ്റംസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ തന്നെയാണ് സ്വര്‍ണം കടത്ത് കേസില്‍ വ്യവസായിക്ക് ഉള്ള ബന്ധം മറനീക്കുന്നത്.

വ്യവസായിയുടെ പേര് കൂടി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രത്യക്ഷപ്പെട്ടതോടെ ബിസിനസ് വൃത്തങ്ങളില്‍ ആശങ്ക പരന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു ഇയാളെ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോലും ബിസിനസ് രംഗത്ത് അത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കസ്റ്റംസ് നീക്കം ബിസിനസ് വൃത്തങ്ങള്‍ ഉറ്റു നോക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category