1 GBP = 98.10INR                       

BREAKING NEWS

വീണ്ടും ജംഗിള്‍രാജ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി വോട്ട് ഫോര്‍ തേജസ്വി ഹാഷ് ടാഗും; ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബീഹാറില്‍ നടക്കുന്നത് വാശിയേറിയ പോരാട്ടം

Britishmalayali
kz´wteJI³

പാറ്റ്ന: ബീഹാറില്‍ വീണ്ടും ജംഗിള്‍രാജ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദി ആര്‍ജെഡി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദര്‍ബംഗയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബിഹാറില്‍ യാതൊരുവിധ നിയമങ്ങളും ഇല്ലാത്ത സ്ഥിതിവിശേഷമായിരുന്നു. അത് വീണ്ടും തിരിച്ചുകൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സംസ്ഥാനത്ത് വീണ്ടും ജംഗിള്‍രാജ് ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരെ പരാജയപ്പെടുത്തുമെന്ന് ജനങ്ങള്‍ തീരുമാനിക്കണം.ബിഹാറിലെ കൊള്ളയടിച്ചവരാണ് അവര്‍. ഇവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴില്‍ കുറ്റകൃത്യങ്ങള്‍ യഥേഷ്ടമായിരുന്നു.'- മോദി വിമര്‍ശിച്ചു. ''അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചുവരികയാണ്. ഒരുകാലത്ത് ഭരണത്തില്‍ ഇരുന്നവര്‍ എന്നാണ് ക്ഷേത്രം പണിയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളെ പ്രകീര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി . ഇതാണ് മറ്റുള്ളവരില്‍ നിന്ന് ബിജെപിയെ വ്യത്യസ്തമാക്കുന്നത്'- മോദി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ട് ഫോര്‍ തേജസ്വി ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആര്‍.ജെ.ഡിയും, കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെട്ട മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ്. തൊഴിലുകള്‍ക്കും, സുരക്ഷയ്ക്കും, സാഹോദര്യത്തിനും, പുരോഗതിക്കും, സമാധാനത്തിനും, വികസനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, വളര്‍ച്ചയ്ക്കും, വ്യവസായവത്കരണത്തിനും പുരോഗതിക്കും തേജസ്വി യാദവിന് വോട്ട് ചെയ്യണമെന്നാണ് ട്വിറ്ററില്‍ നിന്നുയരുന്നു ആവശ്യം.

16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2,14,84,787 വോട്ടര്‍മാര്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,13,51,754 പേര്‍ പുരുഷന്മാരും 1,01,32,434 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ചെറിയ നിയോജകമണ്ഡലം ഷെയ്ഖ്പുര ജില്ലയിലെ ബാര്‍ബിഗയാണ്. ഏറ്റവും വലുത് നവഡ ജില്ലയിലെ ഹിസുവയുമാണ്.

നാല്‍പത് വര്‍ഷത്തിന് ശേഷം രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് നേതൃത്വം നല്‍കിയത് തേജസ്വി യാദവാണ്. കോണ്‍ഗ്രസും, ആര്‍.ജെ.ഡിയും ഇടതു പാര്‍ട്ടികളും ഒരുമിച്ചാണ് എന്‍.ഡി.എക്കെതിരെ ബീഹാറില്‍ പോരാട്ടത്തിനിറങ്ങിയത്. അവസാനഘട്ടത്തില്‍ എന്‍.ഡി.എയില്‍ നിന്നും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പുറത്ത് പോയത് ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചിരുന്നു.

നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി ബിഹാര്‍ നിയമസഭയിലേക്കുള്ള രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകള്‍ നടക്കും. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. എന്‍ഡിഎ സഖ്യം വിട്ടില്ലെങ്കിലും എല്‍ജെപി ഇക്കുറി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളില്‍ ബിജെപിക്കാണ് പാര്‍ട്ടിയുടെ പിന്തുണ.

പ്രതിപക്ഷ സഖ്യത്തില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോണ്‍ഗ്രസ് 70, സിപിഐ-എംഎല്‍ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറില്‍ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികള്‍ക്കും ആര്‍ജെഡിയുടെ 144 സീറ്റുകളില്‍ നിന്ന് നല്‍കാനും ധാരണയായിരുന്നു. ഇടത് പാര്‍ട്ടികള്‍ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category