1 GBP = 98.00INR                       

BREAKING NEWS

കാനനയാത്ര

Britishmalayali
റാണി സുനില്‍

ലാ സാഹിത്യ ആനുകാലികങ്ങളില്‍ എഴുതി തുടങ്ങിയിരിക്കുന്ന യുകെ മലയാളിയായ റാണി സുനിലിന്റെ ആദ്യ കവിതയാണ് ബ്രിട്ടീഷ് മലയാളി ഇന്ന് പ്രസിദ്ധപ്പെടുത്തുന്നത്. വാഡ്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സായ റാണി സുനില്‍ വാഡ്ഫോര്‍ഡ് കെ സി എഫ് എന്ന മലയാളി സംഘടനയുമായും മലയാള പഠന വേദിയുമായും സഹകരിച്ചിരുന്നു. ഓണ്‍ലൈന്‍ രംഗത്ത് സജീവമായ റാണിയുടെ സമീപകാല എഴുത്തുകള്‍ സാഹിത്യ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ ശ്രദ്ധയ്ക്കപ്പെട്ടിരുന്നു. പഠന കാലത്തും മറ്റും ഉണ്ടായിരുന്ന കവിത രചന ഇപ്പോള്‍ തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് ഈ സാഹിത്യ സ്നേഹി. ഗൗരവമായ സമകാലിക ചിന്തകള്‍ റാണിയുടെ എഴുത്തുകളില്‍ നിഴലിക്കുന്നുണ്ട്..

മനസ്സിന്റെ തിക്കുമുട്ടലുകളെ
ഒതുക്കിക്കെട്ടി
വനദേവതയുടെ പച്ചക്കുപ്പായമിട്ടു
ആത്മാവിന്റെ
തെളിഞ്ഞ കോണിലെ
വരമ്പില്‍ക്കൂടിയൊരു യാത്രയുണ്ട്.

ആദ്യം കാണുന്ന തെളിനീരരുവിക്കരയില്‍
സ്വപ്നങ്ങളുടെ കെട്ടഴിച്ചു
കാറ്റില്‍ക്കെട്ടി ഊതിപ്പറപ്പിച്ചുവിടണം...
മഴനീരുമായിപോകുന്ന മേഘക്കെട്ടില്‍
അവകയറിപ്പറ്റട്ടെ

വെള്ളാരം കല്ലുകള്‍ക്കിടയില്‍
കുഴിച്ചിട്ട രഹസ്യങ്ങളുടെ കല്ലറ പതുക്കെത്തുറന്ന്
ഓരോന്നായി ഒഴുക്കിവിടണം
ഒഴുകിപ്പരന്നവ പരസ്യമാവുമ്പോള്‍
അറബിക്കടലിളകി
തിരമാല വന്നെന്റെ കാലില്‍ തൊടട്ടെ

നിഗൂഢതകളുടെ വാതിലില്‍
പടര്‍ന്നിറങ്ങിയ
മഞ്ഞു പൂക്കളിലേയ്ക്കു
ശരവേഗത്തില്‍

മാഞ്ഞലിഞ്ഞങ്ങില്ലാതാകണം
അതിശയത്തിന്റെ ചായക്കൂട്ടിലെ
പച്ചകളുടെ നിശബ്ദതയില്‍
നിന്നിത്തിരിനേരം ഉറക്കം തൂങ്ങണം.

പതുപതുത്ത വെണ്‍കൂണ്‍
പൊന്തിയ പടവുകളില്‍ ,
പന്നലും പായലും പറ്റാതെ ചാടിക്കയറി, മരംചുറ്റി,
ചില്ലയില്‍നിന്ന് ചില്ലയിലേക്ക്
ചാടി മറയണം.

നീണ്ട കൂറ്റന്‍മരങ്ങളില്‍
സ്വര്‍ണ്ണ റിബണ്‍ കെട്ടി,
തിരികെ ആത്മാവിലേക്കുള്ള വഴിയെന്ന്
അടയാളപ്പെടുത്തണം

അങ്ങനെ ആരുമറിയാ കാനനനിമിഷങ്ങളെ
ആഘോഷിച്ചു തിരികെയെത്തണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam